Tuesday, October 04, 2022

 *വിജയദശമി* 


അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകള്‍ വിജയദശമി 
ആശംസകള്‍
വിജയദശമിയും വിദ്യാരംഭവും 
************************************************
ശരദ് ഋതു ആശ്വിനി മാസത്തിലെ നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വിജയ ദശമി നാളിലെ വിദ്യാരംഭത്തോടു കൂടിയാണ്. വിദ്യ, കലകള്‍ , ജ്ഞാനം, വാഗ്വിലാസം, ബുദ്ധി തുടങ്ങിയവയുടെ നിയന്താവായ സരസ്വതി ദേവി വര്‍ണ്ണങ്ങളുടെ അഥവാ അക്ഷരങ്ങളുടെ ആത്മാവാണ്. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ഒരു പോലെ ആരാധ്യദേവതയാണ് സരസ്വതി ദേവി. 
മനസ്സും വപുസ്സും പഞ്ചേന്ദ്രിയങ്ങളും പവിത്രീകരിക്കുന്ന യജ്ഞമാണ് നവരാത്രി. സര്‍വ്വായുധധാരിയായ ദേവിയെ നവരാത്രി ഒന്നിച്ചുള്ള ജീവിത യാത്രയില്‍ ജ്ഞാനത്തിന്റെ പ്രാധാന്യത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന വിദ്യാരംഭം എന്ന ചടങ്ങ് കേരളത്തിന്റെ മാത്രം സവിശേഷതയാണ്. ദുര്‍ഗ്ഗാഷ്ടമിനാളില്‍ പടിഞ്ഞാറു അഭിമുഖമായി പീഠത്തില്‍ പൂജയ്ക്ക് വെക്കുന്നത് . മധ്യത്തില്‍ സരസ്വതിയേയും വടക്ക് ഗണപതിയേയും തെക്കു ഭാഗത്ത്‌ ദക്ഷിണാമൂര്‍ത്തിയേയും ആവാഹിച്ചാണ് പൂജിക്കുന്നത്. പൂജയെടുപ്പ് വിജയദശമി ദിവസമാകുന്നു. സൂര്യോദയാനന്തരം ആറു നാഴിക മാത്രമേ ദശമിയുണ്ടെങ്കില്‍ അതു കഴിയുന്നതിനു മുമ്പ് തന്നെ പൂജയ്ക്ക് വെച്ച പുസ്തകങ്ങള്‍ എടുക്കേണ്ടതാണ് . പുസ്തകങ്ങള്‍ മാത്രമല്ല പണിയായുധങ്ങളും വാദ്യോപകരണങ്ങളും പൂജിക്കുന്ന സമ്പ്രദായം കേരളത്തില്‍ പല ഭാഗത്തും ഉണ്ട് . ആദ്യമായി ഒരു ബാലനോ ബാലികക്കോ വിദ്യാരംഭം നടത്തേണ്ടത് മൂന്നാം വയസ്സിലോ അഞ്ചാം വയസ്സിലോ ആണ്. നാലാം വയസ്സില്‍ പാടില്ല . ശുദ്ധമായ മണലിലോ അരിയിലോ ഹരിശ്രീ എഴുതി കൊണ്ടാണ് വിദ്യാരംഭം കുറിക്കുന്നത്. പിതാവോ ഗുരുക്കന്മാരോ കുട്ടിയെ മടിയിലിരുത്തിയാണ് വിദ്യാരംഭം നടത്തുന്നത്. കുട്ടിയുടെ നാവില്‍ സ്വര്‍ണ്ണമോതിരം കൊണ്ട് ഹരിശ്രീ കുറിച്ചും ചില സമുദായങ്ങളില്‍ വിദ്യാരംഭം നടത്തുന്നുണ്ട് . വിജയദശമി ദിവസം വിദ്യാരംഭത്തിന് പ്രത്യേക മുഹൂര്‍ത്തം കുറിക്കേണ്ടതില്ല. അത്രയും നല്ല ഒരു ശുഭദിനമാണ് വിജയദശമി ദിനം. വിജയദശമിയുടെ അടുത്ത ദിവസവും അതുപോലെ സ്വാദ്ധ്യായം ചെയ്യണം. ദ്വിതീയ ദിവസം തുടങ്ങിവെച്ച വിദ്യ മുടക്കരുതെന്നാണ്. ജീവിത യാത്രയില്‍ ശത്രുസംഹാരിണിയായ ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം കൊണ്ട് തമോ ഗുണങ്ങളെ അഥവാ തടസ്സങ്ങളെ തരണം ചെയ്ത് മഹാലക്ഷ്മിയുടെ കൃപയാല്‍ രജോഗുണം അഥവാ ഐശ്വര്യം സമ്പാദിച്ച് സത്വഗുണത്തിലെത്തി ജീവിത വിജയംവരിക്കുക എന്ന ആശയമാണ് ഈ അഷ്ടമി, നവമി, ദശമി എന്നീ മൂന്നു ദിവസങ്ങളിലെ ആരാധനാരീതിയില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്‌. വിത്തവും വിദ്യയും ശാന്തിയും ആ പരബ്രഹ്മരൂപിണി പ്രദാനം ചെയ്യുന്നു. ദേവിയെ ഉപാസിക്കുന്നവര്‍ക്ക് ലഭിക്കുന്നത് ഒന്നാമതായി ആത്മജ്ഞാനം, രണ്ടാമത് സമ്പദ് സമൃദ്ധിയും മറ്റു ഭൗതിക സുഖങ്ങളും മൂന്നാമതായി ശത്രു നാശവുമാകുന്നു. ദേവി അഷ്ടശ്വൈര്യദായിനിയാണ്. ആയിരം അശ്വമേധത്തിന്റെ പുണ്യമാണ് നവരാത്രിയിലെ  മന്ത്രജപമായ നവാക്ഷരി കൊണ്ട് സിദ്ധിക്കുന്നത്. ഭക്തരുടെ ഭാവത്തിനനുസരിച്ച് ഭക്തിയോ ഭുക്തിയോ മുക്തിയോ ദേവി പ്രസാദമായി നല്കുന്നു. 
വിജയദശമി ദിവസം എല്ലാവരിലും ഉള്ള വിദ്യ, ജ്ഞാനം എന്നിവ നല്ലരീതിയില്‍ സദ് രൂപത്തില്‍ പ്രകാശിക്കട്ടെ .🙏


സരസ്വതി നമസ്തുഭ്യം വരദേ കാമ രൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ...🙏

No comments:

Post a Comment