Sunday, May 10, 2020

#സോമലതയും_സോമരസവും

സോമരസം മദ്യമാണോ❓

ഹൈന്ദവശാസ്ത്രങ്ങളിലേയും പുരാണ,  ഇതിഹാസങ്ങളിലേയും വാക്കുകളെ വ്യാഖ്യാനിക്കുന്നവരിൽ മിക്കവരും സത്യസന്ധത പുലർത്താറില്ല. അത്തരത്തിൽ തെറ്റായി വ്യാഖ്യാനിക്കുന്നതിന്റെ ഫലമായി ഹൈന്ദവ ആചാരങ്ങളിൽ പലതും പൊതുജനമധ്യത്തിൽ അവഹേളിക്കപ്പെടുന്നതായി കാണാറുണ്ട്. ഇങ്ങനെ തെറ്റായി ചിത്രീകരിക്കപ്പെട്ടു പ്രചരിച്ചു വരുന്ന ഒന്നാണ് സോമരസം.

കളിയായും കാര്യമായും നമ്മളിൽ പലരും സോമമെന്ന വാക്കിനെ മദ്യത്തോടാണ് ഉപമിക്കാറുള്ളത്. സോമരസത്തെ മദ്യമായി വ്യാഖ്യാനിച്ച്  പുരാണത്തിൽ ദേവന്മാർ മദ്യപാനികളായിരുന്നു എന്ന് വരുത്തി തീർക്കാനും, മദ്യസേവ ഈശ്വരന്മാർ പോലും അനുവർത്തിച്ചിരുന്നതാണെന്നും വരുത്തിത്തീർക്കാൻ പലരും ശ്രമിക്കാറുണ്ട്. ശ്രമിക്കാറുണ്ട് എന്നല്ല അങ്ങനെ ഒരു പൊതുധാരണ സമാജത്തിൽ ഉണ്ടാക്കി എടുത്തിട്ടുണ്ട്. സത്യം ഇതല്ല. മദ്യവും പുരാണത്തിലെ സോമരസവുമായി യാതൊരു ബന്ധവും ഇല്ല എന്നതാണ് വാസ്തവം.

സോമലത

ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് സോമലത. ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങള്‍ക്കനുസരിച്ച് ഇലകള്‍ വിരിയുകയും പൊഴിയുകയും ചെയ്യുന്ന അപൂര്‍വ ഔഷധ വള്ളി  ചെടിയാണ്  സോമലത. ഭൂമിയിലെ ചന്ദ്രന്റെ പ്രതിനിധിയെന്ന വിശേഷണമുള്ള   സോമലതയാണ് യാഗ ശാലയിലെ രാജാവായി അറിയപ്പെടുന്നത്.

'സാര്‍ക്കോസ്റ്റിമ' എന്നാണ് അക്ലിപീഡിയേസി കുടുംബത്തില്‍പ്പിറന്ന സോമലതയുടെ ശാസ്ത്ര നാമം. സാര്‍ക്കോസ്റ്റിമ കാറോപീജിയ എന്ന് പൂർണ നാമം.

48 ൽ പരം സോമലതകൾ ഉണ്ടെന്നാണ് പുരാണങ്ങൾ  പറയുന്നത്. പൂജാ വസ്തുവായ സോമലത ഒന്നാന്തരം അണു നാശിനിയും ഉന്മേഷദായിനിയുമാണ്. മലനിരകളിലാണ് സോമലത അധികവും കണ്ടു വരുന്നത്. ഏകദേശം രണ്ടു ഡസനിലേറെ ഇനങ്ങളില്‍ സോമലത കണ്ടു വരുന്നു. അന്യം നിന്നു കൊണ്ടിരിക്കുന്ന ഈ ദിവ്യ വള്ളിയെ അലങ്കാരച്ചെടിയായി വീട്ടുമുറ്റത്ത് വളർത്താൻ സാധിക്കും.  ആഴം കുറഞ്ഞതും വിസ്താരമേറിയതും അമിതമായി സൂര്യ പ്രകാശം ലഭിക്കാത്തതുമായ   സ്ഥലങ്ങളിലാണ് ഈ ചെടി അധികവും വളരുന്നത്. ചെടി പറിച്ചു നടാന്‍ പറ്റിയ സമയം പൗർണ്ണിമിയാണ്. സോമലത വെളുത്ത പക്ഷത്തില്‍ മാത്രമേ വളരുകയുള്ളൂ. ബാക്കി സമയം നിദ്രയിലായിരിക്കും.

സോമരസം

സോമലത എന്ന സസ്യത്തിൽ നിന്നും പ്രത്യേക ക്രിയകളിലൂടെ അതിന്റെ നീരുറ്റിയെടുത്ത് നിർമ്മിക്കുന്ന പാനീയമാണ്‌ സോമം അഥവാ സോമരസം. ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു പാനീയമാണ്‌ സോമരസം. യാഗങ്ങളിലും മറ്റും സമർപ്പിക്കപ്പെടുന്ന യാഗദ്രവ്യമാണിത്‌.
വേദങ്ങളിൽ സോമരസത്തെക്കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. സോമരസം ഇന്ദ്രനും അംഗിരസ്സിനൂം സമർപ്പിച്ചാണ് മിക്ക യാഗങ്ങളൂം നടക്കുന്നത്. സോമരസം അർപ്പിക്കൽ സോമയാഗത്തിന്റെ നാലാം ദിവസമാണ്.

സോമം എന്നാല്‍ അമൃത് എന്നാണു മനസിലാക്കേണ്ടത് അത് യഥേഷ്ടം രുചിക്കുന്നവന്‍ പരമാനന്ദത്തില്‍ എത്തുന്നു. ശുദ്ധമായ തണുത്ത ജലം എന്നും സോമത്തിനു പേരുണ്ട് ഗംഗ ജലം അമൃതാണല്ലോ   അത് ലഭിക്കാന്‍ ഗംഗയെ അദ്ദേഹം ശിരസില്‍ വഹിക്കുന്നു.  അത് ഏറെ ലഭിക്കാന്‍ ഭഗവാന്‍  കൈലാസത്തില്‍ വാഴുന്നു.
അദ്ദേഹം ഗംഗയുടെ കുളിരാര്‍ന്ന സോമത്തിനു അടിമയാണ്. അങ്ങനെ ശിവന്‍ സോമ ശേഖരന്‍ എന്നും അറിയപ്പെടുന്നു.

വേദത്തിൽ പറയുന്ന സോമവും മദ്യവും (സുരയും) തമ്മിൽ ഒരു ബന്ധവുമില്ല. സോമലത എന്ന വള്ളിചെടിയുടെ നീര് പിഴിഞ്ഞെടുത്ത് അതെ പോലെ ഉപയോഗിക്കുന്നതാണ് യാഗങ്ങളിൽ ഉപയോഗിക്കുന്ന സോമരസം. എന്നാൽ സുര, പൗരാണിക കാലം മുതലേ ഉപയോഗിക്കുന്ന ലഹരി നല്കുന്ന പാനീയമാണ്.

ഉദാഹരണത്തിന് വാജപേയ യജ്ഞത്തിൽ സുര കലശവും സോമ കലശവും വേറെ വേറെ സ്ഥാനങ്ങളിൽ വയ്ക്കുന്നു. സോമം, മദ്യം ആണെങ്കിൽ മദ്യ കലശം വേറെ വയ്ക്കേണ്ട കാര്യവുമില്ല. സോമം മദ്യമായി വ്യാഖ്യാനിക്കപ്പെട്ടത് ഇംഗ്ളീഷുകാർ വേദം പഠിക്കാനും വ്യാഖ്യാനിക്കാനും തുടങ്ങിയതോടെയാണ്. വെള്ളമൊഴികെയുള്ള പാനീയങ്ങൾ വിദേശീയരുടെ കണ്ണിൽ മദ്യമായാണ് അനുഭവപ്പെടുന്നത് എന്നതുകൊണ്ടാവും പരമാനന്ദ ഭാവത്തിലേക്ക് ഈശ്വരീയ തലത്തിലേക്ക് കൊണ്ടെത്തിക്കുന്ന എന്ന ആദ്ധ്യാത്മിക അർത്ഥമുള്ള സോമത്തെ ഇവർ മദ്യമാക്കിയത്.

മദ്യപാനത്തെ  നിഷേധിക്കുന്ന മന്ത്രങ്ങൾ വേദത്തിൽ ലഭ്യമാണ് എന്നതും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

സോമവും സുരയും ഒന്നല്ല
അവർക്ക് നൽകിയ സ്ഥാനം പോലും രണ്ടാണെന്ന് യജുർവ്വേദത്തിലെ  മന്ത്രത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. വേദ ഭാഷ്യങ്ങളും ശാഖകളും സോമത്തെ ശാന്തിദായകമെന്നും സുരയെ മദദ്രവ്യമെന്നും വിളിക്കുന്നു.സുരയെ ദൂരെ നിർത്തുന്നവൻ പാപത്തെയും ദൂരെ നിർത്തുന്നു.
യജ്ഞത്തിനു സോമം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം എന്ന് ശതപഥ ബ്രാഹ്മണം പറയുന്നത് നോക്കൂ..

യാന്യരുനപുഷ്പാണി ഫല്ഗുനാനി താനഭിഷുനുയാത് = പകരം ചുവന്ന പൂവുള്ള നീർ മരുത് ഉപയോഗിക്കുക
ഇത് ലഭിച്ചില്ലെങ്കിൽ ശ്യേനഹൃത് (പഴയ മരങ്ങളിൽ വളരുന്ന ഒരു തരം ചെടി ഉപയോഗിക്കുക)
അതും കിട്ടിയില്ലെങ്ക്ൽ പുതീകം (ആവൽ) ഉപയോഗിക്കുക
ഇതും ലഭിചില്ലെങ്കിലോ, ചെന്നിറം ഉള്ള ദർഭയോ പച്ചനിറമുള്ള കുശപ്പുല്ലോ ഉപയോഗിക്കുക.സോമം, മദ്യത്തിന് സമം ആയിരുന്നെങ്കിൽ, ഇതൊന്നും പറയാതെ സോമത്തിനു പകരം കഞ്ചാവ് ഉപയോഗിക്കാൻ പറയുമായിരുന്നു.. പകരം ദർഭ വരെയാണ് പറഞ്ഞിരിക്കുന്നത്.

സോമം കള്ളാണെന്നും മഹർഷിമാർ സോമരസമാകുന്ന മദ്യം കുടിച്ച് പൂസായെന്നുമൊക്കെ പറയുന്നവർ നമ്മുടെ ഋഷി പരമ്പരയെത്തന്നെ ചെളി വാരി എറിയുന്നവരാണ്.
തമാശയ്ക്ക് പോലും ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കരുത്.
കാരണം സുരയെ മദ്യമായിക്കണ്ട് അത് കുടിക്കരുതെന്ന് പ്രഖ്യാപിച്ചവരാണ് നമ്മുടെ ഋഷി പരമ്പര.ആദ്ധ്യാത്മികമായ അർത്ഥത്തിൽ സോമം ഈശ്വരനാണ്.

ഋഗ്വേദത്തിൽ ഒൻപതാം മണ്ഡലത്തിലെ 96-ാം സൂക്തത്തിലെ 5, 6, 34 മന്ത്രങ്ങളിലെയും 97-ാം സൂക്തത്തിലെ 35, 40, 41 മന്ത്രങ്ങളിലെയും സോമ ശബ്ദത്തിന് വൈദിക വാങ്മയത്തിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുള്ള യാസ്ക മഹർഷി നൽകിയ അർത്ഥം പരമാത്മാവ് എന്നാണ്.
യാസ്കനെപ്പോലുള്ള ഒരാൾ സോമത്തിന് പരമാത്മാവെന്ന് അർത്ഥം പറയുമ്പോൾ സംസ്കൃതം പോലും നേരേ ചൊവ്വേ അറിയാത്തവർ സോമത്തിന് മദ്യമെന്ന അർത്ഥം കല്പിച്ചു.

കള്ളുകുടിയിൽ താൽപ്പര്യമുള്ളവരും വേദത്തെ ഇടിച്ചു താഴ്ത്താൻ താല്പര്യമുള്ളവരും ഭാരതീയ സംസ്കാരത്തെ തച്ചുതകർക്കാൻ വെമ്പൽ കൊള്ളുന്നവരും സോമത്തെ മദ്യമാക്കി.കണ്ണടച്ച് ഇരുട്ടാക്കിയ സായിപ്പിന്റെ വാക്കുകളാണ് സോമത്തെ മദ്യമാക്കുന്നവരുടെ പ്രമാണം. വേദാർത്ഥം പറയുന്നതിന്റെ കാര്യത്തിൽ നാം ശതപഥ കാരനായ യാജ്ഞവല്ക്യ നെയാണോ,
ഗോപഥ ബ്രാഹ്മണ കാരനെയാണോ,
യാസ്ക മഹർഷി യെയാണോ സ്വീകരിക്കേണ്ടത്, അതോ
സ്വാർത്ഥ താല്പര്യങ്ങൾ ഹൃദയത്തിൽ നിറച്ച് ഭാവനാ കല്പിതമായ വേദാർത്ഥം മെനഞ്ഞെടുത്ത സായിപ്പിനെയാണോ? ചിന്തിക്കുക.

സനാതന ധർമ്മത്തിന്റെ ശ്രേയസ്സും യശസ്സും ഉയർത്തിപിടിക്കാനും, സനാതന ഹൈന്ദവ ആദ്ധ്യാത്മിക ശാസ്ത്രങ്ങൾ പഠിക്കാനും ആധുനിക ശാസ്ത്രങ്ങൾക്ക് പോലും  അതീതമായി നിൽക്കുന്ന നമ്മുടെ വേദേതിഹാസങ്ങൾ മനസിലാക്കാനും
വേദങ്ങളെ  വികലമായി ചിത്രീകരിച്ചു സമാജത്തിൽ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നത് തിരിച്ചറിയാനുമുള്ള പ്രാപ്തിയും ഇച്ഛാശക്തിയും  എല്ലാവർക്കുമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു...!

ആത്മീയ പ്രചാര സഭ ഗുരുവായൂർ   നൽകിയ പോസ്റ്റ് ആണ്. ഗ്രൂപ്പ്‌ നിയമപ്രകാരമുള്ള ചില ചെറിയ മാറ്റങ്ങൾ വരുത്തി പോസ്റ്റ് ചെയ്യുന്നു.  മെസ്സേജ് വളരെ ഗുണകരമെന്നു തോന്നി. 
നന്ദി.

No comments:

Post a Comment