Sunday, April 12, 2020

വിവേകചൂഡാമണി - 113
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

അന്നമയത്തിന്റെ ജീവൻ പ്രാണമയൻ

പ്രാണമയകോശം

അടുത്ത രണ്ട് ശ്ലോകങ്ങളിലായി പ്രാണമയകോശത്തെ വിവരിക്കുന്നു.  പ്രാണമയകോശവും അനാത്മാവെന്നു വ്യക്തമാക്കുന്നു.

ശ്ലോകം 165
കര്‍മ്മേന്ദ്രിയൈഃ പഞ്ചഭിരഞ്ചിതോ/യം
പ്രാണോ ഭവേത് പ്രാണമയസ്തു കോശഃ
യേനാത്മവാനന്നമയോ/നുപൂര്‍ണ്ണഃ
പ്രവര്‍ത്തതേ/സൌ സകല ക്രിയാസു

പഞ്ചകർമ്മേന്ദ്രിയങ്ങളോടു ചേർന്ന പ്രാണൻ (പഞ്ചപ്രാണന്മാർ) ആണ് പ്രാണമയകോശം.  പ്രാണമയകോശവുമായുള്ള ചേർച്ചയാൽ അന്നമയകോശം ചൈതന്യവത്തായിത്തീർന്ന് എല്ലാ പ്രവർത്തനങ്ങളും നടത്തുന്നു.

പഞ്ചകർമ്മേന്ദ്രിയങ്ങളും പഞ്ചപ്രാണന്മാരും ചേർന്നതാണ് പ്രാണമയകോശം.  പ്രാണൻ, അപാനൻ, വ്യാനൻ, ഉദാനൻ, സമാനൻ എന്നിവയാണ് പഞ്ചപ്രാണന്മാർ.  കർമ്മേന്ദ്രിയങ്ങളുടെ പ്രവർത്തനശക്തിയാണ് പ്രാണമയകോശം.  അത് അന്നമയകോശത്തെ മുഴുവനും വ്യാപിച്ചു നിൽക്കുന്നു.

ശരീരത്തിന്റെ അടി തൊട്ടു മുടി വരെ പ്രാണൻ നിലകൊള്ളുന്നു.  ഓരോ അവയവവും പ്രവർത്തിക്കുന്നത് പ്രാണനെക്കൊണ്ടാണ്.  ഏതെങ്കിലും അവയവത്തിൽ നിന്നും പ്രാണൻ പിന്മാറിയാൽ ആ അവയവവം നിർജ്ജീവമായിത്തീരും.  ആത്മപ്രതിഫലനം ആനന്ദ, വിജ്ഞാന, മനോമയകോശങ്ങൾ വഴി പ്രാണനിലൂടെ അന്നമയകോശത്തിൽ എത്തുന്നു.

പ്രാണമയകോശമില്ലെങ്കിൽ അന്നമയകോശത്തിന് നിലനിൽപ്പില്ല.  പ്രാണമയകോശമുള്ളതിനാലാണ് ശരീരത്തിലെ എല്ലാ ചേഷ്ടകളും നടക്കുന്നത്.  ദേഹം ജീവനോടെ ഇരിക്കുന്നത് പ്രാണമയകോശത്തിന്റെ ശക്തിയാലാണ്.  അതിനാൽ അന്നമയകോശത്തിന്റെ ജീവനാണ് പ്രാണമയൻ.

മരിക്കുമ്പോൾ പ്രാണസഞ്ചാരമില്ലാത്തതിനാൽ ആത്മസംബന്ധമില്ലാത്തതിനാൽ ശരീരം ചേതനയറ്റതാകുന്നു.

പ്രാണമയകോശത്തെ സ്ഥൂല ശരീരത്തിൽ ഉൾപ്പെടുത്തണോ അതോ സൂക്ഷ്മ ശരീരത്തിൽ പെടുത്തണോ എന്നതിനെ ആചാര്യന്മാരുടെ ഇടയിൽതന്നെ രണ്ട് പക്ഷമുണ്ട്.  രണ്ട് പക്ഷവും ശരിയാണ്.  സ്ഥൂല-സൂക്ഷ്മ ശരീരങ്ങളെ തമ്മിൽ ചേർക്കുന്ന ഘടകമാണിത്.  അതുകൊണ്ട് പ്രാണമയകോശത്തിന്റെ ഒരംശം സ്ഥൂല ശരീരത്തിനോടും മറ്റേ അംശം സൂക്ഷ്മ ശരീരത്തോടും ചേർന്നിരിക്കുന്നുവെന്നു പറയാം.

ശ്ലോകം 166
നൈവാത്മാപി പ്രാണമയോ വായു വികാരോ
ഗന്താഗന്താ വായുവദന്തര്‍ ബഹിരേഷഃ
യസ്മാത് കിഞ്ചിത് ക്വാപി ന വേത്തീഷ്ടമനിഷ്ടം
സ്വം വാന്യം വാ കിഞ്ചന നിത്യം പരതന്ത്രഃ

പ്രാണമയകോശവും ആത്മാവല്ല.  അത് വായുവിന്റെ വികാരം മാത്രമാണ്.  വായുവിനെപ്പോലെ അത് അകത്തേക്കും പുറത്തേക്കും വന്നും പോയുംകൊണ്ടിരിക്കുന്നു.  തന്റെയോ മറ്റൊരാളുടെയോ സുഖമോ ദുഃഖമോ ഒന്നുംതന്നെ അത് ഒരിക്കലും അറിയുന്നില്ല.  എപ്പോഴും ആത്മാവിനെ ആശ്രയിച്ച് കഴിയുന്നവനാണ് പ്രാണൻ.

പ്രാണനില്ലെങ്കിൽ ശരീരത്തിന് പ്രവർത്തിക്കാനാവില്ല എന്ന് പറയുമ്പോൾ പ്രാണനാണ് ഏറ്റവും കേമൻ എന്ന് തെറ്റിദ്ധരിച്ചുപോകരുത്.  പ്രാണമയകോശം ആത്മാവല്ല.  അത് ആത്മാവിനെ ആശ്രയിച്ച് നിൽക്കുന്നതാണ്.

വായുവിന്റെ വികാരം മാത്രമാണ് പ്രാണമയകോശം.  ദേഹത്തിന്റെ പ്രവർത്തനങ്ങൾ അതിനെ ആശ്രയിച്ചിരിക്കുന്നു.  പ്രാണൻ ദേഹം വിട്ടാൽ  ചേഷ്ടകൾ ഇല്ലാതാക്കുകയും ചെയ്യും.  ശരീരത്തിലിരിക്കുമ്പോൾ മാതമേ പ്രാണൻ എന്ന് വിളിക്കൂ,  പുറത്തു പോയാൽ വെറും വായു മാത്രമാണത്.  വായുവിന്റെ മറ്റൊരു ഭാവമായതിനാലും, വരവും പോക്കും ഉള്ളതിനാലും പ്രാണമയകോശം ആത്മാവല്ല.

പ്രാണൻ സ്വയമേവ ജഡമായതിനാൽ തന്റെയോ മറ്റുള്ളതിന്റെയോ ഇഷ്ടത്തേയും അനിഷ്ടത്തേയും അറിയില്ല.  എന്നാൽ, ആത്മാവ് ചൈതന്യമാണ്, നിത്യനും സർവ്വജ്ഞനും സർവ്വവ്യാപിയുമാണ്.  അതിന് ഒരുതരത്തിലുമുള്ള മാറ്റമോ ചലനമോ പോക്കുവരവോ ഇല്ല.  എല്ലാം അറിയുന്ന ചൈതന്യമാണത്.  അതിനാൽ പ്രാണമയകോശവും ആത്മാവല്ല.
Sudha bharat 

No comments:

Post a Comment