Sunday, August 23, 2020

ഒറ്റവരിയുത്തരം...... അഞ്ചാംക്ലാസിലെ ആദ്യദിനം വിമലടീച്ചർ കുട്ടികളേ പരിചയപ്പെടാനാരംഭിച്ചു. സ്വയം പരിചയപ്പെടുത്തി അവർ തുടങ്ങി. എന്റെ പേര് വിമല നിങ്ങളുടെ ക്ലാസ് ടീച്ചറാണ് പഠിപ്പിക്കുന്ന വിഷയം മലയാളം. ഇനി നിങ്ങൾ ഓരോർത്തരായി എണീറ്റ്നിന്ന് നിങ്ങളുടെ പേര് പറയു. റിതിക......, ദയ......., വർഷ...., മാളവിക..., അവന്തിക....., അനാമിക...., സാഹിറ...., ശ്രേയ....., ദിയ...., മിഴി....., സാറാ...., ഷാജിത.... അങ്ങനെ നീണ്ടു പെൺനിര.... ആകാശ്...., നീരജ്....., നിവിൻ...., അനൂപ്...., അഭിലാഷ്...., ബ്രിട്ടാസ്...., ഫയാസ്...., അങ്ങനെ നീണ്ടു ആൺ നിര.... ആൺനിരയുടെ അവസാനം ഒരു കറുത്ത് മെലിഞ്ഞ ചെക്കൻ എണീറ്റ് ഉറക്കെ പറഞ്ഞു "നാരായണൻ" ക്ലാസിലെ പുതുമയുള്ള പേരിന്നുടമകൾക്ക് ചിരിയടക്കാനായില്ല... അവരുറക്കെ ചിരിച്ചു... നരായണൻ തല കുനിച്ചില്ല അവൻ ഇത്തിരികൂടി ഉച്ചത്തിൽ പറഞ്ഞു അതേ എന്റെ പേരാണ് "നാരായണൻ" ആ... പറച്ചിലിലെ മൂർച്ചയിലാകാം ചിരി തെല്ലടങ്ങി. ടീച്ചർ ഇടപെട്ടു....നാരായണൻ... ഹായ് നല്ല പേര് എനിക്കേറ്റവും ഇഷ്ടപ്പെട്ട പേരാണ് നാരായണൻ. എന്റെ അച്ഛന്റെ പേരും നാരായണൻ എന്നാണ്. ഇതൂടി കേട്ടപ്പം തെല്ലടങ്ങിയ ചിരി എരിഞ്ഞടങ്ങി. വിമലടീച്ചർ എല്ലാവർക്കും ഓരോ പേപ്പർ കൊടുത്തിട്ട് പറഞ്ഞു നിങ്ങളുടെ വീട്ടിൽ എന്തുണ്ട്....? എല്ലാവരും അവരുടേതായ ഉത്തരങ്ങൾ ഈ പേപ്പറിൽ എഴുതുക. ചിലരെഴുതി... എന്റെ വീട്ടിൽ ടീവിയുണ്ട്... ഫ്രിഡ്ജുണ്ട്... വാഷിങ്ങ് മെഷീനുണ്ട്... കുക്കിംഗ് ഗ്യാസുണ്ട്.. ഓവനുണ്ട്... മറ്റു ചിലരെഴുതി.... എന്റെ വീട്ടിൽ മിക്സിയുണ്ട്... ഗ്രൈണ്ടറുണ്ട്... കാറുണ്ട്.. ബൈക്കുണ്ട്... സൈക്കിളുണ്ട്... വേറേ ചിലരെഴുതി... എന്റെ വീട്ടിൽ കംമ്പ്യൂട്ടറുണ്ട്..... വീഡിയോഗയിമുണ്ട് ഏസിയുണ്ട്.... വൈഫേയുണ്ട്... വാക്യംക്ലീനറുണ്ട്. ഇനി ചിലരെഴുതി... എന്റെ വീട്ടിൽ കട്ടിലുണ്ട്.... കസേരയുണ്ട്... ദിവാൻ കോട്ടുണ്ട്..... ഡൈനിംഗ്ടേബിളുണ്ട്. പിന്നെ ചിലരെഴുതി.. എന്റെ വീട്ടിൽ കാവലിന് നായയുണ്ട്... പുറംപണിക്ക് ബംഗാളിയുണ്ട്... അടുക്കളപ്പണിക്ക് അമ്മിണിയുണ്ട്.... എഴുതിയപേപ്പർ ഓരോന്നായി വാങ്ങിയ ടീച്ചർ നാരായണന്റെ അടുത്തെത്തി... എഴുതിയ പേപ്പർ കമഴ്ത്തിവച്ച് അവൻ ചരിഞ്ഞ് ഡസ്ക്കിൽ മുഖമമർത്തിക്കിടക്കുന്നു. ടീച്ചർ കൈനീട്ടിയപ്പോൾ അവനെഴുതിയ പേപ്പർ ടീച്ചർക്ക് നേർക്ക് നീട്ടി അവൻ. ആ പേപ്പറിലെ ഒറ്റവരിയിലേയ്ക്ക് അവരൊന്നു കണ്ണോടിച്ചു. "എന്റെ വീട്ടിൽ... അമ്മയുണ്ട് " ഒരു നിമിഷം ടീച്ചർ അവനേയും ആ പേപ്പറിലെ ഒറ്റവരിയേയും മാറി മാറി നോക്കി . മേശയ്ക്കരികിലേയ്ക്ക് നിങ്ങിയ ടീച്ചർ നാരായണനെ തന്റെ അരികിലേയ്ക്ക് വിളിച്ചു. മറ്റ് കുട്ടികൾ കരുതിയത് ടീച്ചറവനേ ശകാരിക്കാനാകും വിളിച്ചതെന്ന്.... ടീച്ചറവന്റെ കൈയ്യിൽ പിടിച്ച് പറഞ്ഞു "ഇവനാണ് നാരായണൻ നിങ്ങളുടെയൊക്കെ വീട്ടിൽ ഒരുപാടൊക്കെയുണ്ട് എന്നാൽ ഇവന്റെ വീട്ടിൽ ഒന്നേയുള്ളു... " ഇവന്റെ അമ്മ..." നിങ്ങളുടെ വീട്ടിലെ ആ എല്ലാറ്റിനും സമമാണ് ഇവന്റെ വീട്ടിലെ ആ അമ്മ. നാരായണൻ നിങ്ങൾക്കെല്ലാം മുകളിലാണ്... പേരുകൊണ്ടും ... വസ്ത്രം കൊണ്ടും... ധനം കൊണ്ടുമല്ല വ്യക്തിത്വം കൊണ്ടും... വിവേകം കൊണ്ടും...ക്ഷമാശീലം കൊണ്ടും... അതിനാൽ നിങ്ങളുടെ ക്ലാസ്ടീച്ചറായ ഞാൻ നിങ്ങളെ നയിക്കാനുള്ള ലീഡർ സ്ഥാനം നാരായണനേ ഏൽപ്പിക്കുന്നു. അപ്പോഴും നാരായണൻ തലകുനിക്കാതെ തന്റെ പിറക്ബഞ്ചിലേക്ക് നീങ്ങി....... നൂറനാട് ജയപ്രകാശ്......

No comments:

Post a Comment