Thursday, April 23, 2020

പ്രിയപ്പെട്ട കുട്ടികളെ…

ഹരിഃ  ഓം.

കളിക്കാനും, ചിരിക്കാനും, രസിക്കാനും നിങ്ങൾക്കുള്ള താല്പര്യം ഒരിക്കലും കൈവിട്ടുകളയരുത്. വലുതാവുമ്പോഴേക്കും കാര്യഗൗരവവും കൂടി നേടണം എന്നെല്ലാവരും ഓർമ്മിപ്പിക്കാറുണ്ടാവും. അത് ശരിയാണ്. കളിയും, ചിരിയും കൈവിടാതെ കാര്യഗൗരവം പാലിക്കുകയെന്നത് ഒരു കലയാണ്. ആ കല കൈവശമാക്കാനുള്ള ലളിതമായ വഴി കണ്ണടച്ചിരിക്കലാകുന്നു. കാലത്തും, വൈകീട്ടും കുറച്ചു നേരം കണ്ണടിച്ചിരുന്നു ശീലിക്കുക. ബഹളമൊഴിഞ്ഞ, വായുസഞ്ചാരവും വൃത്തിയും ഉള്ള സ്ഥലത്ത് ഒരു ഷീറ്റ് മടക്കിയിട്ട് അതിൽ ചമ്രം പടിഞ്ഞ് നട്ടെല്ല് നിവർത്തിയിരുന്നാൽ തന്നെ ശരീരത്തിനു സ്വാസ്ഥ്യം അനുഭവപ്പെടും. കണ്ണുകൾ പതുക്കെ അടയ്ക്കുക. (കൺപോളകൾ കണ്ണുകൾക്കു മുകളിൽ വീണു കിടക്കും പോലെ മതി. ഇറുക്കി അടച്ച് പ്രയാസപ്പെടേണ്ട ) അതിനു ശേഷം സാവധാനത്തിലും, ദീർഘമായും – ശരീരത്തിന് ആയാസം നൽകാത്ത വിധം ശ്വാസോച്ഛാസം ചെയ്യാം. നട്ടെല്ല് മാത്രം നിവർന്നിരിക്കട്ടെ. ബാക്കി ശരീര ഭാഗങ്ങൾ അയഞ്ഞു കിടക്കുകയാണ് വേണ്ടത്. അങ്ങിനെ ദീർഘമായി ശ്വാസം എടുത്ത് പതുക്കെ പുറത്തു വിടുന്നതിനനുസരിച്ച് മനസ്സും ഒരു പരിധിവരെ സ്വസ്ഥമാവുന്നത് അനുഭവമാവും. മനസ്സിൽ ചിന്തകൾ കടന്നു വന്നോട്ടെ. അതിനെക്കുറിച്ച് വിഷമിക്കേണ്ട. ചിന്തകൾക്ക് വന്നു പോവാൻ അനുവാദം നൽകിയാൽ മതി. ദിവസവും ഈ പ്രകിയ അഭ്യസിച്ചാൽ അനുവാദം നൽകൽ അനായാസമായി വരും.

ക്രമേണ ചിന്തകളെ മാറിനിന്നു നോക്കിക്കാണുന്നൊരു ശീലം വളർത്തിയെടുത്താൽ നമ്മുടെ വ്യക്തിത്വത്തിന് കരുത്തും ആഴവും കൂടിവരുന്നതായി അനുഭവപ്പെടും. (ഈ കരുത്ത് പുറമെ നിന്നുണ്ടാകുന്നതല്ല. നമ്മുടെ ഉള്ളിൽ
വാസ്തവത്തിലുള്ളത് കൂടുതൽ വ്യക്തമായി വരുന്നു എന്നതാണ് വസ്തുത) ആ കരുത്ത് പ്രായമേറുന്നതിനനുസരിച്ച് നിങ്ങളെ സഹായിക്കും. ഭാവിയിൽ എത്ര കുഴഞ്ഞു മറഞ്ഞ പ്രശ്നങ്ങൾക്കു മുന്നിലെത്തിയാലും നിങ്ങളുടെ മനസ്സ് തകർന്നു പോവില്ല. അതാത് സമയത്ത് യുക്തവും, ശ്രേയസ്ക്കരവുമായ തീരുമാനങ്ങളെടുക്കാൻ പ്രയാസം അനുഭവപ്പെടില്ല. അവരവരെ കുറിച്ച് വേണ്ടത്ര  മതിപ്പ് ഉള്ളിൽ അനുഭവപ്പെടും. ആരോഗ്യകരമായ ആത്മവിശ്വാസം നന്നായി വർധിക്കും. ആത്മവിശ്വാസം ജീവിത വിജയത്തിന് അവശ്യം വേണ്ടുന്ന മൂലധനമാണ്.

ആത്മവിശ്വാസക്കുറവുള്ളവർക്ക് എപ്പോഴും ഒരു ഉൾഭയവും, പിരിമുറുക്കവും അനുഭവപ്പെടും. ഭയവും, സമ്മർദ്ദവും കൂടിക്കൂടി വന്നാൽ ജീവിതം കഷ്ടത്തിലാവും.  ജീവിതത്തിന്റെ  രസം മുഴുവൻ ചോർന്നു പോകും. (അങ്ങിനെ ഉള്ളിൽ ആകെ തകർന്നു പോയവരിൽ ചിലർ പുറത്ത് ധൈര്യശാലികളും, തൻ്റേടം ഉള്ളവരും, ആത്മവിശ്വാസമുള്ളവരും ഒക്കെയായി അഭിനയിച്ചു കളയും. എന്നാൽ അവരുടേത് ഊതിവീർപ്പിച്ച ബലൂണിൻ്റെ അവസ്ഥ പോലെയാണ്. അവരുടെ ഉള്ളിൽ അവർ വലിയ സമ്മർദ്ദത്തിലായിരിക്കും. എപ്പോൾ വേണമെങ്കിലും പൊട്ടിച്ചിതറി പോയേക്കാവുന്ന ദുരവസ്ഥ)

ഇക്കാരണങ്ങൾ കൊണ്ട് മിക്കവാറും ആളുകളുടെ ജീവിതത്തിൽ കളിചിരികൾ അന്യമായി പോവുന്നു. മാനസികമായ ഉൾപ്പോര് അനുഭവിക്കുന്നവരുടേയും, അതു മറച്ച് വെച്ച് മറ്റുള്ളവരുടെ മുന്നിൽ അഭിനയിക്കുന്നവരുടേയും ഒക്കെ ജീവിതം ഭാരം നിറഞ്ഞതായിരിക്കും. ജീവിതം ഒരു ഭാരമായി തള്ളി നീക്കേണ്ടി വരുന്നത് എത്ര കഷ്ടമാണ്. ഇന്ന് സമൂഹത്തിൽ ഭൂരിപക്ഷം പേരും പിരിമുറുക്കവും, ഭാരവും അനുഭവിക്കുന്നു. അതു കാരണം ബന്ധുത്വങ്ങൾ വളരെ യാന്ത്രികമായിപ്പോവുന്ന അവസ്ഥയുണ്ടാവുന്നു. ഈ വക ദൗർഭാഗ്യങ്ങൾ നിങ്ങളെ ബാധിക്കാതിരിക്കട്ടെ. എങ്ങിനെയെങ്കിലും കഴിഞ്ഞുകൂടിയാൽ മതിയെന്ന അലസ സമീപനം നിങ്ങൾക്കുണ്ടാവാതിരിക്കട്ടെ. അഥവാ മറ്റുള്ളവരിൽ മതിപ്പു വളർത്തലാണ് പ്രധാനം എന്ന് ധരിച്ച് അഭിനയിച്ച് നിങ്ങൾ തളരാതിരിക്കട്ടെ. ഉത്സാഹഭരിതരായി ജീവിച്ചു മുന്നേറുന്നവർക്ക് ഭാവി ജീവിതത്തെ നന്നായി ആസൂത്രണം ചെയ്യാൻ സാധിക്കും. ഭാവി ജീവിതത്തിനു വേണ്ടുന്ന തയ്യാറെടുപ്പുകൾ നടത്താനും കഴിയും. അങ്ങിനെ അവർ ജീവിതം മുഴുവൻ സ്വന്തം കഴിവുകളറിഞ്ഞ്, അത് ഭംഗിയായി ആവിഷ്ക്കരിച്ച് മുന്നേറും. എന്നും ആഘോഷഭരിതമായ ജീവിതം നയിക്കും.

എന്തും അറിയാനുള്ള ബാല്യകാലകൗതുകം നിലനിർത്തിയാൽ അറിവിന്റെ ആസ്വാദ്യത ജീവിതത്തെ സമ്പന്നമാക്കും. ഉത്തരം കിട്ടിയില്ലെങ്കിലും ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കണം. മഹത്തായ കണ്ടെത്തലുകൾ സാധിച്ചവരും, ജീവിതവിജയം സ്വന്തമാക്കിയവരും ഈ വഴിയിലൂടെയാണ് മുന്നേറിയത്.

ഈശ്വരചിന്ത പുലർത്തുന്നത് ഒരാശ്വാസമാണ്. ഈശ്വരാനുണ്ടോ എന്ന് സംശയിക്കേണ്ട. ചുറ്റുമൊന്നു കണ്ണോടിച്ചാൽ എന്തൊക്കെ നാം കാണുന്നു. സൂര്യോദയം തൊട്ടു എട്ടുകാലി വലനെയ്യുന്നത് വരെ എണ്ണിയാലൊടുങ്ങാത്തത്ര കാഴ്ചകൾ. ലോകകാര്യങ്ങൾ ഭംഗിയായി നടക്കുന്നതിനു പിറകിൽ ഒരു ശക്തിയുണ്ടെന്ന് ഏവരും സമ്മതിക്കുന്നു. ആ ശക്തിയെ ‘ഈശ്വരാ….’ എന്ന് ആദരവോടെ വിളിച്ചോളൂ. ഈശ്വരനുമുമ്പിൽ എല്ലാം സമർപ്പിച്ചു സ്വസ്ഥരാകാൻ ശീലിച്ചാൽ സാധിക്കും. ശ്രീരാമനായോ, ശ്രീകൃഷ്ണനായോ ,പരമേശ്വരനായോ, പാർവതീ മാതാവായോ, ഗണപതി മൂർത്തിയായോ ജഗദീശ്വരനെ സൗകര്യം പോലെ പരിഗണിക്കാം.

അദ്ധ്വാനത്തിനു പകരമായി ഈശ്വരചിന്ത ആരും നിർദ്ദേശിച്ചിട്ടില്ല. അദ്ധ്വാനത്തിനൊപ്പം ഈശ്വരചിന്തയുമാകട്ടെ എന്നാണ് ഗുരുക്കന്മാർ നൽകുന്ന മാർഗദർശനം. അവനവനിലെ കഴിവുകൾ നിരന്തര ഭംഗിയായി (സമഗ്രമായും) പുറത്തുകൊണ്ടുവരാൻ ഇത് സഹായിക്കും.

പ്രായമായവർക്ക് അനുഭവസമ്പത്ത് കുട്ടികളേക്കാൾ കൂടും. അറിവും, പക്വതയും ഏറും. അതു കൊണ്ട് മുതിർന്നവരെ എഴുന്നേറ്റു നിന്നു ബഹുമാനിക്കുന്നതും, അവരിൽ നിന്ന് പാഠങ്ങൾ പലതും പഠിക്കാൻ മനസ്സിരുത്തുന്നതും നന്ന്. അവർ കുട്ടികളുടെ ശ്രേയസ്ക്കരമായ വളർച്ചക്കു വേണ്ടത് പലതും പറഞ്ഞു തരും. അതൊക്കെ കേട്ട്, യുക്തിക്കൊത്തവണ്ണം മനസ്സിലാക്കി, ജീവിതത്തിൽ പകർത്തിത്തുടങ്ങിയാൽ കുട്ടികളെ എല്ലാവർക്കും ഇഷ്ടമാവും.

കൂട്ടുകാരെ, നിങ്ങളോട് എല്ലാവർക്കും ഇഷ്ടം തോന്നട്ടെ . നിങ്ങളുടെ സാന്നിദ്ധ്യം ഏവർക്കും സന്തോഷം നൽകട്ടെ. സജ്ജനങ്ങളുടെ വാത്സല്യാനുഗ്രഹത്തിന് നിങ്ങൾ നിരന്തരം യോഗ്യരാക്കട്ടെ.

ഗുരുപരമ്പരയുടെ കാരുണ്യം നിങ്ങളിൽ എപ്പോഴും വാർഷിക്കപ്പെടട്ടെ. ഈശ്വരാനുഗ്രഹത്തിനും നിങ്ങൾ പാത്രീഭൂതരാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.

പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ
24th April 2020

No comments:

Post a Comment