Tuesday, October 18, 2022

 ഉള്ളത് നാർപത് - 8


മുക്തിഃ ആത്മേവ, മുക്തി എന്നാൽ ആത്മാവിൻ്റെ സ്വരൂപമാണ് അതൊരു ക്രിയ അല്ല. അത് നീ തന്നെയാണ്. അതിനെ നിത്യ നിരന്തരമായി അനുഭവിക്കുന്നതിന് വേണ്ടിയാണ്, ആ രണ്ടില്ലാത്ത അവസ്ഥയെ പ്രാപിക്കുന്നതിനു വേണ്ടിയാണ്, ആ സത്യത്തെ പ്രകാശിപ്പിക്കുന്നതിന് വേണ്ടിയാണ്  ഈ നാല്പത് ശ്ലോകങ്ങൾ. 

ഉള്ളത് നാർപത് എന്ന കൃതിയെ ഉള്ളത് ഉണർവ്വ് എന്ന് രണ്ട് വാക്കുകളിൽ സംഗ്രഹിക്കാം. ചില ഭക്തർക്ക് രമണ ഭഗവാനിൽ നിന്ന് ഒരു വാക്ക് മതി കാര്യം ഗ്രഹിക്കാൻ. തിരുവണ്ണാമലയിൽ തിണ്ണയ് സ്വാമി എന്ന ഒരു ഭക്തൻ ഒരിക്കൽ രമണ മഹർഷിയോട് "നാൻ പോകട്ടുമാ" എന്ന് യാത്ര ചോദിച്ചുവത്രേ ഭഗവാൻ " ഇര്" എന്ന് ഒരു വാക്കേ പറഞ്ഞുള്ളു അതോടെ ഭക്തൻ്റെ കാര്യം കഴിഞ്ഞു. ആ സത്യത്തിൽ എന്നന്നേക്കുമായി അമരാൻ മറ്റൊരു ഉപദേശവും സ്വാമിക്ക് വേണ്ടി വന്നില്ല. 


മനസ്സ് ഉള്ളിലുള്ളതിനെ വിട്ട് വെളിയിൽ പോയാൽ ചുട്ട് നീറും കാരണം അവിദ്യയുടെ പരമ്പരയാണ് സംസാരം. രമണ ഭഗവാൻ്റെ കരുണ എന്നത് നമ്മളെ സംസാരത്തിൽ നിന്ന് ഉള്ളിലുള്ള ആ കേന്ദ്രത്തിലേയ്ക്ക് കൊണ്ടു പോകുന്നു എന്നതാണ്. വേറെയൊന്നിലേയ്ക്കും ശ്രദ്ധ വിടാതെ തന്നിൽ താനായിരിക്കാനാണ് അദ്ദേഹം തൻ്റെ ശിഷ്യരെ പഠിപ്പിച്ചത്. "തന്നയ്  വിടാതെ ഇരുത്തൽ താനായിരുത്തൽ ". ശ്രദ്ധയെ പുറമേയ്ക്ക് വിടാതെ സദാ തന്നിലേയ്ക്ക് തന്നെ തിരിച്ച് വിടുന്നു.  ആ ഹൃദയ സ്ഥാനമല്ലാതെ എനിക്ക് കരകയറാൻ വേറെ വഴിയുണ്ടോ അരുണാചലാ ചൊല്ലു എന്ന് ഭഗവാൻ പറയുകയാണ്. ഈശ്വരൻ്റെ അപാരമായ കരുണ തന്നെയാണ് ഈ ജ്ഞാന ദേശികന് വഴികാട്ടിയിരിക്കുന്നത് എന്നതിൽ ഒരു സംശയവും ഇല്ല.


 Entertainment എന്ന വാക്കിൽ ഒരു 't' അധികം ചേർത്താൽ ശരിയായ അർത്ഥമാകും.  you enter into anything it will taint you എന്ന് തന്നെ😊. ഈ വ്യാവഹാരിക ലോകത്ത് എന്തിൽ ഏർപ്പെട്ടാലും അത് നമ്മെ കളങ്കപ്പെടുത്തും വേദനിപ്പിക്കും. അതിൽ നിന്ന് വിടുതൽ നല്കുന്ന ഗുരോപദേശമാണ് "സുമ്മാ ഇര് " എന്നത്. 


സുമ്മാ ഇര് എന്ന് ഉപദേശിക്കാൻ ഒരു  ദേശികൻ്റെ ആവശ്യമുണ്ടോ? എന്നാൽ രമണ ഭഗവാൻ പറയുന്നു ഇതിൽ കൂടുതൽ ഉപദേശിക്കുന്നവൻ യമനാണ്. അത് ചെയ്യണം ഇത് ചെയ്യണം എന്നീ നിർദ്ദേശങ്ങൾ നിർവ്വഹിച്ചും പല ചതിക്കുഴികളിൽ പെട്ടും അവശനായി വന്നിരിക്കുന്ന ശിഷ്യന് ഈ ഒരുപദേശം മാത്രം മതി. ഈ ലോകം സത്യമെന്ന് കരുതി പലതും ചെയ്തു കൂട്ടിയ ശിഷ്യന് ഇതിൽ പരം നല്ല ഉപദേശം നല്കാനില്ല. സംസാര താപത്താൽ അഭിമാന  ജന്യമായ അനേകം ചിന്തകളാൽ ചൂട് പിടിച്ചിരിക്കുന്ന ശിഷ്യൻ്റെ ശിരസ്സിൽ കൈ വച്ച് ചിത്തത്തെ ശീതളമാക്കുന്ന കുളിർ തീർത്ഥം പോലെയുള്ള ഉപദേശമരുളു അരുണാചലാ എന്ന് രമണ ഭഗവാൻ പറയുന്നു. 

തൺ അരുൾ ഗുരുവാ വന്ത ദക്ഷിണാമൂർത്തി ശിരസ്സിൽ വീഴുന്ന കുളിർ തീർത്ഥം പോലെ ചിത്തത്തെ ശീതളമാക്കുന്ന അരുൾ മൊഴിയു അരുണാചലാ🙏


ചിത്തത്തിന് ഈ ശീതളത എങ്ങനെ കൈവന്നു ? അഭിമാനത്തെ വിട്ടതിനാൽ. ഒന്നും ചെയ്യാനില്ല ഒന്നും  ആയിത്തീരാനില്ല എങ്ങും പോകാനോ വരാനോ ഇല്ല ഒന്നും നേടാനുമില്ല. ഇങ്ങനെ എന്തെങ്കിലുമൊക്കെ ഭക്ഷിക്കാൻ നല്കിയാലല്ലേ അഭിമാനം എന്ന വൈറസിന് നിലനിൽക്കാൻ സാധിക്കു. ജിജ്ഞാസ പ്രേപ്സ ജിഹാസ എല്ലാം പോയാൽ പിന്നെ അഭിമാനം എങ്ങനെ നിലനിൽക്കും. 


ഗുരുവിൻ്റെ അനുഗ്രഹത്താൽ ഹൃദയത്തിൽ ഒരു തീർത്ഥം തങ്ങുന്നു. 

മനോ നിവർത്തി പരമോപ ശാന്തി        സാ തീർത്ഥ വര്യാ മണികർണികാ ച  സാ കാശികാഹം നിജ ബോധ രൂപ 

ഹൃദയത്തിനുള്ളിൽ പ്രകാശിക്കുന്ന നിജ ബോധം തന്നെ കാശി. മനസ്സ് ഉൾവലിഞ്ഞ് ഹൃദയത്തിൽ ഒരു സംശയമോ വിപരീത ജ്ഞാമോ അജ്ഞാനമോ ഇല്ലാതെ താനേ താനായി ആ ശീതള തീർത്ഥമായി കുളിർമയോടെ അചലമായി നിൽക്കുമ്പോൾ ഗുരു ആരാണ് എന്നറിയാമോ?  ചലമറ് ഗുരുവാ വന്ത ദക്ഷിണാ മൂർത്തി പോറ്റ്റി. ചലനത്തെയെല്ലാം ഇല്ലായ്മ ചെയ്ത് ചലമറ് ഗുരുവാ വന്ത ദക്ഷിണാമൂർത്തി പോറ്റ്റി കാരണം നിശ്ചല തത്ത്വേ ജീവൻ മുക്തി. ചലിച്ച് കൊണ്ട് ചഞ്ചലമായി വെളിയിലലയുന്ന ചിത്തത്തെ തൻ്റെ ഉപദേശത്താൽ ഗുരു ഹൃദയത്തിലേയ്ക്ക് താഴ്ത്തുന്നു. ഹൃദയത്തിൽ പൂന്തിയ ചിത്തം അചലമായ തൻ്റെ സ്വരൂപത്തെ തേടി അതുമായി ഒന്നിച്ച് നിശ്ചലമായി താനേ താനായി വിളങ്ങുന്നു അഥവാ ചുമ്മാതിരിക്കുന്നു. 


ശ്രീ നൊച്ചൂർ വെങ്കട്ടരാമൻ🙏🙏

No comments:

Post a Comment