Wednesday, June 03, 2020

'ഒരു വ്യാഴവട്ടക്കാലം' പന്ത്രണ്ട് വര്‍ഷം. വ്യാഴം ഒരു തവണ പന്ത്രണ്ടു രാശികളും കടന്നുപോകുന്ന കാലയളവ്. ഓരോ മനുഷ്യന്‍റെയും ജീവിതത്തില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങളും സുഖദുഃഖങ്ങളും വ്യാഴം രാശി മാറുന്നതിനനുസരിച്ച്  മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. കാലത്തെയും ജീവിതാനുഭവങ്ങളെയും അളന്ന് കൃത്യമായി രേഖപ്പെടുത്താൻ സഹായിക്കുന്ന പ്രത്യക്ഷ സൂചകങ്ങളായി നിന്ന് നക്ഷത്രങ്ങളും ഗ്രഹങ്ങളും നമുക്ക് ജീവിതത്തിൻറെ സൂക്ഷ്മ ദർശനം നൽകുന്നുണ്ട്. അത് അവ്യക്തമായ കാരണങ്ങളെ വ്യക്തമാക്കുന്ന സൂചകങ്ങളാണ്! സൂക്ഷ്മലോകത്തെ വരച്ചു കാട്ടുന്ന സ്ഥൂലരൂപങ്ങൾ!

ഒരു വ്യാഴവട്ടക്കാലംകൊണ്ട് ഒരു തവണ നാം ജീവിതത്തിന്‍റെ എല്ലാ അവസ്ഥയിലൂടെയും സ്വാനുഭവത്തിലൂടെ കടന്നുപോകുന്നുണ്ട്. വീണ്ടും അടുത്ത പന്ത്രണ്ടു വര്‍ഷക്കാലം കടന്നുവരുന്നു. അപ്പോൾ ചക്രത്തിലെന്ന പോലെ ഒരേ അനുഭവങ്ങള്‍ തന്നെ ആവര്‍ത്തിക്കപ്പെടുന്നത് കാണാം.  ഇങ്ങനെ ജീവിതചക്രത്തിൽ ഒരേ വിഷയത്തിൽ നിന്നുതന്നെ ഉണ്ടാകുന്ന സുഖദുഃഖങ്ങളുടെ ആവര്‍ത്തനസ്വഭാവം മനസ്സിലാകുമ്പോഴാണ് ഒരാള്‍ സുഖത്തെയും ദുഃഖത്തെയും ഒന്നായി മനസ്സിലാക്കാൻ തുടങ്ങുന്നത്. ക്രമേണ രാഗമുണ്ടായിരുന്ന വിഷയങ്ങളോട് വൈരാഗ്യം  ഉണ്ടാകുന്നു. അത്തരത്തിൽ മൂന്നോ നാലോ വ്യാഴവട്ടക്കാലം കടന്നുപോകുമ്പോൾ ഒരാൾക്ക് ജീവിതാവസ്ഥകളായ സുഖദുഃഖങ്ങളുടെ സ്ഥിരതയില്ലായ്മയും, ചാക്രികതയും മനസ്സിലായി പക്വത ഉണ്ടായിവരുകയും ചെയ്യും. ചിലർക്ക് ബ്രഹ്മചര്യാശ്രമമായ വിദ്യാഭ്യാസ കാലഘട്ടം പൂർത്തിയാകുമ്പോൾതന്നെ ആ രണ്ട് വ്യാഴവട്ടക്കാലം കൊണ്ട് വിരക്തിയുണ്ടായി എന്നു വരാം. അവർ അവിടെവച്ചു തന്നെ നശ്വരവിഷയങ്ങൾ വിട്ട് തത്ത്വാഭിമുഖമായി തിരിയുന്നു.  മറ്റുള്ളവർ വീണ്ടും രണ്ടു വ്യാഴവട്ടക്കാലം ഗൃഹസ്ഥാശ്രമത്തിൽ ജീവിച്ച് അവിടുത്തെ അനുഭവങ്ങളിൽ നിന്നും ജീവിതാനുഭവങ്ങളുടെ ചാക്രിക സ്വഭാവവും അസ്ഥിരതയും തിരിച്ചറിയുന്നു. അതിനു ശേഷം അവരും  തത്ത്വാഭിമുഖമായി തിരിയുന്നു. ചിലരാകട്ടെ പൂർവ്വജന്മാർജ്ജിത ജ്ഞാനംകൊണ്ടും സംസ്കാരം കൊണ്ടും ജന്മനാ തന്നെ വിരക്തരായും തത്ത്വാഭിമുഖരായും വന്നുകൂടുന്നു. അതിനാൽ ഒരാൾക്കും മറ്റൊരാളെ അതേപടി അനുകരിക്കാൻ കഴിയില്ല. ഓരോരുത്തരും ഓരോ അവസ്ഥകളിൽ എത്തിച്ചേർന്നവരാണ്. നാം ഇപ്പോൾ എവിടെയാണോ അവിടെ നിന്ന് മുന്നോട്ട് പോകണം.
 

ഇവിടെ ഒരു വ്യാഴവട്ടക്കാലം എന്നത് മനുഷ്യജീവിതത്തെ സംബന്ധിച്ച് വലിയൊരു കാലയളവാണ്.  സ്വന്തം തപസ്സിന് വിഘ്നം വരാതെ പന്ത്രണ്ടു വര്‍ഷക്കാലം ഒരാൾക്ക് നിഷ്ഠയോടിരിക്കാനായാല്‍ ഫലസിദ്ധി ഉണ്ടാകുകതന്നെ ചെയ്യുമെന്നാണ് വിവേകാനന്ദസ്വാമികള്‍ ഉപദേശിച്ചിട്ടുള്ളത്. അതിന് എന്താണ് പ്രതിബന്ധം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഒരു വ്യാഴവട്ടക്കാലം കൊണ്ട് ജീവിതം അതിൻറെ എല്ലാതരത്തിലുള്ള സുഖദുഃഖങ്ങളെയും പ്രലോഭനങ്ങളെയും നമുക്ക് മുന്നില്‍വച്ച് നീട്ടും. ഹനുമാന്‍ ലങ്കയിലേയ്ക്ക് കടല്‍മാര്‍ഗ്ഗം കുതിക്കുമ്പോള്‍ സുഖമായും ദുഃഖമായും ഓരോ പ്രലോഭനങ്ങളും പ്രതിബന്ധങ്ങളും കടന്നുവന്നിട്ടും അതിലൊന്നും മനമിളകാതെ അടിപതറാതെ അദ്ദേഹം ലക്ഷ്യം കണ്ടില്ലേ? അതു പോലെയാകേണ്ടതുണ്ട് നമ്മുടെ തപസ്സ്, ആദർശനിഷ്ഠ, സത്യനിഷ്ഠ, പരിശുദ്ധി! നമ്മുടെ മനസ്സിനെ ഇളക്കാനും ആദർശത്തെ കളയുവാനും ഏതൊന്നിനു കഴിവുണ്ടോ അതിൽ നാം ബന്ധിക്കപ്പെട്ടിരിക്കുന്നു! അത് പണമാകാം പദവിയാകാം മറ്റെന്തുമാകാം.
ഓം
Krishnakumar kp

No comments:

Post a Comment