Saturday, April 25, 2020

*_"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ_*
*_ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ "_*

      *_അനായാസമായി ഏവർക്കും എപ്പോഴും ജപിക്കാൻ പറ്റിയതും, എന്നാൽ അതീവപ്രാധാന്യമുള്ളതുമായ ഒരു നാമമന്ത്രമാണിത്.പ്രത്യേകിച്ചും നാമജപത്തിന് വളരെയധികം പ്രസക്തിയുള്ള ഈ കലികാലത്തിൽ, ആർക്കും എപ്പോഴും ജപിക്കാവുന്ന ഒരു പ്രധാനമന്ത്രമാണിത്._*

    *_ഈ മന്ത്രത്തിന്റെ പ്രാധാന്യത്തെ വിശദീകരിക്കുന്ന ഉപനിഷത്താണ് "കലിസന്തരണോപനിഷത് ". ഈ ഉപനിഷത്ത്  നാരദമഹർഷിയും, ബ്രഹ്മാവുമായുള്ള സംവാദ രൂപത്തിലാണ് വിശദീകരിച്ചിരിക്കുന്നത്._*

*_"ഓം സഹനാവവതു സഹ നൗ ഭുനക്തു_*
*_സഹവീര്യം കരവാവഹൈ_*
*_തേജസ്വിനാവധീതമസ്തു_* *_മാ വിദ്വിഷാവഹൈ_*
*_ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ "_*
*_എന്ന ശാന്തിപാഠത്തോടെ ആരംഭിക്കുന്ന ഈ ഉപനിഷത്ത് കൃഷ്ണയജുർവേദാന്തർഗതമായ ഉപനിഷത്താണ്._*

   *_വളരെ ചെറിയ ഈ ഉപനിഷത്തിന്റെ ഉള്ളടക്കം എന്താണെന്ന് പരിശോധിക്കാം._*

*_ദ്വാപരയുഗാവസാനത്തിൽ ഒരുദിവസം നാരദമഹർഷി ബ്രഹ്മാവിന് സമീപത്തെത്തി ഇപ്രകാരം ചോദിച്ചു: "ഭഗവാനേ!ഭൂലോകത്തിൽ സഞ്ചരിക്കുന്ന സമയത്ത് എനിക്ക് കലിബാധയിൽ നിന്ന് എങ്ങിനെയാണ് മോചനം ലഭിക്കുക? " നാരദമഹർഷിയുടെ ചോദ്യം കേട്ട ബ്രഹ്മാവ് തികച്ചും സന്തോഷവാനായി ഇങ്ങനെ പറഞ്ഞു: "വത്സാ ! നിന്റെ ചോദ്യം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. സർവ്വവേദമന്ത്രങ്ങളുടേയും നിഗൂഢരഹസ്യം ഞാൻ നിനക്ക് ഉപദേശിച്ചുതരാം. കലികാലദോഷം പരിഹരിക്കുന്നതിനുള്ള ഒരേയൊരു മാർഗ്ഗം ഭഗവാൻ ആദിനാരായണന്റെ നാമോച്ചാരണം മാത്രമാണ്! അതിപ്രകാരമാണ്._*

, *_" ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ_*
*_ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ "_*

*_"ഈ പതിനാറു നാമങ്ങൾ കലികാലത്തെ പാപം നശിപ്പിക്കാൻ ഉതകുന്നതാണ്. ഇതിലും മികച്ച മാർഗ്ഗം വേദശാസ്ത്രാദികളിൽ പോലും കാണുകയില്ല."_*

    *_"ഷോഡശകലാസമ്പന്നമായ ജീവന്റെ ആവരണം ഈ നാമത്താൽ വിച്ഛേദിക്കപ്പെടുകയും, മേഘങ്ങളിൽ നിന്നകന്ന സൂര്യൻ എങ്ങിനെ പ്രകാശിക്കുന്നുവോ, അപ്രകാരം പരബ്രഹ്മത്തിന്റെ യഥാർത്ഥസ്വരൂപം സ്പഷ്ടമായി തെളിയാനിടയാവുകയും ചെയ്യും. ഈ മന്ത്രത്തിന്റെ പ്രാധാന്യം ബ്രഹ്മാവിൽനിന്ന് മനസ്സിലാക്കിയ നാരദമഹർഷി ഇതിന്റെ നാമവിധി എങ്ങിനെയാണെന്ന് കൂടി പറഞ്ഞുതരണമെന്ന് ബ്രഹ്മാവിനോട് അഭ്യർത്ഥിച്ചു. ഇതിനു മറുപടിയായി ബ്രഹ്മാവ് ഇങ്ങിനെ പറഞ്ഞു:"ഈ നാമമന്ത്രം ജപിക്കാൻ പ്രത്യേകവിധികളൊന്നും തന്നെയില്ല. പരിശുദ്ധമോ, അല്ലാത്തതോ ആയ ഏതവസ്ഥയിലും ഈ നാമം ആർക്കുംതന്നെ ജപിക്കാവുന്നതാണ്.ഈ നാമജപത്താൽ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം (ഈശ്വരലോകത്ത് വാസം, ഈശ്വരസാമീപ്യം, ഈശ്വരസ്വരൂപമായി മാറൽ, ഈശ്വരനുമായി ലയനം) ഇതെല്ലാംതന്നെ കൈവരിക്കാനാവുകയും, മുക്തി ലഭിക്കുകയും ചെയ്യുന്നതാണ്.ഈ നാമമന്ത്രം മൂന്നരക്കോടി തവണ ജപിച്ചാൽ ബ്രഹ്മഹത്യാപാപം, വീരഹത്യാപാപം, സ്വർണ്ണമോഷണപാപം, കൂടാതെ മനുഷ്യർ ദേവന്മാർ പിതൃക്കൾ ഇവരോട് ചെയ്തിട്ടുള്ള പാപം ഇവയിൽ നിന്നെല്ലാം മോചനം ലഭിക്കുന്നതാണ്. സർവ്വധർമ്മങ്ങളും പരിത്യജിച്ചവർക്കുപോലും അവരുടെ പാപമോചനം സാധ്യമാവുന്നതാണ്"._*

     *_ഈ കലിയുഗത്തിൽ ജനിച്ച നമുക്ക് ഓരോരുത്തർക്കും, സാധ്യമാകുന്നതുപോലെ ഭഗവാന്റെ അമൂല്യമായ ഈ മന്ത്രം ജപിക്കാം. ഭഗവാന്റെ അനുഗ്രഹത്തിന് പാത്രീഭൂതരാകാം !!_*

*_ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ_*
*_ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ!_*

*_ഓം നമോ നാരായണായ_*
*_ഓം നമോ ഭഗവതേ വാസുദേവായ_*

No comments:

Post a Comment