Saturday, August 15, 2020

ചക്രവ്യൂഹവും പദ്മവ്യൂഹവും മഹാഭാരതത്തിലെ രണ്ട് സേനാ വ്യൂഹങ്ങളെ പലപ്പോഴും പല പണ്ഡിതരും പരസ്പരം മാറി പരാമർശിക്കുന്നത് കാണാറുണ്ട്. ചക്രവ്യൂഹവും പദ്മവ്യൂഹവുമാണത്. ഇത് രണ്ടും ഒന്നാണെന്നും ചിലർ പറയുന്നതും കേൾക്കാറുണ്ട്. എന്നാൽ അവയുടെ വ്യത്യാസങ്ങൾ ആണ് ഇവിടെ പങ്ക് വയ്ക്കുവാൻ ഉദ്ദേശിക്കുന്നത്. 18 നാൾ നീണ്ട ഒരു മഹായുദ്ധമാണ് മഹാഭാരത യുദ്ധം. ഇരുപക്ഷത്തുമായി ചത്തുവീണ മനുഷ്യരുടെ കണക്ക് ശരിക്കും അമ്പരപ്പിക്കുക തന്നെ ചെയ്യും. യുദ്ധത്തിൽ പങ്കെടുത്തവരുടെ അക്ഷൗഹണിക്കണക്ക് 135 കോടി ജനതയുള്ള ഇന്നത്തെ കാലത്ത് ഇരുന്ന് ചിന്തിച്ചാൽ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ വലിയൊരു ശതമാനവും ചത്തൊടുങ്ങിയതായി കരുതേണ്ടി വരും. കഥയിലെ കണക്കുകൾക്ക് അതിശയോക്തിയുണ്ടാകാമെങ്കിലും അവയ്ക്കപ്പുറമുള്ള വ്യൂഹ നിർമ്മിതിയെക്കുറിച്ചാണ് ഇവിടെ ചിന്തിക്കുന്നത്. ചക്രവ്യൂഹം -------------------- മഹാഭാരത യുദ്ധത്തിൽ ചമയ്ക്കപ്പെട്ടതിൽ ഏറ്റവും അപകടകാരിയായ ഒരു വ്യൂഹമാണ് ചക്രവ്യൂഹം. യുദ്ധതന്ത്രങ്ങളിലേക്കും വച്ച് ഏറ്റവും തീക്ഷ്ണമായ സേനാവ്യൂഹമാണത്. ശത്രു സേനയെ ആശയക്കുഴപ്പത്തിലാക്കി ക്ഷണ നേരം കൊണ്ട് തകർത്തടിക്കാൻ പറ്റുന്ന സേനാവ്യൂഹം. ദ്രോണാചാര്യരുടെ ഏറ്റവും മികച്ച യുദ്ധ തന്ത്രം. മഹാഭാരത യുദ്ധകാലത്ത് ചക്രവ്യൂഹം ഒരു പോലെ ചമയ്ക്കാനും തകർക്കുവാനും അറിയുന്നവരായി കേവലം ആറ് പേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പരശുരാമൻ, ദ്രോണാചാര്യര്, ഭീഷ്മപിതാമഹൻ, ശ്രീകൃഷ്ണനൻ, അർജ്ജുനൻ, ശ്രീകൃഷ്ണ പുത്രനായ പ്രദ്യുമ്നൻ എന്നിവർ മാത്രം. പരശുരാമ ശിഷ്യനെങ്കിലും, അർജ്ജുനനെ വല്ലുന്ന വില്ലാളിയെങ്കിലും കർണ്ണന് അന്യമായിരുന്നു ഈ വിദ്യ. അർജുന പുത്രൻ അഭിമന്യുവിന് ചക്രവ്യൂഹം ഭേദിച്ച് അകത്ത് കടക്കാനറിയാം, എന്നാൽ ആപത്ത് പിണഞ്ഞാൽ തിരികെ പുറത്തേക്ക് കടക്കുവാൻ അറിയുമായിരുന്നില്ല. പത്മവ്യൂഹം പ്രതിരോധാത്മകമെങ്കിൽ ചക്രവ്യൂഹം ആക്രമണാത്മകമാണ്. എന്തിനേയും തച്ച് തകർക്കുന്ന ചുഴലിക്കൊടുങ്കാറ്റ് പോലെയാണത്. പാഞ്ഞടുക്കും. ക്ഷണ നേരം കൊണ്ട് ശത്രു സേനയെ ഛിന്ന ഭിന്നമാക്കും. അതിൽപ്പെട്ടുകഴിഞ്ഞാൽ പിന്നെ രക്ഷയില്ല. നില കിട്ടാത്ത ചുഴി കണക്കെ ആഴത്തിലേക്ക് വലിച്ചെടുക്കും. തിരിച്ചു വരാനാകാത്ത വിധം മുങ്ങിത്താഴുമതിൽ. പ്രതിരോധിക്കാൻ ഒരവസരവും നൽകാതെ ശത്രു സേനയെ നാമാവശേഷമാക്കും. കാട്ടുതീപോലെ ആളിപ്പടരും. അത്രമേൽ‍ ദുഷ്കരവും ആപൽക്കരവുമാണത്. ചക്രവ്യൂഹത്തെ ഭേദിക്കുക എളുപ്പമല്ല. ഭേദിച്ചോലോ പുറത്ത് കടക്കുക അതിലേറെ ദുഷ്കരം. ഒന്നിച്ചൊട്ടാകെ കറങ്ങിക്കൊണ്ടിരുക്കുന്ന നിരവധി പോരാളികളെ ഒരേസമയം നേരിടേണ്ടി വരും. ഭ്രമാത്മകമായൊരു ചുഴിയിലകപ്പെട്ടത് മാതിരി വിഭ്രമിപ്പിക്കും അകത്ത് കടന്നാൽ. സ്ഥലകാല ബോധം നഷ്ടപ്പെടാതെ മുന്നോട്ട് പോകണം. ആ ചുഴലിയുടെ പ്രഭവ കേന്ദ്രത്തെ തകർത്താൽ‍ ഗതി തെറ്റിയ ചുഴലി പോലെ സ്വയം എരിഞ്ഞടങ്ങുമത്. ഏറ്റവും മികച്ച പോരാളിക്ക് മാത്രം സാധ്യമാകുന്ന യുദ്ധ തന്ത്രം. മരം തുരക്കുന്ന വണ്ട് കണക്കെ വേണം അതിനെ തുരക്കാൻ‍. കണ്ണിൽ‍ കണ്ടതിനെയെല്ലാം തച്ച് തകർക്കാൻ‍ വരുന്ന ആ ചുഴലിയെ ഒരേ സമയം പ്രതിരോധിക്കുകയും അതേ സമയം തന്നെ ആക്രമിക്കുകയും വേണം. എങ്കിലേ മുന്നോട്ടുള്ള വഴി തുറക്കപ്പെടുകയുള്ളൂ. ഇതിലേതെങ്കിലുമൊന്ന് നിമിഷ നേരത്തേക്കെങ്കിലുമൊന്ന് വൈകിയാല്‍ അതിന്റെ നിലയില്ലാക്കയത്തിലേക്ക് താണമർന്ന് ആ യോദ്ധാവ് നാമാവശേഷമാകും. ഒരു ബിന്ദുവില്‍ തുടങ്ങി പുറത്തേക്ക് എന്ന ക്രമത്തിൽ‍ ശക്തമായി കറങ്ങുന്ന ആറു ചുറ്റുള്ള ചക്രം. അകത്തേക്ക് കടക്കാനോരേയൊരു മാർഗ്ഗം. അകത്തെ ബിന്ദുവാണ് പ്രഭവകേന്ദ്രം. അവിടെ നിന്നാണ് ചക്രത്തിന്റെ ഗതി നിശ്ചയിക്കപ്പെടുന്നത്. അതിന് ചുറ്റും നിരവധി മഹാരഥികൾ ചക്രത്തിന്റെ നിയന്ത്രണം വഹിക്കും. അവർക്ക് ചുറ്റും അനേകം അതിരഥികൾ, അവർക്ക് ചുറ്റും അനേകശതം അർദ്ധരഥികൾ, അവർക്ക് ചുറ്റും അനേക സഹസ്രം രഥികൾ, അതിനു ചുറ്റും അതിലിരട്ടി കുതിരപ്പട, ആനപ്പട, കാലാൾപ്പട. പതിനഞ്ച് അക്ഷൗഹണിപ്പടയെ വരെ ഉൾക്കൊള്ളിക്കാൻ‍ പ്രാപ്തമായ വലിയൊരു വ്യാസം ആ ചക്രത്തിനുണ്ടാകും. ഈ സേനയെ മുഴുവന്‍ തകർത്താലെ അകത്തെ പ്രഭവ കേന്ദ്രത്തെ ആക്രമിക്കാന്‍ സാധിക്കു. അകത്തേക്ക് കടക്കാനൊരൊറ്റ തുറന്ന മാർഗ്ഗം മാത്രം. അതുവഴി കടന്നാല്‍ നേരെ കയറി ചെല്ലുന്നത് മൂന്നാമത്തെ ദളത്തിലേക്ക്. അവിടെയാണ് വിഭ്രമാത്മകമായ വ്യൂഹം ചമയ്ക്കലിന്റെ ആദ്യ കടമ്പ. വലംപിരിയായി വൃത്ത ചംക്രമണത്തിനനുസൃതമായി മുന്നോട്ട് കുതിക്കുക. ചുറ്റിലും കറങ്ങിക്കൊിരിക്കുന്ന സേനയ്ക്ക് നേരെ ശരവർഷം ചൊരിഞ്ഞ് കൊണ്ട് വേണം ഓരോ ചലനവും. ആ മാർഗ്ഗത്തിന്റെ അറ്റത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നാലാമത്തെ ദളത്തിലേക്ക് കടക്കുക. ഭ്രമകൽപനകൾക്കിടം നൽകാതെ മുന്നോട്ട് കുതിച്ചാൽ‍അതിനറ്റം അഞ്ചാം ദളത്തിലേക്കു തുറക്കുന്ന വലംപിരി വളവ്. വീണ്ടും ശര വർഷം ചൊരിഞ്ഞ് കൊണ്ട് കുതിക്കുക. അതിനറ്റം വീണ്ടും ഭ്രമാത്മകമായി ആറാം ദളത്തിലേക്ക് ഇടംപിരി വളവ്. അവിടെവരെയെത്തിയാൽ ചക്രവ്യൂഹത്തിന്റെ പാതി ഘട്ടം പിന്നിട്ടു. അവിടെ നേരിടേണ്ടി വരിക അർദ്ധ രഥികളെയാണ്. പിന്നെ ഇടത് പിരിമാത്രം മനസില്‍ വച്ച് പാർശ്വങ്ങളിൽ നിന്നുള്ള ശരവർഷത്തെ പേമാരികണക്കിന് പ്രതിരോധിച്ച് തിരിച്ചടിച്ച് കൊണ്ട് മുന്നേറുക. ഏറ്റവും ദൈർഘ്യമേറിയ പാതയാണത്. അർദ്ധരഥികൾ‍ അതിരഥികൾക്ക് വഴിമാറുന്ന ഘട്ടമെത്തുമ്പോൾ ആക്രമണം കനക്കും. ആറാം ദളത്തിൽ‍ നിന്ന് ഊളിയിട്ട് നേരെ കടക്കുന്നത് ചക്രത്തിന്റെ പ്രഭവ കേന്ദ്രത്തിനടുത്ത് രണ്ടാം ദളത്തിലേക്കാണ്. ഇടം പിരി വളവിലൂടെ വീണ്ടും കുതിച്ചാൽ സ്വയം കറങ്ങിക്കൊണ്ടിരിക്കുന്ന എറ്റവും ശക്തിമത്തായ മൂന്ന് വൃത്തങ്ങൾ കണക്കെ മഹാരഥികളുടെ അതി ശക്തമായ ആക്രമണം. ആ പാതയ്ക്കൊടുവിൽ ആണ് മഹാ ചക്രത്തിന്റെ പ്രഭവ കേന്ദ്രം. യുദ്ധത്തിന്റെ ഗതി തന്നെ മാറ്റി മറിക്കാൻ ആ പ്രഭവ കേന്ദ്രത്തെ തകർക്കുക. ലോകമൊട്ടാകെ ചുറ്റിലും നിന്ന് നമുക്കെതിരെ യുദ്ധം ചെയ്യുന്ന പ്രതീതിയാകും ആ ഘട്ടത്തിൽ. ചക്രത്തിന്റെ ആണിക്കല്ലിളക്കി പുറത്ത് കടന്നാൽ‍ചക്രം തകരും. വ്യൂഹം നാമാവശേഷമാകും. ശത്രു നിഷ്പ്രഭമാകും. യുധിഷ്ഠരനെ വധിച്ച് വിജയമുറപ്പിക്കാൻ ഉള്ള ദുര്യോധനൻ്റെ അന്ത്യശാസനത്തെ തുടർന്ന് മഹാഭാരത യുദ്ധത്തിലെ പതിമൂന്നാം നാൾ ദ്രോണർ ചമച്ച യുദ്ധതന്ത്രമായിരുന്നു ചക്രവ്യൂഹം. ഈ വ്യൂഹം തകർക്കാൻ സാധിക്കുന്ന അർജുനനെ തന്ത്രപൂർവ്വം യുദ്ധഭൂമിയുടെ മറ്റൊരു ഭാഗത്തേക്കകറ്റിയാണ് ദ്രോണർ ഈ വ്യൂഹം നിർമ്മിക്കുന്നത്. വ്യാസഭാരതത്തിൽ വ്യൂഹ നിർമ്മിതിയെ വിവരിക്കുന്നതിങ്ങിനെയാണ്. ചെങ്കൊടിയേന്തി, ചുവപ്പ് വേഷം ധരിച്ച്, ചുവന്ന മാലകളും ഭൂഷണങ്ങളും ധരിച്ച്, രക്തചന്ദനം ധരിച്ച് എല്ലാവരും പോരാടുവാൻ ഒരുങ്ങി. അങ്ങിനെ ശക്തരായ പതിനായിരം വില്ലാളികൾ വന്നു. ദുര്യോധന പുത്രൻ ലക്ഷ്മണനെ മുന്നിൽ നിർത്തി. പടയുടെ നടുക്ക് ദുര്യോധനൻ നിന്നു. കർണ്ണനും, കൃപരും, ദുശ്ശാസനനും, ദ്രോണാചാര്യരും, ജയദ്രഥനും, അശ്വത്ഥാമാവും, ശകുനിയും, ശല്യരും, ഭൂരിവസും, അടക്കമുള്ള മഹാരഥൻമാരും, ദുര്യോധന സഹോദരൻമാരായ മുപ്പത് കൗരവരും പടപൊരുതി. ( ദ്രോണ പർവ്വം /വ്യാസ ഭാരതം / വിദ്വാൻ. കെ.പ്രകാശം/DC books) ചക്രവ്യൂഹത്തിനകത്തേക്ക് ഒറ്റയ്ക്ക് പൊരുതിക്കയറിയ 16 വയസ് മാത്രം പ്രായമുള്ള അർജ്ജുന പുത്രൻ അഭിമന്യു ആ വ്യൂഹത്തിനകത്ത് പ്രഭവകേന്ദ്രം വരെയെത്തിയെങ്കിലും ദാരുണമായി കൊല്ലപ്പെട്ടു. ധർമ്മയുദ്ധമായിത്തുടങ്ങിയ മഹാഭാരത യുദ്ധം എല്ലാ ധർമ്മ മര്യാദകളേയും ഉല്ലംഘിക്കുന്നത് അത് മുതൽക്കാണ്. പദ്മവ്യൂഹം -------------------- പതിമൂന്നാം നാളിൽ സാധിക്കാത്തത് പതിനാലാം നാളിൽ സാധിക്കുമെന്ന് ഉറപ്പിച്ചാണ് ദുര്യോധനൻ യുദ്ധത്തിനിറങ്ങിയത്. ദുര്യോധനൻ്റെ ആ ഉറപ്പിന് കാരണം രണ്ടുണ്ടായിരുന്നു. 1 സൂര്യാസ്തമയത്തിനകം ജയദ്രഥനെ വധിക്കുവാൻ കഴിഞ്ഞില്ല എങ്കില്‍ തീയിൽ ചാടി ആത്മാഹുതി ചെയ്യുമെന്നായിരുന്നു തലേന്നാൾ അര്‍ജ്ജുനന്‍ ശപഥം ചെയ്തത്. 2. ജയദ്രഥന്‍റെ ശിരസ്സ് നിലത്തിടുന്നവന്‍റെ ശിരസ്സ് നൂറായിത്തകര്‍ന്നുപോകുമെന്ന് ജയദ്രഥന് വരപ്രാപ്തിയുണ്ടായിരുന്നു. അതായത്‌ രണ്ടിൽ എന്ത് സംഭവിച്ചാലും അർജ്ജുനൻ്റെ അന്ത്യമന്നാണ് എന്ന് ദുര്യോധനാദികൾ ഉറപ്പിച്ചിരുന്നു. അർജുനനില്ലാത്ത പാണ്ഡവ സേനയ്ക്ക് പിന്നെന്ത് പ്രസക്തി..! ചക്രവ്യൂഹം ഏത് ശത്രുവിനേയും ഒറ്റയടിക്ക് തച്ച് തകർക്കാൻ പ്രാപ്തമായ ആക്രമണാത്മകമായ ഒരു വ്യൂഹമായിരുന്നുവെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ വില്ലാളികളുടെ നിരയ്ക്ക് പോലും തകർക്കാനാകാത്തതാണ് പദ്മവ്യൂഹത്തിൻ്റെ ഘടന. അത്രമേൽ പ്രതിരോധാത്മകമാണ് എന്നാൽ ദ്രോണർ പദ്മവ്യൂഹത്തിന് അൽപ്പം കൂടി കരുത്ത് കൂട്ടിയാണ് നിർമ്മിച്ചത്.അതിനായി പകുതി ശകട വ്യൂഹവും പകുതി പദ്മവും ചേര്‍ന്ന ഒരു മഹാവ്യൂഹമാണ് അദ്ദേഹം ചമച്ചത്. അതും പോരാഞ്ഞ് പദ്മവ്യൂഹത്തിന്‍റെ മദ്ധ്യത്തിലായി ഒരാളാലും ഭേദിക്കാനാകാത്ത ഒരു ഗര്‍ഭഗൃഹവും അതിനുള്ളില്‍ ആരാലും അപ്രാപ്യമായ ഒരു സൂചിവ്യൂഹവും സൂചിയും ഗര്‍ഭവും ചേരുന്ന സന്ധിയില്‍ ഏഴ് കോണുകള്‍ നിര്‍മ്മിച്ച് മദ്ധ്യകോണില്‍ ജയദ്രഥന്‍റെ രഥം നിറുത്തിയിട്ട് നാലുപാടും ആറു കോണുകളില്‍ അർജ്ജുനനോട് എതിരിടാൻ തക്ക കരുത്തുള്ള ആറു മഹാരഥന്മാരെ നിർത്തി. 12 വിളിപ്പാട് നീളത്തിലും (48 മൈല്‍) 5 വിളിപ്പാട് വീതിയിലും (20 മൈല്‍) പരന്ന് കിടന്ന ആ മഹാ വ്യൂഹത്തില്‍ 30 ലക്ഷം മഹാവീരന്മാരും 60 ലക്ഷം മറ്റ് വീരന്മാരും അനേകം കോടി ചതുരംഗ സേനയും നിറഞ്ഞുനിന്നിരുന്നു. ശകട മുഖത്ത്‌ ദ്രോണാചാര്യരും സ്വന്തം സേനയും നിലയുറപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഇടത് വശത്തെ ദളങ്ങളിൽ ദുശാസനനും ദുര്‍മ്മര്‍ഷണനും വലതു വശത്ത് ദുര്യോധനനും വികര്‍ണ്ണനും ലക്ഷക്കണക്കിന് സേനാ ബലത്തോടെ നിലയുറപ്പിച്ചു. ദ്രോണരുടെ പിന്നിൽ കൃതവര്‍മ്മാവും അദ്ദേഹത്തിന്‍റെ കരുത്തുറ്റ ലക്ഷം പടയാളികളും. പത്മത്തിന്‍റെ നടുവിലെ ഗര്‍ഭഗ്രഹത്തില്‍ മാത്രം 21,000 കാലാള്‍ പടയും അവരെ സംരക്ഷിച്ച് 15,000 അശ്വസേനയും അവരെ കാത്ത്കൊണ്ട് 18,000 മദയാനകളും നിന്നു. അതിനകത്തെ സൂചിഗ്രഹത്തില്‍ ജയദ്രഥന് ചുറ്റുമായി ഇടതു കോണുകള്‍ കാത്ത്‌ അശ്വത്ഥാമാവും, ശല്യരും, കൃപാചാര്യരും നിന്നപ്പോള്‍ വലതു ഭാഗം കാത്തത്, കര്‍ണ്ണനും, ഭൂരിശ്രവസ്സും, വൃഷസേനനുമാണ്. അവരുടെയെല്ലാം നടുക്ക് ജയദ്രഥന്‍ സ്വന്തം പടയ്ക്കൊപ്പം ഒരിക്കലും അര്‍ജ്ജുനന് തൊടാനാകില്ല എന്ന ധൈര്യത്തോടെ നിലയുറപ്പിച്ചു. ലോകത്തിലെ ഏതൊരു ശക്തിക്കും ഒരു പകല്‍ കൊണ്ട് ആ വ്യൂഹം തകര്‍ത്ത്‌ അതിനുള്ളില്‍ നില്‍ക്കുന്ന ജയദ്രഥനെ തൊടാൻ പോലും കഴിയില്ലാ എന്ന് വ്യക്തം. കൌരവസേന ജയമുറപ്പിച്ച് തന്നെ പതിനാലാം ദിവസം കുരുക്ഷേത്ര ഭൂമിയിലിറങ്ങി. പക്ഷേ ഭഗവാനൊപ്പമുണ്ടെങ്കിൽ എന്താണ് അസാധ്യമായുള്ളത്...? കൃഷ്ണൻ എന്ന ഒരൊറ്റ കരുത്തിന് മുന്നിൽ ദ്രോണരുടെ ആരാലും തകർക്കാനാകാത്ത വ്യൂഹം പോലും വിറച്ചു. പതിനാലാം നാളിൽ ജയമുറപ്പിച്ച കൗരവ സേനയെ അമ്പരപ്പിച്ച് കൊണ്ട് ആ സൂര്യാസ്തമയത്തിന് മുമ്പ് തന്നെ അർജ്ജുനൻ ജയദ്രഥനെ വധിച്ചു. ജയദ്രഥൻ്റെ ശിരസ് നിലത്ത് പതിച്ചത് അർജ്ജുനൻ്റെ കയ്യ് കൊണ്ടല്ല എന്നതിനാൽ ശിരസ് നൂറ് കഷ്ണങ്ങളായി തകരുമെന്ന ശാപത്തിൽ നിന്നും അദ്ദേഹം രക്ഷപ്പെടുകയും ചെയ്തു. രണ്ടും കൃഷ്ണൻ്റെ വിദ്യകൾ. ⛳⛳⛳⛳⛳⛳⛳⛳⛳⛳⛳⛳⛳ copy

No comments:

Post a Comment