Thursday, July 09, 2020


*ക്ഷേത്രം* ✴️✴️✴️ *ഗുരുവായൂർ ക്ഷേത്രം* 🌷🦚🌷🦚🌷 ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനുകാരണമായ ഒരു കഥ നാരദപുരാണത്തിൽ വർണ്ണിക്കുന്നുണ്ട്. കുരുവംശത്തിലെ പിന്മുറക്കാരനും അർജുനന്റെ പൗത്രനും അഭിമന്യുവിന്റെ പുത്രനുമായ പരീക്ഷിത്ത് മഹാരാജാവ് മുനിശാപത്തെത്തുടർന്ന് ഉഗ്രസർപ്പമായ തക്ഷകന്റെ കടിയേറ്റ് അപമൃത്യു വരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ പുത്രൻ ജനമേജയൻ തന്റെ പിതാവിന്റെ അന്ത്യത്തിനുകാരണമായ സർപ്പവംശത്തെ മുഴുവൻ ഉന്മൂലനം ചെയ്യുന്നതിനായി 'സർപ്പസത്രം' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ അമൃത് കുടിച്ചവനായതിനാൽ തക്ഷകൻ മാത്രം ചത്തില്ല. തന്മൂലം ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം കുഷ്ഠരോഗബാധിതനാകുകയും ചെയ്തു. രോഗശാന്തിക്കായി ധാരാളം വഴികൾ നോക്കിയിട്ടും ഒന്നും ഫലം കണ്ടില്ല. അങ്ങനെ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഏറെ തളർന്ന ജനമേജയനുമുമ്പിൽ ദത്താത്രേയമഹർഷി പ്രത്യക്ഷപ്പെടുകയും രോഗശാന്തിക്കായി ഗുരുവായൂരിലെ മഹാവിഷ്ണുവിനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് വിവരിച്ചുകൊടുത്തു. അതിങ്ങനെ: 'പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ (കല്പം ഹിന്ദുമതത്തിലെ ഒരു കാലയളവാണ്) ബ്രഹ്മാവ് സൃഷ്ടികർമ്മത്തിലേർപ്പെട്ടുകൊണ്ടിരിയ്ക്കെ മഹാവിഷ്ണു അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷനായി. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവത്തിനുള്ള അവസരമൊരുക്കണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതുതന്നെയായ ഒരു അഞ്ജനവിഗ്രഹം നിർമ്മിച്ച് അദ്ദേഹത്തിനു സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ ബ്രഹ്മാവ് ഈ വിഗ്രഹം സുതപസ്സ് എന്ന രാജാവിന് സമ്മാനിച്ചു. വംശവർദ്ധനയ്ക്കായി ഭഗവാനെപ്പോലൊരു പുത്രനെ വേണമെന്ന് ആവശ്യപ്പെട്ട് സുതപസ്സും പത്നി പ്രശ്നിയും വളരെവർഷക്കാലമായി മഹാവിഷ്ണുവിനെ ഭജിയ്ക്കുകയായിരുന്നു. വിഗ്രഹം കിട്ടിയ ശേഷവും അവർ ഭജനം തുടർന്നു. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായ ഭഗവാൻ അവർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു: 'ഞാൻ തന്നെ നിങ്ങളുടെ പുത്രനായി നാലുജന്മങ്ങളിൽ അവതരിയ്ക്കാം. അപ്പോഴെല്ലാം നിങ്ങൾക്ക് ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകും.' അങ്ങനെ സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി 'പ്രശ്നിഗർഭൻ' എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ വാമനനായി അവതരിച്ചു. പിന്നീട് അവർ ദശരഥനും കൗസല്യയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെത്തന്നെ മൂന്നാം ജന്മത്തിൽ ഭഗവാൻ ശ്രീരാമനായി അവതരിച്ചു. പിന്നീട് അവർ വസുദേവരുംദേവകിയുമായി പുനർജനിച്ചപ്പോൾ ദ്വാപരയുഗത്തിലെ നാലാം ജന്മത്തിൽ ഭഗവാൻ ശ്രീകൃഷ്ണനായി അവതരിച്ചു. ഈ ജന്മങ്ങളിലെല്ലാം അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യം സിദ്ധിയ്ക്കുകയും ഭഗവാൻ അവരുടെ പുത്രനായി അവതരിയ്ക്കുകയും ചെയ്തു. മാതാപിതാക്കൾ നിത്യപൂജ ചെയ്തിരുന്ന ഈ വിഗ്രഹം അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം നിർമ്മിച്ച് വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു. എന്നും അദ്ദേഹം ഇവിടെ വന്ന് പൂജ നടത്തുമായിരുന്നു. ഒടുവിൽ ദ്വാപരയുഗത്തിന്റെ അന്ത്യത്തിൽ ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ ഭക്തോത്തമനും ശിഷ്യനുമായ ഉദ്ധവരോട് ഇങ്ങനെ പറഞ്ഞു: 'ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം ദിവസം ദ്വാരക സമുദ്രത്തിനടിയിലാകും. അതിൽ ദ്വാരക മുഴുവൻ നശിച്ചുപോകും. എന്നാൽ, നാലുജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഗ്രഹം മാത്രം അതിൽ നിന്ന് രക്ഷപ്പെട്ട് തിരമാലകൾക്കുമുകളിൽ പൊന്തിക്കിടക്കും. ആ വിഗ്രഹം താങ്കൾ ദേവഗുരുവായ ബൃഹസ്പതിയെ ഏൽപ്പിയ്ക്കണം. തുടർന്ന്, ശിഷ്ടകാലം തപസ്സനുഷ്ഠിയ്ക്കാനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുക.' ഭഗവാൻ പറഞ്ഞതുപോലെ ദ്വാരക ഏഴാം ദിവസം സമുദ്രത്തിനടിയിലായി. ഉദ്ധവർ ഇതിനുമുമ്പുതന്നെ ശിഷ്ടകാലം തപസ്സനുഷ്ഠിയ്ക്കുന്നതിനായിബദരീകാശ്രമത്തിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. പോകുന്നതിനുമുമ്പ് അദ്ദേഹം ബൃഹസ്പതിയോട് ഇക്കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക പൂർണ്ണമായും കടലടിച്ചുപോയിക്കഴിഞ്ഞിരുന്നു. എന്നാൽ അപ്പോൾത്തന്നെ നാലുജന്മങ്ങളിൽ ഭഗവാന്റെ മാതാപിതാക്കൾ പൂജിച്ച ദിവ്യവിഗ്രഹം കടൽവെള്ളത്തിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു. പക്ഷേ അതെങ്ങനെയെടുക്കും എന്നറിയാതെ കുഴഞ്ഞ ബൃഹസ്പതി ഉടനെത്തന്നെ ശിഷ്യനായ വായുദേവനെ വിളിച്ചു. വായുദേവൻ പ്രത്യക്ഷപ്പെട്ട് തിരമാലകളിലൂടെ വിഗ്രഹം കരയ്ക്കെത്തിച്ചു. തുടർന്ന് വിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ ഉചിതമായ സ്ഥാനം തേടി ആകാശമാർഗ്ഗേണ ഭാരതം മുഴുവൻ യാത്ര ചെയ്തു. ഒടുവിൽ ഭാർഗ്ഗവക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് കടലിനോടടുത്തായി അതിമനോഹരമായ ഒരു താമരപ്പൊയ്ക അവർ കാണാനിടയായി. ചുറ്റും പക്ഷികളുടെ കളകൂജനം. ഹരിതാഭ നിറഞ്ഞ അന്തരീക്ഷം. അതിനിടയിൽ അവർ ആകാശത്തുനിന്ന് ആ അത്ഭുതക്കാഴ്ച കണ്ടു: ലോകമാതാപിതാക്കളായ പാർവ്വതീപരമേശ്വരന്മാർ ആനന്ദതാണ്ഡവനൃത്തമാടുന്നു! ആ കാഴ്ച കണ്ടപ്പോൾതന്നെ അവർ താഴെയിറങ്ങി. ഇരുവരും പാർവ്വതീപരമേശ്വരന്മാരെ വന്ദിച്ചു. ശിവൻ മേൽപ്പറഞ്ഞ സ്ഥലത്തിന്റെ മാഹാത്മ്യം ബൃഹസ്പതിയ്ക്കും വായുദേവനും വിവരിച്ചുകൊടുത്തു: 'നമ്മൾ നിൽക്കുന്ന ഈ സ്ഥലം തന്നെയാണ് പരമപവിത്രമായ ഈ വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കുന്നതിന് ഏറ്റവും ഉചിതമായ സ്ഥാനം. പണ്ട് ഇവിടെയാണ് പുണ്യവാന്മാരായ പ്രചേതസ്സുകൾ തപസ്സനുഷ്ഠിച്ചിരുന്നത്. അവർക്ക് ഞാൻ രുദ്രഗീതം ഉപദേശിച്ചതും ഇവിടെവച്ചാണ്. തുടർന്ന് പതിനായിരം വർഷം അവർ ഇവിടെ തപസ്സിരുന്നു. അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണു അവർക്ക് സർവ്വശ്രേയസ്സുകളും നൽകി. ബൃഹസ്പതേ, ദേവഗുരുവായ അങ്ങും അങ്ങയുടെ ശിഷ്യനായ വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തുന്ന ഈ സ്ഥലം ഇനി 'ഗുരുവായൂർ' എന്നറിയപ്പെടും. കലികാലത്ത് ഭക്തർക്ക് അഭയമായി ഈ സങ്കേതം മാറും. ഞാൻ പാർവ്വതീദേവിയോടൊപ്പം അടുത്തുതന്നെ സ്വയംഭൂവായി അവതരിയ്ക്കുകയും ചെയ്യും.' ഇതു കേൾക്കേണ്ട താമസം ബൃഹസ്പതി ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചു. അദ്ദേഹം ഉടനെത്തന്നെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു. ബൃഹസ്പതിയും വായുദേവനും താന്ത്രികവിധിപ്രകാരം അവിടെ പ്രതിഷ്ഠ കഴിച്ചു. ഇന്ദ്രാദിദേവകൾ പുഷ്പവൃഷ്ടി ചൊരിഞ്ഞു. നാരദമഹർഷി സ്തുതിഗീതങ്ങൾ പാടി. ഈ മംഗളമുഹൂർത്തത്തിന് സാക്ഷിയാകാൻ നിന്ന പാർവ്വതീപരമേശ്വരന്മാർ അടുത്തുതന്നെയുള്ള മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. അങ്ങനെ ഗുരുവും വായുവും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തിയ പുണ്യഭൂമി ഗുരുവായൂരായും അവിടത്തെ ദേവൻ ഗുരുവായൂരപ്പനായും മാറി. വൈകുണ്ഠത്തിലേതുപോലെ ഭഗവാൻ ഇവിടെയും സർവ്വചൈതന്യസമ്പൂർണനായി വാഴുന്നതിനാൽ ഇവിടം ഭൂലോകവൈകുണ്ഠമാകുന്നു.' ഈ കഥ കേട്ടറിഞ്ഞ ജനമേജയൻ ഉടനെത്തന്നെ കുടുംബസമേതം ഗുരുവായൂരിലേക്ക് പുറപ്പെട്ടു. ഒരു വർഷം അദ്ദേഹം അവിടെ ഭജനമിരുന്നു. ഭജനത്തിനിടയിൽ അദ്ദേഹം മമ്മിയൂരിലും ദർശനം നടത്തി. തന്മൂലം ഏറെക്കാലം കഴിയും മുമ്പുതന്നെ അദ്ദേഹം കുഷ്ഠരോഗവിമുക്തി നേടി. പിന്നീട് ഏറെ വർഷക്കാലം അദ്ദേഹം അരോഗദൃഢഗാത്രനായി ജീവിച്ചു 🌷🙏🌷

No comments:

Post a Comment