Saturday, September 24, 2022

 പുല- വാലായ്മ

ഒരുവ്യക്തിയുടെ മരണത്തെത്തുടർന്ന് അവരുടെ ബന്ധുക്കളെ ബാധിക്കുന്നതായി കരുതപ്പെടുന്ന അശുദ്ധിയാണ് പുല . ശിശുജനനത്തെത്തുടർന്നും ഇപ്രകാരം അശുദ്ധി കല്പിക്കപ്പെടുന്നു. ഇതിനെ വാലായ്മ എന്നു പറയുന്നു. പരേതവ്യക്തിയുടെ അടുത്ത ബന്ധുക്കൾ അശുദ്ധി ആചരിക്കുക എന്നത് മുഖ്യമായ ഒരു ഹൈന്ദവാചാരമാണ്. 


മിക്ക സമുദായക്കാർക്കിടയിലും പുലയുടെ ആചരണം നിലവിലുണ്ട്. പുലക്കാലത്ത് ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതും മംഗളകരമായ കർമങ്ങൾ ചെയ്യുന്നതും പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതും നിഷിദ്ധമായി കരുതപ്പെടുന്നു. 


മരണം സംഭവിച്ചാൽ ഉണ്ടാകുന്ന പുലയുടെ ആചരണവും ,കാലാവധിയും പല സമുദായക്കാർക്കും പല കണക്കിലാണ്. മുനിമാർക്ക് ഒരു ദിവസവും ,ബ്രാഹ്മണന് പത്തും ക്ഷത്രിയന് പതിനൊന്നും വൈശ്യനും ശൂദ്രനും പന്ത്രണ്ടും  മറ്റുള്ളവർക്ക് പതിനാറും ദിവസങ്ങളാണ്  പുല.ഇതിന് പ്രാദേശികമായ ആചരണ വ്യത്യാസം ഉണ്ട് . കുടുബ കാരണവരും സാമുദായിക ആചാര്യന്മാരും ഉപദേശിക്കുന്നതും സ്വീകരിച്ച് വരാറുണ്ട്.


ഗുരുനാഥനിൽ നിന്നും മനസ്സിലാക്കിയ ഒരു ശ്ലോകം താഴെ ചേർക്കുന്നു ...


"സന്ധ്യാശുദ്ധിർമുനീനാം തു

ദ്വിജാനാം ദശ ഏവ ച

ഏകാദശ തു ഭൂപാനാം

ദ്വാദശ വൈശ്യശൂദ്രയോ:

മാസാർദ്ധം കുല ഹീനാനാം

ജന്മമൃത്യോശ്ച സർവ്വദാ. "


ഇതുപോലെ ഡോ.കെ.ബാലകൃഷ്ണ വാര്യരുടെ അനുഷ്ഠാന വിജ്ഞാനകോശത്തിൽ എല്ലാവർക്കും 10 ദിവസമാണ് നിർദേശിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിൽ ഇത് സർവ്വസമ്മതമല്ല എന്ന് തോന്നുന്നു.


ബ്രാഹ്മണർ, ശില്പികൾ, ഗണകർ മുതലായ സമുദായക്കാർ അച്ഛൻ താവഴിയിലും,


നായർ, ഈഴവർ മുതലായ സമുദായക്കാർ അമ്മത്താവഴിയിലുമാണ് ആശൗചം കൊള്ളുന്നത്. ഇതു കൂടാതെ നേരിട്ട് രക്ത ബന്ധത്തിൽ അച്ഛന്റെയും അമ്മയുടേയും താവഴിയിൽ ആശൗചം ആചരിക്കണം.

(അറിവുള്ളവർ സമുദായ പേര് കമന്റ് ചെയ്താൽ ചേർക്കാവുന്നതാണ്)


ഏഴ്തലമുറ ആശൗചം കൊള്ളണമെന്നാണ് കണക്ക്.


ആശൗചം അറിഞ്ഞ സമയം മുതൽ ആചരിച്ചാൽ മതി.


 ഈ കാലയളവിന്റെ അന്ത്യത്തിൽ പുല മാറാൻ ശുദ്ധികർമങ്ങൾ നടത്തിപ്പോരുന്നു.


അതുപോലെ ഒരു സ്ത്രീ പ്രസവിച്ചാൽ അവരുടെ അടുത്ത ബന്ധുക്കൾക്ക് കല്പിക്കുന്ന അശുദ്ധിയെ വാലായ്മ എന്നും പെറ്റപുല എന്നും പറയുന്നു. 'ചത്താലും പെറ്റാലും പുല' എന്നു പൊതുവെ പറയാറുണ്ട്.


ആർത്തവ കാലവും അശുദ്ധി കാലമായി കണക്കാക്കി ആചരിക്കുന്ന പതിവുണ്ട്.

ഗരുഡപുരാണത്തിൽ ഇപ്രകാരം പറയുന്നു.


"ഋതുകാലേ തു നാരീണാം

ത്യജേദ്ദിന ചതുഷ്ടയം

താവന്നാ ലോകയേദ്വക്‌ത്രം

പാപം വപുഷി സംഭവേദ്

സ്നാത്വാ സതൈലം നാരീ തു

ചതുർത്ഥേഹനി ശുദ്ധ്യതി

സപ്താഹാദ് പിതൃദേവാനാം

ഭവേദ്യോഗ്യാ വ്രതാർച്ചനെ "


ആർത്തവ കാല സ്ത്രീ നാല് ദിവസം കഴിഞ്ഞ് തേച്ച് കുളിച്ച് ശുദ്ധമാകുന്നുവെന്നും ഏഴ് ദിവസം കഴിഞ്ഞാൽ പിതൃപൂജയും (ബലി കർമ്മം മുതലായവ) ദേവപൂജയും നടത്താൻ യോഗ്യയാവുന്നു എന്നും പറയുന്നു.


നമ്മുടെ നാട്ടിൽ ക്ഷേത്രങ്ങളും ആരാധനയും ഉള്ള കാലത്തോളം ഈ ആചരണങ്ങളും പാലിച്ച് പോകേണ്ടതുണ്ട്. സാമാന്യ ജനങ്ങളുടെ അറിവിലേക്ക് സമർപ്പിക്കുന്നു.

മേൽ സൂചിപ്പിച്ചതിൽ വല്ല മാറ്റലും ഉണ്ടെങ്കിൽ അറിവുള്ളവർ പറഞ്ഞാൽ മാറ്റി ചിന്തിക്കാവുന്നതാണ്.


ആചരണങ്ങൾക്ക് ഒരു ഏകീകരണം ഉണ്ടാകുന്നത് നല്ലതെന്ന് തോന്നലാണ് ഇത് എഴുതാൻ കാരണം.


ഡോ.എം.പി ഗിരീഷ് നമ്പ്യാർ

No comments:

Post a Comment