Thursday, April 16, 2020

🌹🟡🌹🟡🌹🟡🌹🟡🌹
*അശ്വത്ഥാമാവ്*

കുരുക്ഷേത്ര യുദ്ധം തീർന്ന അന്ന് രാത്രി പാണ്ഡവ പടകുടീരത്തിൽ ഉറങ്ങി കിടന്നിരുന്ന ചെറുബാലൃങ്ങളായ പാണ്ഡവ പുത്രന്മാരെ അശ്വത്ഥാമാവ് തീയിട്ട് കൊന്ന് ഓടിപ്പോയി. വിവരമറിഞ്ഞെത്തിയ പാണ്ഡവർ ഓടിപ്പോയ ഗുരുപുത്രനെ തിരഞ്ഞ് പിടികൂടി കൊണ്ടു വന്നു.

 ഗുരുപുത്രനും ബ്രാഹ്മണനുമായതിനാൽ 'കൊല്ലരുത്' എന്ന് മക്കളുടെ മരണത്താൽ ശോകാദ്രയായിട്ടും പാഞ്ചാലി, ഈ ദുഷ്ടനെ 'ഉടനെ വെട്ടിക്കൊല്ലണ'മെന്ന് രോഷാകുലനായ ഭീമസേനൻ. അപ്പോൾ ആരുടെ ഇഷ്ടമാണ് താൻ അനുസരിക്കേണ്ടത് എന്ന് അറിയാതെ അർജ്ജുനൻ ശ്രീകൃഷ്ണ ഭഗവാന്റെ മുഖത്ത് നോക്കി.

ഭഗവാൻ പറഞ്ഞു "ഇവൻ ആതതായിയാണ് (കൊടുംപാതകം ചെയ്തവൻ). ബ്രാഹ്മണനായിരുന്നിട്ടും ആയുധമെടുത്ത് യുദ്ധം ചെയ്യുക വഴി വർണ്ണാശ്രമ ധർമ്മങ്ങൾ ലംഘിച്ചവനുമാണ്. അതിനാൽ വധാർഹനാണ്. എന്നാൽ ഗുരു പുത്രനും ബ്രാഹ്മണനുമായതിനാൽ വധശിക്ഷ പാടില്ലതാനും. നയതന്ത്രജ്ഞനായ ഭഗവാന്റെ മൊഴി രണ്ടും ഒരേസമയം നടപ്പാക്കുന്നതിനായി, കൂർമ്മ ബുദ്ധിയായ അർജുനൻ അശ്വത്ഥാമാവിന്റെ ബ്രാഹ്മണ ചിഹ്നങ്ങളായ താടിയും കുടുമയും മുറിച്ചെടുക്കുകയും, തലയിൽ ജന്മനാ ഉണ്ടായിരുന്ന ചൂഡാമണി പറിച്ചെടുക്കുകയും ചെയ്തു.

ബ്രാഹ്മണന്റെ കുടുമ മുറിക്കുക എന്നാൽ വധശിക്ഷ നടപ്പാക്കുന്നതിന് തുല്യമാണ്.( ജീവനെടുത്ത് വധിക്കണമെന്നില്ല). അങ്ങനെ ഭഗവാന്റെ 'ചൊല്ലാതെയുളള ചൊല്ല്' പ്രകാരം ഭീമനും പാഞ്ചാലിക്കും ഒരുപോലെ സ്വീകാരൃമായ വിധി അശ്വത്ഥാമാവിന് മദ്ധ്യമപാണ്ഡവൻ നല്‍കി.

ബ്രാഹ്മണ ചിഹ്നങ്ങൾ നഷ്ടപ്പെട്ട്, തലയിലെ ഉണങ്ങാത്ത മുറിവിൽ നിന്ന് ചോരയും ചലവും ഒലിപ്പിച്ചു കൊണ്ട്, ദേഹം മുഴുവൻ ഒരിക്കലും ഒടുങ്ങാത്ത ചൂടും സംഭ്രമവും പേറിക്കൊണ്ട്, എവിടെ ചെന്നാലും, തന്റെ അപഖ്യാതികൾ തന്നേക്കാൾ മുമ്പ് അവിടെ എത്തും എന്നതു കൊണ്ട്, അവഹേളനവും തിരസ്ക്കാരവുമായി അശ്വത്ഥാമാവ് ഭാരതഭൂമി മുഴുവൻ പേ പിടിച്ച പോലെ അലഞ്ഞു നടന്നു. 'ചിരംജ്ജീവി' ആയതിനാൽ ഈ കഷ്ടപ്പാടിന് അറുതിയില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ഒടുവിൽ തന്റെ ഇഷ്ട മൂർത്തിയായ, ആശുതോഷനായ, മഹാദേവനെ ത്തന്നെ ശരണം പ്രാപിക്കാനായി തെക്കൻ കൈലാസത്തിലെത്തി, ശ്രീവടക്കുംനാഥന്റെ പാദാരവിന്ദങ്ങളിൽ ശരണം പ്രാപിച്ചു.

പാപിയെ അല്ല; പാപത്തെയാണ് മാറ്റി നിര്‍ത്തേണ്ടത് എന്ന സംസ്കാര പ്രകാരം മഹാദേവൻ തന്റെ ഭക്തന് ആശ്വാസമരുളി. ഭഗവാൻ നിർദ്ദേശിച്ചതനുസരിച്ച് അശ്വത്ഥാമാവ് ദേഹത്തിലെ അടങ്ങാത്ത ചൂടും സംഭ്രമവും ഒടുക്കാനായി പകൽ മുഴുവൻ മഹാദേവന്റെ അഭിഷേക ജലം ഒഴുകി വരുന്ന ഓവിന്റെ അടിയിലിരുന്ന് ഇന്നും ശരീരം കുളിർപ്പിക്കുന്നു. രാത്രി പുറത്തുളള അശ്വത്ഥവൃക്ഷത്തിന്റെ (അരയാൽ) ചുവട്ടിൽ കിടന്നുറങ്ങുന്നു.
( ഇദ്ദേഹത്തെ തണുപ്പിക്കാനാണത്രെ അരയാലിന്റെ ഇലകൾ എപ്പോഴും ഇളകി ആടി ക്കൊണ്ടിരിക്കുന്നത്).

ക്ഷേത്രത്തിലെ തീർത്ഥം ഒഴുകി വരുന്ന കരിങ്കൽ ഓവുകൾക്ക് ( വലിയ ഓവുകളാണെങ്കിൽ പ്രത്യേകിച്ചും) നിലത്തു നിന്ന് താങ്ങായി ഒരു പുരുഷ പ്രതിമ കാണാം. ഇത് അശ്വത്ഥാമാവിന്റെ പ്രതീകമാണത്രെ. അതീവ ദുഷ്ടത്തരം ചെയ്യുന്നവർ, അവർ എത്രതന്നെ കേമന്മാരായാലും അവസാനം ഇതാണ് ഗതി എന്ന് 'ഓവ് താങ്ങുന്ന' ഈ പ്രതിമകൾ നമ്മളെ ഓർമിപ്പിക്കുന്നു. 'തെറ്റുകൾ ചെയ്യാതിരിക്കൂ' എന്ന് നിശ്ശബ്ദമായി പറയുന്നു.

No comments:

Post a Comment