Saturday, August 22, 2020

ഓരോരുത്തര്‍ക്കും ശാരീരികമായും മാനസികമായും ബൗദ്ധികമായും ഒരുപാട് കഴിവുകള്‍ ഉണ്ടായിരിക്കും. അതിന്‍റെ പേരിലുള്ള പ്രശസ്തിയും നേട്ടങ്ങളും വളര്‍ത്തുന്നതിനു വേണ്ടി ജീവിതത്തില്‍ നമ്മുടെ പ്രവൃത്തിമണ്ഡലം വികസിക്കുന്നു. എന്നാല്‍ അവിടെ ആന്തരികമായി നമ്മുടെ ലോകം ചുരുങ്ങുകയാണു ചെയ്യുക! ഭൗതികമായി നമ്മുടെ ലോകം വികസിക്കുകയും ആന്തരികമായി ലോകം ചുരുങ്ങുകയും ചെയ്യുന്നതിന്‍റെ ലക്ഷണങ്ങളാണ് അശാന്തി! നിരാശ! ദുഃഖം! ക്രോധം! അസൂയ! അഹങ്കാരം! പുറത്തേയ്ക്കു നോക്കി അസ്വസ്ഥമാകുന്നത് നിര്‍ത്തേണ്ടിയിരിക്കുന്നു. ഇത്രയും നാള്‍ പുറത്തു നിന്നും കിട്ടാതിരുന്ന ശാന്തി ഇനി അകത്ത് അന്വേഷിക്കുക. ''കണ്ണുകളഞ്ചുമുള്ളടക്കി- ത്തെരുതെരെ വീണുവണങ്ങിയോതിടേണം'' എന്ന് ആത്മോപദേശശതകത്തില്‍ ഗുരു ഉപദേശിക്കുന്നു. എല്ലാ ഗുരുക്കന്മാരും സ്വജീവിതം കൊണ്ടു പഠിപ്പിച്ച പാഠം അതാണ്. ചട്ടമ്പിസ്വാമികള്‍ക്ക് സകല കലകളിലും അറിവും പ്രയോഗ വൈദഗ്ദ്ധ്യവും ഉണ്ടായിരുന്നു. എന്നാല്‍ ആ മഹാത്മാവിന്‍റെ ജീവിതം ലോകത്തോട് പറയുന്നത് എന്താണെന്നോ? അറിയുക എന്നതിനപ്പുറം മറ്റൊന്നും വേണ്ട! ഒന്നും തന്‍റെതാക്കി അഭിമാനിക്കുകയോ അംഗീകാരങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന നിസാരലക്ഷ്യത്തിലേയ്ക്ക് ജീവിതം ചുരുങ്ങിയില്ല. ഭൗതികമായ യാതൊരു നേട്ടത്തിലും ശ്രദ്ധചെല്ലാതിരിക്കുന്നു. മനസ്സ് ആന്തരിക സത്യത്തില്‍ ചെന്നടങ്ങിയാല്‍ അങ്ങനെയാണ്. പിന്നെ നിസാരവിഷയങ്ങളുടെ പുറകേ പോകില്ല! അതുണ്ടാകുന്നതു വരെ ഒരാളുടെ മനസ്സ് നിസാരങ്ങളായ ഭൗതിക വിഷയങ്ങളുടെ ചിന്തയാല്‍ അശാന്തമായിരിക്കും. ആത്മസത്യത്തെയല്ലാതെ പുറത്തുള്ള മറ്റൊന്നിനേയും പിന്തുടരാതിരിക്കുന്നിടത്ത് ആത്മശാന്തിയുണ്ട്. നാം ആരെക്കുറിച്ചാണ് എന്തിനെക്കുറിച്ചാണ് ചിന്തിച്ച് ദുഃഖിക്കുന്നത് ? ദുഃഖവും പ്രശ്നവും ഉണ്ടാക്കുന്നതെല്ലാം നമുക്ക് പുറത്തുള്ള നിസാരവിഷയങ്ങളാണ്. എപ്പോള്‍ വേണോ നഷ്ടപ്പെടാവുന്ന പേര്, പ്രശസ്തി, അംഗീകാരം, ധനം, സൗന്ദര്യം, ബന്ധങ്ങള്‍ എന്നിങ്ങനെ പോകുന്നു നമ്മുടെ ചിന്തയിലെ വിഷയങ്ങള്‍. ഇവയെ വിട്ട് ആത്മസത്യത്തെ കുറിച്ച് ചിന്തിക്കുന്നതായാല്‍ അവിടെയാണ് ശാന്തി അനുഭവപ്പെടുക! കുഞ്ഞു മനസ്സുകളുടെ കുഞ്ഞു ലോകങ്ങള്‍ തമ്മിലാണ് പ്രശ്നങ്ങള്‍ എല്ലാം സൃഷ്ടിക്കുന്നത്. അകംലോകം വികസിക്കുന്തോറും ഗര്‍ഭത്തിലേയ്ക്ക് എന്നപോലെ പുറംലോകമെല്ലാം ഉള്ളടങ്ങുന്നതു കാണാം! ആ ചിന്നാഭിയില്‍ ചെന്നടങ്ങണം! .....ആടലാം കടലി- ലൊന്നായി വീണുവലയും എന്നാശയം ഗതിപെറും നാദഭൂമിയില- മർന്നാവിരാഭ പടരും ചിന്നാഭിയിൽ ത്രിപുടിയെന്നാണറുംപടി കലർന്നാറിടുന്നു ജനനീ!'' ('ജനനീനവരത്നമഞ്ജരി'-ശ്രീനാരായണഗുരു) ഓം കൃഷ്ണകുമാർ

No comments:

Post a Comment