Saturday, October 09, 2021

 മഹിഷാസുരവധം


നവരാത്രി വിശേഷം


വിപ്രചിത്തി’ എന്ന അസുരന്റെ  പുത്രിയായ മാഹിഷ്മതി ഒരു ദിവസം  എരുമയുടെ രുപമെടുത്ത് തപസ്വിയായ  സിന്ധുദ്വീപന്‍ എന്ന മഹര്‍ഷിയെ ഭയപ്പെടുത്തി. അതില്‍ കോപിഷ്ഠനായ മഹര്‍ഷി “നീ ഒരു

‘എരുമയായിപ്പോകട്ടെ’” എന്നു ശപിച്ചു.

ശാപം കിട്ടിയ അവള്‍ എരുമയായിത്തീര്‍ന്നു.

ആ സമയത്താണ് ‘ഭാനുവിന്റെ പുത്രനായ രംഭന്‍ തനിയ്ക്ക് “ത്രൈലോക്യ വിജയിയായ ഒരു പുത്രനുണ്ടാകണം എന്നും അവനെ ദേവനോ, അസുരനോ, മനുഷ്യനോ വധിക്കാത്തവരായിരിക്കണം”  എന്ന് അഗ്നിഭഗവാനില്‍ നിന്നും ഒരു വരം വാങ്ങിയത്.

വരം നല്‍കുമ്പോള്‍ അഗ്നി ദേവന്‍ രംഭനോട്

“’നീ ഏതു സ്ത്രീയേയാണോ ഇഷ്ടപ്പെട്ടു നോക്കുന്നത്

അവളില്‍ നീ ആഗ്രഹിച്ചവിധമുള്ള ഒരു പുത്രനുണ്ടാകും.’ എന്ന വരം കൊടുത്തു.

സന്തോഷവാനായ രംഭന്‍ യക്ഷലോകത്തേക്കു പോകുമ്പോഴാണ്  മാര്‍ഗമദ്ധ്യേ മനോഹരിയായ ‘മാഹിഷ്മതി’ എന്ന എരുമയെ കണ്ടത്. അവളില്‍ അനുരക്തനായ രംഭന്‍ അവളെ മറ്റു എരുമക്കൂട്ടങ്ങളില്‍ നിന്നും അകറ്റി പാതാളത്തിലേക്ക് കൊണ്ടുപോയി.


ഇതറിഞ്ഞ കാട്ടുപോത്തുകള്‍ കൂട്ടംചേര്‍ന്ന് ഒരു ദിവസം രംഭനെ ആക്രമിച്ചു. ആ ആക്രമണത്തില്‍ രംഭന്‍ മരിച്ചു. എന്നാല്‍ ആ എരുമയുടെ ആഗ്രഹപ്രകാരം  ഒരു ചിതയൊരുക്കി രംഭനെ സംസ്‌കരിച്ചു. ഗര്‍ഭിണിയായ മാഹിഷ്മതി എന്ന എരുമ ഒരു പുത്രനെ പ്രസവിച്ച് ആ ചിതയില്‍ ചാടി ദേഹത്യാഗം ചെയ്തു. ആ പുത്രനാണ് “മഹിഷാസുരന്‍ ”എന്നു അസുരനായിത്തീര്‍ന്നത്.


പുത്രസ്‌നേഹത്താല്‍ ആര്‍ത്തനായ രംഭന്‍ തന്റെ പുത്രനെ സഹായിക്കാന്‍ “രക്തബീജന്‍ ”എന്ന പേരില്‍ പുനര്‍ജ്ജനിച്ചു.


അങ്ങനെയിരിക്കെയാണ്, കാത്ത്യായനാശ്രമത്തില്‍, നിഷ്ഠയായി ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന കാത്ത്യായന മഹര്‍ഷിയുടെ ശിഷ്യന്മാരുടെ തപസിളക്കാനായി ചെന്ന മഹിഷാസുരന്‍ ‘കാത്ത്യായനീദേവി’യുടെ പ്രഭാവം കണ്ട് ആ ദേവിയെ തപസ്സിരുന്ന് “ദേവിയാലല്ലാതെ മറ്റ് ആരാലും താന്‍ വധിക്കപ്പെടരുത്” എന്ന വരവും വാങ്ങിയത്.


ദേവിയുടെ വരത്താല്‍ മദോന്മത്തനായ മഹിഷാസുരന്‍, ദേവന്മാരെയെല്ലാം ഉപദ്രവിയ്ക്കാന്‍ തുടങ്ങി.  മഹിഷാസുരന്റെ അഹങ്കാരമറിഞ്ഞ് ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാര്‍  കോപം പൂണ്ടു. ആ കോപത്താല്‍ അവരുടെ മുഖത്തു നിന്നും മഹത്തായ ഒരു തേജസ്സുണ്ടായി. അതോടുകൂടി ഇന്ദ്രാദികളുടെ തേജസ്സും ചേര്‍ന്ന് അതിമഹത്തായ ഒരു നാരീരൂപം  ഉണ്ടായി.

ശിവതേജസ്സ് ശുഭമായതുകൊണ്ട് പ്രഭയാര്‍ന്ന വെളുത്ത മുഖമായും, യമതേജസ്സ് കറുപ്പായതിനാല്‍ കറുത്ത തലമുടിയും, വിഷ്ണു തേജസ്സ് നിലനിര്‍ത്തുന്നതാകയാല്‍  പതിനെട്ടു ഭുജത്തോടും ആയിരം കൈകളോടും കൂടി


അഷ്ടാദശഭുജാരമ്യ.

ത്രിവര്‍ണ്ണ വിശ്വമോഹിനി

അഷ്ടാ ദശ ഭുജാ ദേവീ,

സഹസ്രഭുജ മണ്ഡിതാ (ദേവീ ഭാഗവതം)


മേഘക്കൂട്ടങ്ങളില്‍ നിന്നുണ്ടാകുന്ന ഇടിമിന്നല്‍ പോലെ നീലയും മഞ്ഞയും കലര്‍ന്ന നിറമുള്ളവളും,  ബ്രഹ്മ തേജ:സൃഷ്ടിയാകയാല്‍ രക്തവര്‍ണ്ണമുള്ള പാദങ്ങളോടുകൂടിയതായിത്തീര്‍ന്നു ആ നാരീരൂപം.


ആ അത്ഭുതാകാരം കണ്ടദേവന്മാര്‍ തങ്ങള്‍ക്കുള്ള ദിവ്യശക്തികളെ ആ നാരീരൂപത്തിനു നല്‍കി. അഗ്നിയുടെ തേജസ്സുകൊണ്ട് ദേവിയ്ക്ക് മൂന്നു കണ്ണുകളുണ്ടായി. വായു തേജസ്സു കൊണ്ട് രണ്ടുചെവിയും കുബേര തേജസ്സിനാല്‍ എള്ളിന്‍പൂ പോലെ മനോഹരമായ മൂക്കും. മുല്ലമൊട്ടു പോലെയുള്ള  പല്ലുകളുമുണ്ടായി. അരുണതേജസ്സിനാല്‍ ചുവന്ന അധരങ്ങളും ഭൂമിയുടെ തേജസ്സിനാല്‍ നല്ല ആകാരവും നല്ല ശബ്ദവുമുണ്ടായി.


ഈ വിശിഷ്ടവും മനോഹരവുമായ രൂപം കണ്ട് ദേവന്മാരോട് ഓരോരുത്തര്‍ക്കും ഉളള ആയുധങ്ങളെ സമര്‍പ്പിയ്ക്കുവാന്‍ പറഞ്ഞു. വിഷ്ണു ഭഗവാന്‍  തന്റെ കൈയിലെ സുദര്‍ശന ചക്രത്തെ ദേവിക്ക് നല്‍കി. പിന്നീട് പാലാഴി മനോഹരമായ പട്ടുവസ്ത്രത്തെ നല്‍കി. മറ്റെല്ലാ ദേവകളും അവരവരുടെ ആയുധങ്ങളും ദേവിക്ക് സമര്‍പ്പിച്ചു. സൂര്യഭഗവാന്‍ തന്റെ തങ്ക രശ്മികളെ നല്‍കി. ഹിമവാന്‍ സിംഹത്തെ നല്‍കി. ദേവി ആ സിംഹത്തെ തന്റെ വാഹനമാക്കി.

ഇന്ദ്രാദിദേവകളുടെ സ്തുതികേട്ട് ദേവി സന്തോഷിച്ചു ഒന്ന് മന്ദഹസിച്ചു. പിന്നീട് ഉറക്കെ ചിരിച്ചു.  ആട്ടഹാസം കേട്ട മഹിഷാസുരന്‍ ആ ശബ്ദം എന്താണെന്നറിയാന്‍ തന്റെ മന്ത്രിയെ അയയ്ക്കുന്നു. ആരാണെങ്കിലും പിടിച്ചുകൊണ്ടുവരണമെന്ന ആജ്ഞയോടെ, അന്വേഷിക്കാന്‍ പോയവര്‍ ദേവിയെ കണ്ട് പേടിച്ച്  തിരിച്ചുവന്നു. അതൊരു സുന്ദരി സ്ത്രീയാണെന്ന് അറിയിക്കുന്നു.


അത് കേട്ട് മഹിഷാസുരന്റെ മന്ത്രിതന്നെ നേരിട്ട് ചെന്ന്- “നീ ആരാണ്? ”എന്തിനുവന്നു?

നിന്റെ സൗന്ദര്യവും ശബ്ദവും കേട്ട് മഹിഷാസുരന്‍ കാണാന്‍ ആഗ്രഹിയ്ക്കുന്നെന്നു പറഞ്ഞു.

ദേവി അതിനുത്തരമായി പറഞ്ഞു. എന്നെ ദേവന്മാര്‍  “അംബ” എന്നു പറയുന്നു. അതിനാല്‍ ഞാന്‍ അവരുടെ  “’അമ്മ’യാണെന്ന് പറയുന്നു. എന്റെ പേര് “’മഹാലക്ഷ്മി’” എന്നാണ്.

ദേവന്മാരുടെ യജ്ഞഭാഗത്തെ മുടക്കുന്ന രാക്ഷസന്മാരേയും വരദാനത്താല്‍ മദോന്മത്തനായ മഹിഷാസുരനേയും വധിക്കാന്‍ വന്നതാണ് നീ.  എന്നോടു നീ വിനയമായി,നിന്റെ കൂടെ വരാന്‍ അപേക്ഷിച്ചതിനാല്‍ നിന്നോട് സന്തോഷമുണ്ട്. അതുകൊണ്ട് നീ  ‘’മഹിഷ’നോട് ജീവിക്കാന്‍ ആശയുണ്ടെങ്കില്‍ പാതാളത്തില്‍ പോയി ഒളിക്കാന്‍ പറയൂ. അല്ലെങ്കില്‍ എന്നോടു യുദ്ധത്തിനു വരാന്‍ പറയൂ. എന്ന് പറഞ്ഞ് മന്ത്രിയെ തിരിച്ചയയ്ക്കുന്നു. മന്ത്രിയില്‍ നിന്നും വിവരങ്ങളറിഞ്ഞ മഹിഷാസുരന്‍ ദേവിയുമായി യുദ്ധത്തിനു വരുന്നു.


മഹിഷാസുരനേയും സൈന്യത്തേയും കണ്ട ദേവി താന്‍  തനിച്ച് ഇത്രയും പേരോട് പടവെട്ടുന്നത് കാണാന്‍ രസമില്ലെന്നു കരുതി തന്റെ നിശ്വാസ വായുവില്‍ നിന്നും അനേകായിരം ഭൂതഗണങ്ങളെ ഉണ്ടാക്കി. അവര്‍ മഹിഷാസുരപ്പടയോട് യുദ്ധം തുടങ്ങി. ദേവി മഹിഷാസുരനുമായി യുദ്ധം ചെയ്തു. ഒടുവില്‍ ദേവി മഹിഷനെ തന്റെ ഖഡ്ഗം കൊണ്ട് വധിച്ചു.

ദേവകള്‍  “ജയ് .. ജയ്.. ജയ്.. ജയ്”

എന്നു പറഞ്ഞ് പുഷ്പവൃഷ്ടി ചെയ്തു


ജന്മഭൂമി: http://www.janmabhumidaily.com/news335418#ixzz3p0VDiTrw

No comments:

Post a Comment