Thursday, May 28, 2020

രാമായണത്തിലെ സംശയങ്ങളും ഉത്തരങ്ങളും:

2. അയോദ്ധ്യാകാണ്ഡം

*******************************

1. അയോദ്ധ്യയുടെ മറ്റൊരു പേരെന്താണ്?

സാകേതപുരി.

2. സീതാസ്വയംവരത്തിനുശേഷം വിശ്വാമിത്രൻ ശ്രീരാമാദികളെ അനുഗ്രഹിച്ചിട്ടു എവിടേക്കാണ് പോയത്?

തപസ്സിനായി ഹിമാദ്രിയിലേയ്ക്ക്.

3. സീതാദേവിയുടെ പൂർവ്വവൃത്താന്തം ഒന്നു പറഞ്ഞു തരാമോ?

പണ്ട് ധർമ്മജ്ഞനും, ഭരണനിപുണനും, പ്രജാവത്സനും, പ്രതാപിയും ആയ പത്മനാഭൻ എന്ന പേരോടുകൂടിയ ഒരു രാജാവുണ്ടായിരുന്നു. ധനമോഹം നിമിത്തം അദ്ദേഹം മഹാലക്ഷ്മിയെ പ്രസാദിപ്പിക്കുവാനായി വളരെക്കാലം അതികഠിന തപസ്സുചെയ്തു. മഹാലക്ഷ്മി പ്രത്യക്ഷപ്പെട്ട് എന്തുവരമാണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ "നിന്തിരുവടിക്കെന്നിൽ കരുണ ലേശമുണ്ടെങ്കിൽ എൻറെ പുത്രിയായി അവതരിക്കണം" എന്ന് പ്രാർത്ഥിച്ചു. മഹാലക്ഷ്മി പറഞ്ഞു, "അതിന് ഞാൻ ശക്തയല്ല. കാരണം ഞാൻ മഹാവിഷ്ണുവിൻറെ ആജ്ഞാകാരണിയാണ്. അതുകൊണ്ട് മഹാവിഷ്ണു പ്രസാദിച്ചാൽ ഞാൻ പുത്രിയായി അവതരിക്കാം" പിന്നീട് മഹാലക്ഷ്മി അവിടെനിന്നും അന്തർദ്ധാനം ചെയ്തു. അതിനുശേഷം പത്മനാഭൻ മഹാവിഷ്ണുവിനെ ചിരകാലം കഠിന തപസ്സുചെയ്തു സന്തോഷിപ്പിച്ചു. മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടപ്പോൾ അതേവരം തന്നെയാണ് ഭാഗവാനോടും അഭ്യർദ്ധിച്ചത്. മഹാവിഷ്ണു "അങ്ങനെത്തന്നെയാവട്ടെ" എന്നനുഗ്രഹിച്ചിട്ട് രാജാവിൻവശം ഒരു മാതളനാരങ്ങ കൊടുത്തിട്ട് അവിടെത്തന്നെ അന്തർദ്ധാനം ചെയ്തു. പത്മനാഭരാജാവിൻറെ ഭാര്യ താമസിയാതെ ഒരു പെൺകുട്ടിയെ പ്രസവിച്ചു. പത്മ എന്നാണ് ആ കുഞ്ഞിൻറെ പേര്. ധനമോഹത്തോടുകൂടിയ അഹംഭാവം അദ്ദേഹത്തിൻറെ വിവേകത്തെ നിശ്ശേഷം നശിപ്പിച്ചു. പത്മ വിവാഹപ്രായമെത്തിയപ്പൊൾ, രാജാവ് തൻറെ മകൾക്ക് സ്വയംവരം നിശ്ചയിച്ചു. എല്ലാ രാജാക്കൻമാരേയും ക്ഷണിച്ചു വരുത്തി. ലങ്കാധിപതി രാവണനും അക്കൂട്ടത്തിൽ സന്നിഹിതനായിരുന്നു. "ആകാശത്തിലെ കോമളമായ നീലിമയെ ഏതൊരുത്തൻ എടുത്ത് ശരീരത്തിൽ പൂശുന്നുവോ, അവനെ എൻറെ പുത്രി സ്വയംവരിക്കുന്നതാണ്" എന്ന് പത്മനാഭരാജാവ് വിളംബരം ചെയ്തു. ഇത് അസാദ്ധ്യമാണെന്ന് ബോദ്ധ്യപ്പെട്ട രാജാക്കൻമാർ പത്മനാഭനുമായി ഏറ്റുമുട്ടി. പല രാജാക്കൻമാരെയും പത്മനാഭൻ തോൽപ്പിച്ച് കീഴടക്കി. ഒടുവിൽ തോറ്റുമടങ്ങിയ രാജാക്കൻമാർ സൈന്യങ്ങളോടുകൂടി തിരികെവന്ന് പത്മനാഭനെ തോൽപ്പിക്കുകയും അവിടെവെച്ചുതന്നെ നിഗ്രഹിക്കുകയും ചെയ്തു. അന്തപുരസ്ത്രീകൾ തങ്ങളുടെ മാനം രക്ഷിക്കുന്നതിനുവേണ്ടി അഗ്നി ജ്വലിപ്പിച്ച് അതിൽചാടി ദേഹത്യാഗം ചെയ്തു. രാജാക്കൻമാരെല്ലാം പത്മയെ പിടികൂടാൻ അന്തപുരത്തിൽ പ്രവേശിച്ചെങ്കിലും പത്മയെ അവിടെങ്ങും കാണുവാൻ സാധിക്കാത്തതുകൊണ്ട്, കൊട്ടാരത്തെ മുഴുവൻ തീവെച്ച് നശിപ്പിച്ചു. അഗ്നിയിൽ മറഞ്ഞിരുന്ന പത്മ ഒരുദിവസം പുറത്തുവന്നപ്പോൾ, ആകാശത്തുകൂടി പുഷ്പകവിമാനത്തിൽ സഞ്ചരിച്ചിരുന്ന രാവണൻ കാണുവാനിടവരികയും, താഴെയിറങ്ങി ആ പത്മയെ പിടികൂടാൻ ശ്രമിച്ചപ്പോൾ അവൾ വീണ്ടും അഗ്നിയിൽ പ്രവേശിക്കുകയും ചെയ്തു. രാവണൻ ആ അഗ്നികുണ്ഡം മുഴുവൻ തിരഞ്ഞപ്പോൾ അഞ്ചു രത്നങ്ങൾ അവിടെനിന്നും കിട്ടി. ആ അഞ്ചു രത്നങ്ങളെ ഒരു പേടകത്തിലാക്കി രാവണൻ ലങ്കയിലേക്ക് മടങ്ങിയെത്തി. ആ പേടകത്തെ തൻറെ പൂജാമുറിയിൽ വെച്ചുസൂക്ഷിച്ചു. രാവണൻ തൻറെ ഭാര്യയായ മണ്ഡോദരിയോട് നടന്ന വൃത്താന്തങ്ങളെല്ലാം അറിയിച്ചു. മണ്ഡോദരി പൂജാമുറിയിൽചെന്ന് ആ പെട്ടി എടുക്കാൻ ശ്രമിച്ചു. പക്ഷെ അത് പൊങ്ങിയില്ല. പിന്നെ രാവണനും അതുപോലെ ശ്രമിച്ചെങ്കിലും ആ പെട്ടി പൊങ്ങിയില്ല. ഒടുവിൽ അത് തുറന്നുനോക്കിയപ്പോൾ അവർ അതിശയിച്ചുപോയി. അഞ്ചുരത്നങ്ങൾക്കുപകരം പത്മനാഭപുത്രിയായ പത്മയെയാണ് ആ പെട്ടിക്കുള്ളിൽ കണ്ടത്. മണ്ഡോദരിയാകട്ടെ രാവണനെ ഇപ്രകാരം ഉപദേശിച്ചു. "ഈ ചെറുപ്രായത്തില്‍ ഇവൾ ഇത്രയും കോലാഹലം കാട്ടിയസ്ഥിതിക്ക് കുറേക്കാലംകൂടി ഇരുന്നാലത്തെ കഥയെന്തായിരിക്കും. അതിനാൽ ഇവളോടുള്ള മോഹം അങ്ങയ്ക്ക് അനർത്ഥം ഉണ്ടാക്കിവെയ്ക്കും. അതുകൊണ്ട് ഇവളെ ഈ പെട്ടിയിലാക്കി എവിടെയെങ്കിലും കൊണ്ടുചെന്നു കുഴിച്ചിടണം". മണ്ഡോദരിയുടെ ഉപദേശം സ്വീകരിച്ച രാവണൻ കിങ്കരൻമാരെ വിളിച്ച് ആ പെട്ടിയെ ഉടനെത്തന്നെ എവിടെയെങ്കിലും കുഴിച്ചിടാൻ ആജ്ഞാപിച്ചു. അപ്പോൾ അതിനകത്തുനിന്നും ഇങ്ങനെ പറയുന്നത് എല്ലാപേരും കേൾക്കുവാനിടയായി. "അല്ലയോ രാവണാദികളെ! നിങ്ങൾ എന്നെ ഇപ്പൊൾ ലങ്കയിൽനിന്നും ദൂരെകൊണ്ടുപോയി കളഞ്ഞാലും, നിങ്ങളുടെ നാശത്തിനു കാരണഭൂതയായി ഞാൻ ഇനിയും ഇങ്ങോട്ടുതന്നെ വരുന്നതായിരിക്കും. അന്ന് രാവണനും സകല രാക്ഷസൻമാരും ഞാൻ നിമിത്തം നശിക്കുകയും ചെയ്യും. അതിനുള്ള കാലം അടുത്തുവരുന്നു". ഇതുകേട്ട് രാവണൻ ഉടനെത്തന്നെ വാളൂരി ആ ദേവിയെ കൊല്ലാൻ ചാടി അടുത്തു. അപ്പോൾ മണ്ഡോദരി കടന്നുതടുത്തു. എന്നിട്ട് പറഞ്ഞു, "ഇവൾ നിമിത്തമുള്ള മരണം പെട്ടെന്നുണ്ടാകുമെന്ന് പറഞ്ഞില്ലല്ലോ. അതിനാൽ അങ്ങയ്ക്ക് ദീർഘമായ ഒരു ആയുസ്സുണ്ടെന്ന് വ്യക്തമാകുന്നു. അതുകൊണ്ട് എന്തിനാണ് ഇവളെ ഇപ്പോൾ നശിപ്പിക്കുന്നത്". അതനുസരിച്ച രാവണൻ കിങ്കരൻമാരോട് ആ പേടകത്തെ കൊണ്ടുപോകുവാൻ ആജ്ഞാപിച്ചു. കിങ്കരൻമാർ അതിദൂരം സഞ്ചരിച്ച് ഒടുവിൽ മിഥിലാപുരിക്കടുത്ത് ഒരിടത്ത് കൊണ്ടുചെന്ന് അവിടെ ആ പേടകത്തെ കുഴിച്ചുമൂടി. പിന്നെ ലങ്കയിലേയ്ക്ക് മടങ്ങിപ്പോകുകയും ചെയ്തു. ആ പേടകത്തെയാണ് മിഥിലയിലെ ഉഴവുചാലിൽനിന്നും ലഭിച്ചതും, അതിനുള്ളിലെ ആ കുട്ടിയെ സീതയെന്ന പേരുനൽകി ജനകമഹാരാജാവ് പുത്രിയെപ്പോലെ വളർത്തിയതും.

4. ലക്ഷ്മിദേവിക്ക്‌ കിട്ടിയ ശാപം സീതയുടെ ജനനത്തിനു എങ്ങനെ കാരണമായി?

പണ്ട് കൗശികൻ എന്ന ഗായകബ്രാഹ്മണൻ അതിപ്രസിദ്ധനും മഹാഭക്തനുമായിരുന്നു. ഒരിക്കൽ കലിംഗരാജാവ് അദ്ദേഹത്തോട് തൻറെ ഗുണഗണങ്ങളെ വാഴ്ത്തിക്കൊണ്ട് പാട്ടുകൾ പാടുവാൻ ആവശ്യപ്പെട്ടു. വിഷ്ണുസ്തോത്രംമാത്രം പാടിയിരുന്ന ആ ബ്രാഹ്മണൻ അതു നിരസിച്ചു. കോപിഷ്ഠനായ രാജാവ് അദ്ദേഹത്തെ നാടുകടത്തി. അതുനിമിത്തം ആ ബ്രാഹ്മണൻ മരിച്ചുപോയി. വിഷ്ണുദൂതൻമാർ ആ ഭക്തനെ തൽക്ഷണം വൈകുണ്ഠത്തിലെത്തിച്ചു. വൈകുണ്ഠസദസ്സിൽ 'തുംബുരു' എന്ന നാമധേയത്തിലറിയപ്പെട്ടിരുന്ന ആ ഭക്തന് ഭഗവാൻ സംഗീതസദസ്സിൽവെച്ച് വേണ്ട സമ്മാനങ്ങളെല്ലാം നൽകി അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു. ഇതുകണ്ട്, തന്നെ ബഹുമാനിക്കാത്തതിൽ നാരദന് നൈരാശ്യവും കുണ്ഠിതവുമുണ്ടായി. സംഗീതസദസ്സിൽ പങ്കെടുക്കുവാനായി മഹാലക്ഷ്മിയും പുറപ്പെട്ടു. സദസ്സ് നിറഞ്ഞിരുന്നതിനാൽ ദേവിക്ക് കടക്കാൻ പ്രയാസമായി. അപ്പോൾ തൻറെ തോഴിമാരോട് അവിടെ കൂട്ടംകൂടിനിൽക്കുന്നവരെ മാറ്റി വഴിയുണ്ടാക്കുവാൻ ആജ്ഞാപിച്ചു. അങ്ങനെ അവരെയെല്ലാം മാറ്റിയകൂട്ടത്തിൽ ഒരു തോഴി നാരദൻറെ താടിക്കുപിടിച്ച് ആ മഹർഷിയെ ദൂരെ മാറ്റിനിർത്തി. കോപാകുലനായ നാരദൻ, ഇതിനു കാരണക്കാരിയായ മഹാലക്ഷ്മിയെ ഇങ്ങനെ ശപിച്ചു. "രാക്ഷസിയെപ്പോലെ നിൻറെ തോഴിമാരെക്കൊണ്ട് എന്നെ ഇങ്ങനെ പിടിച്ച് പുറത്തു തള്ളിച്ച് അപമാനിച്ചതിനാൽ, നീ ഒരു രാക്ഷസിയുടെ ഗർഭത്തിൽ ജനിക്കുമാറാകട്ടെ. എന്നെ വെറുപ്പോടെ പിടിച്ചു വെളിയിൽ തള്ളിയതുപോലെ ആ രാക്ഷസി ആ ഗർഭത്തെയും വെറുപ്പോടുകൂടി പുറത്താക്കട്ടെ".

വല്ലാതെ വ്യസനിച്ച മഹാലക്ഷ്മി, നാരദമഹർഷിയോട് ക്ഷമാപണം ചെയ്തെങ്കിലും ശാപത്തിനു മാറ്റമുണ്ടായില്ല. അപ്പോൾ ലക്ഷ്മീദേവി നാരദനോടായി ഇപ്രകാരം പറഞ്ഞു. "തപോവനങ്ങളിൽ തപോനിഷ്ഠയോടുകൂടിയിരിക്കുന്നവരും, ഭവാദ്രുശൻമാരുമായ താപസസത്തമൻമാരുടെ രക്തം നിറച്ച കുംഭം കുടിച്ച് വറ്റിക്കുന്ന രാക്ഷസിയുടെ ഗർഭത്തിൽ ഞാൻ ജനിക്കുമാറാകണം". "അങ്ങനെത്തന്നെ സംഭവിക്കട്ടെ" എന്ന് നാരദനും അരുളിച്ചെയ്തു.

5. സീത എങ്ങനെ മണ്ഡോദരിയുടെ പുത്രിയായി?

രാവണൻ ബ്രഹ്മാവിനെ തപസ്സു ചെയ്ത് വരം വാങ്ങിയകൂട്ടത്തിൽ "താൻ തൻറെ ധർമ്മപത്നിയിൽ ജനിക്കുന്ന പുത്രിയെ കാമിക്കുമ്പോൾ മാത്രമേ തനിക്ക് മരണം സംഭവിക്കാവൂ" എന്നുകൂടെ ഒരുവരം വരിച്ചിരുന്നു. തനിക്ക് പുത്രിയില്ലാത്തതിനാൽ മരണമില്ലെന്നുകരുതി രാവണൻ അനേകം താപസരെക്കൊന്ന് അവരുടെ രക്തം ഒരു കുംഭത്തിലാക്കി വനത്തിൽ സൂക്ഷിച്ച് വെച്ചിരുന്നു. ഇക്കാലത്ത് ഗ്രുത്സമദനെന്ന ബ്രാഹ്മണൻ പുത്രൻമാരില്ലായ്കനിമിത്തം വ്യസനത്തോടുകൂടി, 'മഹാലക്ഷ്മി തനിക്ക് പുത്രിയായി ജനിക്കണം' എന്ന് പ്രാർത്ഥിച്ചുകൊണ്ട് വളരെക്കാലമായി ദേവിയെ ഭജിച്ചുവന്നിരുന്നു. ആഗ്രഹസാദ്ധ്യത്തിനായി ദിവസേന മന്ത്രദീക്ഷകഴിഞ്ഞ് ഒരുകുടം പാൽ തപോവനത്തിൽ കൊണ്ടുപോയി വെയ്ക്കുക പതിവാണ്. രാവണൻ ദിഗ് വിജയം കഴിഞ്ഞ് ഈ തപോവനത്തിൽവന്ന് മഹർഷിമാരുടെ രക്തകുംഭമാണെന്ന് വിചാരിച്ച് ഈ ക്ഷീരകുംഭത്തെയാണ് എടുത്തുകൊണ്ട് ലങ്കയിൽ പോയത്. എന്നിട്ട് മണ്ഡോദരിയോടു പറഞ്ഞു, "ഇത് വിഷങ്ങളിലെല്ലാംവെച്ച് കഠിനമായ വിഷമാണ്". പിന്നീടൊരുദിവസം പതിവുപോലെ രാവണൻ വീണ്ടും സഞ്ചാരത്തിനുപോയി.  രാവണനാകട്ടെ അനേകം മഹർഷിമാരെ നിഗ്രഹിക്കുകയും കന്യകമാരുടെ ചാരിത്രത്തെ നശിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതിൽ മനംനൊന്ത മണ്ഡോദരി രാവണൻ കരുതിവെച്ചിരുന്ന ആ 'വിഷത്തെ' പാനംചെയ്ത് മരിക്കുവാൻ തയ്യാറായി. ആ കുംഭത്തിൽനിന്നും വയർനിറയെ പാനംചെയ്തു. അതോടെ മണ്ഡോദരി ഗർഭിണിയായി. രാവണൻ സഞ്ചാരത്തിനുപോയിട്ടു വളരെനാളുകളായി. മണ്ഡോദരിയാനെങ്കിൽ അതിനിടയിൽ ഗർഭവും ധരിച്ചു. ഭയന്നുപോയ മണ്ഡോദരി ആരുമറിയാതെ തൻറെ ഗർഭത്തെ സ്രവിപ്പിച്ചുകളയുവാൻവേണ്ടി ലങ്കയിൽ നിന്നും പുറപ്പെട്ട് മിഥിലരാജ്യത്തിനു സമീപംചെന്ന് തൻറെ ഗർഭത്തെ പുറത്തെടുത്ത് ഒരുപെട്ടിയിലാക്കി അവിടെത്തന്നെ കുഴിച്ചുമൂടി. ഈ സ്ഥലം രാജകൊട്ടാരം വകയായിരുന്നു.  ഈ സ്ഥലം ജനകമഹാരാജാവ് ഒരു വൈദികബ്രാഹ്മണന് ദാനംചെയ്തിരുന്നു. ബ്രാഹ്മണൻ അൽപ്പം കാലത്തിനുശേഷം ആ സ്ഥലത്ത് ഒരുയാഗം കഴിക്കുവാൻ നിശ്ചയിക്കുകയും, ഭൂമി വൃത്തിയാക്കുവാൻവേണ്ടി ഒരു കൃഷിക്കാരനെക്കൊണ്ട് പൂട്ടിച്ചപ്പോൾ കലപ്പ ഒരുപെട്ടിയിൽ ഉടക്കുകയും അതിനെ പുറത്തെടുക്കുകയും ചെയ്തു. അതിനകത്ത് വല്ല ദ്രവ്യവുമായിരിക്കും എന്നുകരുതി ആ ബ്രാഹ്മണൻ പെട്ടിയെ രാജാവിന് ഏൽപ്പിച്ചു. രാജാവ് പെട്ടിതുറന്നുനോക്കിയപ്പോൾ അതിനകത്ത് കണ്ടത് മനോഹരാംഗിയായ ഒരു സുന്ദരിപ്പെൺകുട്ടിയെയാണ്. അതുകണ്ട് ബ്രാഹ്മണൻ അപ്പൊഴേ സ്ഥലംവിട്ടു. ഈ സമയം നാരദമഹർഷി അവിടെയെഴുന്നെള്ളി ജനകമഹാരാജാവിനോട് ഇങ്ങനെ പറഞ്ഞു.

"ഭൂമിയിൽ സൂര്യാന്വയേ വന്നവതരിച്ചിതു

രാമനായ് മായാമർത്ത്യവേഷം പൂണ്ടറിഞ്ഞാലും

യോഗേശൻ മനുഷ്യനായീടുമ്പോളിതു കാലം

യോഗമായാദേവിയും മാനുഷവേഷത്തോടെ

ജാതയായിതു തവ വേശ്മനി തൽക്കാരണാൽ

സാദരം ശ്രീരാമനു കൊടുക്ക മടിയാതെ"

ജനകമഹാരാജാവ് ആ ബാലികയെ തൻറെ പുത്രിയായി വളർത്തി. മാതളനാരങ്ങയിൽ നിന്നും ഉത്ഭവിച്ചതുകൊണ്ട് "മാതംഗി" എന്നും, വളരെക്കാലം അഗ്നിഗർഭത്തിൽ വർത്തിച്ചതുകൊണ്ട് "അഗ്നിഗർഭ" എന്നും, രത്നംപോലെയിരുന്നതിനാൽ "രത്നാവതി" എന്നും, ഭൂമിയിൽനിന്നും ജനിച്ചതിനാൽ "ഭൂപുത്രി" എന്നും, ജനകൻ എടുത്തുവളർത്തിയതിനാൽ "ജാനകി" എന്നും, "മിഥില" രാജപുത്രിയാകയാൽ "മൈഥിലി" എന്നും, വിദേഹപുത്രിയാകയാൽ "വൈദേഹി" എന്നും, സീതയിൽനിന്നും കിട്ടിയതിനാൽ "സീത" എന്നും ഉള്ള പേരുകളാൽ  പിന്നീട് പ്രസിദ്ധയായിത്തീരുകയും ചെയ്തു. അങ്ങനെ സീതാദേവി അയോനിജയായി (യോനിയിൽക്കൂടിയല്ല ജനിച്ചത് എന്ന് സാരം)

പത്മയുടെ പിതാവ് പദ്മനാഭൻ നിശ്ചയിച്ചിരുന്നത്, "പത്മയെ വിവാഹം ചെയ്യുന്നവൻ ആകാശത്തിലെ കോമളമായ നീലിമ വാരി ശരീരത്തിൽ പൂശണം" എന്നായിരുന്നുവല്ലൊ. "അങ്ങയുടെ പുത്രനായ രാമൻറെ കോമളമായ ശ്യാമളനിറം, ആകാശനീലിമയെടുത്ത് തേച്ചതുപോലെ ഇരിക്കുന്നതിനാൽ, രാമന്‍ സീതയെ പാണിഗ്രഹണം ചെയ്യാൻ യോഗ്യൻ തന്നെ. അങ്ങയുടെ പുത്രൻമാരെക്കൊണ്ട്, ജനകമഹാരാജാവ് ആവശ്യപ്പെട്ട പ്രകാരം മറ്റുപുത്രിമാരെ വിവാഹം ചെയ്യിപ്പിച്ചുകൊള്‍ക. അതുകൊണ്ട് മേലില്‍ മംഗളം ഭവിക്കും. ഇതെല്ലാം വിശ്വാമിത്രമഹർഷിയുടെ പ്രഗത്ഭ്യംകൊണ്ട് സംഭവിക്കുന്നതാണ്". എന്ന് ശതാനന്ദ മഹർഷി ദശരഥമഹാരാജാവിനോട് പറഞ്ഞു. അങ്ങനെ സീതയ്ക്ക് രാവണൻറെ പുത്രിസ്ഥാനവും ലഭിച്ചു. സീതാദേവി കാഴ്ചയിൽ മണ്ഡോദരിയെപ്പോലെത്തന്നെ ആയിരുന്നു.

6. സീതാസ്വയംവരം കഴിഞ്ഞ് അയോദ്ധ്യയിൽ മടങ്ങിയെത്തിയതിനുശേഷം ശ്രീരാമനെക്കാണാൻ ആരാണ് എത്തിയത്?

നാരദമഹർഷി.

7. ആരാണ് നാരദനെ ശ്രീരാമൻറെയടുത്തു പറഞ്ഞയച്ചത്?

ബ്രഹ്‌മാവ്‌.

8. രാമൻറെ അവതാരോദ്ദേശം എന്താണ്?

രാവണനിഗ്രഹം.

9. രാമൻ എന്തു പ്രതിജ്ഞയാണ് നാരദമഹർഷിയുടെ മുന്നിൽവച്ച് ചെയ്തത്?

രാവണനെ വധിക്കുന്നതിനായി നാളെത്തന്നെ ദണ്ഡകാരണ്യത്തിലേക്കു പോയി പതിന്നാലു വർഷം മുനിവേഷം ധരിച്ച്‌ അവിടെ താമസിക്കും. എന്നിട്ട് സീതാഹരണമെന്ന വ്യാജേന ആ ദുഷ്ടനെ കുടുംബസഹിതം നശിപ്പിക്കും.

"നാളെ വനത്തിന്നുപോകുന്നുണ്ടുഞാൻ 

നാളീകലോചനൻ പാദങ്ങൾ തന്നാണെ

പിന്നെച്ചതുർദ്ദശ സംവത്സരം വനം-

തന്നിൽ മുനിവേഷമോടു വാണീടുവൻ 

എന്നാൽ നിശാചരവംശവും രാവണൻ -

തന്നെയും കൊന്നു മുടിക്കുന്നതുണ്ടല്ലോ

സീതയെക്കാരണഭൂതയാക്കിക്കൊണ്ടു

യാതുധാനാന്വയനാശം വരുത്തുവൻ".

10. ശ്രീരാമൻറെ അവതാരരഹസ്യം അയോദ്ധ്യവാസികളെ ബോധ്യപ്പെടുത്തിയത് ആരായിരുന്നു ?

മുനിവരൻ വാമദേവൻ

12. ദശരഥമഹാരാജാവ് എന്താണ് തീരുമാനിച്ചിരുന്നത്?

രാമനെ രാജ്യശാസനത്തിനായി അഭിഷിക്തനാക്കാൻ.

13. ഈ. അഭിപ്രായം ദശരഥൻ ആരോടാണ് വെളിപ്പെടുത്തിയത്?

കുലഗുരുവായ വസിഷ്ഠമഹർഷിയോട്.

14. ഒരുക്കങ്ങളൊക്കെ ആരെയാണ് ഏൽപ്പിച്ചത്?

മന്ത്രിമുഖ്യനായ സുമന്ത്രനെ.

15. രാമാഭിഷേകകാര്യമറിഞ്ഞ് ഏറ്റവും സന്തോഷമായത് ആരൊക്കെയാണ്?

കൗസല്യയും സുമിത്രയും.

16. രാമാഭിഷേകം മുടക്കുവാന്‍ ദേവന്മാർ സമീപിച്ചത് ആരെയാണ് ?

സരസ്വതിദേവിയെ.

17. സരസ്വതിദേവി ആരിലാണ് ആദ്യം പ്രവേശിച്ചത്?

ശരീരത്തിൽ മൂന്നിടത്തു വളവുകളുള്ള കൂനിയായ മന്ഥരയിൽ.

18. മന്ഥര എന്ന സ്ത്രീ ആരായിരുന്നു?

കലി  പുരുഷൻറെ  (കലി കലിയുഗത്തിനു മുമ്പും ഉണ്ടായിരുന്നു. എന്നാൽ ധർമ്മം നിലനിന്നിരുന്നതിനാൽ കലിയുടെ സാന്നിദ്ധ്യം അപ്പോഴുണ്ടായിരുന്നില്ല) ശാശ്വതമായ സഹകാരിയായ അലക്ഷ്മിയുടെ മനുഷ്യാവതാരമായിരുന്നു. തപസ്സു ചെയ്ത് പരമശിവനെ പ്രീതിപ്പെടുത്തി സ്വർഗ്ഗലോകത്തിലെ അപ്സരസ്ത്രീകളിൽ ഒരാളായിത്തീർന്നു. ബ്രഹ്‌മാവിൻറെ നിയുക്തപ്രകാരം ത്രേതായുഗത്തിൽ രാമാഭിഷേകം മുടക്കാനായി ഭൂമിയിൽ ജനിക്കേണ്ടി വന്നു. കൈകേയിയുടെ തോഴിമാരിൽ ഒരാളായിരുന്നു മന്ഥര.

19. മന്ഥരയുടെ മറ്റൊരു പേരെന്താണ്?

കുബ്ജ.

20. സരസ്വതിദേവി എന്തുകൊണ്ടാണ് രാമാഭിഷേകം മുടക്കുന്നതിനു മന്ഥരയെ തിരഞ്ഞെടുത്തത്?

മന്ഥരയും രാമനും കൊച്ചുകുട്ടികളായിരിക്കെ കളിച്ചുകൊണ്ടിരുന്നപ്പോൾ മന്ഥരയുടെ കുസൃതിയിൽ രോഷാകുലനായ രാമൻ അവളെ നിലത്തു വീഴിച്ചപ്പോൾ അവളുടെ നട്ടെല്ലിനും മറ്റും ക്ഷതം സംഭവിക്കുകയും, തന്നിമിത്തം അവൾക്ക് രാമനോട് വിദ്വേഷം ഉണ്ടാകുകയും ചെയ്തിരുന്നു. അത് നീണാൾ പുലർത്തിവന്നിരുന്നു.

21. മന്ഥരവഴി പിന്നീട് സരസ്വതിദേവി ആരിലേക്കാണ് പ്രവേശിച്ചത്?

കൈകേയിയിലേക്കാണ്.

22. മന്ഥര കൈകേയിയോട് എന്താണ് പറഞ്ഞത്?

രാമനെ പതിന്നാലു വർഷം കാനനത്തിൽ അയയ്ക്കാനും കൈകേയിപുത്രൻ ഭരതനെ രാജാവായി അഭിഷേകം ചെയ്യാനും.

23. അതിനുള്ള മാർഗ്ഗം എന്തായിരുന്നു?

ദശരഥൻ മുന്നമേ കൊടുത്ത വരം ഇപ്പോൾ ആവശ്യപ്പെടാൻ കൈകേയിയോട് മന്ഥര ഉപദേശിച്ചു.

24. ദശരഥൻ എന്തിനാണ് കൈകേയിക്ക് വരം കൊടുക്കാൻ തീരുമാനിച്ചത്?

പണ്ട് ദേവന്മാരും ശംബരാസുരൻറെ പടയാളികളും തമ്മിൽ യുദ്ധം നടന്നപ്പോൾ ധനുർധര മഹാരഥിയായ ദശരഥൻറെ സഹായം ഇന്ദ്രൻ അഭ്യർത്ഥിച്ചിരുന്നു. ദശരഥൻ കൈകേയിയെയും കൂട്ടിക്കൊണ്ടാണ് യുദ്ധത്തിൽ ഇന്ദ്രനെ സഹായിക്കാൻ പോയത്. യുദ്ധസമയത്ത് രഥത്തിൻറെ അച്ചുതണ്ടിൻറെ ആണി ഒടിഞ്ഞുവീണപ്പോൾ  കൈകേയി തൻറെ ഇടതുകൈയിലെ ചെറുവിരൽ കീലത്തിൽകടത്തി രഥത്തെ സുരക്ഷമായി സഹായിച്ചുകൊണ്ടിരുന്നു. അതിനാലാണ് ദശരഥൻ കൈകേയിയോട് രണ്ടുവരങ്ങൾ ആവശ്യപ്പെട്ടുകൊള്ളാൻ ആജ്ഞാപിച്ചതും, അത് പിന്നീട് ചോദിച്ചുകൊള്ളാമെന്നു കൈകേയി പറഞ്ഞതും..

25. കൈകേയിക്ക് രഥത്തിൻറെ കീലത്തിൽ ഒടിഞ്ഞുപോയ ആണിക്കുപകരം തൻറെ കൈവിരൽ ഉപയോഗപ്പെടുത്താൻ എങ്ങനെയാണ് സാധിച്ചത്?

കൈകേകി ബാല്യത്തിൽ തൻറെ കൊട്ടാരത്തിൽ ക്ഷീണിതനായി കിടന്നുറങ്ങുന്ന ഒരു സാധുഭിക്ഷാംദേഹിയുടെ മുഖത്ത് മഷികൊണ്ടുള്ള ചായംപുരട്ടി. ഉണർന്നുകഴിഞ്ഞ ആ ബ്രാഹ്മണൻ കൈകേകിയെ ഇങ്ങനെ ശപിച്ചു, "ഈ പ്രവർത്തി ചെയ്തത് ആരാണോ അവർ ആരുടേയും മുഖത്തുനോക്കുവാൻ യോഗ്യനല്ലാതെയാകട്ടെ".  അതുകേട്ട് ആ ബാലിക തൻറെ തെറ്റ് പൊറുത്ത് മാപ്പപേക്ഷിച്ച് ആ ബ്രാഹ്മണൻറെ കാൽക്കൽ വീണ് അഭയം അഭ്യർദ്ധിച്ചു. അപ്പോൾ ആ യതിവര്യൻ  "നിൻറെ കൈയ്യ് വജ്രംപോലെ ഉറപ്പുള്ളതായിത്തീരുന്നതും അതുകൊണ്ട് നിനക്ക് എന്തും ചെയ്‌വാൻ സാധിക്കുന്നതും ആയിഭവിക്കും" എന്നുപറഞ്ഞ് സമാധാനിപ്പിച്ചു.  ഈ വരപ്രദാനംകൊണ്ടാണ് കൈകേകിക്ക് ദശരഥനെ സഹായിക്കാൻ സാധിച്ചത്.

26. കൈകേയി രണ്ടുവരങ്ങൾ തൻറെ പതിയോടു ചോദിച്ചപ്പോൾ എന്തു സംഭവിച്ചു?

ദുഃഖഭാരത്താൽ ദശരഥൻ വജ്രാഹാതമായ പർവ്വതമെന്നപോലെ നിലത്തു വീണു.

27. രാമനെ ദശരഥൻറെയടുത്തു കൂട്ടിക്കൊണ്ടുവന്നത് ആരാണ്?

മന്ത്രി സുമന്ത്രൻ.

28. രാമനെക്കണ്ടപ്പോൾ ദശരഥന് എന്തു സംഭവിച്ചു?

'ഹാ രാമ, ഹാ രാമ ' എന്നു പറഞ്ഞുകൊണ്ട് നിലത്തു വീണു.

29. ഉത്തമപുത്രൻ ആരായിരിക്കണമെന്നാണ് രാമൻ പറയുന്നത്?

പിതാവിൻറെ നിർദ്ദേശം കൂടാതെതന്നെ അദ്ദേഹത്തിൻറെ അഭീഷ്ടം ചെയ്യുന്നവനാണ് ഉത്തമപുത്രൻ. പിതാവ് പറഞ്ഞിട്ടു ചെയ്യുന്നവൻ മധ്യമനാണ്. പറഞ്ഞിട്ടും കേൾക്കാത്തവൻ മലത്തിനു തുല്യനാണ്.

30. രാമൻ വനവാസത്തിനുപോകാൻ ഉറപ്പിച്ചശേഷം ആരെയാണ് കാണാൻ പോയത്?

തൻറെ മാതാവായ കൗസല്യയെ.

31. അപ്പോൾ കൗസല്യ എന്തു ചെയ്യുകയായിരുന്നു?

രാമൻറെ മംഗളത്തിനായി വിഷ്ണുപൂജ ചെയ്യുകയായിരുന്നു.

32. പൂജയിൽ മുഴുകിയകൗസല്യയെ രാമൻ വന്നുനിൽക്കുന്നതായി ആരാണ് ബോധിപ്പിച്ചത്?

സുമിത്ര.

33. രാമൻറെ വനവാസം കൗസല്യക്ക് എങ്ങനെയാണ് അനുഭവപ്പെട്ടത്?

ചെറിയ കിടാവിനെ വിട്ട് ദൂരെപോകുന്ന പശുവിനെപ്പോലെ.

34. ലക്ഷ്മണനോടുള്ള രാമൻറെ ഉപദേശം എന്താണ്?

"ഞാൻ ദേഹമാകുന്നു" എന്നു പറയുന്ന ബുദ്ധി അവിദ്യയും, " ഞാൻ ദേഹമല്ല; ചേതനമായ ആത്മാവാണ്" എന്നു പറയുന്നത്‌ വിദ്യയുമാണ്. എല്ലാ ദുഖങ്ങൾക്കും കാരണം ക്രോധമാണ്. ക്രോധം നിമിത്തം മുക്തിക്ക് വിഘ്നം വരുന്നു, മാതാപിതൃഭ്രാത്യമിത്ര സഖികളെ ഹനിക്കുന്നു, മനസ്താപമുണ്ടാകുന്നു, സംസാരബന്ധം നിലയ്ക്കുന്നു, ധർമ്മത്തിനു ക്ഷയം സംഭവിക്കുന്നു. അതുകൊണ്ട് ക്രോധത്തെ പാടെ പരിത്യജിക്കണം. ശാന്തിയാണ് കാമദേനു, തൃഷ്ണ വൈതരണി നദിയാണ്, സന്തോഷമാകട്ടെ നന്ദനവനവുമാണ്.

35. വനവാസത്തിനു സീതയെ പിന്തിരിപ്പിക്കാൻ ശ്രമിച്ച രാമന് കിട്ടിയ മറുപടി എന്തായിരുന്നു?

"രാമായണങ്ങൾ പലതും കവിവര-

രാമോദമോടു പറഞ്ഞുകേൾപ്പുണ്ടു ഞാൻ

ജാനകിയോടുകൂടാതെ രഘുവരൻ

കാനനവാസത്തിനെന്നു പോയിട്ടുള്ളു

ഉണ്ടോ പുരുഷൻ പ്രകൃതിയെ വേറിട്ടു?

രണ്ടുമൊന്നത്രേ വിചാരിച്ചു കാൺകിലോ

പാണിഗ്രഹണമന്ത്രാർത്ഥവുമോർക്കണം

പ്രാണാവസാനകാലത്തും പിരിയുമോ?"

36. വനവാസത്തിനു രാമൻറെകൂടെ യാത്രയാകാൻ തുടങ്ങുന്ന സീതയോടു രാമൻ എന്താണ് പറയുന്നത്?

സീത അണിഞ്ഞിരിക്കുന്ന ആഭരണങ്ങളെല്ലാം വസിഷ്ഠൻറെ പത്നിയായ അരുന്ധതിക്ക്‌ കൊടുക്കാൻ.

37. ദശരഥനെക്കണ്ട് ആജ്ഞചോദിക്കാൻ കൊട്ടാരത്തിലേക്ക് നടന്നുനീങ്ങിയ രാമനെയും സീതയെയും ലക്ഷ്മണനെയും കണ്ടു ദുഖിക്കിച്ചു നിലവിളിക്കുന്ന ജനങ്ങളെ,  അവർ ആരുടെ അവതാരങ്ങളാണെന്നു പറഞ്ഞു മനസ്സിലാക്കിപ്പിച്ചത് ആരാണ്?

വാമദേവൻ എന്ന മുനിവരൻ. കലിയുഗത്തിൽ രാമനാമം ഒന്നുകൊണ്ടുമാത്രം മുക്തി ലഭിക്കും എന്നും അദ്ദേഹം അവരോടു പറഞ്ഞു.

38. അവർക്ക് പ്രത്യേകം പ്രത്യേകം ധരിക്കാനായി മരവുരി സമ്മാനിച്ചത് ആരാണ്?

കൈകേയി. സീതയ്ക്ക് മരവുരി ധരിക്കാൻ അറിയാത്തതുകൊണ്ട് രാമൻതന്നെ മരവുരിയെ സീതയുടെ വസ്ത്രങ്ങൾക്കുമീതെ പൊതിഞ്ഞു.

39. ആരുടെ ആജ്ഞപ്രകാരം സുമന്ത്രൻ രഥം അവിടെ എത്തിച്ചു?

ദശരഥൻറെ ആജ്ഞപ്രകാരം.

40. അപ്പോൾ ശ്രീരാമന് എത്ര പ്രായം ഉണ്ടായിരുന്നു?

18 വയസ്സ് പ്രായം.

41.രാമാദികൾ എപ്പോഴാണ് വനവാസത്തിനു പുറപ്പെട്ടത്?

വനവാസയാത്ര ആരംഭിച്ചത് മാർഗ്ഗശീർഷമാസത്തിൽ തിഥി ശുക്ല പക്ഷത്തിലെ പഞ്ചമി നാളും, നക്ഷത്രം ശ്രേഷ്ഠവും ആയിരുന്നു. അതായത് വൃശ്ചികമാസത്തിൽ വരുന്ന കറുത്തവാവ് കഴിഞ്ഞു മാർഗ്ഗശീർഷമാസത്തിൻറെ ആരംഭത്തിൽ എന്ന് സാരം.

42. വനവാസാവസരത്തിൽ അനുഷ്ഠിക്കേണ്ട ധർമ്മങ്ങളെ കുറിച്ച് ലക്ഷ്മണന് ഉപദേശം നൽകിയത് ആരായിരുന്നു ?

സുമിത്ര

43. വനവാസത്തിന് ഇറങ്ങിയ ശ്രീരാമാദികളെ തേരിലേറ്റി കൊണ്ടുപോയത് ആരായിരുന്നു ?

സുമന്ത്രൻ.

44. വനവാസത്തിനു രാമൻറെയും സീതയുടെയും കൂടെ പുറപ്പെട്ട ലക്ഷ്മണന് മാതാവ് സുമിത്ര നൽകിയ ഉപദേശം എന്താണ്?

"രാമനെ നിത്യം ദശരഥനെന്നുള്ളി-

ലാമോദമോടു നിരൂപിച്ചുകൊള്ളണം

എന്നെ ജനകാത്മജയെന്നുറച്ചുകൊൾ

പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ".

45. ആദ്യം അവരെത്തിയ സ്ഥലമേതാണ്?

താമസ്സനദിയുടെ തടത്തിൽ. രാത്രി ആഹാരമൊന്നും കഴിക്കാതെ ജലപാനം ചെയ്തു സീതയുമൊത്ത് മരത്തിൻറെ ചുവട്ടിൽ കിടന്നുറങ്ങി. ലക്ഷ്മണനും സുമന്ത്രനും അവർക്ക് സുരക്ഷ ഉറപ്പിച്ചു.

46. പിറ്റേന്ന് അവർ എവിടെയെത്തി?

ശ്രു൦ഗവേരപുരത്തിൻറെ അടുത്തുള്ള ഗംഗാതടത്തിലെത്തി. സ്നാനാദികൾ കഴിഞ്ഞ് ശിംശപാവൃക്ഷത്തിൻറെ ചുവട്ടിൽ വിശ്രമിച്ചു.

47. ആ സമയത്ത് അവിടെ ആരാണ് വന്നത്?

നിഷാദരാജാവായ ഗുഹൻ. (വടക്കേ ഇന്ത്യയിൽ ഗുഹനെ ' കേവട്ട് ' എന്നാണു അറിയപ്പെടുന്നത്). ഗുഹൻ കൊണ്ടുവന്ന പേരാലിൻവടക്ഷീരം പുരട്ടി ശ്രീരാമനും ലക്ഷ്മണനും ജടപിരിച്ചു. ഗുഹൻ തന്നെ തോണി തുഴഞ്ഞ് രാമലക്ഷ്മണൻമാരേയും സീതാദേവിയേയും ഗംഗ കടത്തിവിട്ടു. തോണി ഗംഗയുടെ മദ്ധ്യത്തിലെത്തിയപ്പോൾ സീതാദേവി ഗംഗയോട് ഇങ്ങനെ പ്രാർത്ഥിച്ചു. "അല്ലയോ പാപനാശിനിയായ ഗംഗാമാതാവേ! അഗതിയായ അടിയനിതാ നിന്തിരുവടിയെ നമസ്കരിക്കുന്നു. വനവാസത്തിനുപോകുന്ന അടിയങ്ങൾ മൂന്നുപേരും പതിന്നാലുസംവത്സരം വനവാസം ചെയ്ത് സുഖമായി മടങ്ങിവരുവാൻ അനുഗ്രഹിക്കണേ!". അവർ മൂവരും അങ്ങനെ അക്കരെയെത്തി. ഇത്രയും സമയം സുമന്ത്രൻ തേരുംകൊണ്ട് ഇക്കരെത്തന്നെ നിന്നതെയുള്ളു. പിന്നീട് അദ്ദേഹം അയോദ്ധ്യയിലേയ്ക്ക് മടങ്ങി. അന്നേദിവസം അവർ മൂന്നുപേരും ഗംഗാതീരത്തിൽ കഴിച്ചുകൂട്ടി. പിറ്റേദിവസം അവർ ഭരദ്വാജാശ്രമത്തിൽ പ്രവേശിച്ച്‌ അവിടെ താമസിച്ചു. പ്രഭാതത്തിൽ സ്നാനാദികർമ്മങ്ങൾ കഴിഞ്ഞ് അവർ മൂവരും പ്രയാഗയിൽ ചെന്ന് യമുനയെ വന്ദിച്ച് അതിനെ തരണം ചെയ്ത് മഹാഅടവിയിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തു.

48. പിന്നീട് അവർ എവിടെയെത്തി?

ചിത്രകൂടത്തിലെ വാൽമീകിയുടെ ആശ്രമത്തിൽ.

49. വാൽമീകി എന്താണ് പറഞ്ഞുകേൾപ്പിച്ചത്?

വാൽമീകിതൻറെ പൂർവ്വകാലചരിത്രം ശ്രീരാമനോട് പറഞ്ഞു. "ഒരിക്കൽ കാട്ടിൽവച്ച് ഞാൻ സപ്തമുനിമാരുടെ വസ്ത്രങ്ങളും മറ്റു ദ്രവ്യങ്ങളും പിടിച്ചുപറിക്കാൻ ചെന്നപ്പോൾ, അവർ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് എന്നോടു ചോദിച്ചു. തൻറെ കുടുംബം പുലർത്താനാണെന്നുപറഞ്ഞപ്പോൾ നീ ചെയ്യുന്ന പാപം നീൻറെ കുടുംബാംഗങ്ങളും പങ്കിടുമോ എന്ന് ചോദിച്ചപ്പോൾ, ഞാൻ എൻറെ ഭാര്യയോടും പുത്രൻമാരോടും പാപങ്ങളെ പങ്കിടുമോ എന്ന് ചോദിച്ച അവസരത്തിൽ അവര്‍ ഇങ്ങനെ മറുപടി നൽകി:

നിത്യവും ചെയ്യുന്ന കർമ്മഗുണഫലം

കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ?

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ 

താന്താനനുഭവിച്ചീടുകെന്നേ വരൂ

അതുകേട്ട് ഞാൻ ആ താപസേന്ദ്രൻമാരെ ചെന്നു കണ്ട് നമസ്കരിച്ചു. അവർ എന്നോടു "മരാ മരാ" എന്ന് ജപിക്കാൻ അരുളിച്ചെയ്തു. ഇങ്ങനെ വളരെക്കാലം ജപിച്ചുനിന്നതിനാൽ എൻറെ മീതെ വാൽമീയം (പുറ്റ്) ഉയർന്നുപൊങ്ങി. ആയിരം യുഗം കഴിഞ്ഞതിനുശേഷം ആ ഋഷിമാർ വീണ്ടും അവിടെയെത്തി എന്നോട്

പുറത്തുവരാൻ  അരുളിച്ചെയ്തു. അങ്ങനെ അവർ എനിക്ക് വാൽമീകി എന്ന പേരു നൽകി.നിത്യ തപോധനസംഗമത്തിൻറെ ഹേതുവായി ഞാൻ ശുദ്ധനായി പരിണമിച്ചു."

50. പണ്ടൊരിക്കൽ ദശരഥൻ നായാട്ടിനു പോയപ്പോൾ, ഏതു മൃഗമാണെന്ന് തെറ്റിധരിച്ചാണ്, മുനികുമാരനു നേരെ അസ്ത്രമയച്ചത് ?

കാട്ടാന എന്ന് തെറ്റിദ്ധരിച്ച്‌.

51. മുനികുമാരൻ വധിക്കപ്പെടാൻ എന്താണ് കാരണം?

തൻറെ മാതാപിതാക്കൾക്ക് രാത്രിയിൽ ദാഹജലം കൊടുക്കാൻ കുടത്തിൽ വെള്ളം കോരിയെടുക്കാൻ ശ്രമിച്ചപ്പോൾ അത് ആന തുമ്പിക്കൈയിൽ വെള്ളം കുടിക്കുകയാണെന്ന് തെറ്റിദ്ധരിച്ച്‌ ദശരഥൻ അസ്ത്രമെയ്തു. അത് കൊണ്ടനിമിഷംതന്നെ ആ മുനികുമാരൻ മരിച്ചുവീണു.

51. ശബ്ദം കേൾക്കുന്ന ദിക്കിനെ ലക്ഷ്യമാക്കി അയക്കുന്ന അസ്ത്രമേത് ?

ശബ്ദവേധി.

52. മരിച്ചുകിടക്കുന്ന പുത്രനെക്കണ്ട മാതാപിതാക്കൾ രാജാവിനോട് എന്ത് പറഞ്ഞു?

ചിത ഒരുക്കാൻ.

53. ആ സമയം അവർ എന്തു ചെയ്തു?

ആ ചിതയിൽ ചാടി അഗ്നിയിൽ ദഹിച്ചുപോയി.

54. ചിതയിൽ ദേഹത്യാഗം ചെയ്യുന്നതിനുമുമ്പ് ആ വൃദ്ധപിതാവ് എന്ത് ചെയ്തു?

"പുത്രശോകത്താൽ നീയും എന്നെപ്പോലെ മരിക്കും" എന്ന് ദശരഥനെ ശപിച്ചു.

55. ദശരഥൻറെ മൃതദേഹം എണ്ണത്തോണിയിൽ സൂക്ഷിക്കാൻ ആരാണ് നിർദ്ദേശം നൽകിയത് ?

വസിഷ്ഠന്‍. അതിനുകാരണം മക്കൾ, പ്രത്യേകിച്ചും ഭരതനും ശത്രുഘ്നനും അരികിൽ ഇല്ലാത്തതുകൊണ്ട്.

56. ആരുടെ ആജ്ഞപ്രകാരമാണ് ദൂതന്മാരെ അയച്ച്‌ ഭരതശത്രുഘ്നന്മാരെ അയോദ്ധ്യയിൽ കൊണ്ടുവന്നത്?

വസിഷ്ഠമഹർഷിയുടെ.

57. ഭർത്താവിനെ കൊന്ന പാപിയും നിർദയയും ദുഷ്ടയും ആയ കൈകേയി ഏതു നരകത്തിൽ പതിക്കുമെന്നാണ് ഭരതൻ പറഞ്ഞത് ?

കുംഭീപാകം.

58. ദശരഥൻറെ വേർപാടിനെ എഴുത്തച്ഛൻ എങ്ങനെ സാന്ത്വനപ്പെടുത്തുന്നു ?

"ജീർണ്ണവസ്ത്രങ്ങളുപേക്ഷിച്ചു ദേഹികൾ

പൂർണ്ണശോഭം നവവസ്ത്രങ്ങൾ കൊള്ളുന്നു

ജീർണ്ണദേഹങ്ങളവ്വണ്ണമുപേക്ഷിച്ചു

പൂർണ്ണശോഭം നവദേഹങ്ങൾ കൊള്ളുന്നു."

59. ദശരഥൻറെ സംസ്കാരക്രിയകൾ ശാസ്ത്രവിധിപ്രകാരം നടത്തിയത് ആരാണ്?

ഭരതൻ.

60. ഭരതൻ രാമാദികളെ കാണാൻ എന്തുചെയ്തു?

ശത്രുഘ്നനും മറ്റു പരിവാരങ്ങളും ചേർന്ന് ശ്രു൦ഗവേരപുരത്തിലെത്തി ശത്രുഘ്നൻറെ പ്രേരണയാൽ അവിടവിടെയായി താവളമടിച്ചു.

61. അപ്പോൾ ആരാണ് അവിടെയെത്തിയത്?

ഗുഹൻ.

62. ഭരതൻറെ വനാഗമനഉദ്ദേശം യഥാർത്ഥമായി അറിഞ്ഞ ഗുഹന് ഭരതനോട് തോന്നിയ മനോവികാരം എന്തായിരുന്നു ?

ഭക്തി.

63.  ശ്രീരാമൻ എവിടെ വസിക്കുന്നതായിട്ടാണ് ഗുഹൻ ഭരതനോട് പറഞ്ഞത് ?

ചിത്രകൂടപർവ്വതത്തിനടുത്ത് മന്ദാകിനിനദിയുടെ സമീപത്ത് മുനിമാരുടെ ആശ്രമത്തിൽ.

64. അവരെ ഗംഗ കടത്താൻ എത്ര വള്ളങ്ങൾ വേണ്ടിവന്നു?

അഞ്ഞൂറു വള്ളങ്ങളും ഒരു രാജനൗകയും.

65. ഗംഗാനദി കടന്നശേഷം ഭരതാദികൾ സന്ദർശിച്ചത് ഏതു മഹർഷിയെ ആയിരുന്നു ?

ഭരദ്വാജൻ.

66. ഭരദ്വാജമഹർഷി ആരുടെ സഹായം കൊണ്ടായിരുന്നു ഭരതാദികളെ സൽക്കരിച്ചത് ?

കാമധേനുവിൻറെ.

67. ഭരതാദികൾ ഭരദ്വാജാശ്രമത്തിൽ എത്രദിവസം താമസിച്ചു?

ഒരു ദിവസം.

68. ഭരതാദികൾ രാമാദികളെ എവിടെവച്ചു കണ്ടു?

മന്ദാകിനി നദിയുടെ വടക്കേ തീരത്ത് വച്ച്‌ .

69. ശ്രീരാമൻ ലക്ഷണനുമൊത്തു പിതാവിന് ജലാഞ്ജലി നൽകി പിണ്ഡം വച്ചതു എവിടെയായിരുന്നു?

മന്ദാകിനിനദീതീരത്ത്.

70. ശ്രീരാമൻ പിതാവിന് സമർപ്പിച്ച പിണ്ഡം എന്തു കൊണ്ടുള്ളതായിരുന്നു ?

ഇംഗുദിയുടെ പിണ്ണാക്ക് ( ഓടൽപിണ്ണാക്ക് ) തേനിൽ കുഴച്ചുണ്ടാക്കിയ അന്നം. അതുകഴിഞ്ഞ് അവർ അവിടെ ഒരുദിവസം താമസിച്ചു.

71. അയോദ്ധ്യയിലേക്ക് തിരിച്ചുവരാൻ ഭരതനെ നിർബന്ധിച്ചപ്പോൾ ശ്രീരാമൻറെ അവതാര രഹസ്യം ഭരതനെ ധരിപ്പിച്ചത് ആരായിരുന്നു ?

വസിഷ്ഠൻ.

72. അപ്പോൾ ഭരതൻ എന്താണ് ആവശ്യപ്പെട്ടത്?

രാമൻറെ ചരണപാദുകകൾ.(ഭരതൻ കൊടുത്ത മെതിയടികൾ രാമൻ പാദങ്ങളിൽ ഇട്ടതിനുശേഷം തിരികെ ഭരതനു നൽകി) രാമൻ തിരിച്ചെത്തുംവരെ അവയെ സേവിച്ചുകഴിഞ്ഞുകൊള്ളാൻ.

73. .പതിനാലുസംവൽസരം പൂർത്തിയാക്കി പിറ്റേദിവസം രാമൻ തിരികെവന്നില്ലെങ്കിൽ ഭരതൻ എന്തു ചെയ്യും എന്നാണു ശപഥം ചെയ്തത്?

തീയിൽ ചാടി മരിക്കും.

74. രാമൻറെ ആജ്ഞാനുസരണം അയോദ്ധ്യയിലേക്ക് തിരിച്ചുപോയ ഭരതൻ പിന്നീട് താമസിച്ചിരുന്നത് എവിടെ ?

നന്ദിഗ്രാമത്തിൽ.

75. ശ്രീരാമ പാദുകങ്ങളെ എവിടെവച്ചായിരുന്നു ഭരതശത്രുഘ്നൻമാർ പൂജിച്ചിരുന്നത് ?

സിംഹാസനത്തിൽ.

76. ചിത്രകൂടം വിട്ടുപോയ ശേഷം രാമാദികൾ ഏതു മഹർഷിയെ ആയിരുന്നു സന്ദർശിച്ചത് ?

അത്രിമഹർഷിയെ.

77. അത്രിമഹർഷി ആരുടെ പുത്രനായിരുന്നു ?

ബ്രഹ്മാവിൻറെ.

78. അത്രിമഹർഷിയുടെ പത്നി ആരായിരുന്നു ?

അനസൂയ.

79. അനസൂയയുടെ മാതാപിതാക്കൾ ആരായിരുന്നു ?

ദേവഹുതി ,കർദ്ദമൻ.

80. അത്രിമഹർഷിയുടെയും അനസൂയയുടെയും പുത്രനായി മഹാവിഷ്ണു അവതരിച്ചത് ഏതു നാമത്തിൽ ആയിരുന്നു ?

ദത്താത്രേയൻ എന്ന നാമത്തിൽ.

81. അനസൂയ സീതാദേവിക്ക് നൽകിയ വസ്തുക്കള്‍ എന്തെല്ലാം ആയിരുന്നു ?

ഭക്ഷണത്തിനു പുറമെ, വിശ്വകർമ്മാവ് നിർമ്മിച്ച രണ്ടു ദിവ്യ കുണ്ഡലങ്ങൾ, രണ്ടു വിശിഷ്ട പട്ടുസാരികൾ തുടങ്ങിവയും ദിവ്യങ്ങളായ അംഗരാഗങ്ങങ്ങളും (സൗന്ദര്യവർദ്ധനവിനുള്ള കൂട്ട്). ആ രാത്രി അവർ അത്ര്യാശ്രമത്തിൽ സസുഖം താമസിച്ചു.

"നന്നു പാതിവൃത്യമാശ്രിതു രാഘവൻ 

തന്നോടുകൂടെ നീ പോന്നതുമുത്തമം

കാന്തി നിനക്ക് കുറകായ്കൊരിക്കലും

ശാന്തനാകും തവ വല്ലഭൻതന്നൊടും

ചെന്നു മഹാരാജധാനിയകംപുക്കു

നന്നായ് സുഖിച്ച് സുചിരം വസിക്ക നീ"

ഇങ്ങനെ അനസൂയ സീതാദേവിയെ അനുഗ്രഹിച്ചു

82. അത്രിമഹർഷിയുടെ ആശ്രമം പിന്നിട്ടശേഷം ശ്രീരാമാദികൾ പ്രവേശിച്ചത് ഏതു വനത്തിലേക്ക് ആണ് ?

ദണ്ഡകാരണ്യം എന്ന വനത്തിൽ.

ശ്രീരാമ ജയം! ശ്രീരാമ ജയം! ശ്രീരാമ ജയം!
Jyotirgamaya

No comments:

Post a Comment