Saturday, August 14, 2021

! ओम नामो भगवते वासु देवाय ! വാഗേവഋക് പ്രാണ: സാമോമിത്യേദക്ഷരമുദ്‍ഗീഥ:, തദ്വാ ഏതന്മിഥുനം, യദ്വാക്‍ ച പ്രാണശ്ചഋക് ച സാമ ച. ഛാ. ഉപ 1-6 ഋക് = ഋക്കെന്നു പറയുന്നത്‍ വാക് ഏവ = വാക്കുതന്നെ സാമ = സാമം എന്നത്‍ പ്രാണ: = പ്രാണനാകുന്നു ഉദ്‍ഗീഥ: = ഉദ്‍ഗീഥം ഓം ഇതി ഏതത്‍ അക്ഷരം = ഓം എന്നുള്ള അക്ഷരമാണ്‌ വാക് ച പ്രാണ: ച = വാക്കും പ്രാണനും ഋക് ച സാമ ച = ഋക്കും സാമവും യത്‍ = ഏതാണോ തത്‍ ഏതത്‌ = അത്‌ മിഥുനം വൈ = മുഥുനമാകുന്നു വാക്കുതന്നെയാണ്‌ ഋ‍ക്ക്‍, പ്രാണന്‍തന്നെ സാമം. ഉദ്‍ഗീഥമെന്ന് പറയുന്നത്‍ ‘ഓം‘ എന്നുള്ള അക്ഷരമാകുന്നു. വാക്കും പ്രാണനുമാണ്‌ ഋക്‍ സാമങ്ങളുടെ ഉത്ഭവസ്ഥാനങ്ങള്‍. ഋക്കിന്റെ യോനി വാക്കും സാമത്തിന്റെ യോനി പ്രാണനുമാകുന്നു. അതുകൊണ്ടാണ്‌ വാക്കുതന്നെ ഋക്ക്‍ എന്നും പ്രാണന്‍ തന്നെ സാമം എന്നും പറഞ്ഞത്‍. ഋക്കിന്റേയും സാമത്തിന്റേയും യോനികളായ വാക്കിനേയും പ്രാണനേയും എന്ന്‍ പറഞ്ഞാല്‍; എല്ലാ ഋക്കുകളും എല്ലാ സാമങ്ങളും അടങ്ങും (അവസാനിയ്ക്കും) എന്ന്‍ അര്‍ഥം. അങ്ങനെ എല്ലാ ഋക്കുകളേയും സാമങ്ങളേയും അടക്കിയാല്‍ ഋക്കും സാമവും കൊണ്ട്‍ സാധിയ്ക്കേണ്ട സകല കര്‍മ്മങ്ങളും അതില്‍ അടങ്ങും. എല്ലാ കര്‍മ്മങ്ങളും അതില്‍ ഉള്‍പ്പെടുന്നു എന്ന്‍ പറഞ്ഞാല്‍ എല്ലാ കാമങ്ങളും അതില്‍ അടങ്ങുന്നു എന്ന്‍ ഗ്രഹിയ്ക്കണം. ഋക്കാകുന്ന വാക്കാണ്‌ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരന്‍. വാക്കില്‍ എല്ലാം അടങ്ങിയിരിയ്ക്കുന്നു എന്ന്‍ ശ്രുതി പറയുമ്പോള്‍, എല്ലാ സുഖത്തിനും ദു:ഖത്തിനും കാരണം വാക്കാകുന്നു. എല്ലാ സുഖത്തിനും ദു:ഖത്തിനും കാരണം വാക്കാണെന്ന്‍ പറയുമ്പോള്‍, ചിത്തവൃത്തികളും അതില്‍നിന്നുത്ഭൂതമാകുന്ന കര്‍മ്മകലാപങ്ങളുമാണ്‌ എല്ലാ സുഖദു:ഖങ്ങള്‍ക്കും കാരണം എന്ന്‍ അര്‍ഥം. സകല കര്‍മങ്ങള്‍ക്കും കാരണം ചിത്തവ്ര്‌ത്തിയാണ്‌ എന്ന്‍ സൂക്ഷ്മമായി അറിയണം. ആ വാക്ക്‍ വരുന്നത്‍ എവിടെനിന്നാണ്‌..? വാക്ക്‍ വൈഖരീരൂപത്തില്‍ ചുണ്ടില്‍നിന്ന്‍ പുറത്തേയ്ക്കൊഴുകുന്നു. വൈഖരി വാക്കിന്റെ അന്തിമ രൂപമാണ്‌. അതിന്റെ പ്രാക്‍ രൂപങ്ങളാണ്‌, മധ്യമ, പശ്യന്തി, പര. പരയാണ്‌ വൈഖരിയുടെ യോനി. ഏതാണ്ട്‍ മധ്യമ വരെ മാത്രമേ അനുഭവസ്ഥനായ ഒരു മഹാത്മാവിന്‌ കേള്‍ക്കാന്‍ പറ്റൂ. പശ്യന്തിയുടേയും പരയുടേയും തലങ്ങള്‍ മഹായോഗികള്‍ക്കേ അറിയാന്‍ സാധ്യമാകൂ. വൈഖരി സ്ഥൂലവും അതിനേക്കാള്‍ സൂക്ഷ്മം മധ്യമയും, അതിനേക്കാള്‍ സൂക്ഷ്മം പശ്യന്തിയും അതിനേക്കാള്‍ എത്രയോ സൂക്ഷം പരയും. വൈഖരിയുടെ ആ പര എന്ന തലം ഉള്‍ക്കൊള്ളുന്നതാണ്‌ ഋക്ക്‍. പ്രാണന്‌ മാത്രമേ അതിനെ അടക്കാനുള്ള കഴിവുള്ളു. ഋക്കും വാക്കും ഒരു മിഥുനം. ഈ മിഥുനത്തിന്റെ സന്താനമാണ്‌ കര്‍മം. സാമവും പ്രാണനും മിഥുനം. (സാമ = സാമം = വര്‍ണ്ണങ്ങളുടെ മധ്യമവൃത്തിയിലുള്ള ഉച്ചാരണം) ഋക്കാകുന്ന വാക്കിലും സാമമാകുന്ന പ്രാണനിലും സകല ചിത്തവൃത്തികളും കര്‍മ്മ കലാപങ്ങളും അടങ്ങുന്നതുകൊണ്ട്‍, പ്രാണസഹായത്താല്‍ പരയെ നിവര്‍ത്തിയ്ക്കാം. മറ്റൊരു വിധേന പറഞ്ഞാല്‍ പ്രാണനെക്കൊണ്ടേ ഋക്കാകുന്ന വാക്കിനേയും സാമമാകുന്ന മധ്യമോച്ചാരണത്തേയും നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സാധ്യമാകൂ എന്ന്‍ ശ്രുതി പ്രമാണം. അതിന്‌ അത്യന്തം ശുഷ്കാന്തിയോടെ പ്രാണനിഗ്രഹം ചെയ്യണം. അപ്പോള്‍ കര്‍മ്മങ്ങള്‍ ഒന്നും ചെയ്യണ്ടാത്ത അവസ്ഥ സംജാതമാകും. വിധിവിഹിതങ്ങളായ കര്‍ത്തവ്യകര്‍മ്മങ്ങള്‍ ചെയ്യാതിരിയ്ക്കലാണോ ഉചിതം അതോ കര്‍മ്മനിരതനായി തീരുന്നതോ ഉചിതം എന്ന സംശയം ഇവിടെ ഗൗണമാണ്‌. കാരണം സകല കര്‍മ്മങ്ങളും അജ്ഞാനത്തിന്റെ സന്തതിയാണെന്ന്‍ മറ്റ്‍ പലയിടത്തും ശ്രുതികളില്‍ കാണാം. ഗീതയിലും ഇതിന്റെ മാറ്റൊലി ഓതുന്നുണ്ട്‍, ‘സര്‍വ്വധര്‍മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ:‘ എന്ന ഉപദേശം. പ്രാണായാമത്താല്‍ എല്ലാ കര്‍മ്മങ്ങളും നൈഷ്കര്‍മ്മണ്യതയെ പ്രാപിയ്ക്കുന്നു. ചെയ്യാനുള്ള കര്‍മങ്ങള്‍ ചെയ്യാതിരിയ്ക്കുന്നത്‌ നിഷിദ്ധമാണ്‌. കര്‍തൃത്വഭോക്‌തൃത്വഭാവരഹിതമായി വിധിവിഹിത കര്‍മ്മങ്ങള്‍ ചെയ്തുതീര്‍ത്താല്‍ നൈഷ്കര്‍മ്മണ്യതയിലെത്തും. അത്തരത്തിലുള്ള ജീവാത്മാവ്‍, ഈ ഭൂതഭൗതിക പ്രപഞ്ചത്തില്‍ വിഹരിയ്ക്കുമ്പോഴും അവന്‌ ചെയ്യേണ്ടതായോ അനുഭവിയ്ക്കേണ്ടതായോ യാതൊന്നും ഇല്ലാത്തതുകൊണ്ട്‍, കര്‍മനിരതരായിട്ടുകൂടി, അവരെ ശുദ്ധാശുദ്ധങ്ങളോ പുണ്യാപുണ്യങ്ങളോ ബാധിയ്ക്കുന്നില്ല. ബാധ്യഹീനമായതിനാല്‍ ബന്ധനവുമില്ല. അതുകൊണ്ട്‍ പ്രാണനും വാക്കുമാകുന്ന മിഥുനത്താല്‍ സകലവിധ കര്‍മ്മങ്ങളുടേയും ക്ഷയം സംഭവിയ്ക്കുന്നു. ഇത്‍ ഇവിടെ കുറിച്ചത് രണ്ട്‍ ഉദ്ദേശ്യത്തോടെയാണ്‌. ഒന്ന്‍, പ്രാണനാണ്‌ ശരീരിയ്ക്ക് ജീവിതത്തില്‍ മുഖ്യന്‍ എന്നും, എല്ലാ ഇന്ദ്രിയങ്ങളേയും അടക്കാനുള്ള കഴിവ്‍ മനസ്സിനാണുള്ളതെങ്കില്‍, മനസ്സിനെ അടക്കാന്‍ പ്രാണനുമാത്രമേ കഴിയൂ എന്നും അറിയാനാണ്‌. [ ഈ മന്ത്രം time and space complexity theoryയില്‍ പെടുന്നതാണെന്ന്‍ സംശയമുണ്ട്‍. അതുകൊണ്ട്‍ ലോഗരിതം അറിയാവുന്നവരുടെ ആശയങ്ങള്‍ എന്ത് പറയുന്നു എന്ന് അറിയില്ല ] ഹരി ഓം വിജയൻ

No comments:

Post a Comment