Saturday, May 02, 2020

അമ്മേ നാരായണ....

ധ്യാനത്തിലെ അത്ഭുതകരമായ പരിവർത്തനങ്ങൾ

ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ധ്യാനം എന്നത് ഒരു വലിയ കടമ്പതന്നെയാണ്; ഭയത്താൽ പലരും ഇതിനിറങ്ങിപ്പുറപ്പെടുകയേയില്ല. ധൈര്യപൂർവ്വം ഇറങ്ങിത്തിരിക്കുന്നവരിൽ അധികംപേരും അല്പദൂരം യാത്രചെയ്തുകഴിയുമ്പോഴേക്കും പരാജയപ്പെട്ടു പിൻവാങ്ങുന്നവരാണ്. വിരലിലെണ്ണാവുന്നവർ മാത്രമാണ് പിന്നെയും യാത്രതുടരുന്നത്. അതിൽത്തന്നെ അല്പശതമാനം മാത്രമാണ് മനസ്സിന്റെ പടിയുംകടന്നു ആത്മതലത്തിലേക്കെത്തിച്ചേരുന്നത്.

എന്താണ് ധ്യാനത്തിലെ പ്രധാന പ്രതിബന്ധം? സംശയിക്കേണ്ടാ, അധികം നാമറിയാൻ ഇടംകൊടുക്കാത്ത നമ്മുടെ മനസ്സുതന്നെ. ധ്യാനമെന്ന പ്രക്രിയയിലേക്കിറങ്ങിത്തിരിക്കുമ്പോൾ മാത്രമാണ് പലപല ലൗകികവിഷയങ്ങളിൽ കുഴഞ്ഞുമറിഞ്ഞ്, പലപല രാഗദ്വേഷാദികൾ ബാധിച്ച്, അത്യന്തം കലുഷമായി എത്രമാത്രം ഇപ്പറഞ്ഞ നമ്മുടെ മനസ്സ് ദുഷിച്ചുപോയിരിക്കുന്നുവെന്നുള്ളത്. അതിനർത്ഥം, രോഗമറിയാതെയാണ് നാമിത്രയും കാലം ചികിത്സിച്ചുകൊണ്ടിരുന്നത്. ഇപ്പറഞ്ഞ മനസ്സുതന്നെയാണ് നമ്മെ ബാധിച്ചിരിക്കുന്ന ഏറ്റവും മാരകമായ വ്യാധി എന്നറിയുന്നത് ധ്യാനത്തിലേക്കിറങ്ങുമ്പോഴാണ്. അതിനാൽത്തന്നെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒരു വഴിത്തിരിവാണ് ധ്യാനം എന്നുപറയാം.

ധ്യാനത്തിലേക്കിറങ്ങുമ്പോൾ ആദ്യംതന്നെ നമ്മുടെ മനസ്സ് അതുവരെ നാം സ്വരുക്കൂട്ടിവച്ചിരിക്കുന്ന ലോകവിഷയങ്ങൾ പരമ്പരപരമ്പരയായി കാളകൂടവിഷം കണക്കെ പുറമേയ്ക്ക് തുപ്പും. അപ്പോൾമാത്രമേ ജീവൻ എത്രമാത്രം ദുഷിച്ചുപോയിരിക്കുന്നുവെന്നു അതറിയുന്നുള്ളൂ. പക്ഷേ, ജീവനെ സംബന്ധിച്ചിടത്തോളം വലിയൊരനുഗ്രഹമാണിത്. ഒരു ആയുർവേദ ചികിത്സാപദ്ധതി ശരീരത്തിൽ നടപ്പാക്കുമ്പോൾ വയറിളക്കി അകത്തെ മാലിന്യങ്ങൾ പുറത്തേക്കു കളയുകയാണല്ലോ ഏറ്റവുമാദ്യം ചെയ്യുക. ഇതേപോലെ ആദ്യംതന്നെ മനസ്സിൽ ബാധിച്ചിരിക്കുന്ന 'വിഷ'പദാർത്ഥങ്ങളെ ഓരോന്നോരോന്നായി പുറത്തേക്കു തുപ്പിക്കളയുന്ന പ്രക്രിയയാണ് ധ്യാനത്തിന്റെ ആദ്യപടി. എന്നാൽ പലരും ഈ ആദ്യഘട്ടത്തിൽത്തന്നെ പരാജയം സമ്മതിച്ചു പിൻവാങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിയുക. അത്തരക്കാർക്കൊരിക്കലും തങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ കണ്ടെത്താനോ പരിഹരിക്കാനോ ആവാതെ ജീവിതമുടനീളം അകത്തുമുഴുവൻ വ്യാപിച്ചിരിക്കുന്ന വിഷപദാർത്ഥങ്ങളാൽ വിഷമിച്ചുകൊണ്ടേയിരിക്കും.

ഇപ്പറഞ്ഞ വിഷമതകൾ നേരിൽ കണ്ടും, അവയൊക്കെ അത്യന്തം സഹനശക്തിയോടെ നേരിട്ടും മുന്നേറുന്ന സാധകൻ അതീവ ഭക്തിപൂർവ്വം ഒരു മഹാശക്തിയെ കൂട്ടുപിടിച്ച് ആദ്യപടി വിജയകരമായി കടന്നു മുന്നേറുന്നു. വിഷത്തിന്റെ സ്രോതസ്സ്-പലവിധ കാരണങ്ങൾ-കണ്ടെത്തുകയും അവയൊന്നാകെ പുറംതള്ളുകയും ചെയ്യുന്ന സാധകൻ പതിയെ, മനോമാലിന്യങ്ങൾ നീങ്ങിക്കിട്ടുന്നതോടെ സാവധാനം ചിത്പ്രകാശത്തെ കുറേശ്ശെയായി ദർശിച്ചുതുടങ്ങുന്നു. ആദ്യം മൂന്നോ നാലോ മിനിറ്റുകൾ മാത്രം ധ്യാനം ചെയ്യാനാവുമായിരുന്ന സാധകന്, ചിത്പ്രകാശദർശനത്തോടെ കൂടുതൽ ആവേശമുണ്ടാവുകയും, അത് കൂടുതൽ കൂടുതൽ ചിത്തശുദ്ധിക്ക് കാരണമാവുകയും ചെയ്യുന്നു. ചിത്തശുദ്ധി വർദ്ധിക്കുംതോറും ചിത്പ്രകാശത്തിന്റെ ശക്തിയും വർദ്ധിച്ചുവരുന്നു. ഉള്ളിലെ ആ ആനന്ദപ്രസാരത്താൽ ധ്യാനസമയം പടിപടിയായി വർദ്ധിച്ചുവരുന്നു.

ധ്യാനത്തിന് സഹായകമാകുന്ന പ്രധാനമായ മറ്റൊരു വസ്തുതകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്; അകത്തെ മാലിന്യങ്ങൾ കുറച്ചുകൊണ്ടുവരുന്നതോടൊപ്പം പുറമെനിന്നും ഉള്ളിലേക്ക് മാലിന്യങ്ങൾ പ്രവേശിക്കാതെയും നോക്കേണ്ടതുണ്ട്. അതായത് ധ്യാനം വിട്ടുണർന്നാലും, ലോകവിഷയങ്ങളിലുള്ള വ്യാപനം അത്യാവശ്യത്തിനുമാത്രമേ ആകാവൂ. ഇവിടെയാണ് അകത്തേക്ക് കഴിക്കുന്ന സകലവിധ ഇന്ദ്രിയങ്ങളിലൂടെയുമുള്ള ഭക്ഷണത്തിന്റെ പ്രസക്തി; നല്ലതുമാത്രം കാണുക, നല്ലതുമാത്രം കേൾക്കുക, നല്ലതുമാത്രം പറയുക, നല്ലതുമാത്രം ആഹരിക്കുക... ശരീരശുദ്ധി, മനഃശുദ്ധി, ആഹാരശുദ്ധി, വാൿശുദ്ധി, കർമ്മശുദ്ധി എന്നീ പഞ്ചശുദ്ധികളുടെ ചിട്ടയോടെയുള്ള ക്രമീകരണം അത്യന്താപേക്ഷിതമാണ്. അകത്തുനിന്നുമുള്ള മാലിന്യങ്ങൾ പുറത്തുകളയണം; അതോടൊപ്പം പുറത്തുനിന്നും അകത്തേക്കൊന്നും കടന്നുവരാത്ത ഒരു കോട്ടകെട്ടി സംരക്ഷിക്കുകയും വേണം. ആത്യന്തികമായ ശാന്തിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ നിങ്ങൾ, നിങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിക്കാൻ സാധ്യതയുള്ള എല്ലാം ത്യജിക്കാൻ തയ്യാറാവുകതന്നെവേണം.

ഇപ്പറഞ്ഞ ധ്യാനത്തോടൊപ്പം സദ്ഗ്രന്ഥപാരായണം, സത്തുക്കളുമായുള്ള സംഗം, സത്സംഗശ്രവണം, മനനം എല്ലാം പരമപ്രധാനമാണ്. ശാശ്വതമായ ഒന്നിനെ നേടണമെങ്കിൽ നിങ്ങൾക്ക് അശാശ്വതമായ സകലതിനെയും തള്ളിക്കളഞ്ഞേ മതിയാകൂ. ഇത് ബുദ്ധിപൂർവ്വം അനുവർത്തിക്കുന്ന ധീരൻ മാത്രമേ ആത്യന്തികമായ വിജയം കൈവരിക്കൂ എന്നോർക്കണം.

ധ്യാനസമയം പതിയെപ്പതിയെ നീട്ടിക്കൊണ്ടുവരുംതോറും, ജീവിതത്തിൽ മുകളിൽ പറഞ്ഞ ചിട്ടകൾ അനുവർത്തിക്കുംതോറും അതുവരെ കാണാത്ത ശാന്തിയും, നിർഭയത്വവും, തൃപ്തിയും, എന്തിനെയും നേരിടാനുള്ള ചങ്കൂറ്റവും നിങ്ങളുടെയുള്ളിൽ സ്വാഭാവികമായിത്തന്നെ ഉടലെടുക്കുന്നു. ജീവിതത്തിലെ ഈ സുപ്രധാനമായ വഴിത്തിരിവിനുശേഷം സത്യത്തിൽ പിന്നീട് ജീവനെ നയിക്കുക ആ കൃപ തന്നെയാണ്. അതിന്റെ പിടിയിലായിപ്പോകുന്ന ജീവനാവശ്യമായ സകല കാര്യങ്ങളും നടത്തിക്കൊടുക്കുന്നത് പിന്നീട് ആ കൃപതന്നെയാണ്; അത് സാധകന് വ്യക്തമായി ബോധ്യപ്പെടുകയും ചെയ്യും.

ഇതേ കൃപ തന്നെ, ഏതോ ഒരത്ഭുതമുഹൂർത്തത്തിൽ അതിന്റെ ഒരു കണികയെ സാധകന് ദൃശ്യമാക്കിക്കൊടുക്കും; എന്നിട്ട് മറയും. സാധകനാവട്ടെ, ഒരിക്കൽ അല്പം കണ്ടുകഴിഞ്ഞ ആ ദിവ്യപ്രകാശത്തിന്റെ മഹാമാസ്മരികതയിൽ ആണ്ടുപോയി പിന്നെയും അതിന്റെ ദർശനത്തിനായി കൂടുതൽ തീവ്രമായി മുകളിൽ പറഞ്ഞ കാര്യങ്ങൾ തുടരുന്നു. പതിയെപ്പതിയെ ആ ദിവ്യപ്രകാശത്തെ സ്വയം ഉള്ളിൽ അനുഭവിക്കാനും തുടങ്ങും. അതിനായിക്കൊണ്ട് സാധകൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാവുകയും ചെയ്യും.

ഒരിക്കൽ അതിനെ കണ്ടുകഴിഞ്ഞാൽ പിന്നെ അയാൾക്ക് പരാജയമുണ്ടാവുകയില്ല; അയാൾ അയാളുടെ മാർഗ്ഗത്തിൽ നിന്നും പിൻവലിയണമെന്നു തീരുമാനിച്ചാൽ പോലും അയാൾക്കതിനു സാധ്യവുമല്ല. കാരണം അയാൾ ഒരു കൃപാവലയത്തിൽ പതിച്ചുകഴിഞ്ഞു. പിന്നെ, അയാളറിയാതെ തന്നെ, അതിന്റെ ഭ്രമണപഥത്തിൽ ചുറ്റുക മാത്രമാണ് സാധകൻ ചെയ്തുകൊണ്ടിരിക്കുക. തിന്മ ചെയ്യണമെന്ന് വിചാരിച്ചാൽപോലും അയാൾക്കു ചെയ്യാൻ സാധ്യമല്ല. പിന്നീടുള്ള അയാളുടെ ജീവിതം ആകെ കീഴ്മേൽ മറിയുകയാണ്. അയാളിലെ ഇരുട്ട് എന്നെന്നേക്കുമായി നീങ്ങിക്കഴിഞ്ഞു; അയാളെ അവിടുന്നങ്ങോട്ട് നയിക്കുക ആ ചിത്പ്രകാശംതന്നെയാണ്. സകലത്തിലും തൃപ്തി, ഒന്നിനെയും ഭയമില്ലായ്മ, ആരോടും ഒന്നിനെക്കുറിച്ചും പരിഭവമോ പരാതിയോ ഇല്ലാത്ത സ്ഥിതി, പരിപൂർണ്ണമായ ആനന്ദം...ഇതൊക്കെയാണ് പിന്നീടുള്ള അയാളുടെ അവസ്ഥ. കൃപാസാക്ഷാത്‌കൃതനായ അങ്ങനെയുള്ള അവസ്ഥയിൽ എത്താൻ കഴിയട്ടെ... നമുക്ക് ഓരോരുത്തർക്കും... എന്ന പ്രാർത്ഥിക്കാം..

No comments:

Post a Comment