Wednesday, April 15, 2020

കർമ്മം.

~~~~~~

ഓരോ പ്രവർത്തിയും, ഓരോ വാക്കും, ഓരോ ചിന്തയും കർമ്മങ്ങളാണ്‌. നമ്മുടെ മനോമണ്ഡലത്തിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള പ്രതിഫലനങ്ങളാണ്‌ കർമ്മം. മറ്റൊരു തരത്തിലാണെങ്കിൽ മനസ്സിൽ ആഴത്തിൽ പതിഞ്ഞിറങ്ങിയിട്ടുള്ള സ്വാധീനമാണ്‌ അഥവ മുദ്രകളാണ്‌ കർമ്മം. ദുഷ്‌ കർമ്മങ്ങള്‍ കൊണ്ട്‌ ദുഃഖവും, ആധിയും, വ്യാകുലതയും, അശാന്തിയും ഉണ്ടാക്കുന്നു. എന്നാൽ സദ്‌ കർമ്മങ്ങള്‍ കൊണ്ട്‌ സുഖവും, ശാന്തിയും, പരമാനന്ദവും ലഭിക്കുന്നു. പാപം എന്നാൽ  ഒരു പ്രവർത്തി (മനസാ-വാചാ-കർമണാ എന്ന ആപ്‌ത വാക്യം ഓർക്കുക) മൂലം സ്വയമോ, മറ്റുള്ളവർക്കോ വേദനയോ, അസ്വസ്ഥതയോ, അസന്തുഷ്‌ടിയോ, ദുഃഖമോ, ദുരിതമോ ഉണ്ടാക്കുകയാണെങ്കിൽ പാപമായി തീർന്നിടും.

ബോധപൂർവ്വമായ കർമ്മങ്ങളിൽ നിന്ന്‌ കർമ്മങ്ങൾ സൃഷ്‌ടിക്കപ്പെടുന്നു. പെട്ടുന്നുള്ള ആവേശത്തിൽ നിന്ന്‌ പ്രതിക്രിയകൾ സൃഷ്‌ടിക്കപ്പെടുന്നു. അത്തരം ആവേശങ്ങൾ കർമ്മ ബന്ധങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്‌ടിക്കുന്നു.  ഭക്തി കൊണ്ടും ജ്ഞാനം കൊണ്ടും കർമ്മങ്ങളെ ഇല്ലായ്‌മ ചെയ്യാം. അതുമൂലം കർമ്മങ്ങളിൽ നിന്ന്‌ സ്വതന്ത്രരാകാം.

കർമ്മങ്ങൾ മൂന്നു തരത്തിലാണുള്ളത്‌. 1. പ്രാരാബ്‌ധ കർമ്മം 2. സഞ്ചിത കർമ്മം 3. ആഗാമി കർമ്മം.

പ്രാരാബ്‌ധ കർമ്മം: - തുടങ്ങിവെച്ചത്‌ അഥവ ഇപ്പോൾ ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌ എന്ന്‌ അർത്ഥം. ഈ കർമ്മത്തിന്റെ ഫലം ആരാലും മാറ്റുവാൻ സാദ്ധ്യമല്ല. എന്നു പറഞ്ഞാൽ അനുഭവിച്ചു തന്നെ തീർക്കണം എന്ന്‌ അർത്ഥം. എന്നാൽ നാം ഇവിടെ പകുതി സ്വതന്ത്രരും പകുതി ബന്ധിതനുമാണ്‌. എന്നു വെച്ചാൽ ഇഹ ജന്മത്തിലെ ദോഷങ്ങളുടെ പൂർണ്ണ ഫലങ്ങൾ നാം അനുഭവിച്ചു തീർക്കണം എന്ന്‌ സാരം. ഉദാഹരണമായി നമ്മുടെ രണ്ടു കാലുകൾ ഭൂമിയിൽ അല്ലെങ്കിൽ തറയിൽ ഉറപ്പിച്ചു വെക്കുക. അപ്പോൾ നാം തറയിൽ ബന്ധിതാനാണ്‌. നാം നമ്മുടെ ഒരു കാൽ ഉയർത്തുക. ഒറ്റക്കാലിൽ നമുക്ക്‌ അധികം നേരം നിൽക്കുവാൻ കഴിയുകയില്ല. എങ്കിലും ഒറ്റക്കാലിൽ തനിച്ച്‌ നില്‍ക്കുവാൻ കഴിയുമല്ലോ. തൽസമയം നാം പകുതി ബന്ധിതനും പകുതി സ്വതന്ത്രനും ആണ്‌. നമ്മുടെ രണ്ടു കാലും ഉയർത്തിപ്പിടിച്ചുകൊണ്ട്‌ വായുവിൽ സ്വതന്ത്രനായി നിൽക്കുവാൻ കഴിയുകയില്ല. ഊന്നു വടിയുടെ സഹായം കൊണ്ടോ പരസഹായംകൊണ്ടോ കുറച്ചധികം നേരം ഒറ്റക്കാലിൽ നിൽക്കുവാൻ കഴിഞ്ഞേക്കും. എന്നാൽ ജീവിത കാലമത്രയും അങ്ങിനെ നിൽക്കുവാൻ സാധിച്ചെന്നു വരികയില്ല. ഊന്നലോ പരസഹായമോ ഇല്ലാതായാൽ പഴയ പടി തന്നെ ബന്ധിതനാകും. അതു കൊണ്ട്‌ പ്രാരാബ്‌ദ കര്‍മ്മത്തിൽ മനുഷ്യൻ പകുതി സ്വതന്ത്രനും, പകുതി ബന്ധിതനുമാണ്‌ എന്ന്‌ പറയപ്പെടുന്നു.

സഞ്ചിത കർമ്മം: ശേഖരിക്കപ്പെട്ടത്‌ അഥവ കൂട്ടി വെക്കപ്പെട്ടത്‌ എന്നർത്ഥം. കഴിഞ്ഞ ജന്മത്തിൽ അഥവ പൂർവ്വ ജന്മത്തിൽ നിന്ന്‌ ഈ ജന്മത്തിലേക്ക്‌ കൊണ്ടു വരപ്പെട്ടത്‌ എന്നർത്ഥം. ഇവ വാസനാ രൂപത്തിൽ ഒരു സംസ്‌കാരമായി നമ്മളിൽ സ്ഥിതി ചെയ്യുന്നു. വാസന ഒരു സൂക്ഷ്‌മമായ ഒരു കർമ്മമാണ്‌. ഈ സൂക്ഷ്‌മ കർമ്മ വാസനയാണ്‌ നമ്മുടെ സ്വഭാവ രൂപീകരണത്തിന്‌ പ്രധാന പങ്ക്‌ വഹിക്കുന്നത്‌. ഈ സ്വഭാവമാണ്‌ നമ്മുടെ പ്രവർത്തി രൂപത്തിലും സൂക്ഷമ രൂപത്തിലും ഒരു ഓർമ്മയായി വന്നു ചേരുന്നത്‌. മുൻ പരിചയമില്ലാത്ത ചിലരെ കാണുമ്പോൾ വെറുപ്പോ, ദേഷ്യമോ മറ്റോ അനുഭവപ്പെടുന്നത്‌ ഈ ഒരു ഓർമ്മയിലൂടെയാണ്‌. എന്നാൽ ഈ കർമ്മ വാസന നമ്മുടെ പ്രവർത്തി രൂപത്തിൽ എത്തുന്നതിനു മുമ്പ്‌ തന്നെ അവയെ നമുക്ക്‌ ഒഴിവാക്കാനോ ഇല്ലാതാക്കാനോ കഴിയും. അതിനാണ്‌ പ്രാർത്ഥന, സാധന, സേവ, ധ്യാനം, മറ്റുള്ളവരെ സ്‌നേഹിക്കുക തുടങ്ങിയവയുടെ പ്രസക്തി ആത്യാവശമായി വരുന്നത്‌.

ആഗാമി കർമ്മം:- ഇതുവരെ സംഭവിച്ചിട്ടില്ലാത്തത്‌ എന്നാണ്‌ സാരം. ഒന്നും കൂടി വിശദമായി പറയുകയാണെങ്കിൽ ഇപ്പോൾ സംഭവിക്കാത്തതും ഇനി വരാൻ പോകുന്നതും ആയ ഫലത്തോടുകൂടിയ കർമ്മമാണ്‌ ആഗാമി കർമ്മം. പ്രകൃതിയുടെ നിയമം ലംഘിച്ചാൽ ശിക്ഷ ലഭിക്കും എന്നുറപ്പാണ്‌. ഉപ്പ്‌ തിന്നവൻ വെള്ളം കുടിക്കും എന്നത്‌ ഇതിന്‌ ഉദാഹരണമാണ്‌. തെറ്റ്‌ ചെയ്‌താൽ ശിക്ഷിക്കപ്പെടും.  ഇന്നു ചെയ്യുന്ന ഓരോ കർമ്മവും ശരിയായ രീതിയിൽ അനുഷ്‌ഠിക്കപ്പെടുമ്പോൾ നാളെ അത്‌ നിങ്ങളെ ശല്യപ്പെടുത്തുകയില്ല. ഓരോ ശീലവും, ഓരോ പ്രവർത്തിയും കർമ്മമായിട്ടാണ്‌ പരിണമിക്കുന്നത്‌. ഒരോ കർമ്മവും സമയ ബന്ധിതമാണ്‌. ഓരോ കർമ്മത്തിന്റേയും പ്രതിക്രിയ വളരെ ക്ലിപ്‌തവുമാണ്‌. നിശ്ചിതമാണ്‌. അനന്തമല്ല. അതിന്‌ ഉദാഹരണങ്ങളാണ്‌ ജയിൽ ശിക്ഷകൾ. ഓരോ കുറ്റ കൃത്യങ്ങൾക്കും ഓരോ തരം ശിക്ഷയും അവയുടെയെല്ലാം കാലാവധിയും വ്യത്യസ്ഥങ്ങളാണ്‌. കർമ്മത്തെ പരിപൂർണ്ണമായും ഇല്ലാതാക്കുന്ന ഒരു വാസനയുണ്ട്‌. അതാണ്‌ ആത്മജ്ഞാനം.

No comments:

Post a Comment