Saturday, June 20, 2020


എന്റെ കൂടെ നീ വരുന്നത് കൊള്ളാം . പക്ഷെ അവിടെ ചെന്ന് '' കമ '' എന്ന് ഒരക്ഷരം മിണ്ടിപ്പോകരുത് . ഈ വാചകം നമ്മളിൽ പലരും ഇത് കേട്ടിട്ടുണ്ട് / പറഞ്ഞിട്ടുണ്ട് . എന്താണ് ഈ '' കമ '' ........ ? ഒരക്ഷരം ആണോ ......... ? അതോ ഒരു വാക്കോ ........... ? കേരളത്തിൽ പണ്ട് ഉണ്ടായിരുന്ന / ഉപയോഗിച്ചിരുന്ന ഒരു അക്ഷര സംഖ്യാ കോഡ്‌ ആണ് '' കടപയാദി '' അഥവാ '' പരൽപ്പേര് '' അഥവാ '' അക്ഷരസംഖ്യ '' എന്നത് . സംഖ്യകൾക്ക് പകരം അക്ഷരങ്ങൾ ഉപയിഗിക്കുന്ന ഒരു ആശയവിനിമയ സമ്പ്രദായമാണിത് . മലയാളത്തിലെ അൻപത്തിഒന്ന് അക്ഷരങ്ങൾക്ക് പകരം പൂജ്യം മുതൽ ഒൻപതുവരെയുള്ള അക്കങ്ങൾ നൽകി എഴുതുന്ന ഒരു രീതിയാണ് ഇത് . സംഖ്യകളെ എളുപ്പം ഓർത്തു വയ്ക്കത്തക്ക വിധം വാക്കുകൾ ആയും / കവിതകൾ ആയും മാറ്റി എഴുതുന്ന ഈ സമ്പ്രദായം പ്രധാനമായും ഗണിതശാസ്ത്രം / ജ്യോതിശാസ്ത്രം / തച്ചുശാസ്ത്രം / ആയുർവേദം എന്നീ മേഖലകളിലാണ് ഉപയോഗിച്ചിരുന്നത് . യുദ്ധ വേളകളിൽ മാർത്താണ്ഡവർമ്മ / പാലിയത്തച്ഛൻ എന്നിവർ രഹസ്യ സന്ദേശങ്ങൾ കൈമാറിയിരുന്നത് " കടപയാദി " രേഖകളിൽ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട് . താഴെ കാണുന്ന പ്രകാരമാണ് കോഡിങ് നടത്തുന്നത് . ക1 / ഖ 2 / ഗ 3 / ഘ 4 / ങ 5 . ച 6 / ഛ 7 / ജ 8 / ഝ 9 / ഞ 0 . ട 1 / ഠ 2 / ഡ 3 / ഢ 4 / ണ 5 . ത 6 / ഥ 7 / ദ 8 / ധ 9 / ന 0 . പ1 / ഫ 2 / ബ 3 / ഭ 4 / മ 5 . യ 1 / ര 2 / ല 3 / വ 4 / ശ 5 / ഷ 6 / സ 7 / ഹ 8 / ള 9 ഴ / റ 0 . സ്വരാക്ഷരങ്ങൾക്ക് എല്ലാം പൂജ്യം ആണ് മൂല്യം. കൂട്ടക്ഷരങ്ങളിൽ അവസാനത്തെ അക്ഷരത്തിനു മാത്രം വില . ( ഉദാഹരണം : '' ക്ത '' എന്നതിൽ '' ത '' ക്ക് മാത്രം വില . ) ചിലക്ഷരങ്ങൾക്ക് വിലയൊന്നുമില്ല. ഈ കൺവേർഷൻ നടത്തിയതിനു ശേഷം അർത്ഥവത്തായ വാക്കുകൾ ഉണ്ടാക്കി വലത്തു നിന്നും ഇടത്തേക്ക്‌ വായിക്കുക. ഇത് പ്രകാരം '' കമ '' എന്നത് ക1 / മ5 . തിരിച്ചു വായിച്ചാൽ 51 . മലയാളത്തിലെ 51 അക്ഷരങ്ങളിൽ ഒരക്ഷരം പോലും മിണ്ടരുത് എന്നാണ് കല്പന ....... !!! ഉദാഹരണങ്ങൾ നോക്കുക . കമലം : 351 ( ക1 / മ 5 / ല 3 ) ഭാരതം : 624 ( ഭ 4 / ര 2 / ത 6 ) രഹസ്യം : 182 ( ര 2 / ഹ 8 / യ1) രാജ്യരക്ഷ : 6212 ( ര 2 / യ 1 / ര 2 / ഷ 6 ) ഇഗ്ളീഷ് മാസങ്ങളിലെ ദിവസങ്ങളുടെ എണ്ണം കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ തന്റെ ശ്ലോകത്തിലൂടെ പറഞ്ഞിരിക്കുന്നത് നോക്കുക . " പലഹാരേ പാലു നല്ലൂ പുലർന്നാലോ കലക്കിലാം ഇല്ല പാലെന്നു ഗോപാലൻ ആംഗ്ലമാസം ദിനം ക്രമാൽ " ഇവിടെ പല 31 / ഹാരേ 28 / പാലു 31 / നല്ലൂ 30 പുലർ 31/ ന്നാലോ 30 / കല 31/ ക്കിലാം 31 ഇല്ല 30 / പാലെ 31 / ന്നുഗോ 30 / പാലൻ 31 എത്ര രസകരമായ / മനോഹരമായ അവതരണം. കർണ്ണാടക സംഗീതത്തിലെ എഴുപത്തിരണ്ട് മേളകർത്താ രാഗങ്ങളുടെ പേരുകൾ കടപയാദിയിൽ ആണെന്ന് നമ്മുക്ക്‌ എത്ര പേർക്കറിയാം ....... ? ഉദാഹരണങ്ങൾ . കനകാംഗി : ക 1 ന 0 = ഒന്നാമത്തെ രാഗം . ഖരഹരപ്രിയ : ഖ 2 ര 2 = ഇരുപത്തിരണ്ടാമത്തെ രാഗം . ധീരശങ്കരാഭരണം : ധ 9 ര 2 = ഇരുപത്തിഒന്പതാമത്തെ രാഗം . ഹരി കാംബോജി : ഹ 8 ര 2 = ഇരുപത്തിഎട്ടാമത്തെ രാഗം . കലിവർഷം / കൊല്ലവർഷം / ക്രിസ്തുവർഷം എന്നിവയുടെ കൺവേർഷൻ നടത്തുന്നത് കാണുക . " കൊല്ലത്തിൽ തരളാംഗത്തെ കൂട്ടിയാൽ കലിവത്സരം കൊല്ലത്തിൽ ശരജം കൂട്ടി ക്രിസ്ത്വബ്ദം കണ്ടുകൊള്ളണം ." തരളാംഗം : 3926 . ശരജം : 825 . കൊല്ലവർഷത്തോട് 3926 കൂട്ടിയാൽ കലിവർഷവും / 825 കൂട്ടിയാൽ ക്രിസ്തു വർഷവും ലഭിക്കും. വിദ്യാരംഭത്തിൽ കുറിക്കുന്ന '' ഹരിശ്രീ ഗണപതയെ നമ '' എന്ന ശ്ലോകം കടപയാദിയിലേക്ക് മാറ്റിയാൽ മലയാള ഭാഷയിലെ അക്ഷരങ്ങളുടെ എണ്ണം ലഭിക്കുമെന്ന് കാണാം . ( അമ്പത്തൊന്നക്ഷരാളീ. ) ഹരി 28 / ശ്രീ 2 / ഗ 3 / ണ 5 / പ1 / ത 6 / യ1 / ന 0 / മ 5 . 28 + 2 + 3 + 5 + 1 + 6 + 1+ 0 + 5 = 51. മേൽപ്പത്തൂർ നാരായണ ഭട്ടതിരി തന്റെ കൃതിയായ '' നാരായണീയം '' അവസാനിപ്പിക്കുന്നത് '' ആയുരാരോഗ്യ സൗഖ്യം കൃഷ്ണാ '' എന്നു പറഞ്ഞു കൊണ്ടാണ് . ഇതിൽ '' ആയുരാരോഗ്യസൗഖ്യം '' എന്നത് കടപയാദി സംഖ്യ പ്രകാരം 1712210 ആണ്. ഈ കലിദിനസംഖ്യക്ക് തുല്യമായ കൊല്ല വർഷദിനം 762 വൃശ്ച്ചികം 28 . മേൽപ്പത്തൂർ " നാരായണീയം '' എഴുതി പൂർത്തിയാക്കിയ ദിവസം . മഹാകവി ഉള്ളൂർ മരിച്ചപ്പോൾ കൃഷ്ണവാരിയർ എഴുതിയ ശ്ലോകത്തിന് പേര് നൽകിയത് '' ദിവ്യ തവ വിജയം '' എന്നാണ് . ( ദ 8 / യ1 / ത 6 / വ 4 / വ 4 / ജ 8 / യ 1 ) 1844619 എന്ന കലി ദിന സംഖ്യ ക്രിസ്തു വർഷമാക്കിയാൽ 1949 ജൂൺ 15 - ആണ് ലഭിക്കുക . ഉള്ളൂരിന്റെ ചരമദിനം .......... !!!! ഗണിതശാസ്ത്രത്തിലെയും / ജ്യോതിശാസ്ത്രത്തിലെയും ചില കണക്കുകൾ നോക്കുക . 1 / അനന്തപുരി - 21600 = വൃത്തത്തിന്റെ അംഗുലർ ഡിഗ്രി 360 X 60 . 2 / അനൂനനൂന്നാനനനുന്നനിത്യം (1000000000000000 ) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി / ചണ്ഡാം ശുചന്ദ്രാധമകുംഭിപാല ( 31415926536 ) ആയിരിക്കും എന്നു്‌ . പൈ യുടെ മൂല്യം പത്തു ദശാംശസ്ഥാനങ്ങൾക്കു ശരിയായി ഇതു നൽകുന്നു. 3 / ഭൂമിയുടെ അംഗുലർ വെലോസിറ്റി - '' ഗോപാജ്‌ഞയാ ദിനധാമ '' ഗ 3 / പ1 / ഞ 0 / യ1 / ദ 8 / ന 0 / ധ 9 / മ 5 . അതായത് 59 മിനിറ്റ് / 08 സെക്കന്റ് / 10 ഡെസി സെക്കന്റ് / 13 മൈക്രോ സെക്കന്റ് . നമ്മുടെ നാടിന്റെ പൈതൃകമായ അത്ഭുതാവഹമായ ഇത്തരം അറിവുകൾ എത്ര പേർക്കറിയാം ?

No comments:

Post a Comment