Sunday, April 26, 2020

🐎🐎🐎🐎🐎🐎🐎🐎🐎🐎


*കഠോപനിഷത്തിലെ രഥകല്‍പ്പനയും അര്‍ജുനന്റെ രഥവും*.


ശ്രീകൃഷ്ണഭഗവാന്‍ തേരാളിയായി വില്ലാളിവീരനായ അര്‍ജുനന്‍ മഹാഭാരതത്തിലെ കുരുക്ഷേത്രയുദ്ധത്തില്‍ പങ്കെടുത്ത തേരില്‍ എത്ര കുതിരകളെ പൂട്ടിയിരുന്നു? ഈ ചോദ്യം പലപ്പോഴായി കേട്ടിട്ടുണ്ട്. നാലാണെന്ന് ചിലര്‍, അഞ്ചാണെന്ന് മറ്റുചിലര്‍. ഇതില്‍ ഏതാണ് ശരി?

ഇന്ദ്രിയങ്ങളാകുന്ന അഞ്ച് ആശ്വങ്ങളെ പൂട്ടിയ രഥം എന്ന കഠോപനിഷത്തിലെ രഥസങ്കല്‍പ്പവും മഹാഭാരതത്തിലെ അര്‍ജുനന്റെ നാല് വെള്ളക്കുതിരകളെ പൂട്ടിയ രഥവും വ്യത്യസ്തമാണ്. കഠോപനിഷത്തിലെ രഥകല്‍പ്പന ആധ്യാത്മിക സാധകര്‍ക്ക് ഇന്ദ്രിയനിയന്ത്രണത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള ഒരു ഉപമയായിട്ടാണ് പറഞ്ഞിരിക്കുന്നത്, അതിനെ ഭഗവദ്‌ഗീതയുമായി ബന്ധിപ്പിച്ചിട്ടുമില്ല.

“ആത്മാവ് രഥിയും ശരീരം രഥവും ബുദ്ധി സാരഥിയും മനസ്സ് കടിഞ്ഞാണും ഇന്ദ്രിയങ്ങള്‍ കുതിരകളും ഇന്ദ്രിയവിഷയങ്ങള്‍ പോകുവാനുള്ള വഴികളും ആണ്. ആരാണോ എല്ലായ്പ്പോഴും അനിയന്ത്രിതമായ മനസ്സോടുകൂടി വിവേകമില്ലാത്തവനായി ഭവിക്കുന്നത്, അവന്റെ ഇന്ദ്രിയങ്ങള്‍ അനിയന്ത്രിതമാകുന്നു. യാതൊരു ബുദ്ധിയാകുന്ന സാരഥിയാണോ എപ്പോഴും നിയന്ത്രിതമായ മനസ്സോടുകൂടി വിവേകമുള്ളവനായി ഭവികുന്നത്, ആ ബുദ്ധിക്ക് ഇന്ദ്രിയങ്ങള്‍ വിധേയങ്ങളായി ഭവിക്കുന്നു. യാതൊരുവന്‍ വിവേകമുള്ളവനായും മനോനിയന്ത്രണമുള്ളവനായും എപ്പോഴും ശുദ്ധാന്തഃകരണനായും ഭവിക്കുന്നുവോ, അവന്‍ പുനര്‍ജനനമില്ലാത്ത ആ പദത്തെ പ്രാപിക്കുന്നു."
 [കഠോപനിഷത്]

മഹാഭാരതത്തിലെ അര്‍ജുനന്റെ രഥം ശൈബ്യന്‍, സുഗ്രീവന്‍, മേഘപുഷ്പന്‍, ബലാഹകന്‍ എന്നീ നാല് വെള്ളകുതിരകളെ പൂട്ടിയതാണ്. വെള്ളകുതിരകളെ പൂട്ടിയ വാഹനം ഉള്ളതിനാല്‍ അര്‍ജുനനെ ശ്വേതവാഹനന്‍ എന്നും വിളിക്കുന്നു. ഖാണ്ഡവ വനം സമര്‍പ്പിച്ചതിനു അര്‍ജുനന് അഗ്നിദേവന്‍ സമ്മാനിച്ചതാണ് ഈ രഥം. ഈ വെള്ളകുതിരകളെ അര്‍ജുനന് സമ്മാനിച്ചത് ശ്രീകൃഷ്ണ ഭഗവാനും.


🐎🐎🐎🐎🐎🐎🐎🐎🐎🐎

No comments:

Post a Comment