Sunday, April 05, 2020

KP Aravindan "കോവിഡ്19 – എത്ര വൈറസ് അകത്തു കയറുന്നു എന്നതു പ്രധാനം
------------------------------------------------------------------------
ചൈനയിലെ കോവിഡ് രക്തസാക്ഷിയായ ഡോക്ടർ ലി വെൻലിയാങ്ങ് മരണപ്പെട്ടപ്പോൾ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കാര്യമുണ്ട്. അദ്ദേഹത്തിന് 33 വയസ്സു പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാധാരണയായി കോവിഡ് മരണങ്ങൾ അധികവും പ്രായാധിക്യം ഉള്ളവരിലോ മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിലോ ആയി ഒതുങ്ങുന്നു. എന്നാൽ ലി വെൻലിയാങ്ങ് ആ ഗണത്തിൽ പെടുന്ന ആളായിരുന്നില്ല. എന്നിട്ടും എന്ത് കൊണ്ട് അദ്ദേഹം മരണപ്പെട്ടു? നിരന്തരമായ രോഗികളുമായി സമ്പർക്കം മൂലം, അതും ഇത്തരമൊരു രോഗം ഉണ്ടെന്ന് കൃത്യമായി അറിയുന്നതിന് മുൻപേ, വളരെ കൂടുതൽ തോതിൽ വൈറസ് കണങ്ങൾ അകത്ത് ചെന്നത് കൊണ്ടായിരിക്കുമോ?
ആലോചിച്ച് നോക്കുമ്പോൾ സാമാന്യ ബുദ്ധിക്കും ശാസ്ത്ര ബുദ്ധിക്കും നിരക്കുന്നതാണീ അനുമാനം.

ശരീരത്തിനകത്തെ യുദ്ധത്തിന്റെ ശാസ്ത്രം
------------------------------------------------------
ഒരു വൈറസ് മനുഷ്യശരീരത്തിന് അകത്തു കടന്നു കഴിഞ്ഞാൽ പിന്നെ എന്തു സംഭവിക്കുന്നു എന്നത് നിർണയിക്കുന്നത് വൈറസ്സും ശരീരത്തിലെ പ്രതിരോധ കോശങ്ങളും തമ്മിൽ നടക്കുന്ന യുദ്ധത്തിന്റെ പരിണിത ഫലമാണ്. വൈറസ് കണങ്ങൾ ആദ്യമായി ശരീരത്തിൽ കയറുമ്പോൾ അതിനെ നേരിടുന്നത് സ്വാഭാവിക പ്രതിരോധത്തിനു (Innate immunity) വേണ്ടി നിയോഗിക്കപ്പെട്ട ചില കോശങ്ങളാണ്. പാറാവുകാരുടെ ജോലിയാണ് ഇവർക്ക്. “സാധാരണ ശരീരത്തിൽ കാണാത്ത ഏതോ കുഴപ്പക്കാരൻ” എന്ന് മാത്രം മനസ്സിലാക്കാനേ ഇവർക്കു കഴിയൂ. ഇവർ ഇത് ചില സിഗ്നലുകൾ വഴി വിളിച്ചു പറയുകയും അതിന്റെ ഫലമായി ആ പ്രദേശത്ത് ചെറിയ തോതിൽ വീക്കം ഉണ്ടാവുകയും വൈറസുകൾ നീക്കം ചെയ്യപെടുകയും ചെയ്യും. എന്നാൽ ഈ പ്രതിരോധം ശക്തി കുറഞ്ഞതാണ്. ചെറിയൊരു പോലീസ് ആക്ഷൻ. അത്ര മാത്രം. വൈറസ്സുകൾ എണ്ണത്തിൽ വളരെ കുറവെങ്കിൽ ഓകെ. അല്ലെങ്കിൽ കുറെയേറെ അവശേഷിക്കും. അവ കോശങ്ങൾക്കുള്ളിൽ കയറിപ്പറ്റി പെരുകാൻ തുടങ്ങും. അപ്പോഴേക്ക് പട്ടാളം തന്നെ ഇറങ്ങേണ്ടി വരും. ഇതാണ് ആർജിത പ്രതിരോധം (acquired immunity). അതായത് ആ പ്രത്യേക രോഗാണുവിനെതിരെയുള്ള കൃത്യമായ പ്രതിരോധം. ഈ രോഗാണുവിനെ നേരത്തേ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ – ഒന്നുകിൽ മുൻപ് ഇതേ രോഗം പിടിപെട്ടതു മൂലം, അല്ലെങ്കിൽ ഈ രോഗത്തിനെതിരെ വാക്സീൻ എടുത്തിട്ടുണ്ടെങ്കിൽ – വലിയ തോതിൽ പ്രതിരോധകോശങ്ങളുടെ ഒരു വൻ ബറ്റാലിയൻ ഉടൻ അവിടെയെത്തി വൈറസ്സിനെ നീക്കം ചെയ്യും. SARS-CoV-2 നെ പോലെ തികച്ചും പുതിയ രോഗാണു ആണെങ്കിൽ ആരിലും ആ മുൻപരിചയം ഉണ്ടാവില്ലല്ലോ. അപ്പോൾ ആദ്യമായി വൈറസ്സിനെ തിരിച്ചറിയാനും അതിനെതിരെ പ്രതികരിച്ച് നശിപ്പിക്കാനും കഴിവുള്ള കോശങ്ങളുടെ ഒരു വൻ പട ഉണ്ടാക്കിയെടുക്കണം. ഇതിനു സമയമെടുക്കും. പുതിയതായി നിർമിച്ചെടുക്കുന്ന ബറ്റാലിയനിലെ പടയാളികളാണ് കൃത്യമായി ഈ രോഗാണുവിനെ നേരിടാൻ കഴിവുള്ള പല തരം ലിംഫോസൈറ്റുകൾ. പടക്കോപ്പുകളാണ് ആന്റിബോഡികൾ. ഇതൊക്കെ തയ്യാറായിക്കൊണ്ടിരിക്കുമ്പോഴും വൈറസ്സ് പെരുകിക്കൊണ്ടിരിക്കും. പടയൊരുക്കം പൂർത്തിയാവുന്നതിനു മുൻപ് വൈറസ്സ് പെരുകി എണ്ണത്തിൽ വളരെയേറെയായാൽ പ്രതിരോധ പട്ടാളത്തിന് അതിനെ കീഴടക്കാൻ പൊരിഞ്ഞ യുദ്ധം തന്നെ നടത്തേണ്ടി വരും. ഈ യുദ്ധത്തിന്റെ നാശനഷ്ടങ്ങൾ ശ്വാസകോശത്തിലും ചിലപ്പോൾ മറ്റിടങ്ങളിലും തീവ്രരോഗമായി അനുഭവപ്പെടും. പലപ്പോഴും ഈ നാശനഷ്ടങ്ങൾ അധികമായതുകൊണ്ടോ വൈറസ്സിനെ കീഴടക്കുന്നതിൽ പരാജയപ്പെട്ടതു മൂലമോ മരണം സംഭവിക്കാം.

നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം
---------------------------------------
ഇവിടെയാണ് നുഴഞ്ഞുകയറ്റക്കാരുടെ എണ്ണത്തിന്റെ പ്രാധാന്യം. ആദ്യം തന്നെ വൈറസ് അകത്ത് കയറുമ്പോഴുള്ള അവയുടെ ആകെ എണ്ണത്തിന്റെ പ്രസക്തി. ഏതാനും കണികകൾ മാത്രമെങ്കിൽ സ്വാഭാവിക പ്രതിരോധം തന്നെ മതി അതിനെ നീക്കം ചെയ്യാൻ. കുറച്ച് കൂടെ എണ്ണത്തിൽ കൂടുതലെങ്കിൽ ആർജ്ജിത പ്രതിരോധം വേണം. പക്ഷെ അവ പെരുകി വലിയ തോതിൽ നാശമുണ്ടാക്കാൻ തുടങ്ങുമ്പോഴേക്ക് പ്രതിരോധ സൈന്യം സജ്ജമാവുകയും രോഗാണുവിനെ കീഴ്പ്പെടുത്തുകയും ചെയ്യും. തുടക്കത്തിലേ വളരെ കൂടുതൽ വൈറസ് കണങ്ങൾ ഒന്നിച്ച് കയറിപ്പറ്റിയാൽ പ്രതിരോധസേന രൂപപ്പെട്ടു വരുമ്പോഴേക്കും വൈറസ്സുകൾ അനിയന്ത്രിതമായി പെരുകി കഠിനരോഗത്തിനു വഴി തെളിച്ചിരിക്കും. പലരും മരണപ്പെടുകയും ചെയ്യും.
എന്താണ് കുറവ് വൈറസ്സുകളോ കൂടുതൽ വൈറസ്സുകളോ അകത്തു കയറുന്നതെന്ന് നിശ്ചയിക്കുന്ന ഘടകങ്ങൾ? ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രീതി തന്നെ പ്രധാനം. ഏറ്റവുമധികം വൈറസ് കണങ്ങൾ അകത്തു കയറുന്ന സാഹചര്യം വൈറസ് വാഹകരായവർ ഉൾപ്പെടുന്ന അനേകം പേർ അടുത്തടുത്ത് അടഞ്ഞ മുറിയിൽ ഇരിക്കുന്ന സാഹചര്യത്തിലാണ്.
എയർ കണ്ടീഷനിങ്ങ് തണുപ്പിലൂടെ വൈറസ്സിന്റെ നിലനിൽപ്പിനേയും വ്യാപനത്തേയും സഹായിക്കും. സെൻട്രൽ എയർ കണ്ടീഷനിങ്ങ് ആണെങ്കിൽ പല മുറികളിലേക്ക് അണുബാധ വ്യാപിക്കാൻ ഇടയാവും. കൊറിയയിലെ ദേഗുവിലും ഡെൽഹിയിലെ നിസാമുദ്ദീനിലുമൊക്കെ അടഞ്ഞ സ്ഥലങ്ങളിൽ മതപരമായ ചടങ്ങുകൾക്ക് ഒട്ടനവധി പേർ ഒന്നിച്ചു കൂടിയ സാഹചര്യത്തിൽ അത് സമൂഹവ്യാപനത്തിനു കാരണമായി. ഇങ്ങനെ രോഗം കിട്ടിയവരിൽ തീവ്രരോഗവും മരണനിരക്കും കൂടുതലാവാനുള്ള സാദ്ധ്യതയുള്ളതായും കാണുന്നു.

ലബോറട്ടറി പരീക്ഷണങ്ങളിൽ ഇത് സ്ഥിരം കാണുന്ന പ്രതിഭാസമാണ്. ചെറിയ ഡോസ് വൈറസ് നൽകിയ എലികൾ ചെറിയ രോഗലക്ഷണങ്ങൾക്ക് ശേഷം സുഖപ്പെടുമ്പോൾ വലിയ ഡോസ് ലഭിച്ചവ തീവ്രരോഗം വന്നു മരണപ്പെടുന്നു. മനുഷ്യനിലും ഇതു ബാധകമാവാതിരിക്കാൻ കാരണമൊന്നുമില്ല.
പൊതുവിൽ അണു പകരുന്നത് രണ്ട് മാർഗ്ഗങ്ങളിലൂടെയാണ്. ഒന്ന് മറ്റൊരാളുടെ സ്രവങ്ങൾ കലർന്ന വായു ശ്വസിക്കുന്നതിലൂടെ. അടുത്തു നിന്ന് രോഗവാഹകർ ചുമയ്ക്കുകയും തുമ്മുകയും ഒക്കെ ചെയ്യുന്നതാണ് ഉദാഹരണം. നേരത്തെ സൂചിപ്പിച്ചതുപോലെ അടഞ്ഞ എ.സി മുറികൾ, തീയറ്റർ, ഷോപ്പിങ്ങ് മാളുകൾ, ശീതികരിച്ച എ.സി റസ്റ്റോറന്റകൾ എന്നിവയിലൊക്കെ വൈറസ് കണങ്ങൾ അടങ്ങിയ ചെറുതുള്ളികൾ അന്തരീക്ഷത്തിൽ തങ്ങി നിൽക്കാം.
ഏറെ നേരം ഈ വായു ശ്വസിക്കുന്നതു വഴി കൂടുതൽ വൈറസ് കണങ്ങൾ അകത്തു ചെന്നേക്കാം. രോഗം പകരുന്ന രണ്ടാമത്തെ മാർഗ്ഗം അണുക്കൾ പതിച്ച വസ്തുക്കളിൽ നിന്നാണ്. അതിൽ തൊട്ട് പിന്നെ ആ കൈ കൊണ്ട് മുഖം തൊടുന്ന പ്രക്രിയയിലൂടെയാണ് ഇത് സംഭവിക്കുന്നതെന്ന് കരുതപ്പെടുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പ്രവേശിക്കുന്ന വൈറസ് കണങ്ങളുടെ എണ്ണം താരതമ്യേന കുറവായിരിക്കാനാണ് സാദ്ധ്യത.
ശൈത്യ കാലവസ്ഥയും കൂടുതൽ പ്രായമായവർ അധികമായി ഷോപ്പിങ്ങ് മാളുകൾ പോലുള്ള അടഞ്ഞ ഇടങ്ങളിൽ  പോവുന്ന സാഹചര്യവുമൊക്കെ കൂടുതലുള്ളതാണോ ഇറ്റലിയിലും സ്പെയിനിലുമൊക്കെ രോഗവ്യാപനവും മരണവും ഇത്രയധികമാവാൻ കാരണം? വ്യാപകമായി മാസ്ക് ധരിക്കുന്നത് ഇത്തരം ഇടങ്ങളിൽ വൈറസ് സാന്നിദ്ധ്യം കുറയ്ക്കാൻ കാരണമാവുന്നുണ്ടോ? ഇതാണോ ജപ്പാനിലും കൊറിയയിലും മറ്റും രോഗവ്യാപനവും മരണവും താരതമ്യേന കുറവാവാൻ ഒരു കാരണം? നാം ഗൗരവപൂർവ്വം പരിഗണിക്കേണ്ടതാണീ കാര്യങ്ങൾ.

എങ്ങനെ തടയാം ?
-------------------------
മേൽ വിവരിച്ച പോലെ രോഗം പകരുന്ന വേളയിൽ അകത്തെത്തുന്ന വൈറസ് കണ സാന്ദ്രത (viral particle density) പിന്നീടുള്ള രോഗത്തിന്റെ വ്യാപനവും തീവ്രതയും നിർണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നെങ്കിൽ അത് നാം രോഗനിയന്ത്രണത്തിന് എടുക്കുന്ന നടപടികളിൽ പ്രതിഫലിക്കണം.

താഴെപ്പറയുന്ന കാര്യങ്ങൾ പരിഗണിക്കാവുന്നതാണ്.

1. പുറത്ത് പോകുമ്പോൾ സാധാരണ തുണി മാസ്ക് ധരിക്കുന്ന ശീലം വ്യാപകമാക്കുക. അവ കഴുകി വീണ്ടും ഉപയോഗിക്കാവുന്നവയായിരിക്കണം. രോഗലക്ഷണമില്ലാത്ത വൈറസ് വാഹകരിൽ നിന്ന് പുറത്തു വരുന്ന വൈറസ്സുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ ഇതു സഹായിക്കുന്നു.

2. അടഞ്ഞ എസി തീയറ്ററുകൾ, ഷോപ്പിങ്ങ് മാളുകൾ, റസ്റ്റോറന്റകൾ, ബാറുകൾ, കേന്ദ്രീകൃത എ.സിയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ മുറികൾ എന്നിവ രോഗം കെട്ടടങ്ങും വരെ തുറക്കാതിരിക്കുകയോ വായു സഞ്ചാരം ഉറപ്പു വരുത്തും വിധം പ്രവർത്തിക്കുകയോ ചെയ്യുക.

3. എ.സി വാഹനങ്ങൾ ജനലിന്റെ ഷട്ടർ തുറന്ന് മാത്രം ഉപയോഗിക്കുക. വിമാനങ്ങളിൽ സഞ്ചരിക്കുമ്പോൾ വൈറസ് വാഹകർ ഇല്ലെന്ന് പരമാവധി ഉറപ്പു വരുത്തുക. സഞ്ചാരികൾ വായു ഫിൽട്ടർ ചെയ്യാൻ കഴിവുള്ള 3 ലയർ മാസ്കുകൾ ഉപയോഗിക്കുക (തുണി മാസ്ക് പോരാ). ബോർഡിങ്ങ് പാസ്സിനോടൊപ്പം ഇതു നൽകുക.

4. വളരെ കൂടുതൽ ജനങ്ങൾ ഒത്തു കൂടുന്നത് നിയന്ത്രിക്കുക. ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, നാടകം /പാട്ടു കച്ചേരികൾ എന്നിവയ്ക്കൊക്കെ ഇത് ബാധകമാക്കണം.

5. ജനങ്ങൾ കൂടുതലുള്ള എല്ലായിടങ്ങളിലും വായുസഞ്ചാരം (ventilation) ഉറപ്പു വരുത്തുക"
C and p

No comments:

Post a Comment