Saturday, September 11, 2021

💥 ഇന്ന് ഋഷിപഞ്ചമി 💥 ഭാദ്രമാസത്തിലെ വെളുത്തപക്ഷ പഞ്ചമി നാളില്‍ ലോക സൃഷ്ടാവായ വിശ്വകര്‍മ ദേവന്‍ സ്വപുത്രന്മാരായ മനു, മയ, ത്വഷ്ട, ശില്‍പി, വിശ്വജ്ഞ എന്നീ പഞ്ചഋഷികള്‍ക്ക് തന്‍റെ വിശ്വസ്വരൂപം ദര്‍ശനം നല്‍കി അനുഗ്രഹിച്ചതിന്‍റെ സ്മരണ പുതുക്കിയാണ് ഋഷിപഞ്ചമി കൊണ്ടാടുക. ഋഷിപഞ്ചമി വിശ്വകര്‍മ്മ ജയന്തിയായി ആഘോഷിക്കും. ''വിശ്വം കര്‍മ്മ യസ്യ അസൗ വിശ്വകര്‍മ്മ" എന്നതാണ് വിശ്വകര്‍മ്മാവ്. വിശ്വത്തെ സൃഷ്ടിച്ചതിനാല്‍ വിശ്വബ്രഹ്മം വിശ്വകര്‍മ്മാവായി. വിശ്വകര്‍മ്മാവിന്‍റെ പഞ്ചമുഖങ്ങളില്‍ നിന്നും ജനിച്ച് വിശ്വകലാകാരന്മാരായി സര്‍വജീവികള്‍ക്കും ജീവിതത്തിന് ആവശ്യമായതെല്ലാം സൃഷ്ടിച്ചു നല്‍കുന്ന വിശ്വകര്‍മ്മജര്‍ ദേവനെ പൂജിച്ചു പ്രാര്‍ത്ഥിക്കുന്ന പുണ്യദിനം കൂടിയാണ് ഋഷിപഞ്ചമി. പ്രപഞ്ച സൃഷ്ടി --------------------- സൃഷ്ടിക്കു മുമ്പ് സര്‍വ്വശൂന്യമായ അവസ്ഥയില്‍ ആദിപരാ ശക്തി സ്വയം ബ്രഹ്മാവായി. ബ്രഹ്മം അതിന്‍റെ തനി സ്വരൂപത്തില്‍ സൃഷ്ടി കര്‍മ്മത്തിനു പ്രാപ്തമല്ല. ബ്രഹ്മത്തിലെ ആദി ശക്തി ഇഛാശക്തി, ജ്ഞാന ശക്തി, ക്രിയാ ശക്തി, പരാശക്തി എന്നീ പഞ്ചശക്തികളെ ദേവീ പ്രോജ്ജലിപ്പിച്ചു. പഞ്ചശക്തികള്‍ യഥാക്രമം രസദ്വേജാതം, വാമദേവം, അഘോരം, തല്‍പുരുഷം ഈശ്വാന്യം എന്നീ പഞ്ചമുഖങ്ങളായി. കേവലമായ ബ്രഹ്മം പഞ്ചമുഖ ബ്രഹ്മമായി സൃഷ്ടികര്‍മ്മത്തിന് സജ്ജമായി. അങ്ങനെയാണ് പ്രകൃതിയും പുരുഷനും ചേര്‍ന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ചത്. സനകാദി മഹിര്‍ഷിമാരും പഞ്ച മൂര്‍ത്തികളും എല്ലാ ദേവീ ദേവന്മാരും, പഞ്ചഭൂതങ്ങളും ഉള്‍പ്പൈടെ സര്‍വചരാചരങ്ങളും വിശ്വകര്‍മ്മാവന്‍റെ സൃഷ്ടികളാണ്. ദേവശില്‍പിയായ വിശ്വകര്‍മ്മാവാണ് ആഭരണങ്ങളും അനേകം കൈത്തൊഴിലുകളും കണ്ടുപിടിച്ചത്. ദേവന്മാര്‍ക്ക് വിമാനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത് വിശ്വകര്‍മ്മാവാണെന്നു വിഷ്ണു പുരാണം ഒന്നാം അംശം 15-ാം അധ്യായത്തില്‍ പറയുന്നു. ശ്രീരാമചന്ദ്രനെ സഹായിക്കാന്‍ നളന്‍ എന്ന വാനരനെ സൃഷ്ടിച്ചതും വിശ്വകാര്‍മ്മാവാണെന്നു വാല്മീകി രാമായാണം ബാലകാണ്ഡം പതിനെട്ടാം സര്‍ഗത്തില്‍ പറയുന്നു. ത്രിമൂര്‍ത്തികളും സൂര്യചന്ദ്രാദി ഗ്രഹങ്ങളും നക്ഷത്രങ്ങളും ദേവന്മാരും ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണ് ഋഷിപഞ്ചമി. ഹൈന്ദവ ആഘോഷങ്ങളില്‍ പഞ്ചമി നാളിന് ഏറെ പ്രാധാന്യമുണ്ട്. പഞ്ചമിയെന്നാല്‍ അഞ്ചാമത്തെ ദിവസം. വസന്ത പഞ്ചമി, നാഗപഞ്ചമി, ഋഷിപഞ്ചമി എന്നിങ്ങനെ ഒട്ടേറെ പഞ്ചമി ദിനാഘോഷങ്ങളുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ വരുന്ന ഭാദ്രപാദ മാസത്തിലെ നാലാം ദിവസം - അതായത് ചതുര്‍ത്ഥി നാള്‍ - വിനായക ചതുര്‍ത്ഥിയും, പിറ്റേന്ന് ഋഷിപഞ്ചമിയുമാണ്. ജ്യോതിഷ പ്രകാരം പ്രോഷ്ടപാദ മാസത്തിലെ ശുക്ളപഞ്ചമി മധ്യാഹ്നത്തിന് വരുന്ന ദിവസം സ്ത്രീകള്‍ രജോദോഷ പ്രായശ്ചിത്തമായി വ്രതം അനുഷ്ഠിക്കണമെന്ന് പറയുന്നു. നേപ്പാളിലെ ഹൈന്ദവരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഋഷിപഞ്ചമി. നേപ്പാളില്‍ ഈ ഉത്സവം പ്രധാനമായും സ്ത്രീകളുടെ ആഘോഷമാണ്. തീജ് എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. നല്ല ഭര്‍ത്താവിനെ കിട്ടുക എന്നതുകൂടിയാണ് പ്രധാനമായും സ്ത്രീകളുടെ ആഘോഷമായ തീജിന്‍റെ ഉദ്ദേശം. ചിലപ്പോള്‍ ഇത് സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ ആഘോഷമായി മാറാറുണ്ട്. ജൈനമതക്കാര്‍ക്കും ഈ ദിവസം ഏറെ പ്രാധാന്യമുള്ളതാണ്. അവരിതിനെ ജ്ഞാനപഞ്ചമി എന്നാണ് വിളിക്കുന്നത്. ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷി പഞ്ചമി എന്നറിയപ്പെടുന്നത്. അന്ന് സപ്തര്‍ഷികളെ പൂജിക്കേണ്ട ദിവസമാണെന്നാണ് ഒരു വിശ്വാസം. കശ്യപന്‍, അത്രി, ഭരദ്വാജന്‍, വിശ്വാമിത്രന്‍, ഗൗതമന്‍, ജമദഗ്നി, വസിഷ്ഠന്‍ എന്നിവരാണ് സപ്തര്‍ഷികള്‍. കര്‍മ്മങ്ങളിലൂടെ വന്നുപോയ പാപങ്ങള്‍ക്ക് പ്രായശ്ഛിത്തം അനുഷ്ഠിക്കുന്ന ദിവസമാണ് ഋഷിപഞ്ചമി എന്നതാണ് മറ്റൊരു വിശ്വാസം. പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളുടെയും സൃഷ്ടികര്‍ത്താവ് സ്വയംഭൂവായ വിശ്വബ്രഹ്മാവാണ്. ബ്രഹ്മം അദൃശ്യമാണ്. അതിന്‍റെ ദൃശ്യ രൂപത്തെയാണ് നമ്മള്‍ വിശ്വബ്രഹ്മാവ് എന്നും വിരാട് ബ്രഹ്മാവെന്നും വിളിക്കുന്നത്. വിശ്വകര്‍മ്മാവില്‍ നിന്നും നേരിട്ട് ഉല്‍ഭവിച്ചവരാണ് വിശ്വകര്‍മ്മാക്കള്‍ എന്നാണ് വിശ്വാസം. കേരളത്തില്‍ വിശ്വകര്‍മ്മ ക്ഷേത്രങ്ങള്‍ തീരെ കുറവാണ്. കോട്ടയത്തെ വാകത്താനത്തുള്ള വിശ്വബ്രഹ്മ ക്ഷേത്രമാണ് അറിയപ്പെടുന്ന ഒരു വിശ്വകര്‍മ്മ ക്ഷേത്രം. വാസ്തു ദോഷ പരിഹാരത്തിനും ശത്രു പീഢകള്‍ ഒഴിവാക്കാനും സമ്പല്‍സ‌മൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനും വിശ്വകര്‍മ്മാവിനെ സ്തുതിക്കുന്നത് നല്ലതാണ്. മൂലസ്തംഭപുരാണം പറയുന്നത് വിശ്വകര്‍മ്മാവ് സ്വയം ഉല്‍ഭവിച്ചു എന്നാണ്. അപ്പോള്‍ പ്രപഞ്ചത്തില്‍ ഒന്നുമില്ലായിരുന്നു. ആകാശമോ ഭൂമിയോ നക്ഷത്രങ്ങളോ എന്തിന് ബ്രഹ്മാവോ വിഷ്ണുവോ മഹേശ്വരനോ മനസോ ഒന്നുമില്ലായിരുന്നു. അദ്ദേഹം ആദ്യം ത്രിമൂര്‍ത്തികളെ സൃഷ്ടിച്ചു. വിശ്വകര്‍മ്മാവിന് അഞ്ച് ശിരസ്സും പത്തു കൈകളുമാണുണ്ടായിരുന്നത്. അഞ്ച് മുഖങ്ങളില്‍ ഓരോന്നില്‍ നിന്നും സനകന്‍, സനാതനന്‍, അഭു വസനന്‍, പൃത്നസന്‍, സുപര്‍ണ്ണസന്‍ എന്നീ പഞ്ച ഋഷിമാരെ സൃഷ്ടിച്ചു. ശരീരത്തില്‍ നിന്ന് ഇന്ദ്രാദി ദേവന്മാരെയും സപ്ത ഋഷിമാരെയും നവ ഗ്രഹങ്ങളെയും 27 നക്ഷത്രങ്ങളെയും അഞ്ച് വേദങ്ങളെയും ലോകത്തെയും സൃഷ്ടിച്ചു. ഇതിനു ശേഷം സൃഷ്ടിയുടെ ചുമതല ബ്രഹ്മദേവനെയും സംരക്ഷിക്കാനുള്ള ചുമതല വിഷ്ണുവിനെയും സംഹരിക്കാനുള്ള ചുമതല മഹേശ്വരനെയും ഏല്‍പ്പിച്ചു. മറ്റെല്ലാവര്‍ക്കും ചുമതലകള്‍ ഓരോന്നും നല്‍കി. വേദങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും യാഗങ്ങള്‍ നടത്താനും മറ്റുമായി ഋഷീശ്വരന്മാരെ ചുമതലപ്പെടുത്തി വിശ്വകര്‍മ്മാവ് അപ്രത്യക്ഷനായി. വിശ്വകര്‍മ്മാവ് ഭാരമേല്‍പ്പിച്ച ചുമതലകളെല്ലാം ത്രിമൂര്‍ത്തികളും ഋഷിമാരും ദേവന്മാരും ചെയ്തു തുടങ്ങി. അവര്‍ക്ക് വിശ്വകര്‍മ്മാവിനെ കാണണമെന്ന ആഗ്രഹം കലശലായപ്പോള്‍ പഞ്ച ഋഷിമാരുടെ ഉപദേശം അനുസരിച്ച് ഭാദ്രപാദ മാസത്തിലെ (കന്നി - തുലാം) ശുക്ലപക്ഷ പ്രഥമ മുതല്‍ പഞ്ചമി വരെ അവര്‍ ധ്യാനിക്കാന്‍ തുടങ്ങി. ദേവന്മാര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട വിശ്വകര്‍മ്മ ദേവന്‍ പറഞ്ഞു, അഞ്ച് ഋഷിമാരുടെ നിര്‍ദ്ദേശ പ്രകാരം എന്നെ ആരാധിച്ച ദിവസം ഋഷിപഞ്ചമി ദിവസമായി അറിയപ്പെടും. ഈ ദിവസം പൂജ നടത്തുന്നവര്‍ക്ക് സര്‍വ നന്മകളും ഉണ്ടായിരിക്കും. ഇതാണ് ഋഷിപഞ്ചമിയുടെ ഉല്‍ഭവ കഥ. ഈ ദിവസം വിശ്വകര്‍മ്മാവിന്‍റെ ക്ഷേത്രത്തില്‍ പോവുകയോ ദര്‍ശനം നടത്തുകയോ ചെയ്താല്‍ സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാവുമെന്നാണ് ഹൈന്ദവ വിശ്വാസം. 👉 Sree Guruvayoorappan Page

No comments:

Post a Comment