Tuesday, October 19, 2021

 വാൽമീകി ജയന്തി...Valmiki Jayanthi(20/10/2021)

****************************************************************************

അശ്വിനമാസത്തിലെ പൗര്‍ണ്ണമി ദിവസം ആദികവിയായ വാല്മീകി മഹര്‍ഷിയുടെ ജന്മദിനമായിട്ടാണ് ഭാരതീയര്‍ ആചരിക്കുന്നത്. സംസ്‌കൃത ഭാഷയില്‍ ആദ്യമായി കാവ്യരചന നടത്തിയത് വാല്‍മീകിയാണ്. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ സമകാലീനനാണ് ഇദ്ദേഹം എന്നും വിശ്വസിക്കപ്പെടുന്നു.


കാട്ടാളനില്‍ നിന്ന് ഈശ്വരാംശം നിറഞ്ഞ മുനിയിലേക്കുള്ള യാത്രയാണ് വാല്‍മീകിയുടെ ജീവിതം. രത്‌നാകരന്‍ എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ നാമം. ഭാര്യയും മക്കളുമായി കാട്ടിലായിരുന്നു വാസം. വഴിപോക്കരെ കൊള്ളയടിച്ചായിരുന്നു ഉപജീവനം. ഒരിക്കല്‍ സപ്തര്‍ഷികള്‍ ആ വഴി വന്നു. രത്‌നാകരന്‍ അവരേയും കൊള്ളയടിക്കാന്‍ ശ്രമിച്ചു. ഈ പാപവൃത്തിയുടെ ഫലം ആരെല്ലാം അനുഭവിക്കേണ്ടിവരുമെന്ന ചോദ്യത്തിന് മുന്നില്‍ രത്‌നാകരന് ഉത്തരം മുട്ടി. ഭാര്യയും മക്കളും ഈ പാപഭാരം ചുമക്കുമോയെന്നറിയാന്‍ രത്‌നാകരന്‍ അവരെ സമീപിച്ചു. താന്‍താന്‍ ചെയ്യുന്ന പാപകര്‍മ്മങ്ങളുടെ ഫലം അവനവന്‍ തന്നെ അനുഭവിക്കണമെന്നായിരുന്നു അവരുടെ മറുപടി.


ആ മറുപടി രത്‌നാകരന്റെ കണ്ണുതുറപ്പിച്ചു. അവന്‍ സപ്തര്‍ഷികളെ സമീപിച്ചു. ചെയ്തുപോയ അപരാധങ്ങള്‍ക്കെല്ലാം മാപ്പുചോദിച്ചു. ശിഷ്ടകാലം ഈശ്വരനെ ഭജിച്ച് ജീവിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ഒരിക്കല്‍പോലും ഈശ്വര ചിന്തയില്ലാതിരുന്ന രത്‌നാകരന്റെ നാവിന് ഭഗവദ് നാമം അത്രവേഗം വഴങ്ങുന്നതായിരുന്നില്ല. അത് മനസ്സിലാക്കിയ സപ്തര്‍ഷികള്‍ ഒരുപായം കണ്ടെക്കി. രാമ രാമ എന്നതിന് പകരം മരാ മരാ എന്ന് ജപിക്കാന്‍ നിര്‍ദ്ദേശിച്ചു. അതും വേഗത്തില്‍ വേണം. ക്രമേണ മരാ മരാ എന്നത് ശ്രീരാമദേവന്റെ അനുഗ്രഹത്താല്‍ രാമ രാമ എന്നായി മാറി. നാളുകള്‍ പലത് കടന്നുപോയി. തീവ്ര തപസ്സനുഷ്ഠിച്ച രത്‌നാകരന്റെ ശരീരം ചിതല്‍പുറ്റുകൊണ്ട് മൂടി. പുറ്റില്‍ നിന്നും രാമ ശബ്ദം കേട്ട ഋഷിമാര്‍ രത്‌നാകരനെ ചിതല്‍പുറ്റില്‍ നിന്നും പുറത്തുകൊണ്ടുവന്നു. ചിതല്‍പുറ്റില്‍ നിന്നും പുറത്തുവന്നതിനാല്‍ വാല്മീകി എന്ന പേരു ലഭിച്ചു. ഈ ഋഷിമാരുടെ പ്രേരണയാലാണ് രാമായണം രചിച്ചതെന്നുമാണ് ഐതിഹ്യം.


ഉത്തരകാണ്ഡം ഉള്‍പ്പെടെ ഏഴ് കാണ്ഡങ്ങളിലായി 24,000 ശ്ലോകങ്ങള്‍ അടങ്ങുന്നതാണ് രാമായണം. രാമന്റെ വനവാസകാലത്ത് വാല്‍മീകിയും ശ്രീരാമനും കണ്ടുമുട്ടിയതായും പറയപ്പെടുന്നു. രാമന്‍ സീതയെ പരിത്യജിച്ചപ്പോള്‍, സീതയ്ക്ക് അഭയം നല്‍കിയതും വാല്‍മീകിയാണ്. വാല്‍മീകിയുടെ ആശ്രമത്തില്‍ വച്ചാണ് ലവനും കുശനും സീത ജന്മം നല്‍കിയതും. പുത്രന്മാര്‍ രാമകഥ അറിയുന്നതും വാല്‍മീകിയില്‍ നിന്നത്രെ.

ഒരിക്കല്‍ വാല്‍മീകി മഹര്‍ഷി പ്രഭാത കര്‍മ്മങ്ങള്‍ക്കായി ഗംഗാ നദിയിലേക്ക് പോവുകയായിരുന്നു. ശിഷ്യനായ ഭരദ്വാജന്‍ വസ്ത്രങ്ങളുമായി മഹര്‍ഷിയെ അനുഗമിച്ചു. അവര്‍ താമസാ നദിക്കരയിലെത്തുന്നു. നദിയിലെ തെളിഞ്ഞ ജലം കണ്ടു സന്തോഷം തോന്നിയ മഹര്‍ഷി ഇപ്രകാരം പറഞ്ഞു.’ നോക്കൂ, ഒരു നിര്‍മ്മല മനസ്സുപോലെ എത്ര തെളിഞ്ഞതാണ് ഈ നദിയിലെ തെളിനീര്‍. ഇന്ന് ഞാന്‍ ഈ നദിയിലാണ് കുളിക്കുന്നത്’ കുളിക്കാന്‍ യോജ്യമായ ഒരു സ്ഥലം തേടുന്നതിനിടയില്‍ പ്രണയ സല്ലാപത്തിലേര്‍പ്പെട്ട ഇണപ്രാവുകളെ കാണുന്നു. അതുകണ്ടു സന്തോഷിച്ചു നില്‍ക്കുമ്പോള്‍ പെട്ടന്ന് ഒരു വേടന്റെ അമ്പേറ്റ് ആണ്‍ പക്ഷി മരിച്ചു വീഴുന്നു. പെണ്‍പക്ഷിയും ദുഖ ഹൃദയം പൊട്ടി മരിക്കുന്നു.


ദാരുണമായ കാഴ്ച കണ്ട മഹര്‍ഷി ആരാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നറിയാന്‍ നാലുഭാഗത്തും തിരഞ്ഞു. അമ്പും വില്ലുമേന്തിയ വേടന്‍ മരണമടഞ്ഞ വേട്ട പക്ഷിയെ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സങ്കടവും ക്രോധവും അടക്കാന്‍ കഴിയാതെ മഹര്‍ഷി വേടനെ ശകാരിക്കുന്നു, മനു ഷ്യരെ മാത്രമല്ല, ഒരു മൃഗത്തേയോ, പക്ഷികളെയോ ആക്രമിക്കുവാന്‍ പാടുള്ളതല്ല, പ്രത്യേകിച്ചും അവ സ്‌നേഹം പങ്കിടുമ്പോള്‍. നീ ഒരു കൊടും പാപകര്‍മ്മമാണ് ചെയ്തത്. ക്രോധത്താല്‍ വാല്മീകി ഇപ്രകാരം വിലപിച്ചു.

‘മാനിഷാദ, പ്രതിഷ്ഠാം ത്വമഗമഃ

ശാശ്വതീഃസമാഃ

യത്ക്രൗഞ്ചമിഥുനാദേകം അവധീഃ

കാമമോഹിതം’

സംസ്‌കൃത ഭാഷയിലെ ആദ്യ ശ്ലോകം ഇതെന്നാണ് കരുതുന്നത്. പരസ്പരം സ്‌നേഹിച്ചുകഴിഞ്ഞ ഇണക്കിളികളെ കൊന്ന നീ ശിഷ്ടകാലം വിശ്രമമില്ലാതെ അലയട്ടെ എന്നാണ് ഈ ശ്ലോകത്തിന്റെ അര്‍ത്ഥം. അര്‍ത്ഥ പൂര്‍ണ്ണമായ ഈ ശ്ലോകത്തിന് ശേഷമാണ് ബ്രഹ്മാവിന്റെ അനുഗ്രഹത്താലും, ഈശ്വരനിയോഗത്താലും രാമായണത്തിന്റെ രചന നിര്‍വഹിച്ചത്.

ഭാരതീയ ജനതയ്ക്ക് ദിശാബോധം നല്‍കുന്നതില്‍ രാമായണം വഹിച്ച പങ്ക് ചെറുതല്ല. രാമായണ രചനയിലൂടെ വാല്‍മീകിക്കും ഭാരതീയരുടെ മനസ്സില്‍ ശ്രേഷ്ഠ സ്ഥാനമാണുള്ളത്. വാല്‍മീകി ജയന്തി ഭാരതത്തിലെമ്പാടും പ്രാധാന്യത്തോടെ തന്നെ കൊണ്ടാടപ്പെടുന്നു. പ്രേമത്തിന്റേയും, ത്യാഗത്തിന്റേയും, തപസ്സിന്റേയും, യശസ്സിന്റേയും മഹത്വം പകര്‍ന്ന് നല്‍കിയ, മാനവരാശിക്ക് സഞ്ചരിക്കാന്‍ സന്മാര്‍ഗത്തിന്റെ വഴി കാണിക്കുകയും ചെയ്യുന്ന മഹത്തായ കാവ്യമാണ് രാമായണം. വാല്മീകി ക്ഷേത്രങ്ങളില്‍ പൂജകളും, അര്‍ച്ചനയും ശോഭായാത്രകളും സംഘടിപ്പിക്കുന്നു. ശോഭായാത്രകള്‍ കടന്നുപോകുന്ന വഴികളിലെല്ലാം ഭക്തര്‍ അത്യധികം ഉത്സാഹത്തോടു കൂടി യാത്രയെ വരവേല്‍ക്കുകയും രാമ നാമം ജപിച്ചു കൊണ്ട് അനുഗമിക്കുകയും ചെയ്യുന്നു.


ഇന്ത്യയില്‍ മുപ്പത്തിയാറോളം വാല്‍മീകി ആശ്രമങ്ങളുണ്ടെന്നാണ് വിവരം, ഇവയില്‍ ഏറ്റവും പ്രശസ്തമായത് പതിനൊന്നെണ്ണമാണ്.വാല്‍മീകിയുടെ പേരിലുള്ള ക്ഷേത്രങ്ങള്‍ പൂക്കളാലും ദീപങ്ങളാലും അലങ്കരിക്കുന്നു. വാല്മീകി ക്ഷേത്രങ്ങള്‍ ആശ്രമങ്ങളെന്ന പേരിലാണ് അറിയപ്പെടുന്നത്. ഇങ്ങനെയുള്ള ആശ്രമങ്ങളിലെല്ലാം രാമായണം പഠിപ്പിക്കുന്നു.

ചെന്നൈയിലെ തിരുവാണ്‍മിയൂരില്‍ സ്ഥിതി ചെയ്യുന്ന മഹര്‍ഷി വാല്‍മീകി ക്ഷേത്രമാണ് രാജ്യത്തെ ഏറ്റവും വലിയ വാല്‍മീകി ക്ഷേത്രം. 1300 ലേറെ വര്‍ഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് കരുതപ്പെടുന്നു. വാല്‍മീകി നഗര്‍ എന്നാണ് ഈ ക്ഷേത്രം സ്ഥതി ചെയ്യുന്ന സ്ഥലം അറിയപ്പെടുന്നതുതന്നെ. രാമായണ രചനയ്ക്ക് ശേഷം വാല്‍മീകി മഹര്‍ഷി വിശ്രമിച്ചത് ഇവിടെയാണെന്നും കരുതപ്പെടുന്നു. എല്ലാ മാസവും പൗര്‍ണമി ദിനത്തില്‍ ഇവിടെ പ്രത്യേക പൂജകള്‍ നടത്താറുണ്ട്.

No comments:

Post a Comment