Monday, September 06, 2021

എല്ലാ കലകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ശില്‍പ്പകല പ്രയാസമാണ്. മറ്റെല്ലാ കലകളും അറി ഞ്ഞാലാണ് അത് എളുപ്പമാവുക. ചിത്രംവര, നൃ ത്തകരണം,വേഷവിധാനം, ഇവ അറിയുന്നവര്‍ക്കേ ഭംഗിയുള്ള ശില്‍പ്പം സാദ്ധ്യമാവൂ. നൃത്തമറിയാന്‍ വാദ്യസംഗീതവും വായ്പ്പാട്ടും വേണം. സംഗീതം സാഹിത്യത്തിലേക്ക് നയിക്കുന്നു. സാഹിത്യമറിയുക എന്നാല്‍ ഭാഷാപരിജ്ഞാനമാണ്. അതിനാല്‍ പടിപടിയായി മുനി അന്ന് നിലവിലുണ്ടായിരുന്ന സംസ്കൃതം,പ്രാകൃതം,അപഭ്രംശം എന്നീ ഭാഷകളി ലേക്ക് വജ്രന്‍റെ ശ്രദ്ധ തിരിക്കുന്നു നാട്യശാസ്ത്രം മുതലായ സംസ്കൃതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിമകളുടെ നിര്‍മ്മിതി എന്നത് ചരിത്രപരമായി സത്യവുമാണ്. ശില്‍പ്പത്തിന്‍റെ ഉപയോഗം ഗ്രന്ഥത്തിന്‍റെ വിവരണത്തോടെയാണ് പൂര്‍ണ്ണമാവുന്നത്. കരണങ്ങളുടെ ഓരോന്നിന്‍റേയും സ്ഥിതി നാട്യശാ സ്ത്രത്തിലുള്ളതാണ് ശില്‍പ്പത്തിലും കാണുക. ഒന്നിനെ അറിയാതെ മറ്റൊന്നിനെ അറിയാവതല്ല. ക്ഷേത്രം സകലകലകളുടേയും കേന്ദ്രമാണ്. നൃത്ത നാട്യസംഗീതപ്രദര്‍ശനത്തിനുള്ള കൂത്തമ്പലങ്ങളോടു കൂടിയതാണ് ക്ഷേത്രഘടന. ക്ഷേത്രാരാധനക്ക് ഉന്ന തമായ രസാസ്വാദനത്തിനുള്ള കഴിവു വളര്‍ത്താനുള്ള സ്ഥാനവും ഉണ്ടായിരുന്നു നാഗരികരുടെ വിദ്യാഭ്യാസ ത്തിന്‍റെ പ്രധാനഭാഗമായിരുന്നു ക്ഷേത്രകലാപാടവം. സാഹിത്യസംഗീതകലാ വിഹീനഃ സാക്ഷാത് പശു പുഛവിഷാണഹീന എന്ന നീതിശതകത്തിലെ ഭര്‍തൃഹരിവാക്യം അന്നത്തെ ഇന്ത്യയുടെ വിദ്യാഭ്യാസത്തില്‍ കലാവിദ്യാസ്വാദനത്തിന്‍റെ പങ്ക് വിളിച്ചോതുന്നു. ( വിഷ്ണുധര്‍മ്മോത്തരത്തിന്‍റെ ആമുഖത്തില്‍നിന്ന്)

No comments:

Post a Comment