Monday, June 01, 2020

ന്യാസം.
മന്ത്ര ജപത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ് ന്യാസം. സഹസ്രനാമജപവും മന്ത്രജപം തന്നെയാണ്.
ജപം എന്നാൽ പാപത്തെ ജയിക്കുന്നത്.
"ജകാരോ ജന്മ വിച്ഛേദക:
പകാരോ പാപനാശനം"
ജകാരം ജന്മനാശത്തെയും പകാരം പാപനാശത്തെയും കുറിക്കുന്നതിനാൽ ഇവ രണ്ടും ചേർന്നത് ജപം. അതിനാൽ ഏതു ജപവും നിഷ്ഠയോടെയും ശ്രദ്ധയോടെയും അനുഷ്ടിക്കേണ്ടതാണ്. ന്യാസം എന്നാൽ സ്ഥാപിക്കുക, വയ്ക്കുക എന്നൊക്കെ അർത്ഥം. വേദങ്ങളെ വേണ്ട വിധത്തിൽ വിന്യസിച്ചതിനാൽ - ക്രമപ്പെടുത്തി വച്ചതിനാലാണ് കൃഷ്ണദ്വൈപായനമഹർഷി വേദവ്യാസൻ എന്ന് അറിയപ്പെടുന്നത്. സൈന്യങ്ങളെ ക്രമപ്പെടുത്തുന്നതിന് വിന്യസിക്കുക എന്നു പറയുന്നു. (ദ്രോണാചാര്യർ പത്മവ്യൂഹം വിന്യസിച്ചു ) ജീവാത്മാവിനെ പരമാത്മാവുമായി ചേർത്തു വയ്ക്കുന്നതാണ് - സമ്യക്കാം വിധം ന്യസിക്കുന്നതാണ് സന്ന്യാസം.
ദേവ ചൈതന്യത്തെ സാധക ശരീര ഭാഗങ്ങളിൽ പ്രതിഷ്ഠിക്കുന്ന ചടങ്ങാണ് ന്യാസം. ന്യാസത്തിലൂടെ സാധക ശരീരം ക്ഷേത്ര തുല്യം പരിശുദ്ധമാകുന്നു. നാസാദികളില്ലാതെ ചെയ്യുന്ന ജപം വെറും ആലാപനം മാത്രമേ ആവൂ.
ന്യാസസ്‌ത്വാർജ്ജിത മന്ത്രാണാം
അംഗേഷ്വപി നിവേശനാത്
സർവ്വരക്ഷാകരോ ദേഹ:
ന്യാസമിത്യഭിധീയതേ
എന്നാണ് ആചാര്യമതം. മന്ത്രത്തെ ന്യസിച്ച് അംഗങ്ങളിൽ സമാവേശിപ്പിച്ച് സകല രക്ഷയും സാധിക്കുന്നതിനാൽ ഇതിന് ന്യാസം എന്നു പറയുന്നു. ജപ വിഘ്നം വരാതെ രക്ഷിക്കുവാനും ന്യാസം ആവശ്യമാണ്. ഋഷി, ഛന്ദസ്സ് , ദേവത എന്നിവ ശിരസ്, വായ, ഹൃദയം എന്നിവിടങ്ങളിൽ ന്യസിക്കണം. സ്തോത്രദ്രഷ്ടാവായ ഋഷി ഗുരുവാണ്. ഋഷി ന്യാസത്തിലൂടെ ജപിക്കുന്നയാൾ ഋഷിയെ ഗുരുവായിക്കണ്ട് ശിരസ്സിൽ പ്രതിഷ്ഠിക്കുന്നു. സ്തോത്രത്തിന്റെയും ജപത്തിന്റെയും അളവുകോലായി കണക്കാക്കുന്ന ഛന്ദസ്സ് ശബ്ദ സ്ഥാനമായ വായിൽ പ്രതിഷ്ഠിക്കുന്നു. ദേവതയെ ഹൃദയത്തിലും ന്യസിക്കണം.
Madhavan namboodiri 

No comments:

Post a Comment