Sunday, June 27, 2021

*രുദ്രനും ശിവനും ആദ്ധ്യാത്മികാർത്ഥത്തിൽ* :- 🙏🌹🌺🌸💐🌹🙏 ഭാരതീയ മനഃശാസ്ത്രം ആഴത്തിൽ ചർച്ചചെയ്യപ്പെട്ടിരിക്കുന്ന ദാർശനിക ഗ്രന്ഥമാണ് പതഞ്‌ജലി മഹർഷി രചിച്ച യോഗദർശനം. ആ യോഗ ദർശനത്തിന് നിദാനമായ മനഃശാസ്ത്രചിന്തകൾ നമുക്ക് വേദങ്ങളിൽ ദർശിക്കാം. യജുർവേദത്തിലെ ശിവസങ്കൽപ സൂക്തം ഇതിൽ പ്രധാനപ്പെട്ടതാണ്. യജുർവേദം മുപ്പത്തിയാറാം അദ്ധ്യായത്തിലെ ആദ്യ ആറുമന്ത്രങ്ങളാണിത്. മന്ത്രങ്ങളുടെ ദേവത 'മന:' അഥവാ മനസ്സാണ്. ഈ മന്ത്രങ്ങളോരോന്നും അവസാനിക്കുന്നത് 'തന്മേ മനഃ ശിവഃ സങ്കല്പമസ്തു' എന്ന് പറഞ്ഞുകൊണ്ടാണ്. അതായത് അങ്ങനെയുള്ള എന്റെ മനസ്സ് ശിവസങ്കൽപ്പായുക്തമാകട്ടെ എന്നർത്ഥം. പ്രാചീന ഭാരതീയന്റെ ദേവതാസങ്കല്പത്തെക്കുറിച്ചുള്ള പാശ്ചാത്യന്റെ ധാരണകളെ തച്ചുടക്കുന്ന ഒന്നാണിത്. കാരണം മന്ത്രദേവത ഇവിടെ ശിവനല്ല. മറിച്ചു് മനസാണ്. മന്ത്രത്തെ സംബന്ധിച്ച് അതിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയമാണ് അതിന്റെ ദേവത, അല്ലാതെ പ്രാചീനർ ആരാധിക്കാനുപയോഗിച്ച ഏതെങ്കിലും മൂർത്ത രൂപങ്ങളല്ല. അതിനാലാണിവിടെ മന്ത്രദേവത മനസ്സായത്. മന്ത്രത്തിന്റെ ഋഷിയുടെ പേര് ശിവസങ്കൽപ്പൻ എന്നാണ്. അതേതെങ്കിലും വ്യക്തിയുടെ പേരല്ല. മറിച്ചു് മന്ത്രാർത്ഥത്തെ സാക്ഷാത്കരിക്കുന്നവന്റെ അവസ്ഥയേയാണ് ഇവിടെ ഋഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ മനസ് ശിവസങ്കൽപ്പായുക്തമാകട്ടെ എന്നാണ് പ്രാർത്ഥന . അതിനെ സാക്ഷാത്കരിച്ചവൻ ശിവസങ്കല്പനായി തീരുകയും ചെയ്യും. മനസ്സിന്റെ ഏറ്റവും ശുഭമായ അവസ്ഥയാണിത്. ഈ അവസ്ഥയെയാണ് യോഗാവസ്ഥ എന്ന് പതഞ്‌ജലി മുനി യോഗദർശനത്തിൽ പറയുന്നത്. അദ്ദേഹം പറയുന്നു 'യോഗശ്ചിത്ത വൃത്തിനിരോധ:' (യോഗദർശനം 1 .2 ). യോഗമെന്നാൽ ചിത്തവൃത്തികളെ നിരോധിക്കലാകുന്നു അതായത് മനസ് പലവിധത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുപലതും ചിന്തിക്കുന്നുണ്ട്. ചിലത് തെറ്റാകാം, ചിലത് ശരിയാകാം. അത് ചിലതിനെ ഓർത്തെടുക്കുന്നുണ്ട്. ചിലപ്പോൾ ഉറങ്ങുന്നുണ്ട്. ഇതെല്ലം മനസ്സിന്റെ വൃത്തികളാണ്. ഇവയെല്ലാം നിരോധിക്കപ്പെടുന്ന അവസ്ഥയാണ് സമാധി. അപ്പോൾ മാത്രമേ ആത്മാവിന് സ്വന്തം സ്വരൂപത്തെ അറിയാനാകൂ എന്നും അല്ലാതിരിക്കുമ്പോഴെല്ലാം ആത്മാവ് അറിയുന്നതത്രയും മനോവൃത്തികളുടെ സ്വരൂപത്തെയാണ് എന്നും പതഞ്‌ജലി പറയുന്നു. (യോഗദർശനം 1 .3 , 4). ഇങ്ങനെ മനസിന്റെ വൃത്തികളെ മനസ്സിൽ നിന്നും വേർപെടുത്തുന്ന ദേവതയും രുദ്രൻ തന്നെ. ഈ രുദ്രന്റെ ഉപാസന കൊണ്ടുള്ള ഫലം പരമമായ ശാന്തിയാണ്. കപില മുനി സാംഖ്യദർശനം ആരംഭിക്കുന്നതുതന്നെ ഈ അവസ്ഥയെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്. അഥ ത്രിവിധദുഖാത്യന്തനിവൃത്തിരത്യന്ത പുരുഷാർഥ (സാംഖ്യദർശനം 1 .1 ) അതായത് ദുഖങ്ങളിൽ നിന്നുമുള്ള ആത്യന്തികമായ നിവൃത്തിയാണ് ജീവിതത്തിൽ ആത്യന്തികമായി നേടിയെടുക്കുന്നത്. ഇതാണ് ശിവതമമായ അവസ്ഥ. യജുർവേദം പറയുന്നത് 'മിഡൂഷ്ടമ ശിവതമ ശിവോ ന സുമനാ ഭാവ' (യജു. 16 .51), ഹേ ശിവാ അത്യധികം ആനന്ദത്തെ നൽകുന്നവനായി ശിവതമനായി അഥവാ അത്യന്തം മംഗളത്തെ പ്രധാനം ചെയ്യുവാൻ കനിവുള്ളവനായി നീ ഭവിച്ചാലും. എന്നാൽ എല്ലാവർക്കും മുൻപിൽ ഈ രുദ്രൻ തന്റെ ശിവസ്വരൂപത്തിൽ പ്രകടമാകണമെന്നില്ല. ചിലരെ ഈ രുദ്രൻ ഘോരരൂപത്തെ കാണിച്ചു ഭയപ്പെടുത്തുന്നു. ഇതാണ് വിശ്വരൂപദർശനം സിദ്ധിച്ച അർജ്ജുനന്റെ തുടർന്നുള്ള വിവിധങ്ങളായ ഭാവവർണ്ണനകളിലൂടെ വ്യാസൻ ചിത്രീകരിച്ചിരിക്കുന്നത്. വിശ്വരൂപ ദർശനം വാസ്തവത്തിൽ ഈയൊരു യോഗാവസ്ഥയുടെ വിവരണമാണ്. 'തഥാ വിശ്വഭേദോപരക്തം വിശ്വഭേദ സമാപന്നം വിശ്വരൂപാഭാസം ഭവതി' എന്ന് യോഗദർശനാ ഭാഷ്യത്തിൽ വ്യാസമഹർഷി പറയുന്നു. ' വിശ്വത്തിലെ സകലവസ്തുക്കളിലും ഉപരിഞ്ജിതമായിരിക്കുന്ന യോഗിയുടെ ചിത്തം വിശ്വരൂപമായി പ്രകാശിക്കുന്നു' എന്നുള്ള യോഗ സിദ്ധാന്തമാണ് വ്യാസൻ ഗീതയിൽ ആലങ്കാരികമായി വിശ്വരൂപദർശനമായി അവതരിപ്പിക്കുന്നത്. അതായത് ശ്രീകൃഷ്ണൻ അർജ്ജുനനെ യോഗാസമാധിയിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു അവിടെ. എന്നാൽ വിശ്വരൂപം ദർശിച്ചു അർജ്ജുനൻ പരിഭ്രാന്തനായി നിലവിളിക്കുന്ന ഒരു കാഴ്ച ഗീതാകാരൻ നമുക്ക് കാണിച്ചുതരുന്നു. അതുൾക്കൊള്ളാൻ പാകത്തിലുള്ള വൈരാഗ്യാവസ്ഥ അർജ്ജുനന് കൈവന്നിരുന്നില്ല എന്നതാണ് അതിനു കാരണം. അതായത് യോഗാവസ്ഥയിലേക്ക് ആദ്യമായി പ്രവേശിച്ച അർജ്ജുനനെ സംബന്ധിച്ച് രുദ്രൻ രൗദ്ര ഭാവത്തിൽ അർജ്ജുനന്റെ രോദനത്തിന് കാരണമാകുകയാണുണ്ടായത്. എന്നാൽ ശ്രീകൃഷ്ണനെപോലുള്ള യോഗേശ്വരനെ സംബന്ധിച്ച് രുദ്രൻ മംഗളകാരിയായ ശിവനായി ഭാവിച്ചു മനസ്സിനെ ശിവസങ്കൽപ്പായുക്തമാക്കുന്നവനാകുന്നു. ഇവിടെ വിശ്വരൂപദർശനത്തിനായി അർജ്ജുനന് ശ്രീകൃഷ്‌ണൻ ദിവ്യചക്ഷുസിനെ നൽകുന്നുണ്ട്. എഴുത്തച്ഛൻ ഹരിനാമകീർത്തനത്തിൽ പറയുന്ന 'കണ്ണിന്നു കണ്ണ് മാനമാകുന്ന കണ്ണ്' ആണത്. മാനമാകുന്ന ആ കണ്ണനാണ് രുദ്രന്റെ മൂന്നാം കണ്ണായി പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. 'ചന്ദ്രമാ മനസോ ജാത' എന്ന് ഋഗ്വേദത്തിൽ പറയുന്നു (10 . 90 .13 ). അതായത് പ്രപഞ്ചത്തിൽ ചന്ദ്രൻ മനസ്സിന് സമാനമായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചന്ദ്രന് മനസ്സുമായുള്ള ബന്ധം പ്രസിദ്ധമാണ്. മനസ്സ്‌ ശിവസങ്കൽപയുക്തമാകണം എന്നുള്ള വേദത്തിന്റെ ഈ കാഴ്ചപ്പാടാണ് ശിവനെ ചന്ദ്രകലാധരനാക്കി മാറ്റിയത് എന്നതും ശ്രദ്ധേയമാണ്. പി. എം. എൻ .നമ്പൂതിരി . 🙏🌹🌺🌸💐🌹🙏

No comments:

Post a Comment