Saturday, June 27, 2020


🙏🏼👨🏻‍🦲🤝🏼🕉☯🔯🌹👨🏻‍🦲🙏🏼 🚩 *ഓം ശ്രീ മഹാഭാരതം കഥകൾ* 🚩 ⚔️ 🏹 *ഭീഷ്മപർവ്വം* 🤺 🏇🏼 🛕 *യുദ്ധത്തിന്റെ മൂന്നാം ദിവസം* ⛩️ 🚩🏹🤺🏇🏼🐘⚔️🛡️⚔️🛡️🎠🚩 *മൂന്നാം ദിവസം രാവിലെ ആദ്യം തന്നെ ഭീഷ്മർ തന്റെ സേനയെ ഗരുഡ വ്യൂഹം ചമച്ചു ഒരുക്കി നിർത്തി. കൊക്കിന്റ സ്ഥാനത്തു ഭീഷ്മർ സ്വയം നിന്നു, ഇരു കണ്ണുകളുടെ ഭാഗത്ത് അശ്വത്ഥാമാവും, കൃപരും- തൃഗർത്തന്മാരും, ജയദ്രഥനും പക്ഷിയുടെ കൺഠഭാഗത്തും അണിനിരന്നു. ഹൃദയ ഭാഗത്ത് ദുര്യോധനനും, സഹോദരന്മാരും, വിന്ദാനുവിന്ദന്മാരും, വാലറ്റത്തു കോസലരാജാവായ ബൃഹത്ബലൻ നിലയുറപ്പിച്ചിരുന്നു.* *തന്റെ മുത്തച്ഛൻ ചമച്ചിട്ടുള്ള ഗരുഡ വ്യൂഹം അർജ്ജുനൻ നോക്കി കണ്ടു, അതിന് പകരമായി ധൃഷ്ടദ്യുമ്നനുമായി ആലോചിച്ചു അവർ ചന്ദ്രക്കലാവ്യൂഹം ചമച്ചു. ചന്ദ്രക്കലയുടെ വലത്തേ അറ്റത്തു ഭീമനും മറുഭാഗത്തു ദ്രുപദനും, വിരാടനും അവരവരുടെ സൈന്യത്തോടൊപ്പം അണിനിരന്നു. അതിന് പിന്നിൽ ധൃഷ്ടകേതുവും, നീലനും അവരവരുടെ സൈന്യത്തോടൊപ്പം അണിനിരന്നു. നടുഭാഗത്തിനടുത്തായി ശിഖണ്ഡിയും, നടുഭാഗത്തു ഗജസേനയോടൊപ്പം യുധിഷ്ഠിരനും ഇടതു ഭാഗത്ത് സാത്യകിയും, ദ്രൗപദിയുടെ അഞ്ച് പുത്രന്മാർ അഭിമന്യുവിന്റെ നേതൃത്വത്തിൽ അണിനിരന്നു, അതിനടുത്തു ഭീമന്റെ അടുത്തായി ഘടോൽകചനും അർജ്ജുന പുത്രനായ ശിവന്റെ പ്രതിരൂപമായ നാഗകന്യകാ പുത്രനായ ഇരാവാനും അണിനിരന്നു. പിന്നിലായി നകുല സഹദേവന്മാർ. അർജ്ജുന രഥം ഇടത്തെ അറ്റത്തു നിന്നു.* *പെരുമ്പറ മുഴങ്ങി, വീരന്മാർ ഓരോരുത്തരും അവരവരുടെ ശംഖനാദം മുഴക്കി യുദ്ധസന്നദ്ധത അവതരിപ്പിച്ചു. അൽപ്പസമയം കഴിഞ്ഞതോടെ ഭീഷ്മർ മുന്നോട്ട് കുതിച്ചു ഭീഷ്മരെ അനുഗമിച്ചു ദ്രോണർ, ജയദ്രഥൻ, പുരുമിത്രൻ, വികർണ്ണൻ, ശകുനി എന്നിവർ ഇരുവശത്തുമായി മുന്നോട്ട് കുതിച്ചു. ഭീമൻ, ഘടോൽഘചൻ, സാത്യകി, ദ്രൗപദി പുത്രന്മാർ, ഈരാവാൻ എന്നിവർ ഭീഷ്മരുടെ മുന്നേറ്റം തടഞ്ഞു കൊണ്ട് യുദ്ധം ആരംഭിച്ചു. ഘടോൽഘചൻ ദുര്യോധനന് നേരെ തിരിഞ്ഞു. ഈരാവാനും ഘടോൽകചനോടൊപ്പം ചേർന്നു.* *ഭീഷ്മർ സൈന്യത്തെ ഉഴുതുമറിക്കുമാറ് ആയുധം പ്രയോഗിച്ചു കൊണ്ടിരുന്നു. സാത്യകിയുടെ രഥം ശകുനി തകർത്തു, അദ്ദേഹം അഭിമന്യുവിന്റെ രഥത്തിൽ കയറി അഭിമന്യുവിനോടൊപ്പം യുദ്ധം ചെയ്ത് അതേ നാണയത്തിൽ തിരിച്ചടിച്ചു.* *ഭീഷ്മരും, ദ്രോണരും യുധിഷ്ട്ടിരന്റെ ഗജസൈന്യത്തിനു നേർ യുദ്ധം ആരംഭിച്ചു. മാദ്രി പുത്രന്മാർ യുധിഷ്ഠിരനെ സഹായിച്ചു. ഘടോൽകചന്റെ യുദ്ധം നേരിട്ട ദുര്യോധനൻ ആകെ വിവശനായി താമസിയാതെ ഭീമൻ തന്റെ മകനെ സഹായിക്കാൻ എത്തിയതോടെ ദുര്യോധനൻ യുദ്ധഭൂമിൽ കുഴഞ്ഞു വീണു. സാരഥിയും ദുശ്ശാസനനും കൂടി ദുര്യോധനനെ യുദ്ധഭൂമിയിൽ നിന്നു പിന്നിലേയ്ക്ക് കൊണ്ടുപോയി. അപ്പോഴേക്കും ദ്രോണരും, ഭീഷ്മരും ഭീമനെ നേരിടാൻ എത്തിക്കഴിഞ്ഞു. ആ സമയം സാത്യകി ഭീമന്റെ സഹായത്തിനെത്തി. ഘടോല്കചൻ കൗരവസേനയ്ക്കു വലിയ നാശനഷ്ടം വരുത്തി വച്ചു. *അതോടൊപ്പം ഈരാവാൻ തന്റെ മുന്നിൽ വരുന്നവരെ എല്ലാം അരിഞ്ഞു തള്ളിക്കൊണ്ടിരുന്നു. അനിയന്ത്രിതമായ മുന്നേറ്റം തന്നെ ആണ് യുവതലമുറ പാണ്ഡവന്മാർ കൗരവസേനയ്ക്കു സമ്മാനിച്ചത്.* *അല്പം വിശ്രമിച്ച ദുര്യോധനൻ തന്റെ മോഹാലസ്യം വിട്ടെഴുന്നേറ്റ് മുന്നണിയിലേക്ക് എത്തിച്ചേർന്നു. ഭീമനും, ഘടോത്കചനും, ഇരാവാനും ചേർന്നു കൗരവസേനയെ കശക്കി എറിഞ്ഞു കൊണ്ടേയിരുന്നു. ദുര്യോധനന് ഒരിക്കലും താങ്ങുവാനാകുന്നതിലധികം സൈന്യം അവർ മൂവരും ചേർന്നു ഇല്ലാതാക്കി.* *ദുര്യോധനൻ നേരെ ഭീഷ്മരുടെ അടുത്ത് ചെന്നു, കൗരവസൈന്യം അതീവ ബലവത്താണെന്നു ഊറ്റം കൊണ്ട ദുര്യോധനൻ തന്റെ കൗരവപ്പടയുടെ ദുര്യോഗം ചൂണ്ടിക്കാട്ടി ഭീഷ്മരോട് പറഞ്ഞു, മുത്തച്ഛാ അങ്ങേയ്ക്കെപ്പോഴും പാണ്ഡവരോടാണ് കൂറ്. ഇവിടെ നിന്ന് യുദ്ധം ചെയ്യമ്പോഴും പാണ്ഡവരെ അങ്ങ് വെറുതെ വിട്ട് കേവലം സൈനികരെ മാത്രമാണ് അങ്ങ് ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ അങ്ങയോടൊപ്പം ദ്രോണരും, കൃപരും, അശ്വത്ഥാമാവുമെല്ലാം ജീവിച്ചിരിക്കുമ്പോൾ പൊടിമീശക്കാരായ പാണ്ഡവരുടെ പുത്രന്മാർ ഭീമന്റെ നേതൃത്വത്തിൽ നമ്മുടെ സേനയിൽ മൂന്നിലൊന്നിനെയും മൂന്നാംദിവസം തന്നെ ഇല്ലാതാക്കിയിരിക്കുന്നു. നിങ്ങൾ എല്ലാവരും പാണ്ഡവപക്ഷപാതികൾ തന്നെ ആണ്. അതുകൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. ദ്രോണരും, അങ്ങും പാണ്ഡവരോട് യുദ്ധം ചെയ്യാനേ ഇഷ്ടപ്പെടുന്നില്ല. നിങ്ങൾ ആണ് മുൻപന്തിയിൽ നിന്നു പടനയിക്കുന്നതും, പിന്നെ എങ്ങനെ എന്റെ സേനയ്ക്ക് ജയിക്കാൻ സാധിക്കും? യുദ്ധാരംഭത്തിൽ തന്നെ അങ്ങ് എന്നോട് പാണ്ഡവരോടുള്ള മമത പറഞ്ഞിരുന്നു എങ്കിൽ ഞാൻ രാധേയനെ സർവ്വ സൈന്യാധിപൻ ആക്കുമായിരുന്നു. നിങ്ങൾക്ക് അല്പമെങ്കിലും എന്നോടോ അല്ല ഹസ്തിനപുരത്തോടോ താല്പര്യം ഉണ്ടെങ്കിൽ നല്ല രീതിയിൽ യുദ്ധം ചെയ്യുക, അല്ലങ്കിൽ സേനാധിപതി സ്ഥാനത്തു നിന്നു പിന്മാറുക. ഭീഷ്മർ ദുര്യോധനന്റെ ദുർഭാഷണം മുഴുവൻ കേട്ട ശേഷം പറഞ്ഞു. കുഞ്ഞേ ഞാൻ എന്നാലാവുന്ന വിധത്തിൽ യുദ്ധം ചെയ്യുന്നുണ്ട്, ഞാൻ ഒരു വയോവൃദ്ധൻ ആണെന്ന് നീ പലപ്പോഴും മറന്നു പോകുന്നു. പാണ്ഡവർ അജയ്യരാണ് എന്ന് ഞാൻ എത്രയോ തവണ നിനക്ക് പറഞ്ഞു തന്നിരിക്കുന്നു. സാക്ഷാൽ ഇന്ദ്രനെ പോലും തോൽപ്പിച്ചവർ ആണിവർ. അത് നീ മറക്കണ്ട. പിതാമഹൻ പറഞ്ഞു തീരും മുൻപ് തന്റെ ശംഖൂതി മുന്നോട്ട് ആഞ്ഞു.* *അർജ്ജുനൻ കൃഷ്ണനോട് പറഞ്ഞു പിതാമഹൻ ക്രുദ്ധനായിരിക്കുന്നു. എന്നെ അദ്ദേഹത്തിന്റെ മുന്നിലേയ്ക്ക് നയിക്കൂ കൃഷ്ണാ അല്ലങ്കിൽ അദ്ദേഹം സേനയെ വധിക്കുന്നതിൽ ജാഗരൂകനാകും. അതുകേട്ടു കൃഷ്ണൻ രഥം ഭീഷ്മരുടെ നേർക്ക് നയിച്ചു. ഭീഷ്മരും, അർജ്ജുനനുമായി പോരാട്ടം തുടർന്നു കൊണ്ടേയിരുന്നു. അത്ര മനോഹരമായ അസ്ത്ര പ്രയോഗങ്ങൾ മുൻപൊരിക്കലും ആരും കണ്ടിരുന്നില്ല. അർജ്ജുനന്റെ അസ്ത്രപ്രയോഗങ്ങൾക്കു മുന്നിൽ ഭീഷ്മരും, ദ്രോണരും എല്ലാം പകച്ചുപോയി. കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു ഇതാ അങ്ങേയ്ക്കു അങ്ങയുടെ വാക്കുകൾ പാലിക്കാൻ സമയം അടുത്തിരിക്കുന്നു ഭീഷ്മദ്രോണാദികളെ കൊല്ലുവാനുള്ള അവസരം ഇതാ. കൃഷ്ണൻ രഥം ഭീഷ്മർക്കും, ദ്രോണർക്കും മധ്യത്തിലേയ്ക്ക് കടത്തി നിർത്തി.* *കോപാകുലനായ ഭീഷ്മർ കൃഷ്ണന് നേരെ അസ്ത്രം തൊടുത്തു. യുദ്ധത്തിൽ പാലിക്കേണ്ട നിയമം വിട്ട് തനിക്കെതിരെ ആയുധം പ്രയോഗിച്ച ഭീഷ്മരെ വധിക്കുവാൻ ഈ യുദ്ധത്തിൽ ആയുധം എടുക്കില്ല എന്ന് വാക്ക് പറഞ്ഞിരുന്നെങ്കിലും തന്റെ ഇരിപ്പിടം വിട്ട് കൃഷ്ണൻ അതി ക്രുദ്ധനായി ചക്രായുധം ധരിച്ചു ഭീഷ്മർക്ക് നേരെ പാഞ്ഞടുത്തു.* *കൃഷ്ണന്റെ സുദർശന ചക്രമേന്തിയ വിശ്വരൂപം കണ്ടു ഭീഷ്മർ ആയുധം താഴെവച്ചു തന്നെ കൊന്നുകൊള്ളുവാൻ കൃഷ്ണനോട് പറഞ്ഞു. നിരായുധനായ എന്നെ കൊല്ലുവാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ അങ്ങയുടെ മുൻപിൽ യുദ്ധം ചെയ്തു അങ്ങയുടെ കൈകൊണ്ടു മരിക്കാൻ ഇഷ്ടപ്പെടുന്നു ഭഗവാനെ, ഈ ജീവനെടുത്തു ഈ സംസാരക്കടലിൽ നിന്നു മോചിപ്പിച്ചാലും.... അർജ്ജുനൻ കൃഷ്ണന്റെ കാൽക്കൽ കെട്ടിവീണ്‌ കൃഷ്ണനെ തടയാൻ ശ്രമിച്ചു കൊണ്ടിരുന്നു. വേണ്ട കൃഷ്ണാ ഞാൻ എന്റെ മുത്തച്ഛൻ, ഗുരു എന്ന പരിഗണന ഇവർക്ക് എന്റെ ആയുധപ്രയോഗത്തിൽ നൽകിയിരുന്നു, അങ്ങയുടെ ഉപദേശം സർവഥാ ശിരസ്സാ വഹിച്ചു ഇനിമേൽ ഇവരെ വെറും ശത്രുക്കൾ ആയിക്കണ്ടു യുദ്ധം ചെയ്യാം, ദയവായി അങ്ങ് അങ്ങയുടെ വാക്കുകൾ തെറ്റിക്കരുതേ.... യുദ്ധഭൂമി അൽപനേരം നിശ്ചലമായി. അർജ്ജുനന്റെ സ്വാന്തന വാക്കുകളിൽ കൃഷ്ണൻ തന്റെ രുദ്ര രൂപം ഉപേക്ഷിച്ചു, തിരികെ രഥത്തിലേയ്ക്ക് കയറി ഇരുന്നു ചമ്മട്ടി കയ്യിലേന്തി. വീണ്ടും അർജ്ജുന രഥത്തിന്റെ സാരഥ്യം ഏറ്റെടുത്തു.* *കൃഷ്ണൻ തന്റെ പാഞ്ചജന്യമെടുത്തുഅതി ശക്തമായ ശംഖനാദം മുഴക്കി. പിന്നീട് അർജ്ജുനന്റ് മുന്നിൽ കൗരവ സൈന്യം നിലംപരിശാക്കി മാറിക്കൊണ്ടിരുന്നു. ഇതുവരെയും സാധാരണ ബാണങ്ങൾ മാത്രം പ്രയോഗിച്ചിരുന്ന അർജ്ജുനൻ ആദ്യമായി ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ചു- ഐന്ദ്രാസ്ത്രം അയച്ചു കൗരവസേനയിൽ കനത്ത നാശം ഉണ്ടാക്കി.* *തങ്ങളുടെ ഭാഗത്ത് വൻ നഷ്ടം സംഭവിക്കുവാൻ പോകുന്നു എന്ന് തിരിച്ചറിഞ്ഞ ഭീഷ്മർ, ദ്രോണൻ, ബാല്ഹികൻ എന്നിവർ കൂടിയാലോചിച്ചു സൂര്യാസ്തമനത്തിനു വളരെ മുൻപ് തന്നെ കൗരവ സേനയെ പിൻവലിച്ചു.* *അങ്ങനെ മൂന്നാം ദിവസത്തെ യുദ്ധം അവസാനിച്ചു. കൗരവ രാജൻ ദുര്യോധനൻ കടുത്ത നിരാശയിലായി. മുത്തച്ഛനും, ഗുരു ദ്രോണാചാര്യരും പറഞ്ഞപ്പോൾ അവരെ എതിർത്തു അർജ്ജുനനെ താൻ നിസ്സാരനായി ആണ് കണ്ടിരുന്നത്, എന്നാൽ ഇന്ന് അർജ്ജുനന്റെ യഥാർത്ഥ രൂപം യുദ്ധത്തിൽ കാഴ്ചവച്ചതോടെ ദുര്യോധനന് താൻ യുദ്ധത്തിന് ഇറങ്ങിയത് തികച്ചും അബദ്ധമായിപ്പോയി എന്ന ചിന്തയിൽ അകപ്പെട്ടു. ഗുരുക്കന്മാരുടെ വാക്കുകൾ ധിക്കരിച്ചതിന്റെ ശിക്ഷ എന്ന് ചിന്തിച്ചു അദ്ദേഹത്തിന് കുറ്റബോധം മൂലം രാത്രി ഉറക്കം തന്നെ നഷ്ടപ്പെട്ടു.......* *തുടരും.......* *ഹരേ രാമാ, ഹരേ രാമാ, രാമ രാമ ഹരേ.... ഹരേ.....* *ഹരേ കൃഷ്ണാ, ഹരേ കൃഷ്ണാ, കൃഷ്ണ കൃഷ്ണ ഹരേ... ഹരേ...* വർഷങ്ങൾ നീണ്ടു നിൽക്കുന്ന മഹാഭാരതം കഥകൾ നിത്യവും മുടങ്ങാതെ നിങ്ങളിൽ എത്തിച്ചു തരുവാൻ ജഗദീശ്വരൻ എന്നെയും, ഈ കഥകൾ മുഴുവൻ കേട്ടറിയുവാൻ അങ്ങയ്ക്കും ആയുസ്സും -ആരോഗ്യവും -അതോടൊപ്പം നമ്മുടെ സൗഹൃദവും ദീർഘനാൾ നിലനിൽക്കുവാനും നമ്മൾ ഇരുവരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ഒരിക്കൽ കൂടി പ്രാർത്ഥിക്കുന്നു. *ശ്രീ മഹാഭാരതകഥ -141-ആം ഖണ്ഡം.* ✍🏼 *യോഗി ബാലാജി* 🙏🏼 🙏🏼👨🏻‍🦲🤝🏼🕉☯🔯🌹👨🏻‍🦲🙏🏼

No comments:

Post a Comment