Friday, October 01, 2021

*ആദിശക്തിയുടെ പരിണാമമാണ് പ്രപഞ്ചം/വശിന്യാദി ദേവതമാര്‍* തന്ത്രശാസ്ത്ര സിദ്ധാന്തമനുസരിച്ച് ഈ പ്രപഞ്ചം മിഥ്യയല്ല. നമ്മുടെ ബുദ്ധിക്കും ഭാവനക്കുമെല്ലാമതീതമായി വിരാജിക്കുന്ന പരമാത്മചൈതന്യത്തില്‍ തികച്ചും അജ്ഞാതമായ വിധത്തില്‍ ഒരു ഇളക്കം അഥവാ സ്പന്ദനം ഉത്ഭവിക്കുന്നു. ആ സ്പന്ദന വിശേഷത്തോടുകൂടിയ ബ്രഹ്മതത്ത്വത്തെയാണ് ശബ്ദബ്രഹ്മമെന്നും ആദിശക്തിയെന്നും മറ്റും പൂര്‍വ്വികര്‍ വ്യവഹരിക്കുന്നത്. ആദ്യത്തെ ഈ സ്‌ഫോടനം ക്രമേണ ഘനീഭൂതമായി, ''സോളകാമയതബഹുസ്യാം പ്രജായേയം'' (അവന്‍ ഇച്ഛിച്ചു ഞാന്‍ ബഹുവായി ഭവിക്കട്ടെ) എന്ന ശ്രുതിവചനമനുസരിച്ച് പലതായി പരിണമിക്കുന്നു. അങ്ങനെ അഹങ്കാരമായും മഹത്തത്ത്വമായും പിന്നീട് ആകാശം, വായു, അഗ്നി, അപ്പ്, പൃഥ്വി തുടങ്ങിയ പഞ്ചഭൂതങ്ങളായും ഈ ആദിശക്തി പരിണമിച്ചുണ്ടായതാണ് നാമിന്നു കാണുന്ന പ്രപഞ്ചം. ''മനസ്ത്വം വ്യോമസ്ത്വം മരുദസി മരുത്സാരഥിരസി ത്വമാപസ്ത്വം ഭൂമി ത്വയിപരിണതായാം നഹിപരം ത്വമേവ സ്വാത്മാനം പരിണമയിതും വിശ്വവപുഷാ ചിദാനന്ദാകാരം ശിവയുവതി ഭാവേന ബിഭൃഷേ'' (നീ തന്നെ മനസ്സ്, നീ തന്നെ ആകാശം, നീ വായുവും വായുവിന്റെ സാരഥിയുമായ അഗ്നിയുമാണ്. നീ തന്നെ ആപസ് അഥവാ ജലം. നീ തന്നെ ഭൂമി ഈ പരിണാമശൃംഖലയില്‍ നീയല്ലാതെ മറ്റൊന്നുമില്ല. പരമാത്മാവായ നീ തന്നെ വിശ്വവപുസ്സായി പരിണമിക്കുന്നതിനായി ചിദാനന്ദകാരമായ ശിവയുവതി (ശക്തി) ഭാവത്തെ ഉള്‍ക്കൊള്ളുന്നു) എന്ന് സൗന്ദര്യലഹരി കര്‍ത്താവായ ആദിശങ്കരന്‍ കീര്‍ത്തിക്കുന്നത് ഈ പ്രക്രിയയെയാണ്. അങ്ങനെ അവ്യക്തമായ ഈശ്വര ചൈതന്യം ഇന്ദ്രിയഗോചരമായ ഒരു രൂപം പൂണ്ടുനില്‍ക്കുന്നതാണ് ഈ പ്രപഞ്ചമെന്ന് വന്നുകൂടുന്നു. വേദപുരാണങ്ങളില്‍ വര്‍ണിക്കുന്ന വിരാട് പുരുഷന്റെ സങ്കല്‍പം പ്രസിദ്ധമാണല്ലോ. ''സഹസ്രശീര്‍ഷാ പുരുഷഃ സഹസ്രാക്ഷ സഹസ്രപാദ്'' എന്നു തുടങ്ങിയ ശ്രുതിവാക്യങ്ങളും മറ്റും വ്യവഹരിക്കുന്നത് ഈ തത്ത്വത്തെത്തന്നെയാണ്. ഇങ്ങനെ ഏറ്റവും ഭൗതികകാലം വരെ അതായത് ഭൂമി തത്ത്വംവരെ ഇറങ്ങിവരുന്ന സര്‍ഗ്ഗശക്തിയുടെ പ്രഭാവത്താല്‍ സൃഷ്ടമായ ഈ ബ്രഹ്മാണ്ഡശരീരവും. അതില്‍ അന്തര്യാമിയായി വര്‍ത്തിക്കുന്ന പരമാത്മചൈതന്യവും നമ്മെ ഒരു ശരീരവും ജീവനുമുള്ള ഒരു വലിയ ജീവിയെ അനുസ്മരിപ്പിക്കുന്നു. ഈ സിദ്ധാന്തമനുസരിച്ച് പ്രപഞ്ചത്തിന് ജീവനുണ്ട് അഥവാ ഈശ്വരനാകുന്ന ജീവന്റെ ശരീരമാണ് പ്രപഞ്ചം. മാത്രമല്ല ഈ ജീവന്‍ പ്രപഞ്ചത്തിന്റെ ഓരോ ഭാഗത്തും ഓരോ അണുവിലും തുടിക്കുന്നുണ്ട്. ചുരുക്കത്തില്‍ ജീവനില്ലാത്തതായ ഒന്നുംതന്നെ പ്രപഞ്ചത്തിലില്ല. സചേതനമെന്നും അചേതനമെന്നും ഒരുപക്ഷേ ഇന്നത്തെ ശാസ്ത്രകാരന്മാര്‍ വ്യവഹരിക്കുന്ന രീതിയിലുള്ള വിഭജനം കേവലം അശാസ്ത്രീയമാണ്. ജീവനെ തേടിക്കൊണ്ട് ഇന്നുപോകുന്ന ജീവശാസ്ത്രത്തിന്റെ ധാര്‍ഷ്ട്യത്തോടെയുള്ള പ്രയാണം ഒരുപക്ഷേ അവസാനിക്കുവാന്‍ പോകുന്നത് ഒരു മരുമരീചികയായിരിക്കാനിടയുണ്ട്. സാധാരണഗതിയില്‍ തന്നെ മനുഷ്യനും മൃഗങ്ങളും സസ്യങ്ങളുമെല്ലാം ജീവനുള്ളവയെന്നു കാണുവാന്‍ പ്രയാസമില്ല. ഇന്ന് ആധുനികശാസ്ത്രം ഒരുപടികൂടെ മുമ്പെകടന്ന് പാറകളിലും ലോഹങ്ങളിലുംകൂടി ജീവന്റെ അവ്യക്തത സ്ഫുരണങ്ങള്‍ കാണുന്നുണ്ടെന്ന് സമര്‍ത്ഥിക്കുന്നു. ഈ നിലയ്ക്ക് മുന്നോട്ടുപോയാല്‍ ഇന്ന് നാം ജഡമെന്ന് സങ്കല്‍പ്പിക്കുന്ന എല്ലാ വസ്തുക്കളിലും പ്രപഞ്ചത്തില്‍ മുഴുവനായും ജീവന്‍ ഉണ്ടെന്ന പൗരാണിക തത്ത്വത്തില്‍ തന്നെ ആധുനിക ശാസ്ത്രം ചെന്നെത്തിച്ചേരുമെന്ന് കാണുവാന്‍ പ്രയാസമില്ല. പക്ഷേ വിവിധജീവികളിലും ജീവനെന്ന സ്ഫുരണം വ്യത്യസ്തമായ അളവുകളിലാണെന്നു മാത്രം. അങ്ങനെ പരിണാമ ശൃംഖലയില്‍ ജീവന്‍ ഏറ്റവും കൂടുതലായി സ്ഫുരിക്കുന്നത് മനുഷ്യനില്‍ ആണ്. കല്ലായും മരമായും പുഴുവായും മൃഗമായും അങ്ങനെ സഹസ്രക്കണക്കിന് യോനികളില്‍ ജനിച്ച്, ജീവിച്ച് മരിച്ചശേഷം വളരെയേറെ വളര്‍ച്ചയെത്തിയ ഒരാത്മാവിനു മാത്രമേ മനുഷ്യനായി ജനിക്കുവാന്‍ സാധിക്കുന്നുള്ളൂവെന്ന പുനര്‍ജ്ജന്മ സിദ്ധാന്തം ഈ വാദത്തിന്റെ ഒരു ഘടകം മാത്രമാണ്. *വശിന്യാദി ദേവതമാര്‍* വശിനീ, കാമേശ്വരി, മോദിനി, വിമല, അരുണ, ജയിനീ, സര്‍വേശ്വരി, കൌലിനി, എന്നിവരാണ് വാഗ്ദേവതകളായ ദേവിമാര്‍. ഇവര്‍ വസിക്കുന്നത് ഏഴാമത്തെ ആവരണമായ സര്‍വരോഗഹര ചക്രത്തിലാണ്. ഇവരെ രഹസ്യ യോഗിനികള്‍ എന്നും വിളിക്കുന്നത്തിനു കാരണം ഇവര്‍ക്ക് ശ്രീചക്ര രഹസ്യങ്ങളും മന്ത്ര രഹസ്യവും നന്നായി അറിയുന്നതുകൊണ്ടാണ്‌. ലളിതാ ദേവിയുടെ ഭക്തന്മാര്‍ക്ക് വാക്ക് സാമര്‍ത്ഥ്യം നല്‍കുന്നത് ഈ വാഗ്ദേവികളാണ്‌ എന്ന് ലളിതാ സഹസ്രനാമത്തില്‍ പൂര്‍വ ഭാഗം പറയുന്നു. ലളിതാ ദേവിയുടെ ആക്ജ്ഞയാല്‍ ദേവിയുടെ സഹസ്രനാമം രചിച്ചതും ദേവീ സന്നിധിയില്‍ ആദ്യമായി ചൊല്ലിയതും ഈ വശിന്യാധികളാണെന്ന് ലളിതാ സഹസ്രനാമത്തിന്റെ പൂര്‍വ ഭാഗം പറയുന്നു. വശിന്യാധികള്‍ ഓരോ അക്ഷര സമൂഹങ്ങളുടെയും അധിദേവതയായി ലളിതോപാഖ്യാനത്തില്‍ ചിത്രീകരിക്കുന്നുണ്ട്. സ്വരാക്ഷരങ്ങളുടെത് വശിനീ, കവര്ഗാക്ഷരങ്ങളുടെത് കമേശ്വരി, ചവര്‍ഗങ്ങളുടെത് മോദിനി, ടവര്‍ഗങ്ങളുടെത് വിമല, തവര്‍ഗങ്ങളുടെത് അരുണാ, പവര്‍ഗങ്ങളുടെത് ജയിനീ, യ ര ല വ എന്നിവയുടെത് സര്‍വേശ്വരി ശ ഷ സ ഹ ള ക്ഷ എന്നിവയുടെത് കൌലിനി, എന്നിങ്ങേനെയാണ് അധിദേവതകള്‍. ഈ ദേവതകളുടെ കാന്തി സിന്ധൂരപൊടി പോലെ ചുവന്നത് എന്നാണെങ്കില്‍ ലളിതോപാഖ്യാനത്തില്‍ ചെമ്പരത്തിപൂ പോലെ ചുവന്നത് എന്നാണ് പറയുന്നത്. മുത്ത്‌ മാല ധരിച്ചവരും മുഖത്ത് നിന്ന് സധാ ഗദ്യ പദ്യങ്ങള്‍ പ്രവഹിചു കൊണ്ടിരിക്കുന്നവരും കവ്യാങ്ങളായും നാടകങ്ങളായും വേദാന്ത സാരങ്ങളായും സ്തുതികളായും ശ്രവണ സുഭഗങ്ങളായ മധുരശബ്ധങ്ങളാലും ലളിതാ ദേവിയെ സന്തോഷിപ്പിക്കുന്നവരാണ് ഈ വശിന്യാധി ദേവതകള്‍.

No comments:

Post a Comment