Saturday, September 24, 2022

 ' ദൈവമേ

ഇതെന്തൊരത്ഭുതം'


* കല്പണികൾക്ക്  നേതൃത്വം നൽകിയത് പത്മനാഭൻ മൂത്താചാരി


* കരിങ്കൽ ശില്പങ്ങളുടെ ശ്രേഷ്ഠ പാരമ്പര്യം - സ്റ്റെല്ല ക്രംറീഷ് 

--------------------------------------------------------------------


പത്തിരുപത് വര്‍ഷം മുമ്പ് ഇംഗ്ലണ്ടിലെ വെസ്റ്റ് വ്യൂ ഹൈസ്‌കൂള്‍ അധ്യാപകനായ സുഹൃത്ത് ഇവാന്‍ കൂപ്പറിനൊപ്പമാണ് ആദ്യമായി പത്മനാഭസ്വാമി ക്ഷേത്രം കാണാനെത്തുന്നത് .  ഇന്ത്യയിലെ വ്യത്യസ്തങ്ങളായ വാസ്തു ശില്‍പ്പശൈലിയെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് കൂപ്പര്‍ തിരുവനന്തപുരത്തെത്തുന്നത്. ക്ഷേത്രം കണ്ട മാത്രയില്‍ തന്നെ അദ്ദേഹം ആശ്ചര്യത്തോടെ ' ദൈവമേ ഇതെന്തൊരത്ഭുതം' എന്ന് പറയുകയുണ്ടായി. സത്യത്തില്‍ അപരിചിതരെ പോലും തന്നിലേക്കാകര്‍ഷിക്കാനുള്ള കഴിവുണ്ട് ഈ മഹാ ദേവാലയത്തിന്.


ക്ഷേത്രം എന്ന് നിര്‍മ്മിച്ചുവെന്നോ കാലപ്പഴക്കം എത്രത്തോളമെന്നോ നിര്‍ണ്ണയിക്കാവുന്ന തെളിവുകള്‍ ഒന്നും തന്നെ  ഇതുവരെ ലഭ്യമായില്ലെങ്കിലും ഇതിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ മതിലകം രേഖകളില്‍ ധാരാളമുണ്ട്. 


വെന്തെരിഞ്ഞ ക്ഷേത്രമാണ് 24 വയസ് മാത്രം പ്രായമുള്ള അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അധികാരമേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്നതെന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞുവല്ലോ? വെറും പുനര്‍നിര്‍മ്മാണം നടത്തുകയായിരുന്നില്ല അദ്ദേഹം, പുതിയൊരു പത്മനാഭസ്വാമി ക്ഷേത്രം തന്നെ നിര്‍മ്മിക്കുകയായിരുന്നു. ഇതിനായി തൈക്കാട് കേശവന്‍ വിഷ്ണുത്രാതന്‍ നമ്പൂതിരി എന്ന ഒരാളുടെ ഉപദേശവും നിര്‍ദേശവും മാര്‍ത്താണ്ഡവര്‍മ്മ സ്വീകരിച്ചതായി മതിലകം രേഖകളില്‍ കാണാം. ഇക്കാര്യം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തന്റെ 'Pathmanabhaswami Temple'  എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം സൂചിപ്പിക്കുന്നു.


On the 27th of the Malayalam month of Kumbom 905 M.E , in March 1730 A.D, the work commenced under the supervision  and guidence of Kesavan Vishnu Thrathan Namboothiri of Thycaud illom in thiruvananthpuram. He was assisted by his son and his Pupil Sankaran and Raman'


ഈ അുത്തിടെ ഡോ.എം.ജെ ശശിഭൂഷണും ആര്‍.പി രാജയും ചേര്‍ന്നെഴുതി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ' ചരിത്രം കുറിച്ച പത്മനാഭസ്വാമി ക്ഷേത്രം' എന്ന പുസ്തകത്തിലും ഇക്കാര്യം വിശദമാക്കുന്നത് ഇങ്ങനെ....


'ഇന്നു കാണുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വാസ്തുശില്‍പ്പി കേശവന്‍ വിഷ്ണുത്രാതന്‍ നമ്പൂതിരിയാണ്. ചേര്‍ത്തലയിലെ തൈക്കാട്ട് മനയിലാണ് ഇദ്ദേഹത്തിന്റെ മൂല കൂടുംബം. ക്ഷേത്രനിര്‍മ്മാണ കാലത്ത് വിഷ്ണുത്രാതന്‍ തിരുവനന്തപുരത്തെ തൈക്കാട്ടാണ് താമസിച്ചിരുന്നത്. മകന്‍ ശങ്കരനും ശിഷ്യന്‍ രാമനും അദ്ദേഹത്തെ സഹായിച്ചിരുന്നു.' 

ക്ഷേത്രത്തിനെ ചുറ്റിപ്പറ്റി പണിത കോട്ടയുടെ കൈക്കണക്കുകള്‍ തയാറാക്കിയതും വിഷ്ണുത്രാതനാണെന്ന് രേഖകളുണ്ട്. 


നാല്‍പ്പതടിയോളം ആഴത്തില്‍ നിര്‍മ്മിച്ച കരിങ്കല്‍ അധിഷ്ഠാനത്തിന്റെ മുകളിലാണ് ക്ഷേത്രഗോപുരം പണിതുയര്‍ത്തിയിട്ടുള്ളത്.


ഇതിന്റെ അടിത്തറ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇട്ടിരുന്നെങ്കിലും മാർത്താണ്ഡ വർമ്മയുടെ കാലത്താണ് അഞ്ചു നിലകൾ പണിയുന്നത്. അവശേഷിച്ച രണ്ടു നില കാർത്തിക തിരുനാളും പൂർത്തിയാക്കി.


കോട്ടാര്‍ സ്വദേശിയായ പത്മനാഭന്‍ ആചാരിയാണ് ക്ഷേത്രത്തില്‍ ഇന്നു കാണുന്ന കല്‍പ്പണികള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് മതിലകത്തു കഥ എന്ന തെക്കന്‍ പാട്ടിനെ ഉദ്ദരിച്ചുകൊണ്ട് 'ചരിത്രം കുറിച്ച പത്മനാഭ സ്വാമി ക്ഷേത്രം' എന്ന ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുണ്ട്.


ശീവേലിപ്പുര നിർമാണത്തിന്റെ മേൽനോട്ടവും പത്മനാഭൻ  മൂത്താശാരിക്കയിരുന്നെന്ന്  അശ്വതിതിരുനാളിന്റെ തന്നെ മറ്റൊരു കൃതിയായ ' തുളസീഹാരം  തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ' എന്ന പുസ്തകംത്തിൽ പറയുന്നു.

ജീവൻ തുളുമ്പുന്ന ശിൽപ്പങ്ങളാണ് ഇദ്ദേഹത്തിന്റെ കരവിരുതിൽ നിർമ്മിക്കപ്പെട്ടത്.


ശില്‍പ്പവേലയില്‍ ഇദ്ദേഹത്തിനുള്ള കഴിവില്‍ മാര്‍ത്താണ്ഡവര്‍മ്മ അതീവ സന്തോഷവാനായെന്നും  എന്ത് സമ്മാനമാണ് വേണ്ടതെന്നും ചോദിക്കുകയുണ്ടായി.


തനിക്ക് ദേവനെയും ദേവനെ തോഴാന്‍ വരുന്ന തമ്പുരാനെയും ഒരേസമയം വണങ്ങാനുള്ള സൗകര്യം ചെയ്തു തരണമെന്നായിരുന്നു അദ്ദേഹത്തിന്റെ അപേക്ഷ.


 പൊരുള്‍ മനസ്സിലാക്കിയ രാജാവ് നാടകശാലയിലേക്കുള്ള ചെറിയ ഇടവഴിയിലെ സ്തൂപത്തിൽ  പ്രതിമകള്‍ നിര്‍മ്മിക്കാന്‍ അനുവാദം നല്‍കി. അങ്ങിനെയാണ് ക്ഷേത്ര ശില്‍പ്പിയുടെയും കുടുംബത്തിന്റെയും സഹായികളുടെയും പ്രതിമകള്‍ ഇവിടെ നിര്‍മ്മിച്ചത്. 

ഇടത് കണ്ണുകൊണ്ട് ദേവനെയും വലത് കണ്ണുകൊണ്ട് രാജാവിനെയും കാണാന്‍ കഴിയുന്ന വിധത്തിലാണ് മുഖ്യശില്‍പ്പിയുടെ പ്രതിമ.


മുടിക്കല്ല്, ആനക്കല്ല്, ആട്ടുകല്ല്, ചിപ്പുകല്ല് എന്നിങ്ങനെ വിവിധ കല്ലുകള്‍കൊണ്ടാണ് ക്ഷേത്രം പണിതിരിക്കുന്നതത്രെ. ഇപ്പോള്‍ കേശവദാസപുരമെന്ന് അറിയപ്പെടുന്ന സ്ഥലത്തായിരുന്നു ക്ഷേത്രനിര്‍മ്മാണം നടത്തിയ തച്ചന്‍മാര്‍ പാര്‍ത്തിരുന്നുത്. കറ്റച്ചക്കോണമെന്നാണ് ഈ സ്ഥലം മുമ്പ് അറിഞ്ഞിരുന്നതെന്നും തെക്കന്‍ പാട്ടില്‍ പറയുന്നു. 1728നും 1815നും ഇടയിലുള്ള 87 വര്‍ഷങ്ങള്‍കൊണ്ടാണ് ക്ഷേത്ര പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായതെന്ന് കരുതുന്നു.


മതിലകം രേഖകളില്‍ അയ്യനടിയാന്‍ ആചാരിയുടെ മകന്‍ നായിനാന്‍ ആചാരിയാണ് കല്‍പ്പണികള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് കാണുന്നുണ്ട്. മതിലകം രേഖകളില്‍ കാണുന്ന നായിനാന്‍ ആചാരിയും മതിലകത്തു കഥ എന്ന തെക്കന്‍ പാട്ടില്‍ കാണുന്ന പത്മനാഭന്‍ ആചാരിയും ഒരാള്‍ തന്നെയാണെന്നാണ് ചരിത്രകാരന്‍മാരുടെ നിഗമനം. പത്മനാഭന്‍ ആചാരി എന്നത് സ്ഥാനപ്പേരാകാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇദ്ദേഹത്തിന്റെ പിന്മുറക്കാർ ഇന്നും തിരുവനന്തപുരത്തുണ്ടെന്ന് പറയപ്പെടുന്നു.


കരിങ്കൽ കൊത്തുപണികളുടെ  ഏറ്റവും ശ്രേഷ്ഠമായ പാരമ്പര്യം ഉൾകൊള്ളുന്നതാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശിൽപ്പങ്ങളെന്ന് ലോകപ്രശസ്ത അമേരിക്കൻ കലാ വിമർശകയായ  സ്റ്റെല്ല ക്രംറീഷ്  അഭിപ്രായപ്പെടുന്നു. ഇത്തരം ശിൽപ്പങ്ങൾ ലോകത്ത് തന്നെ അപൂർവമാണെന്നും ഇവർ പറയുന്നു.


എന്തായാലും ഏഴ് ഏക്കറിലധികം  വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പത്മനാഭസ്വാമിക്ഷേത്രം കേരളീയ ദ്രാ വിഡ ശില്പകലകളുടെ  സ്വർഗം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.

-----------------------


* അർകൈവ്‌സ് രേഖകൾ 


* Pathmanabhaswami Temple' Aswathi Thirunal Gouri Lakshmi Bhai.


* ചരിത്രം കുറിച്ച പത്മനാഭസ്വാമി ക്ഷേത്രം'-ഡോ.എം.ജെ ശശിഭൂഷണും ആര്‍.പി രാജ.


* തുളസീഹാരം തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ- അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ്.


ഫോട്ടോ -ഗൂഗിൾ

No comments:

Post a Comment