Sunday, May 03, 2020

*അഘമര്‍ഷണം*


സര്‍വപാപങ്ങളെയും നിര്‍മാര്‍ജനം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന വൈദികമന്ത്രം. അഘങ്ങളെ മര്‍ഷണം ചെയ്യുന്നത് - പാപങ്ങളെ നശിപ്പിക്കുന്നത് - എന്നാണ് ഈ പദത്തിന്റെ അര്‍ഥം.

'സര്‍വൈനസാമപധ്വംസി
ജപ്യം ത്രഷ്വഘമര്‍ഷണം'.

എന്ന് അമരകോശത്തില്‍ (ബ്രഹ്മവര്‍ഗം 51) പറഞ്ഞിട്ടുണ്ട്

ഋഗ്വേദത്തില്‍ 10-ആം മണ്ഡലത്തിലെ 190 മത്തേത് ഒരു അഘമര്‍ഷണസൂക്തമാണ്.

'ഋതഞ്ച സത്യഞ്ചാഭീദ്ധാത്തപസോധ്യജായത
തതോ രാത്രിരജായത തതസ്സമുദ്രോ അര്‍ണവഃ
സമുദ്രാദര്‍ണവാദധിസംവത്സരോ അജായത.
അഗോരാത്രാണി വിദധദ്വിശ്വസ്യ മിഷതോ വശീ.
സൂര്യചന്‍ദ്രമസൌ ധാതാ യഥാപൂര്‍വമകല്പയത്.
ദിവഞ്ച പൃഥിവീഞ്ചാന്തരീക്ഷമഥോസുവഃ'

മധുഛന്ദസ്സിന്റെ പുത്രന്‍ അഘമര്‍ഷണന്‍ ആണ് ഇതിന്റെ ഋഷി; അനുഷ്ടുപ് ഛന്ദസ്സും, സൃഷ്ടി ദേവതയും.

ഈ മന്ത്രത്തിന്റെ സാരം: 'അനുഷ്ഠിക്കപ്പെട്ട തപസ്സില്‍നിന്ന് ഋതവും (മാനസികമായ സത്യം) സത്യവും (വാചികമായ സത്യം) ഉളവായി. പിന്നെ രാത്രിയും സലിലവത്തായ സമുദ്രവും ഉളവായി. സലിലവത്തായ സമുദ്രത്തിനുശേഷം സംവത്സരം ഉളവായി. അതു രാപകലുകളെ സൃഷ്ടിച്ച് സര്‍വപ്രാണികള്‍ക്കും സ്വാമിയായി. സൂര്യചന്ദ്രന്മാരെയും സുഖാത്മകമായ സ്വര്‍ഗത്തെയും ഭൂമിയെയും അന്തരീക്ഷത്തെയും വിധാതാവ് മുന്‍പിലത്തെപ്പോലെ സൃഷ്ടിച്ചു'. (ഋഗ്വേദസംഹിത-വള്ളത്തോള്‍).
ഇതുകൂടാതെ 'സൂര്യശ്ചമാ മന്യശ്ച' (തൈത്തിരീയാരണ്യകം ​X. 25.1). 'ആപഃ പുനന്തുപൃഥിവിം' (തൈത്തിരീയാരണ്യകം X. 23.1) മുതലായ മന്ത്രങ്ങളും അഘമര്‍ഷണങ്ങളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ജലാന്തര്‍ഭാഗത്തുവച്ചു ജപിക്കേണ്ടവയാണ് ഈ മന്ത്രങ്ങള്‍. ഇവ യഥാവിധി ജപിക്കുന്നവരുടെ സര്‍വപാപങ്ങളും നശിക്കുമെന്ന് ആചാര്യന്മാര്‍ ഉദ്ഘോഷിച്ചിട്ടുണ്ട്.

അഘമര്‍ഷണം എന്നതു വിന്ധ്യപര്‍വതത്തിലുള്ള ഒരു തീര്‍ഥസരസ്സിന്റെ പേരുകൂടിയാണ്. അവിടെവച്ചാണ് ദക്ഷപ്രജാപതി വിഷ്ണുപ്രീതിക്കുവേണ്ടി തപസ്സുചെയ്തതെന്ന് പുരാണങ്ങളില്‍ കാണുന്നു.

മേല്‍പ്പറഞ്ഞ മന്ത്രവും തീര്‍ഥവും അഘമര്‍ഷണന്‍ എന്ന മഹര്‍ഷിയുമായി ബന്ധപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. ഈ അഘമര്‍ഷണ മുനിയെപ്പറ്റി മഹാഭാരതം ശാന്തിപര്‍വത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*

*മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...*

*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*

No comments:

Post a Comment