Friday, April 10, 2020

*കൊറോണ ആദ്ധ്യാത്മികതയെ തകർക്കുന്നുവെന്നോ* കെ.ആർ.മനോജ്
ഡയറക്ടർ
ആർഷവിദ്യാസമാജം

"കൊറോണയും അതേത്തുടർന്നുള്ള സമൂഹജാഗ്രതയും ലോക്ക് ഡൗണുമെല്ലാം  ആത്മീയതയെ  തകർത്തുവെന്ന രീതിയിൽ ഒരു പ്രചാരണം നടക്കുന്നുണ്ട്. "ഈശ്വരൻ തോറ്റു, ശാസ്ത്രം ജയിച്ചു " എന്നാണ് ചിലരുടെ മുദ്രാവാക്യം!
ആശ്രമങ്ങൾ അടച്ചതും ആരാധനാലയങ്ങൾ ഒഴിഞ്ഞതും ചടങ്ങുകൾ നിലച്ചതുമൊക്കെയാണ് അവർ തങ്ങളുടെ വാദത്തിന് തെളിവുകളായി ചൂണ്ടിക്കാട്ടുന്നത് "

ഇത്തരം അവകാശവാദങ്ങൾക്ക്
ഒരു മറുപടി നൽകണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ പോസ്റ്റ് എഴുതുന്നത്.

കൊറോണയെത്തുടർന്നുള്ള സംഭവങ്ങൾ അശാസ്ത്രീയ മതങ്ങളേയും കപട ആത്മീയതയേയും 'വൈറസ് തുടങ്ങിയ രോഗാണുക്കൾ തന്നെയില്ല' എന്ന് വാദിക്കുന്ന  അതിതീവ്ര പ്രകൃതിചികിത്സകരേയും പ്രതിസന്ധിയിലാക്കി എന്നുള്ളത് സത്യമാണ്.

എന്നാൽ സനാതന ധർമ്മത്തെ ഇതെങ്ങനെയാണ് ബാധിച്ചത് എന്നറിയാൻ താല്പര്യമുണ്ട്.

ക്രിസ്തുമതത്തിന് ബൈബിളും ഇസ്ലാമിന് ഖുർആനുമാണ് ഏക പ്രാമാണിക മതഗ്രന്ഥങ്ങൾ. കാല-ദേശ-ജ്ഞാനാദികളാൽ പരിമിതനായ മനുഷ്യൻ ഇവയിൽ എഴുതി വച്ച കാര്യങ്ങൾ എന്നേ കാലഹരണപ്പെട്ടു കഴിഞ്ഞു! ശക്തമായ പ്രചാരവേലയും സംഘടനാ ബലവും പണക്കൊഴുപ്പുമാണ് ഈ മതങ്ങളെ ഇന്നും നിലനിർത്തുന്നത്.

എന്നാൽ സനാതനധർമ്മം എന്തിനെയാണ് പിന്തുടരുന്നത്?
അഥവാ സനാതനധർമ്മത്തിന്റെ പ്രമാണം ഏതാണ്?

സനാതനധർമ്മത്തിന് പ്രധാനമായും മൂന്നു പ്രമാണങ്ങളാണുള്ളത്.

1. പ്രത്യക്ഷം
2. അനുമാനം
3. ശബ്ദം

ഇവയെക്കുറിച്ച് സാമാന്യമായി പരിചയപ്പെടാം

1. പ്രത്യക്ഷം -

പഞ്ചേന്ദ്രിയങ്ങൾ കൊണ്ടറിയാൻ സാധിക്കുന്നതും നിരീക്ഷണ പരീക്ഷണങ്ങൾ മൂലം ലഭിക്കുന്നതുമായതെല്ലാം പ്രത്യക്ഷത്തിന്റെ മേഖലയിലാണ്.
ഈ രംഗത്ത് ഭൗതിക ശാസ്ത്രങ്ങളുടെ പ്രസക്തി നാം പണ്ടേ അംഗീകരിച്ചിട്ടുണ്ട്.മറ്റ് നാടുകളിൽ മതപുരോഹിതരും ശാസ്ത്രജ്ഞരും പരസ്പരം ചേരിതിരിഞ്ഞ് ശത്രുക്കളായി ഏറ്റുമുട്ടിയ കാലത്ത് ഭാരതത്തിൽ ഋഷിമാർ  ശാസ്ത്രജ്ഞർ കൂടിയായിരുന്നു.
ഭാരത ശാസ്ത്ര-ഗണിത പാരമ്പര്യം ,വിദ്യാഭ്യാസത്തിലെ പരാവിദ്യ(ആദ്ധ്യാത്മിക ശാസ്ത്രം)-അപരാവിദ്യാ(ഭൗതിക- ലൗകിക ശാസ്ത്രങ്ങൾ) സമ്പ്രദായം ഇവയൊക്കെ ഇതിന് തെളിവുകളാണ്.

"അഗ്നിയ്ക്ക് തണുപ്പാണെന്ന് ഏത് ഗ്രന്ഥത്തിൽ എഴുതിയാലും അത് അംഗീകരിക്കേണ്ടതില്ല,തള്ളിക്കളയണം" എന്നാണ് ശ്രീശങ്കരപക്ഷം.കാരണം അഗ്നി, ചൂട്, തണുപ്പ് തുടങ്ങിയവ പ്രത്യക്ഷ മേഖലയിലാണ്. ഇന്ദ്രിയാനുഭവങ്ങളും, ശാസ്ത്രീയ സത്യങ്ങളുമാണ് ആ രംഗത്തെ "രാജാവ് "!

2. അനുമാനം - ശുദ്ധ യുക്തിയുടെ പ്രയോഗമാണിവിടെ. മനുഷ്യൻ ആർജ്ജിച്ച എല്ലാ വിജ്ഞാനങ്ങളും കണ്ടുപിടുത്തങ്ങളും പ്രത്യക്ഷാനുമാനങ്ങളെക്കൊണ്ടാണ്. അതിന്റെ പ്രസക്തി അംഗീകരിച്ചതുകൊണ്ടാണ് ചിന്തയേയും യുക്തിയേയും  നാം മാനിച്ചത്.ഋഷിമാർ തത്വചിന്തകർ കൂടിയായിരുന്നു. നീരീശ്വരവാദിയും ലൗകിക - ഭൗതികവാദിയുമായ ചർവ്വാകനെപ്പോലും നാം മാനിച്ചു.
"നല്ല ആശയങ്ങൾ എവിടെ നിന്നും കടന്നു വരട്ടെ " എന്ന് പ്രാർത്ഥിച്ചു. യുക്തിയുടെ പ്രയോഗത്തിൽ പിഴവുകളുണ്ടാകാതിരിക്കാൻ തർക്കശാസ്ത്രം നിർമ്മിച്ചു.അതിലെ "ആഭാസങ്ങ" (Fallacies) -ളിൽ നിന്നൊഴിഞ്ഞു നിൽക്കാൻ പഠിപ്പിച്ചു.ഗീതോപദേശം കഴിഞ്ഞ് താൻ പറഞ്ഞതെല്ലാം സ്വന്തം ബുദ്ധി കൊണ്ട് ശരിയായി വിലയിരുത്തി ശരിയായ തീരുമാനമെടുക്കാനാണ് ശ്രീകൃഷ്ണൻ അർജ്ജുനനോട് നിർദ്ദേശിക്കുന്നത്.യുക്തിയുടെ മേഖയിൽ "യുക്തിയുക്തം സംസാരിക്കുന്ന ബാലന്റെ വാക്കുകൾക്കാണ് യുക്തിയില്ലാതെ പറയുന്ന ദേവന്മാരുടെ വാക്കുകളേക്കാൾ പ്രാധാന്യം നൽകേണ്ടത് " എന്ന സുഭാഷിതവും കാണാം. ആദ്ധ്യാത്മിക സമ്പദായങ്ങളിലെ ശരിതെറ്റുകൾ പോലും ശാസ്ത്രാർത്ഥസദസിലെ സംവാദങ്ങൾ (Spiritual debates) വഴിയാണ് നിശ്ചയിച്ചിരുന്നത്.

 സനാതന ധർമ്മം യുക്തിയ്ക്ക് നൽകിയ പ്രാധാന്യം ഇതിൽ നിന്നെല്ലാം സുവ്യക്തമാണ്

3. ശബ്ദം - പഞ്ചേന്ദ്രിയങ്ങളും ഭൗതിക ശാസ്ത്രവും യുക്തിയുമെല്ലാം പരാജയപ്പെടുന്ന ചില മേഖലകളുണ്ട്. അവിടെയാണ് ശബ്ദത്തിന്റെ പ്രസക്തി.അന്തർ ദർശനം (Intuition), ആപ്തവാക്യം, ആധികാരിക ഗ്രന്ഥങ്ങൾ  തുടങ്ങിയവ ഈ മേഖലയിൽ വഴികാട്ടും

ഇങ്ങനെ 3 പ്രമാണങ്ങൾ അതതു മേഖലയിൽ പ്രസക്തമാകുന്നു. ഓരോ മേഖലകളിലും സത്യദർശനത്തിനായി ഉപയോഗിക്കുന്ന ഈ മൂന്നു പ്രമാണങ്ങളും തമ്മിൽ പരസ്പരവൈരുധ്യമില്ല. ഓരോ മേഖലയിലും ഉള്ള പ്രമാണത്തിന്റെ  പ്രസക്തി മറ്റുള്ള പ്രമാണങ്ങളും അംഗീകരിക്കുന്നു എന്നുള്ളതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

ഇവിടെ രോഗം, രോഗാണു, ചികിത്സ തുടങ്ങിയവ പ്രത്യക്ഷ മേഖലയിലാണ്. അവിടെ ആ മേഖലയിൽ ഗവേഷണം ചെയ്ത് അധികാരികമായ അറിവ് സമ്പാദിച്ച മൊഡേൺ മെഡിസിൻ വിദഗ്ധരുടെ വാക്കുകൾ തന്നെയാണ് നാം പിന്തുടരേണ്ടത്. കംപ്യൂട്ടർ കേടായാൽ നന്നാക്കാൻ ആ മേഖലയിലെ വിദഗ്ധർ തന്നെ വേണമെന്നത് സാമാന്യയുക്തി .ഈ സാമാന്യയുക്തി തന്നെയാണ് സനാതന ധർമ്മം ഇതു വരെ പിന്തുടർന്ന രീതിക്ക് പിന്നിൽ.

 രോഗവ്യാപനം തടയാൻ  മോഡേൺ മെഡിസിൻ നിർദ്ദേശിക്കുന്ന കാര്യങ്ങൾ അനുസരിക്കുകയും സർക്കാരുകളോട് സഹകരിക്കുകയും ചെയ്യുമ്പോൾ എങ്ങനെയാണ് സനാതന ധർമ്മം പരാജയപ്പെടുന്നത്?!
സനാതന ധർമ്മം സാമാജിക ധർമ്മത്തിനും പ്രാധാന്യം നൽകുന്നുണ്ട്. വ്യക്തിയ്ക്കെന്നതു പോലെ സമാജത്തിനും ഗുണം വരുന്ന കാര്യങ്ങൾ പിന്തുടരണം. 'അവനവനാത്മസുഖത്തിനായാ ചരിക്കുന്നത് അപരന്ന് കൂടി സുഖത്തിനായി വരണ'മെന്നതാണ് അതിലെ മൂലതത്വം.വ്യക്തിക്കോ സമാജത്തിനോ ഇവ രണ്ടിനുമോ ദോഷം വരുത്തുന്ന കാര്യങ്ങൾ  ദുരാചാരം ആണ്. അത് ചെയ്യരുത് എന്നാണ് സനാതന ധർമ്മം പറയുന്നത്. രോഗങ്ങൾ വന്നവരും സാധ്യതയുള്ളവരും ഐസോലേഷനിൽ കഴിയുക തന്നെ വേണം. ന്യായമായ കാര്യങ്ങളിൽ ഗവൺമെന്റിനെ അനുസരിക്കണമെന്നതും സമാജ ധർമ്മത്തിന്റെ ഭാഗമാണ്!

സനാതനധർമ്മത്തിലെ ആത്മീയ നിയമങ്ങളിൽ ഒന്നാണ് ശൗചം ( ശുചിത്വം ) ബുദ്ധി,മനസ്, പ്രാണൻ, ആന്തരികവും ബാഹ്യവുമായ ശരീരം, വസ്ത്രം, പരിസരം എന്നിവയെല്ലാം ശുചിത്വത്തിന്റെ പരിധിയിൽ വരും. ശുചീകരണ കിയകൾ ( ഷഡ്ക്രിയകൾ) ഇതിനുള്ള മികച്ച പരിശീലനങ്ങളാണ്.രണ്ടു നേരമുള്ള ദന്തധാവനവും സ്നാനവും  നമ്മുടെ നിത്യ കർമ്മത്തിൽപ്പെടുന്നു. ഉറങ്ങിയെഴുന്നേറ്റയുടൻ മുഖവും വായും വൃത്തിയാക്കുക, ഭക്ഷണത്തിന് മുമ്പും പിമ്പും കൈയും വായും കഴുകുക, യാത്രയ്ക്ക് ശേഷം കൈകാലുകളും മുഖവും വൃത്തിയാക്കുക തുടങ്ങിയവ ഇന്നും നടപ്പിലുണ്ട്.ശൗചവും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ് മറയ്ക്കുക, രോഗിയോട് അടുത്ത് ഇടപഴകാതിരിക്കുക തുടങ്ങിയ ആരോഗ്യ ശീലങ്ങളും തന്നെയാണ് ഇക്കാലത്തെയും പ്രതിരോധ നടപടികൾ എന്നു മറക്കാതിരിക്കുക. ഇതാണ് രോഗം വരാതിരിക്കാനുള്ള ഒന്നാമത്തെ പോംവഴി.ഇതനുസരിച്ച് ലോകം ഇന്ന് ഭാരതത്തെ പിന്തുടരുന്നു.

ആലിംഗനവും ഷെയ്ക്ക് ഹാൻഡും ഉപേക്ഷിച്ച്  ലോകം ഇന്ന്  "എന്നിലും നിന്നിലുമുള്ള ഈശ്വര തത്വത്തെ വണങ്ങുന്നു' ( നമസ്തേ )എന്ന ഉദാത്ത അർത്ഥമുള്ള കൈകൂപ്പിയുള്ള അഭിവാദനം സ്വീകരിക്കുന്നു. ശവസംസ്കാരത്തിന്  ദഹനം ആണ് നല്ലത് എന്ന ചിന്താഗതി ശക്തമാകുന്നു.

ഇതുവരെ ചികിത്സ കണ്ടെത്താത്ത ഈ രോഗത്തിന് പ്രതിരോധ ശക്തി വർദ്ധിപ്പിക്കുക എന്നതാണ് രണ്ടാമത്തെ മാർഗ്ഗം. സ്വതവേ രോഗ പ്രതിരോധശക്തി കുറഞ്ഞവർക്കും പ്രമേഹം, രക്തസമ്മർദ്ദ തകരാറുകൾ, ഹൃദ്രോഗങ്ങൾ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങൾ പിടിപെട്ടവർക്കും രോഗം മാരകമാകാനിടയുണ്ട്. ജീവിത ശൈലീ രോഗങ്ങളെ അകറ്റുന്ന
യോഗയിലെ 8 ആരോഗ്യനിയമങ്ങൾ പ്രസക്തമാകുന്നതിവിടെയാണ്.
 1.ശരിയായ ഭക്ഷണം, ജലപാനം
2. ശരിയായ ശ്വസനം
3. ശരിയായ പ്രകൃതി ബന്ധം (പഞ്ചഭൂതോപാസന
4. ശരിയായ വ്യായാമം
5. ശരിയായ വിശ്രമം
6. ശരിയായ നിദ്ര
7. ശരിയായ ശുചീകരണം
8. മറ്റ് ചില ആരോഗ്യ ശീലങ്ങൾ

ചിന്തിക്കുക - സനാതനധർമ്മത്തിന്റെ പ്രമാണത്തേക്കുറിച്ചുള്ള നിലപാടുകളും  ആർഷ ധർമ്മം മുന്നോട്ടുവയ്ക്കുന്ന നിയമ-അനുഷ്ഠാന - ശീലങ്ങളും കൂടുതൽ ശരിയാണെന്ന് ഈ പ്രതിസന്ധി നമ്മെ ബോദ്ധ്യപ്പെടുത്തുകയല്ലേ ചെയ്തത്?!

പിൻകുറിപ്പ് - ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള നമ്മുടെ സമൂഹത്തിൽ രണ്ടു തരം പാരമ്പര്യങ്ങൾ കാണാനാവും.

1 ആർഷ പാരമ്പര്യം
2 മാമൂൽ പാരമ്പര്യം

ആർഷശാസ്ത്രപൈതൃകം വെളിച്ചവും, മാമൂൽ വാദങ്ങൾ (പ്രമാദം,ജാതി, അനൈക്യം, അന്ധവിശ്വാസം, അനാചാരം ,ദുരാചാരം, അത്യാചാരം ( സദ്ഗുണ വൈകൃതം - തുടങ്ങിയവയെല്ലാം) വിഴുപ്പുമാണ്.
മാമൂൽ വാദികൾക്ക് സനാതന ധർമ്മം, പ്രാമാണികമായ ആർഷഗുരുപരമ്പരകൾ,ആധികാരിക ഗ്രന്ഥങ്ങൾ എന്നിവയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രത്യേകം ഓർമ്മിക്കുക! അത് അപചയം ബാധിച്ച ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ്.

ഋഷി പരമ്പരകൾ, ശാസ്ത്രജ്ഞർ, നവോത്ഥാന നായകർ തുടങ്ങിയവരെല്ലാം ആർഷ പാരമ്പര്യവാദികളാണ്.
നാട്ടുനടപ്പ് എന്ന് പറഞ്ഞ് എന്ത് അനാചാരങ്ങൾക്കും കൂട്ട് നിൽക്കുന്നവരാണ് മാമൂൽ വാദികൾ.അവരെ ചെറുത്തു തന്നെയാണ് സമൂഹം പുരോഗതി നേടിയിട്ടുള്ളത്. ആ ആർഷപാരമ്പര്യം തുടരുക തന്നെ വേണം.

ആർഷപരമ്പരയിൽപെട്ട ആദ്ധ്യാത്മികാചാര്യന്മാർ തന്നെയാണ് മാമൂൽ വാദത്തോട് സന്ധിയില്ലാ സമരം നടത്തിയത്. കേരളത്തിൽ മാത്രമല്ല ഭാരതത്തിൽ തന്നെ നവോത്ഥാനം കൊണ്ടുവന്നതും ഈ മഹാ ജ്ഞാനികളാണ്.അങ്ങനെ മാമൂൽ വാദത്തെ തകർത്തതും സനാതന ധർമ്മ ഗുരുപരമ്പരകളാണ്. പക്ഷേ
എല്ലാ പ്രസക്തിയും നഷ്ടപ്പെട്ട പഴയ മാമൂൽ വാദത്തിന്റെ പേരിൽ ചിലർ ഇന്നും സനാതനധർമ്മത്തെ അവഹേളിക്കുന്നത് തുടരുന്നു! "എലിയെ കൊല്ലാൻ ഇല്ലം ചുടുന്ന ' വിഡ്ഢിത്തം തന്നെയാണ് ഇവരുടെ കർമ്മങ്ങളിൽ ദർശിക്കാൻ കഴിയുന്നത്.

 മനുഷ്യൻ എല്ലാ രീതിയിലും പുരോഗമിക്കുമ്പോൾ - വികാസത്തിനപ്പുറം പരിണാമം തന്നെ സംഭവിക്കുമ്പോൾ നമുക്ക് ചുറ്റും വ്യാപിച്ചിരിക്കുന്ന ഇരുട്ടകന്നു പോകുന്നതായി അനുഭവപ്പെടും. അങ്ങനെ ഉള്ളവർ പ്രകാശം കണ്ടെത്തുക തന്നെ ചെയ്യും! ആ ജ്യോതിസ് ജനകോടികളുടെ തമസ്സകറ്റും !

സത്യമേവജയതേ!

*കെ.ആർ.മനോജ്*
ഡയറക്ടർ
*ആർഷവിദ്യാസമാജം*

No comments:

Post a Comment