Thursday, March 05, 2020

ജയത്തിൽ നിന്ന് മഹാഭാരതത്തിലേക്ക് Part 2
- - - - -- - - - -- - - - -- - - - -- - - - -- - - - -- - - - -- - - - -
മഹാഭാരതത്തിന്റെ ആഴവും പരപ്പും വിസ്താരവും ഔന്നത്യവും ഇന്നും ഒരു ലോക മഹാദ്ഭുതമാണു. അത് കൊണ്ട് തന്നെയായിരിക്കണം ലോകത്തിലേറ്റവും കൂടുതൽ പുനർ വായനയ്ക്ക് വിധേയമാക്കപ്പെട്ട ഒരേയൊരു കൃതി മഹാഭാരതമായത്. അതി ഗഹനമായതും അതി മഹത്തരമായതുമായ പുനർ വായനകളും, ഗവേഷണങ്ങളും മഹാഭാരതത്തെ അധികരിച്ച് നടന്നിട്ടുണ്ട്. അതു പോലെ അത്ര തന്നെ പുനരാഖ്യായികളും മഹാഭാരതത്തിനു ഉണ്ടായിട്ടുമുണ്ട്. ഓരോ കഥാപാത്രങ്ങളേയും മുഖ്യ സ്ഥാനത്ത് പ്രതിഷ്ഠിച്ചുള്ള പുനരാഖ്യാനങ്ങൾ മഹാഭാരതത്തോളം മറ്റൊരു കൃതികൾക്കും ഉണ്ടായിട്ടും ഇല്ല. അത്രയധികം ചലനാത്മകമാണു മഹാഭാരതത്തിനു എന്നതിന്റെ തെളിവാണത്. ഇന്ത്യയിൽ മാത്രമല്ല ഈ മഹാ കൃതി പ്രചുരപ്രചാരം നേടിയത് നേപ്പാൾ, ഭൂട്ടാൻ, ബർമ്മ, എന്നിവടങ്ങൾ തൊട്ട് അങ്ങ് ഇന്തോനേഷ്യയിൽ വരെ പടർന്ന് പിടിച്ച വേരുകൾ മഹാഭാരതത്തിന്ന് ഉണ്ട്. അവിടങ്ങളിൽ എല്ലാം നേരിയ ചില പ്രാദേശിക വകഭേദങ്ങൾകുണ്ടെങ്കിലും മഹാഭാരത തത്വം അത് പോലെ തന്നെ നിലകൊണ്ടു.

മഹാഭാരതത്തിന്ന് ആദ്യമായി പുനരാഖ്യായ സൃഷ്ടികൾ നടത്തിയത് ഭാസൻ ആണെന്ന് വേണം അനുമാനിക്കാൻ നിരവധിയായ നാടകങ്ങൾ സംസ്കൃത ഭാഷയിൽ ഭാസൻ മഹാഭാരതത്തെ ഉപജീവിച്ച് രചിക്കുകയുണ്ടായി. വ്യാസ വിരചിതമായ മൂലകഥയിൽ നിന്ന് അൽപ്പം വഴിമാറിയ പുനർ സൃഷ്ടികൾ ആരംഭിക്കുന്നത് ഈ കാലം മുതൽക്ക് തന്നെയാണെന്ന് പറയുവാൻ സാധിക്കും. അതിനു ശേഷവും നിരവധി പേർ മഹാഭാരത പുനരാഖ്യാനങ്ങൾ നടത്തിയിട്ടുണ്ട് എങ്കിലും ഇരുപതാം നൂറ്റാണ്ട് മുതൽക്കിങ്ങോട്ടാണു മഹാഭാരത പഠനം ഏറ്റവും വ്യാപകമായത്.
പാശ്ചാത്യ ശൈലിയെ പിൻപറ്റി, സാഹിത്യം, പാത്രസൃഷ്ടി, ഈ കൃതി എങിനെയെഴുതി, ഇത് എങ്ങിനെ ഒരു ലക്ഷത്തിൽ പരം ശ്ലോകങ്ങൾ ഉള്ള മഹാഗ്രന്ഥമായി, അത് എഴുതപ്പെട്ട കാലത്തെ സാമൂഹിക രാഷ്ട്രീയ സ്ഥിതി എന്ത്, അന്നത്തെ ഭാഷാ നിലവാരമെന്ത്, സാമുദായികാവസ്ഥയെന്ത്, അന്നത്തെ നിലവാരത്തിൽ നിന്ന് ഇന്നത്തെ നിലവാരത്തിലേക്ക് പരിണമിച്ചതെങ്ങിനെ തുടങ്ങി ബാഹികമായ നിരവധി വിഷയങ്ങൾ ആണു മഹാഭാരത ഗവേഷണങ്ങൾക്ക് പുറപ്പെട്ട ഒട്ടുമിക്ക ഗവേഷകരും പ്രധാന വിഷയമായി എടുത്തിട്ടുള്ളത്. എന്നാൽ പാശ്ചാത്യമായ ഈ കാഴ്ച്ച്പ്പാടുകളിൽ നിന്ന് മാറി മഹാഭാരതത്തെ തികച്ചും പൗരസ്ത്യ ശൈലിയോട് കൂടി ഒരു മഹാ വിജ്ഞാന ഭണ്ഡാകാരം എന്ന നിലയ്ക്ക് ആരെങ്കിലും സമീചിട്ടുണ്ടോ എന്നത് സംശയമാണു.

എന്താണു അന്നത്തെ സത്യാന്വേഷണമാർഗ്ഗം, ഈ മഹാഗ്രന്ഥത്തിൽ നിന്ന് നേടിയെടുക്കാവുന്ന വിജ്ഞാന ശേഖരമെന്തെല്ലാം, അതിന്റെ നവകാല പ്രസക്തിയെന്ത്, അവയുടെ സന്ദേശങ്ങളെന്ത് എന്നൊക്കെയുള്ള ഗൗരവമുള്ള പഠനങ്ങൾ ഒന്നും നടന്നിട്ടില്ല. ഇനി അഥവാ നടന്നിട്ടുണ്ടെങ്കിൽ തന്നെ അവ തുലോം വിരളവും, വേണ്ട രീതിയിൽ പരിഗണിക്കപ്പെടാതെ പോയവയും ആണു. ബ്രിട്ടീഷ് അനന്തര ഇന്ത്യയിൽ ഉണ്ടായിട്ടുള്ള ഒരു തരം പാശ്ചാത്യ ഭ്രമത്തിന്റെ പരിണതിയാണു ഈ അവസ്ഥ. പൗരസ്ത്യമായതെല്ലാം വിലകുറഞ്ഞവയാണെന്നും, പാശ്ചാത്യമായവയ്ക്ക് മാത്രമാണു മേന്മയെന്നും ധരിച്ച് വച്ച ഒരു സമൂഹത്തിന്റെ നിർമ്മിതിയാണു ഇവ എന്ന് സാരം.

മഹാഭാരതത്തിന്റെ പുനരാഖ്യായങ്ങളും, പുനർ വ്യാഖ്യാനങ്ങളും സ്വതന്ത്രമായ സാഹിത്യ കൃതികൾ എന്ന നിലയ്ക്ക് പരിഗണിച്ചാൽ മികച്ച സംഭാവനകൾ തന്നെയാണു. മലയാള ഭാഷാ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ മുതൽ എം.ടി വാസുദേവൻ നായർ വരെയുള്ള അനേകം സാഹിത്യകാരന്മാർ മഹാഭാരതത്തെ ഉപജീവിച്ച് മൗലീക സൃഷ്ടികൾ സാഹിത്യ ശാഖയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഇപ്പോഴും നിരവധിയായ പുനരാഖ്യായികൾ ഇറങ്ങുന്നുമുണ്ട്. പാണ്ഡവരും, കൗരവരും, ഭീഷ്മരും, ശ്രീകൃഷ്ണനും എല്ലാം എല്ലാ ആഖ്യായികളിലും നിറഞ്ഞ് നിൽക്കുന്നു. എന്നാൽ ഈ ഒരു ഐക്യം ഇത്തരം പാത്രസൃഷ്ടിയിൽ അവസാനിക്കുന്നു എന്നതാണു യാഥാർത്ഥ്യം. വ്യാസവിരചിതമായതിനു നേർ വിപരീത ആഖ്യായങ്ങൾ പോലും ഇക്കൂട്ടത്തിൽ ഇറങ്ങിയിട്ടുണ്ട്. നായകരും പ്രതിനായകരും പോലും മാറി മറിഞ്ഞുള്ള ആഖ്യാനങ്ങൾ കൂടി ഇക്കൂട്ടത്തിൽ കാണുവാൻ സാധിക്കും. പക്ഷേ വ്യാസ വിരചിതമായ മഹാഭാരതമെന്ന ഇതിഹാസത്തിന്റെ വർണ്ണ ശോഭ മുതലെടുത്ത് വായനക്കാർക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണു ഇക്കൂട്ടത്തിൽ പല പുനർ രചനകളും എന്ന് പറായാതെ വയ്യ.

എല്ലാ മഹാഭാരത പുനരാഖ്യാനങ്ങളും അപസ്വരങ്ങൾ ആണെന്നല്ല ഈ പറഞ്ഞതിനു അർത്ഥം. മഹാഭാരതത്തിന്റെ അന്തസത്തയെ അതേ പടി നിലനിർത്തി മൂലകഥയ്ക്ക് തെല്ലും പരുക്കേൽപ്പിക്കാതെ തന്നെ രചിച്ച അതി മഹത്തായ സൃഷ്ടികളും ഇക്കൂട്ടത്തിൽ ഉണ്ട്. പക്ഷേ അവയും വലിയൊരളവോളം വ്യാസ ഭാരതത്തിനു ദോഷം ചെയ്യുന്നുണ്ട്. മഹാഭാരത കഥയെ അവലംബിച്ച് മെനഞ്ഞെടുത്ത ഇത്തരം കാപ്സ്യൂൾ കഥകളാണു ശരിയായ മഹാഭാരതം എന്നുള്ള ഒരു വിശ്വാസം ഈ കൃതികൾ ഒരു സാധാരണ വായനക്കാരനു സമ്മാനിച്ചിട്ടുണ്ട് എന്നതാണു യാതാർത്ഥ്യം. അതായത് വ്യാസ കൃതിയുടെ സാരം ഇതാണെന്ന ഒരു തെറ്റിധാരണ ഒരു സാധാരണ വായനക്കാരനിൽ ഉണ്ടാകുന്നു. മൂലകൃതി വായിച്ചില്ലെങ്കിലും സാരമില്ലെന്നും ഇതിലെല്ലാം അടങ്ങിയിട്ടുണ്ടെന്നും ഇതിൽ കൂടുതലൊന്നും ഒരുലക്ഷം ശ്ലോകങ്ങളുള്ള വ്യാസ ഭാരതത്തിൽ ഇല്ലെന്നും, അത് വായിക്കുവാൻ പുറപ്പെട്ട് സമയം കളയേണ്ടതില്ലെന്നും ഉള്ള ഒരു അവബോധം വായനക്കാരനിൽ വന്ന് ഭവിക്കുന്നു. കടലും കടലാടിയും പോലെ പാടെ വ്യത്യസ്ഥമെങ്കിലും പാണ്ഡവരും, കൗരവരും, കൃഷ്ണനും അടങ്ങുന്ന കഥാപാത്രങ്ങളുടെ സാനിദ്ധ്യം നിമിത്തം എല്ലാം മഹാഭാരതം എന്ന വിഭ്രാമാതക ചിന്ത വായനക്കാരനിൽ ഇത്തരം പുനരാഖ്യായികൾ സൃഷ്ടിക്കുന്നുണ്ട്.

മൂലകൃതിയെഴുതിയ കൃഷ്ണദ്വൈപായന വ്യാസൻ പോലും അമ്പരന്ന് പോകുന്ന വ്യാഖ്യാനങ്ങൾ ആണു ഇന്ന് സമൂഹത്തിൽ പ്രചരിച്ചിട്ടുള്ള പല മഹാഭാരത വ്യാഖ്യാനങ്ങളും. പ്രശസ്തനായ ഒരു കവിയുടെ കവിത അയാൾ ഉദ്ദേശിച്ചിട്ടു പോലുമില്ലാത്ത വിധം മറ്റൊരാൾ വ്യാഖ്യാനിക്കുന്നത് പോലെയാണു ഈ അവസ്ഥ. അതിലേറെ ദുരന്തം എന്തെന്നാൽ ഇത്തരം വ്യാഖ്യാനങ്ങളുടെ പുനർവ്യാഖ്യാനങ്ങളും ഇന്ന് സമൂഹത്തിൽ സുലഭമാണെന്നതാണു.
ധർമ്മം, അർത്ഥം, കാമം, മോക്ഷം പുരുഷാർത്ഥങ്ങൾ ഇവയാണു. വ്യാസൻ മഹാഭാരതത്തിലൂടെ പറഞ്ഞ് വയ്ക്കുനതും ഈ നാലു പുരുഷാർത്ഥങ്ങളെ തന്നെയാണു. ഈ നാലു ഭാഗങ്ങൾക്കുമുള്ള വിശദീകരണങ്ങൾ ആണു ഒരു ലക്ഷത്തിൽപ്പരം ശ്ലോകങ്ങളെക്കൊണ്ട് ഈ മഹാ ഇതിഹാസത്തിൽ പറഞ്ഞ് വയ്ക്കുന്നത്. ഈ നാലു അർത്ഥങ്ങളിൽ ധർമ്മത്തിന്നാണു പ്രാധാന്യമെന്ന് ഓരോ തവണയും മഹാഭാരതം ഉദ്ഘോഷിക്കുന്നു.വേദാർത്ഥ സാരങ്ങളും, വേദാന്ത ഭാഗങ്ങളും സാധാരണക്കാർക്ക് കൂടി മനസിലാകും വിധം അവതരിപ്പിക്കുവാനാണു കൃഷ്ണ ദ്വൈപായന വ്യാസൻ മഹാഭാരതം രചിക്കുന്നത് തന്നെ. അതാണ്‌ ഭഗവത് ഗീത. അർത്ഥ കാമങ്ങൾ സാക്ഷാത്കരിച്ച് ജീവിതം മോക്ഷപ്രദമാക്കണമെങ്കിൽ ധർമ്മം ആചരിച്ചേ മതിയാകൂ എന്ന് മഹാഭാരതം അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു.

മഹാഭാരതത്തിന്റെ ഈ ഒരു ആശയം സ്പഷ്ടമാക്കുവാൻ പോലും പല പുനരാഖ്യായങ്ങളും മടികാണിക്കുന്നു. കടലും കടലാടിയും പോലുള്ള അന്തരം വ്യക്തമാകുന്നത് അവിടെയാണു. പുനരാഖ്യായങ്ങൾ വായിച്ച് ഇതാണു മഹാഭാരതമെന്നും, ഇതിൽ കൂടുതലൊന്നും ആ കൃതിയിലില്ലെന്നും ധരിക്കുന്നവരോട് ദയവ് ചെയ്ത് വ്യാസ വിരചിതമായ മഹാഭാരതം ഒരിക്കലെങ്കിലും വായിച്ച് നോക്കുവാൻ അഭ്യർത്ഥിക്കുന്നു.
Pudayoor Jayanarayanan

No comments:

Post a Comment