Thursday, August 05, 2021

ഓരോന്നായിട്ടുള്ളതിനെ വ്യഷ്ടിയെന്നും, സമൂഹത്തെ സമഷ്ടി എന്നും പറയുന്നു. എന്നു പറഞ്ഞാൽ ഒരു വൃക്ഷത്തെ വ്യഷ്ടി എന്നും, ഒരു വനത്തിനെ സമഷ്ടി എന്നും പറയാം. അതുപോലെ ജഗത്സൊരൂപത്തെ സമഷ്ടി അജ്ഞാനം (മായ) എന്നും, ഇതിലുള്ള ഓരോന്നിനേയും വൃഷ്ടി അജ്ഞാനം അല്ലെങ്കിൽ അവിദ്യ എന്നും പറയാം. എന്താണീ അജ്ഞാനം അല്ലെങ്കിൽ അവിദ്യ? ഈ ലോകം സത്വരജതമോ ഗുണങ്ങളുടെ സമ്മേളനമാണ്. ത്രിഗുണങ്ങളുടെ പല തരത്തിലുള്ള പരിണാമങ്ങളുടെ രൂപവുമാണ്. ഇതിനാൽ വ്യക്തികളിലുണ്ടാകുന്ന ഞാന്നെന്നും, എന്റേതെന്നും, എനിയ്ക്കെന്നും ഉള്ള ഭാവവും, ശരീരമാണ് എല്ലാം എന്ന വിശ്വാസവുമാണ്, ചുരുക്കിപ്പറഞ്ഞാൽ അവിദ്യ. ഇങ്ങനെയുള്ള സമഷ്ടി അജ്ഞാനത്തിൽ സത്വഗുണം അധികമുള്ളതുകൊണ്ട്, അതിനെ മായ എന്നു പറയുന്നു. വ്യഷ്ടി സ്വരൂപത്തെ അവിദ്യയെന്നും പറയുന്നു. ഈ സമഷ്ടി ചൈതന്യം മായയെ അധിനത്തിൽ (അനുസരണയിൽ) നിർത്തിയിട്ടുള്ളതുകൊണ്ട്, "ഈശ്വരൻ " (പരമാത്മാവ്) എന്നും, വ്യഷ്ടി ചൈതന്യം മായയ്ക്ക് അധീനൻ (മായയെ അനുസരിയ്ക്കുന്നവൻ) ആയതു കൊണ്ട്, ജീവാത്മാവ് എന്നും പറയുന്നു. മേൽ പറഞ്ഞ സത്വഗുണ പ്രധാനിയായ ഈശ്വരൻ മായയെ തന്റെ അധീനത്തിൽ നിർത്തിയിരിയ്ക്കുന്നതു കൊണ്ട്, സർവ്വജ്ഞനും, സർവ്വശക്തനും, ജഗത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങൾക്ക് കാരണഭൂതനും ആയി ഭവിയ്ക്കുന്നു. സർവ്വ ഭൂതങ്ങളുടേയും അകത്തും പുറത്തും നിലകൊണ്ട് ഇന്ദ്രിയങ്ങളെ കൊണ്ട് മനസ്സിലാക്കാൻ സാധിയ്ക്കാതേയും, ജീവികൾക്കുണ്ടാകുന്ന എല്ലാ വിധ അറിവുകളുടേയും, ശക്തിയുടേയും ഉറവിടമായും നിലകൊള്ളുന്നു. വ്യഷ്ടി സ്വരൂപം അജ്ഞാനത്തിന് അല്ലെങ്കിൽ അവിദ്യയ്ക്ക് അധീനനായതുകൊണ്ട് അതൃപ്തനും ഭുഃഖിയും ആകുന്നു. ഈ കാരണങ്ങളാൽ തത്- ത്വം എന്നീ രണ്ടു വാക്കുകൾ തമ്മിൽ യോജിയ്ക്കുക അത്ര എളുപ്പമല്ല. എന്നു പറഞ്ഞാൽ, ജീവാത്മാവും - പരമാത്മാവും തമ്മിൽ. ഈശ്വരൻ മായയ്ക്ക് അതീതനായതു കൊണ്ട് സത്ചിത്ആനന്ദ പരമാനന്ദ സ്വരൂപനും, ജീവാത്മാവ് അവിദ്യയ്ക്ക് അധീനനായതു കൊണ്ട്, ഇന്ദ്രിയങ്ങളുടെ പുറകെ അലയുന്ന ഒരു ദു:ഖിയുമാണ് എന്നതിനാൽ പരസ്പരം യോജിയ്ക്കലസാധ്യം. എന്നാൽ ഈ സ്വഭാവവ്യത്യാസം ഒഴിച്ചാൽ രണ്ടും ഒന്നുതന്നെ. അപ്പോൾ എങ്ങനെയാണ് ഈ സ്വഭാവവ്യത്യാസത്തെ മാറ്റുന്നത് ? മുകളിൽ സൂചിപ്പിച്ചതു പോലെ, ഞാനെന്നും, എന്റേതെന്നും, എനിയ്ക്കെന്നും, ഉള്ള ചിന്തയാൽ, ശരീരത്തെ ആത്മാവായി അഭിമാനിച്ച്, ഇല്ലാത്തതിനെ ഉള്ളതായി തോന്നിപ്പിയ്ക്കുന്നതുതന്നെ മായ അല്ലെങ്കിൽ അവിദ്യ. ഈ അവിദ്യയുടെ സ്ഥാനത്ത്, ലോകം ഈശ്വര ശരീരമാണെന്നും, ഇതിൽ കാണുന്ന ഓരോന്നും ഈശ്വര ചൈതന്യമാണെന്നും, എല്ലാം ഏകമാണെന്നും കാണാൻ കഴിഞ്ഞാൽ മായയിൽ നിന്നും അല്ലെങ്കിൽ അവിദ്യയിൽ നിന്നും മുക്തമായി. അങ്ങനെ അവിദ്യയിൽ നിന്നും മുക്തമായാൽ, ജീവാത്മാവും - പരമാത്മാവും ഒന്നായി. ഇതു തന്നെയാണ് മാല ധാരണത്തിനു ശേഷം എല്ലാം സ്വാമി മയമായി കാണുന്നതും, സ്വാമി ശബ്ദത്താൽ എല്ലാത്തിനേയും സംബോധന ചെയ്യുന്നതും. ഇങ്ങനെയുള്ള സാഹചര്യത്തിൽ സ്ത്രീ പ്രവേശമുണ്ടായാൽ ശബരിമലയിലെ അദ്വൈയ്ത ചിന്തയെല്ലാം മാറി ദ്വൈയ്തത്വം സംഭവിയ്ക്കുകയും, ശബരിമലയുടെ പരിശുദ്ധിയും, വിശ്വാസവും, ലക്ഷ്യവും, ഇല്ലാതാകുമെന്നും, ഇതിനെ കുറിച്ച് ചിന്തിയ്ക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് തോന്നുന്നു. ഇത്രയുമായപ്പോൾ സ്ത്രീകൾക്ക് മോക്ഷം വേണ്ടേ, അതിനെന്താണൊരു വഴി എന്ന് ചോദ്യമുണ്ടാകാം. അതിനായി, ഭാഗവതം സപ്തമസ്കന്ദം, പതിനൊന്നാ മദ്ധ്യായത്തിൽ, 26, 27, 28, 29 എന്നീ ശ്ലോകങ്ങൾ ഇങ്ങനെ പറയുന്നു. (26) സമ്മാർജ്ജനോപലേപാഭ്യാം ഗ്രഹമണ്ഡലവർത്തനൈ: സ്വയം ച മണ്ഡിതാ നിത്യം പരിമൃഷ്ടപരിച്ഛദാ. ഭർതൃഗ്രഹം അടിച്ചു തളിച്ചു വൃത്തിയാക്കി, പാത്രങ്ങളെല്ലാം തേച്ചു കഴുകിവൃത്തിയാക്കി, വീട് അലങ്കരിച്ച്, അന്യഗ്രഹങ്ങളിൽ പോകാതെ, സ്വഗ്രഹജോലികളിൽ ശ്രദ്ധിച്ച്, ഭർത്താവിന് സന്തോഷം വരുത്തുന്നത് സ്ത്രീ ധർമ്മം. (27) കാമൈരുച്ചാവചൈ: സാധ്വീ പ്രശ്രയേണ ദമേന ച വാക്യൈ: സത്യൈ: പ്രിയൈ: പ്രേമ്ണാ കാലേ കാലേ ഭജേത് പതിം. പതിവൃതയായ സ്ത്രീ ഭർത്താവിനിഷ്ടമുള്ള ഭക്ഷണ പദാർത്ഥങ്ങൾ കൊണ്ടും, വിനയത്തോടും, അച്ചടക്കത്തോടും, സത്യമായും പ്രിയമായുമുള്ള വാക്കുകൾ കൊണ്ടും, പ്രേമപൂർവ്വം ഉചിത സമയത്തിൽ ഭർത്താവിനെ ആദരിയ്ക്കണം. (28) സന്തുഷ്ടാലോലുപാ ദക്ഷാ ധർമ്മജ്ഞാ പ്രിയസത്യവാക് അപ്രമത്താ ശുചി: സ്നിഗ്ദ്ധാ പതീം ത്വപതിതം ഭജേത്. കിട്ടിയതിൽ സന്തോഷിയ്ക്കുന്നവളും, ധർമ്മ കർമ്മാദികളിൽ മടി കാണിയ്ക്കാത്തവളും, ഭർതൃശുശ്രൂഷ ധർമ്മമെന്നു് നിശ്ചയമുള്ളവളും, ആരോടും സത്യമായും ഇഷ്ടമായും സംസാരിയ്ക്കുന്നവളും സ്നാനാദികളാൽ ശരീരം ശുദ്ധമായി സൂക്ഷിയ്ക്കുന്നവളും, ഭർത്താവിനാവശ്യമായ കാര്യങ്ങളിൽ മനസ്സിരുത്തുന്നവളുമായിട്ട്, മഹാപാതകാദിദോഷങ്ങളാൽ പതിതനല്ലാത്ത ഭർത്താവിനെ ഭജിയ്ക്കുന്നത് സ്ത്രീധർമ്മമാണ്. (29) യാ പതിം ഹരിഭാവേന ഭജേ ച്ഛ്രീരിവ തത്പര ഹര്യാത്മനാ ഹരേർല്ലോകേ പത്യാ ശ്രീരിവ മോദതേ. ഏതൊരു സ്ത്രീ സ്വഭർത്താവ് തന്നെ പൂജ്യനായ വിഷ്ണു ഭഗവാൻ എന്ന ഭാവത്തോടുകൂടി, ലക്ഷ്മിദേവി ഭഗവാനെ എന്ന പോലെ, പ്രേമപൂർവ്വം ഭർത്താവിനെ ഭജിയ്ക്കുന്നുവോ, ആ സ്ത്രീ ചതുർഭുജാദി വിഷ്ണുച്ഛിന്നങ്ങളോടുകൂടി വൈകുണ്ഡലോകത്ത് ഭർത്താവിനോടു കൂടി വസിയ്ക്കും. ഇതൊക്കെയാണ് ശബരിമലയുടെ ഉദ്ദേശവും, ലക്ഷ്യവും എന്നു് സാഹചര്യങ്ങളിൽ കൂടിയും ശാസ്ത്രാദികളിൽ കൂടിയും മനസ്സിലാകുന്നുണ്ട്. ഇന്നു നടക്കുന്ന ഈ കോലാഹലങ്ങൾക്കു പിന്നിൽ സദുദ്ദേശമില്ല. ദുരുദ്ദേശം മാത്രമേയുള്ളു. നമസ്കാരം :- ആത്മാനന്ദാചാര്യ. ജയ് ഭാരത് മാതാ: സത്യംവച-ധർമ്മംചര

No comments:

Post a Comment