Monday, January 16, 2023

മലയാളത്തില്‍ ഇന്ന് 'ഋഷികവി' എന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കില്‍ അത് മഹാകവി അക്കിത്തത്തെയാണ്. മന്ത്രദ്രഷ്ടാവാണ് ഋഷി. ഋഷിഛന്ദോദേവതമാരുടെ ഐക്യംകൊണ്ട് വാക്കിനെ മന്ത്രമാക്കുന്ന കവിത്വവും വാക്കില്‍നിന്നു വെളിച്ചത്തെ മാത്രം കണ്ടെത്തുന്ന ഋഷിത്വവും ഒരാളിലൊരുമിച്ചതിന്റെ പുണ്യമാണ് അക്കിത്തം. പുരസ്കാരങ്ങൾ നമിച്ചുനിൽക്കുന്ന കാവ്യദർശനം... കാലത്തെ കവിഞ്ഞുനിൽക്കുന്ന കാവ്യസംസ്കാരമാണ് അക്കിത്തം. കണ്ണീരും ചിരിയും ഒരേ സത്യബോധത്തിന്റെ സ്നേഹാനുഭവമാണെന്നറിഞ്ഞ മനുഷ്യാദ്വൈതം അക്കിത്തം നമ്മുടെ കാലത്തിനു നൽകി... അക്കിത്തം രൂപപ്പെട്ട കാലഘട്ടം കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും ഉന്നതമായ മാനവിക വികാസത്തിന്റെ ചരിത്രഘട്ടമായിരുന്നു. 'ഇവിടെ മനുഷ്യനാണ് സത്യം' എന്ന് തിരിച്ചറിഞ്ഞുകൊണ്ട് മനുഷ്യത്വത്തിനെതിരായ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിത്തെറിപ്പിക്കാനുഴറുകയായിരുന്നു അന്നത്തെ യുവാക്കളായ സാംസ്കാരിക പ്രവർത്തകർ. അക്കിത്തം അവർക്കൊപ്പമായിരുന്നു. ആഢ്യത്വവും ജന്മിത്വവുമുണ്ടായിരുന്ന ഒരു വൈദിക ബ്രാഹ്മണ കുടുംബത്തിൽ യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ നടുക്ക് ജനിച്ചുവളർന്നിട്ടും ഒരു നിർണായക ചരിത്രഘട്ടത്തിൽ താനുൾപ്പെട്ട സമുദായത്തെ അടിമുടി ഉടച്ചുതകർത്ത വിസ്ഫോടനാത്മകമായ ഒരു വിപ്ലവത്തിന്റെ ഭാഗമായി നിന്നവനാണ് ഈ ഉണ്ണിനമ്പൂതിരി. അന്ന് വി.ടി.യായിരുന്നു അക്കിത്തത്തിന്റെ ഗുരു. ബ്രഹ്മസ്വവും ദേവസ്വവും സംബന്ധവ്യവസ്ഥിതിയും തൊട്ട് കടവല്ലൂർ അന്യോന്യം വരെ കടപുഴകി വീണ ആ കൊടുങ്കാറ്റിലാണ് അഗ്നിഹോത്രമുപേക്ഷിച്ച് അനാഥ ജനസഞ്ചയത്തിൽ അണിചേരുന്ന യോഗക്ഷേമത്തിന്റെ സാമൂഹ്യപാഠം അക്കിത്തം പഠിച്ചത്. നമ്പൂതിരി മനുഷ്യനായ ചരിത്രത്തിന്റെ ഭാഗമാണത്. അക്കാലത്തെ സ്വതന്ത്ര ചിന്താശാലികളായ മൗലിക പ്രതിഭകളുമായുള്ള നിരന്തര സമ്പർക്കം ലോകരാഷ്ട്രീയ പൊതുബോധമണ്ഡലത്തെ ആഴത്തിലുൾക്കൊള്ളാൻ അക്കിത്തത്തെ പ്രാപ്തനാക്കി. എം. ഗോവിന്ദനിലൂടെ 'റാഡിക്കൽ ഹ്യുമാനിസ'ത്തിന്റെ ആധുനികവും ഉന്നതവുമായ നവമാനവ ബോധത്തിലേക്ക് വളർന്നു. അതോടൊപ്പം ഇവരിലാർക്കുമില്ലാത്ത വിധത്തിൽ ചിരാർജിതമായിരുന്ന ഇന്ത്യൻ ആത്മീയതയുടെ വെളിച്ചം കൈവിടാതിരിക്കുകയും ചെയ്തു. അതുകൊണ്ടൊക്കെത്തന്നെയാവണം കമ്യൂണിസത്തിന്റെ മാനവ സമത്വ ദർശനങ്ങളെ സ്വീകരിച്ചുകൊണ്ടുതന്നെ അതിന്റെ പ്രയോഗങ്ങളിൽ കലർന്നുപോയ ഹിംസാത്മകതയെ തുറന്നെതിർക്കാൻ 1952-ൽത്തന്നെ അക്കിത്തം ധൈര്യം കാണിച്ചത്. 20-ാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതി ഒരേസമയം 'രണദിവെ' തിസീസ്സിന്റെ ഹിംസാത്മക ക്രൗര്യത്തെ നേരിടുകയും കമ്യൂണിസ്റ്റ് മൂല്യബോധത്തിന്റെ മനുഷ്യസ്നേഹത്തെ മുറുകെപ്പിടിക്കുകയും ചെയ്തു. ഇങ്ങനെ സാമ്യവാദത്തിൽ നിന്ന് സർവഭൂതഹൃദയത്വത്തിലേക്ക് വളർന്ന അപാരമായൊരു സ്നേഹയാത്രയായി അക്കിത്തത്തിന്റെ കാവ്യദർശനം.

No comments:

Post a Comment