Monday, May 04, 2020

*ദിവസത്തിൽ മൂന്ന് നേരം നിറം മാറുന്ന ശിവലിംഗം*


        രാജസ്ഥാനിലെ ധോലാപ്പൂരിൽ സ്ഥിതി ചെയ്യുന്ന അചലേശ്വർ മഹാദേവ ക്ഷേത്രം. ദിവസത്തിൽ മൂന്നു പ്രാവശ്യം നിറം മാറുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത. രാജസ്ഥാനിലെ സിരോഹി ജില്ലയിൽ ധോലാപ്പൂർ അകൽഡഗ് കോട്ടയ്ക്ക് സമീപമാണ് പ്രശസ്തമായ അചലേശ്വർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഒൻപതാം നൂറ്റാണ്ടിൽ പാർമ്മർ വംശം നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് പല പ്രത്യേകതകളുമുണ്ട്. അചലേശ്വറെന്നാൽ അനക്കമില്ലാത്ത, അല്ലെങ്കിൽ സ്ഥായീ ഭാവത്തിലുള്ള, ഇളക്കമില്ലാത്ത ദൈവം എന്നാണ് അർഥം. ശിവനെയാണ് ഇവിടെ അചലേശ്വരനായി ആരാധിക്കുന്നത്. രാജസ്ഥാന്റെയും മധ്യപ്രദേശിന്റെയും അതിർത്തിയോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ദിവസത്തിൽ മൂന്നു തവണ നിറം മാറുന്ന ശിവലിംഗമാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. രാവിലെ ചുവന്ന നിറത്തിൽ കാണുന്ന ശിവലിംഗം ഉച്ചയ്ക്ക് കുങ്കുമ നിറത്തിലും വൈകിട്ട് ഗോതമ്പിന്റെ നിറത്തിലേക്കും മാറുന്ന അത്ഭുത പ്രതിഭാസമാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്.
ഇവിടുത്തെ അത്ഭുത ശിവലിംഗത്തെ മൂന്നു നിറത്തിലും കാണുവാൻ സാധിച്ചാൽ എന്താഗ്രഹവും സാധിക്കുമെന്നാണ് ഇവിടെ എത്തുന്നവർ പറയുന്നത്. അതിനായി രാവിലെ ഇവിടെ എത്തുന്നവർ മൂന്നു നിറങ്ങളിലും ശിവലിംഗം ദർശിച്ച ശേഷം രാത്രിയോടെയാണ് ഇവിടെ നിന്നും മടങ്ങുക. വിവാഹം ശരിയാകാത്ത ആളുകൾ ഇവിടെ എത്തി പ്രാർഥിച്ചാൽ പെട്ടന്ന് വിവാഹം ശരിയാവും എന്നുമൊരു വിശ്വാസമുണ്ട്.
ധാരാളം പ്രത്യേകതകൾ ഈ ക്ഷേത്രത്തിനുണ്ട്. ശിവൻരെ കാലിലെ പെരുവിരൽ ഇവിടെ ഉണ്ട് എന്നാണ് വിശ്വാസം. എല്ലാ ക്ഷേത്രങ്ങളിലും ശിവലിംഗത്തെയോ സ്വയംഭൂ പ്രതിഷ്ഠയെയോ ഒക്കെ ആരാധിക്കുമ്പോൾ ഇവിടെ മഹാദേവന്റെ വിരലിനെയാണ് ആരാധിക്കുന്നത്. ശിവന്റെ വിരലിനെ ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം കൂടിയാണിത്.
ഇവിടുത്തെ ശിവലിംഗം ഭൂമിക്കടിയേക്ക് എത്ര ആഴത്തിൽ ഉണ്ട് എന്നറിയാനായി കുറേ ഗ്രാമീണർ ചേർന്നു കുഴിച്ചു. എന്നാൽ എത്ര കുഴിച്ചിട്ടും അവർക്ക് അതിന്റെ അറ്റം കണ്ടെത്താനായില്ലത്രെ. പിന്നീട് അവർ അത് നിർത്തിവെച്ചു എന്നാണ് ഇവിടുള്ളവർ പറയുന്നത്.
പഞ്ചലോഹത്തിൽ തീർത്ത നന്ദിയുടെ പ്രതിഷ്ഠയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഒരിക്കൽ മുസ്ലീം തീവ്രവാദികൾ ഇവിടം അക്രമിക്കാനെത്തിയ സമയത്ത് നന്ദി വിഗ്രഹത്തിൽ നിന്നും പ്രത്യേക തരത്തിലുള്ള ഈച്ചകൾ പുറത്തു വരുകയും അവ ക്ഷേത്രം നശിപ്പിക്കാനെത്തിയവരെ പായിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ക്ഷേത്രം അക്രമിക്കാനും നശിപ്പിക്കുവാനും എത്തിയവരെ പലതവണ ഈ ഈച്ചകൾ അക്രമിച്ച് ക്ഷേത്രത്തെ രക്ഷിച്ചു എന്നാണ് പറയുന്നത്. 🙏🏻

No comments:

Post a Comment