Tuesday, April 28, 2020

കേദാരേശ്വർ ജ്യോതിർ ലിംഗം,
-----------------------------------------------------------------------
കേദർനാഥ് 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരം കൂടിയ പ്രദേശ‌ത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കേദാരേശ്വർ ക്ഷേത്രം. സമുദ്ര നിരപ്പില്‍ നിന്നും 3584 മീറ്റര്‍ ഉയരെ ഗര്‍ഹ്വാള്‍ ഹിമാലയത്തിലെ കേദാര്‍നാഥിലാണ് ഈ ക്ഷേത്രം സ്ഥിതി ചെ‌യ്യുന്നത്.

ഹിമവാഹിനികള്‍,കൊടുമുടികള്‍ താണ്ടി മോക്ഷം തേടിയുള്ള പ്രയാണം. മനസ്സും ശരീരവും നിര്‍മ്മലമാക്കുന്ന അസുലഭവും അനിര്‍വചനീയവുമായ അനുഭവമാണ് കേദാര്‍നാഥിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ഉത്തരാഖണ്ടിലെ രുദ്രപ്രയാഗ് ജില്ലയിലാണ് ഹിന്ദുക്കളുടെ പ്രധാന തീര്‍ത്ഥാടക കേന്ദ്രങ്ങളിലൊന്നായ കേദാര്‍നാഥ് സ്ഥിതി ചെയ്യുന്നത്.

ചാര്‍ ധാം എന്നറിയപ്പെടുന്ന നാല് പ്രധാന വിശുദ്ധ സ്ഥലങ്ങളിലൊന്നാണിത്. 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഏറ്റവും ഉയരം കൂടിയ പ്രദേശവും ഇതു തന്നെ. സമുദ്ര നിരപ്പില്‍ നിന്നും 3584 മീറ്റര്‍ ഉയരെ ഗര്‍ഹ്വാള്‍ ഹിമാലയത്തിലാണ് കേദാര്‍നാഥ് നിലയുറപ്പിച്ചിരിക്കുന്നത്. മന്ദാകിനി നദി ക്ഷേത്രത്തിനു സമീപമായി ഒഴുകുന്നു. ഭഗവാന്‍ ശിവന്റെ അനുഗ്രഹത്തിനായി വര്‍ഷാവര്‍ഷം ഒട്ടേറെ സഞ്ചാരികള്‍ കേദാര്‍നാഥ് സന്ദര്‍ശിക്കുന്നു. പ്രധാനമായും വേനല്‍ക്കാലത്താണ് ക്ഷേത്ര സന്ദര്‍ശനത്തിനു യാത്രികര്‍ ഇവിടെ എത്താറുള്ളത്.

ഏതാണ്ട് 1000 വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രമാണിത്. ദേവാലയത്തിലേക്കുള്ള പടികളില്‍ പാലി ഭാഷയിലെ ലിഖിതങ്ങള്‍ കാണാന്‍ സാധിക്കും. പ്രധാനമായും വേനല്‍ക്കാലത്തെ ആറു മാസങ്ങളിലാണ് ഇവിടെ ക്ഷേത്ര ദര്‍ശനം നടത്താനാകുക. അതി ശക്തമായ മഞ്ഞു വീഴ്ചയായതിനാല്‍ തന്നെ ശീതകാലത്ത് ഈ ദേവാലയം അടയ്ക്കുന്നു. ആ സമയം ഇവിടെ തീരെ വാസയോഗ്യമല്ലാത്തതിനാല്‍ പ്രദേശ വാസികള്‍ പലരും താഴ്‌വാരങ്ങളിലേക്ക് താമസം മാറാറുണ്ട്. മാത്രമല്ല ശീതകാലത്ത് കേദാര്‍നാഥിന്‍റെ മഞ്ചല്‍ ഉഖിമത്തിലേക്ക് മാറ്റുകയും ചെയ്യുന്നു.

കേദാര്‍നാഥ് ക്ഷേത്രത്തിനടുത്തായി തന്നെ ആദി ഗുരു ശങ്കരാചാര്യരുടെ സമാധി സ്ഥലം സ്ഥിതി ചെയ്യുന്നു. അദ്വൈത സിദ്ധാന്തം ലോകമൊട്ടാകെ പ്രചരിപ്പിച്ച മഹാനായ ഹിന്ദു സന്യാസിയാണ് അദ്ദേഹം. ചാര്‍ ധാംസ് കണ്ടെത്തിയ ശേഷം തന്‍റെ 32 ആം വയസ്സില്‍ ശങ്കരാചാര്യര്‍ ഇവിടെ സമാധിയായി.

19 കിലോമീറ്റര്‍ അകലെയായി സോന്‍പ്രയാഗ് സ്ഥിതി ചെയ്യുന്നു. ബാസുകി,മന്ദാകിനി നദികളുടെ സംഗമ സ്ഥാനമാണ് ഈ പ്രദേശം. സമുദ്രനിരപ്പില്‍ നിന്നും 1829 മീറ്റര്‍ ഉയരമുണ്ട് ഇവിടേയ്ക്ക്. ഇവിടുത്തെ ജലത്തിന് അത്ഭുത സിദ്ധിയുണ്ടെന്നാണ് വിശ്വാസം. ഈ ജലത്തില്‍ സ്പര്‍ശിക്കുന്നവര്‍ ബൈകുന്ദ്‌ ദാമില്‍ ഒരിടം കണ്ടെത്തുമെന്ന് കരുതപ്പെടുന്നു.

കേദാര്‍നഥിന് 8 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന കേന്ദ്രമാണ് വാസുകി താല്‍. ഹിമാലയന്‍ നിരകള്‍ അകമ്പടി സേവിക്കുന്ന മനോഹരമായ തടാകമാണിത്. തടാകത്തിനടുത്തായിതന്നെ ചൗഖമ്പ കൊടുമുടികള്‍ സ്ഥിതി ചെയ്യുന്നു. ചതുരംഗി,വാസുകി ഹിമാനികള്‍ കടന്നു വാസുകി തടാകത്തിലേക്കുള്ള യാത്ര ഒരല്‍പം കഠിനം തന്നെയാണ്.

അളകനന്ദ നദിക്ക് സമീപമായി സ്ഥിതി ചെയ്യുന്ന കേദാര്‍നാഥ് വന്യജീവി സങ്കേതം സഞ്ചാരികളുടെ മറ്റൊരു പ്രധാന കേന്ദ്രമാണ്. 1972 ലാണ് ഈ വന്യജീവി സങ്കേതം ഇവിടെ നിര്‍മ്മിച്ചത്. 967 ചതുരശ്ര കിലോമീറ്ററോളം പരന്നു കിടക്കുന്ന ഈ പ്രദേശമാകെ ആല്‍പൈന്‍,ബഗ്യാല്‍, ഓക്ക്,പൈന്‍,പൂവരശ് തുടങ്ങി വൃക്ഷങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇവിടുത്തെ ഭൂമി ശാസ്ത്രപരമായ സവിശേഷതകള്‍ കൊണ്ടാവണം വൈവിധ്യമാര്‍ന്ന ഒട്ടേറെ ജീവ ജാലങ്ങള്‍ ഈ പ്രദേശത്തായി കാണപ്പെടുന്നു.

കുറുക്കന്‍, പൂച്ച,ഭരല്‍,ഗോറല്‍,കറുത്ത കരടികള്‍,പുള്ളിപുലി, മ്ലാവ്,വരയാട്,സിറോവ് തുടങ്ങിയവ അവയില്‍ പ്രധാനമാണ്. വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കസ്തൂരിമാന്‍റെ ഒരു പ്രധാന സംരക്ഷണ കേന്ദ്രം കൂടിയാണിത്. കൂടാതെ പക്ഷി വര്‍ഗങ്ങളായ ഫ്ലൈ ക്യാച്ചര്‍,മോണല്‍,വാര്‍ബ്ലര്‍ എന്നിവയും ഇവിടെ വസിക്കുന്നു. ഷിസോതൊറാക്സ്,നെമചിലിയസ്,ഗാര,ബറിലിയസ്,മഷീര്‍ തോര്‍ തോര്‍ തുടങ്ങി വിവിധ മത്സ്യങ്ങള്‍ മന്ദാകിനി നദിയിലായി കാണപ്പെടുന്നു.

കേദാര്‍നാഥിലെത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു ഇടമാണ് ഗുപ്ത കാശി. വിശ്വനാഥ ക്ഷേത്രം, മണികര്‍ണിക് കുണ്ട്, അര്‍ദ്ധ നാരീശ്വര ക്ഷേത്രം എന്നിങ്ങനെ മൂന്നു ക്ഷേത്രങ്ങള്‍ ഇവിടെ നിലകൊള്ളുന്നു. പരമശിവന്റെ അര്‍ദ്ധ നാരീശ്വര രൂപമാണ് അര്‍ദ്ധ നാരീശ്വര ക്ഷേത്രത്തില്‍ കാണാന്‍ സാധിക്കുന്നത്‌. ശിവന്റെ മറ്റു പ്രധാന അവതാരങ്ങളിലൊന്ന് വിശ്വനാഥ ക്ഷേത്രത്തില്‍ പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു.

 കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും അര കിലോമീറ്റര്‍ അകലെ ഭൈരവ നാഥ ക്ഷേത്രമുണ്ട്. സംഹാര മൂര്‍ത്തിയായ ശിവന്റെ പ്രധാന ഗണത്തില്‍ പെടുന്ന ഭൈരവ നാഥന്റെ ക്ഷേത്രമാണിത്. കേദാര്‍നാഥിലെ പ്രഥമ രാജ്പ്പൂത് ഭികുണ്ട് ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.
ഉത്തരാഖണ്ഡിൽ, ഹരിദ്വാറിൽ നിന്നും 241 KM അകലെ, ഗർവാൾ ഹിമാലയൻ ശ്രംഖലയിൽ, മന്ദാകിനി നദീ തീരത്ത് , സമുദ്ര നിരപ്പിൽ നിന്നും 3,583 മീറ്റർ ഉയരത്തിൽ കേദാർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നു .

കാളയുടെ മുതുകിന്റെ രൂപത്തിൽ, സ്വയംഭൂലിംഗ പ്രതിഷ്ഠയുള്ള ശിവസന്നിധി . പഞ്ച പാണ്ഡവർ നിർമ്മിച്ച ക്ഷേത്രം പുതുക്കി പണിതത് ശ്രീ ശങ്കരാചാര്യർ ആണെന്നു കരുതുന്നു . വടക്കൻ ഹിമാലയത്തിലെ ചതുർ ധാമങ്ങളിലെ പ്രധാനപ്പെട്ട ക്ഷേത്രം....

No comments:

Post a Comment