BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Wednesday, December 28, 2022
കണ്ടുപഴകിയ ഒരു രൂപത്തെ കുറിച്ച് നമുക്ക് ധാരണയുണ്ടായിരിക്കും. കാണാത്ത തത്ത്വത്തെ കുറിച്ച് ധാരണയുണ്ടാകില്ല. നാം ധ്യാനിക്കാൻ നോക്കിയിട്ട് പറ്റുന്നില്ലെന്നോ ധ്യാനം ചെയ്തിട്ടും ഒന്നും വെളിവാകുന്നില്ലെന്നോ പറയാറുണ്ട്. അതിനർത്ഥം എന്താണ് ധ്യാനിക്കുന്നതെന്ന ധാരണയില്ലാതെയാണ് അനുഷ്ഠിക്കുന്നതെന്നാണ്. എന്താണ് ധ്യാനിക്കുന്നതെന്ന ധാരണയോടു കൂടിയാണ് ധ്യാനം സംഭവിക്കുന്നത്. എന്തെങ്കിലും കണ്ടെത്താനോ എന്തെങ്കിലും നാദം കേൾക്കാനോ വേണ്ടിയുള്ള അന്വേഷണം ഇന്ദ്രിയപരമാണ്. ഇന്ദ്രിയങ്ങൾ മാനസികമാണ്. അവ മനസ്സിലാണ് ഏകീകരിക്കുന്നത്. അതിനാൽ കണ്ണുകൾ അടച്ചുകൊണ്ടായാലും കണ്ണുകൾ തുറന്നുകൊണ്ടായാലും മറ്റൊന്നിനെ കാണാനോ മറ്റൊന്നിനെ കേൾക്കാനോ ശ്രമിക്കുമ്പോൾ അതെല്ലാം മാനസികപ്രത്യക്ഷം മാത്രമാണ്. നമ്മുടെ അറിവ് വിഷയമായ ആ മറ്റൊന്ന് എപ്പോഴും അവ്യക്തവും സംശയാസ്പദവും ആയിരിക്കുകയേയുള്ളൂ. ഞാൻ കണ്ട പ്രകാശം എന്താണ്? ഞാൻ കേട്ട നാദം ഏതാണ്? ഞാൻ കണ്ട് രൂപം ഏതാണ്? എന്നിങ്ങനെ സംശയങ്ങൾ ചോദിച്ചുകൊണ്ടിരിക്കാം എന്നല്ലാതെ ഒരു ധാരണയും ഉണ്ടാകില്ല.
എന്തല്ല സത്യം എന്ന് ബോധിച്ച ശേഷമാണ് ആത്മധ്യാനം തുടങ്ങുന്നത്. അതുവരെ നമുക്ക് വിഷയധ്യാനമോ നാമരൂപാത്മകമായ ദേവതാധ്യാനമോ ആണ് സാധിക്കുക. എന്താണ് ധ്യാനിക്കുന്നത് എന്തിനാണ് ധ്യാനിക്കുന്നത് എന്ന ധാരണ വേണം. എന്നാൽ മാത്രമേ സഗുണമോ നിർഗുണമോ ആയ ധ്യാനം ലക്ഷ്യോന്മുഖം ആകുന്നുള്ളൂ.
ധ്യാനത്തിലൂടെ എന്തെങ്കിലും കണ്ടെത്താം എന്നത് മനസ്സിലെ സങ്കല്പം ആണ്. ഏതെങ്കിലും ഒരു രൂപത്തിൽ മനസ്സിനെയും ബുദ്ധിയെയും അടക്കിനിർത്താനുള്ള ധാരണയോടു കൂടിയാണ് നാം സഗുണേശ്വരനെ ധ്യാനിക്കുന്നത്. മനസ്സോ ബുദ്ധിയോ ഇന്ദ്രിയങ്ങളോ ഇന്ദ്രിയവിഷയങ്ങളോ സത്യമല്ലെന്ന് വിവേകവിചാരം ചെയ്തു ഉറച്ചു കഴിഞ്ഞാൽ ഭൗതികമായ അന്വേഷണത്തിന് സഹായിച്ച ഉപകരണങ്ങളായ കണ്ണുകൾ അഞ്ചും ഉള്ളടങ്ങുന്നു. ബാക്കിനിൽക്കുന്നത് ആത്മബോധമാണ്. ആ ധാരണയോടുകൂടിയാണ് ആത്മധ്യാനം ചെയ്യുന്നത്.
ചിലരുടെ മനസ്സും ബുദ്ധിയും ജന്മ സംസ്ക്കാരവും നാമരൂപാത്മകമായ ധ്യാനത്തിന് സന്നദ്ധമാകില്ല. എന്നാൽ നാമരൂപങ്ങളില്ലാത്ത ആത്മാവിനെ ധ്യാനിക്കാൻ സാധിക്കുമോ എന്നു ചോദിച്ചാലോ? യാതൊരു ധാരണയും ഇല്ലെന്നു പറയും. മനസ്സ് സ്വസ്ഥമായിരിക്കുന്നുണ്ടോ എന്നു ചോദിച്ചാലോ? ഇല്ലെന്നു പറയും. അതായത് മനസ്സ് നിലവിൽ ഓരോരോ സങ്കല്പവികല്പങ്ങളിൽപ്പെട്ട് ഇളകിക്കൊണ്ടിരിക്കുകയാണ്. അതിനെ ഏതെങ്കിലും ഒരു വിഷയത്തിലോ ഒരു രൂപത്തിലോ ധാരണചെയ്ത് ഉറപ്പിക്കാനുള്ള അറിവോ ശക്തിയോ ഇല്ല. എന്നിട്ടാണ് ഏതെങ്കിലും ഒരു മന്ത്രത്തിലോ ഏതെങ്കിലും ഒരു ദേവതാരൂപത്തിലോ മനസ്സും ബുദ്ധിയും ഏകാഗ്രതയോടെ നിർത്തി ഉപാസിക്കുന്ന ഭക്തരോട് ഇതൊക്കെ എന്തിന് എന്നു ചോദിക്കുന്നത്. ഭക്തരുടെ ധാരണ എന്താണെന്നും ഇത്തരക്കാരറിയുന്നില്ല തങ്ങൾക്ക് നാമരൂപരഹിതമായി ഉപാസിക്കാനുള്ള ആത്മാവ് എന്താണെന്നും ഇത്തരക്കാർക്ക് ധാരണ ഇല്ല.
ഒരു ധാരണയും ഇല്ലാതെ കൗതുകം കൊണ്ട് ചെന്നിരുന്ന ധ്യാനിക്കുന്നവരാണ് തലവേദനിക്കുന്നു മനസ്സ് ഉറച്ചുനിൽക്കുന്നില്ല എന്നൊക്കെ പറയുന്നത്. എവിടെ മനസ്സ് ഉറയ്ക്കുന്നില്ല എന്നു ചോദിച്ചാൽ അവർക്ക് പറയാൻ അറിയില്ല. അപ്പോൾപിന്നെ പറയുന്ന തടസ്സം എന്താണ്? മനസ്സിലെ വിഷയവാസനകൾ അടങ്ങുന്നില്ല എന്നാണ് പറയുന്നത്. ഇപ്പോഴുള്ള വിഷയങ്ങളെ ധ്യാനിക്കുന്ന മനസ്സിന് അതിലും ശ്രേഷ്ഠമായ മറ്റൊന്ന് സിദ്ധിച്ചിട്ടുണ്ടോ? അല്ലാതെങ്ങനെയാണ് മനസ്സ് നിലവിലുള്ള ഈ വിഷയവാസനകളെ വിട്ടു പോകുക?
ഏതൊരു പ്രവൃത്തിക്കും ആദ്യം ചെയ്യേണ്ടുന്ന കാര്യം തുടർന്നുള്ള ക്രമം എന്നിങ്ങനെ ഒരു പരിണാമമുണ്ട്. വിഷയവാസനകളുടെ ശക്തിയോടെ വരുന്ന ഒരാൾക്ക് ധ്യാനിക്കണമെന്നു പറഞ്ഞാൽ എന്താണ് ആവശ്യം എന്നാണ് ആദ്യം ചോദിക്കേണ്ടത്. നിങ്ങൾക്ക് ആവശ്യമുള്ള വിഷയങ്ങളിൽ വിരക്തിയുണ്ടോ? അവ ദോഷയുക്തമാണെന്ന് കാണുന്നുണ്ടോ? അർത്ഥകാമങ്ങൾ വേണമെന്നില്ലേ? "അതൊക്കെ വേണം, വിഷയങ്ങളിലൊക്കെ സുഖമുണ്ട്. എനിക്ക് സമാധാനം കിട്ടാനാണ് ധ്യാനിക്കുന്നത്" എന്നാണ് ഉത്തരമെങ്കിലോ? അവിടെയാണ് ധ്യാനത്തിനു മുന്നോടിയായി സംഭവിക്കേണ്ടുന്ന ധാരണ വന്നിട്ടില്ല എന്നു വെളിവാകുന്നത്. വിഷയങ്ങൾ നശിക്കുന്നതാണ്. വിഷയങ്ങളെ നിരന്തരം ധ്യാനിച്ചുകഴിയുന്നയാളുടെ ധാരണ അതിൽ സുഖമുണ്ടെന്നാണ്. എന്നാൽ മനസ്സമാധാനം കിട്ടുന്നില്ലെന്നും പറയുന്നു. അതായത് വിഷയങ്ങളിലെ ആശ കളഞ്ഞിട്ടുമില്ല അതിൽ നിന്നുള്ള സ്വാഭാവികമായ ദുഃഖത്തെ കളയുകയും വേണം. ഇത് ഒരിക്കലും നടക്കാത്ത കാര്യമാണ്!
വിഷയധ്യാനം കൊണ്ടാണ് മനസ്സിന് സ്വസ്ഥത നഷ്ടപ്പെടുന്നത് എന്ന വ്യക്തമായ ധാരണയോടുകൂടിയാണ് ഒരാൾ വിഷയവിരക്തിനേടി ഭൗതികതയ്ക്ക് അതീതമായ ഒന്നിനെ ധാരണ ചെയ്ത് ഉറപ്പിക്കുന്നത്. നമ്മുടെ അറിവിൽപ്പെടാത്ത എന്തെങ്കിലും ഒന്ന് കാണുവാനോ കേൾക്കുവാനോ അല്ല ധ്യാനിക്കുന്നത്. എന്താണ് ധ്യാനിക്കുന്നത് എന്ന ധാരണയോടുകൂടിയാണ് ധ്യാനിക്കുന്നത്. കാണാനോ കേൾക്കാനോ ആണെങ്കിൽ കണ്ണുകൾ അഞ്ചും ഉള്ളടക്കി ഉപാസിക്കേണ്ടുന്ന ആവശ്യം വരുമായിരുന്നില്ല!
ധാരണ ഇല്ലാത്തതുകൊണ്ടാണ് ധ്യാനം സാധിക്കാത്തത്. ധാരണയില്ലാത്തതുകൊണ്ടാണ് സഗുണോപാസനയെയോ നിർഗുണോപാസനയെയോ എതിർക്കുന്നത്. ജ്ഞാനവൈരാഗ്യങ്ങൾ സിദ്ധിച്ച് ആത്മധ്യാനത്തിൽ ലീനനായിരിക്കുന്നൊരാൾക്ക് മന്ത്രമോ നാമരൂപോപാസനാസമ്പ്രദായമോ ഉപദേശിക്കുന്നത് ധാരണയില്ലാഞ്ഞിട്ടാണ്. അതുപോലെതന്നെ തിരിച്ചും. അതായത് വിഷയവൈരാഗ്യം വന്നിട്ടില്ലാത്ത ഒരാൾക്ക് നിർഗുണോപാസന ഉപദേശിക്കുന്നതും ധാരണ ഇല്ലാത്തതുകൊണ്ടാണ്. അറിവ്, അറിയപ്പെടുന്ന വസ്തു, അറിയുന്നവൻ എന്നീ മൂന്നു പുടങ്ങളെ കുറിച്ചും വ്യക്തമായ ധാരണ വേണ്ടതാണ്. ക്ഷേത്രത്തെ അറിയുന്നവനെ അറിഞ്ഞാലേ ക്ഷേത്രത്തെ ശരിയായി അറിയുന്നുള്ളൂ. ഈ ശരീരമാണ് ക്ഷേത്രം. ആത്മാവാണ് ക്ഷേത്രജ്ഞൻ. ക്ഷേത്രധർമ്മത്തെയും ആത്മതത്ത്വത്തെയും അറിയുമ്പോൾ ക്ഷേത്രജ്ഞൻ സ്വരൂപത്തെ പ്രകാശിപ്പിക്കുന്നു.
ഇന്ദ്രിയദ്വാരങ്ങളിലൂടെ ഈ ശരീരത്തിൽ നിന്ന് പുറത്തേയ്ക്കു പോയി അറിയുന്ന മനസ്സ് വിഷയാകാരമായ ലോകത്തെ സൃഷ്ടിച്ച് അറിയുന്നു. മനസ്സിന് ഇന്ദ്രിയദ്വാരം വഴി അറിയാനുള്ള ലോക വിഷയങ്ങൾ അഞ്ചാണ്. രൂപം, ശബ്ദം, ഗന്ധം, സ്പർശം, രസം എന്നിവയാണ് അവ. ഈ വിഷയങ്ങളിൽ വിരക്തി സിദ്ധിച്ചാലോ? എങ്കിൽ മനസ്സ് ഇളകാതെയാകും. മനസ്സ് ഇളകുമ്പോൾ ഈ അഞ്ചുവിഷയങ്ങളെ ധ്യാനിക്കുന്നു. ധ്യാനിക്കാനിരിക്കുമ്പോൾ ഈ അഞ്ച് വിഷയങ്ങൾ നമ്മുടെ മനസ്സിനെ ഉണർത്തുന്നു. മനസ്സും ഇന്ദ്രിയങ്ങും ചേർന്നാണിരിക്കുന്നത്. എന്നാൽ മനസ്സ് ഇളകുന്നില്ല എങ്കിൽ ഇന്ദ്രിയങ്ങൾ വഴി കണ്ടാലും കേട്ടാലും മണത്താലും സ്പർശിച്ചാലും രുചിച്ചാലും അവ ജഡധർമ്മമായിരിക്കുകയേയുള്ളൂ.
മനസ്സ് അടങ്ങുന്നത് വിഷയങ്ങളോടുള്ള വിരക്തികൊണ്ടാണ്. മനസ്സ് ഇളകുന്നത് വിഷയങ്ങളോടുള്ള ആസക്തികൊണ്ടാണ്. രാഗദ്വേഷങ്ങളുള്ള മനസ്സിന് ഈശ്വരധ്യാനമോ മന്ത്രധ്യാനമോ ആത്മധ്യാനമോ സാദ്ധ്യമല്ല. വൈരാഗ്യം സിദ്ധിച്ച മനസ്സും ഇന്ദ്രിയങ്ങളും അടങ്ങിയിരിക്കുന്നു. അവർക്ക് ഇഷ്ട ദേവതയോട് എന്തെങ്കിലും ഭൗതികമായ സുഖത്തിനു വേണ്ടി പ്രാർത്ഥനയോ പരാതികളോ ഇല്ല. അതിനാൽ അവർ ഏകാഗ്രമായി ഇഷ്ടദേവനെ ധ്യാനിക്കുന്നു. അതാണ് ശരിയായ സഗുണോപാസന. വിഷയവിചാരം കൂടാതെയുള്ള ഈശ്വരസ്മരണ. സ്വന്തം പ്രശ്നത്തെ കുറിച്ച് ധാർമ്മികമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. എന്നാൽ മാത്രമേ നമുക്ക് ഉപാസന ആവശ്യമാണെന്ന് തോന്നുകയുള്ളൂ.
വ്യക്തമായ ധാരണയോടു കൂടിയാണ് ഏതൊരു പ്രവൃത്തിയും ചെയ്യേണ്ടത്. അല്ലാത്ത പക്ഷം മന്ത്രജപവും നാമജപവും രൂപധ്യാനവും ക്ഷേത്രദർശനവും തീർത്ഥാടനവും എല്ലാം സംശയാസ്പദമായിരിക്കാനാണ് സാദ്ധ്യത! സംശയാത്മാവിന് ഒരിക്കലും ധ്യാനവിഷയത്തിൽ ശ്രദ്ധ ഉറയ്ക്കുകയുമില്ല. ധ്യാനവിഷയത്തിൽ ധാരണയുണ്ടെങ്കിലല്ലേ ശ്രദ്ധ ഉറയ്ക്കുകയുള്ളൂ? ധ്യാനിച്ച ശേഷം അല്ല ധ്യാനവിഷയം ശ്രദ്ധയിൽ വരുന്നതെന്നു സാരം.
ഓം
No comments:
Post a Comment