Thursday, March 23, 2023

വിഷു- ഏപ്രിൽ 15 - 2023 ഐശ്വര്യത്തിന്റെ തുടക്കം, കാഴ്ചയുടെ തുടക്കം, കാർഷികപ്രവർത്തനങ്ങളുടെ തുടക്കം. ഇങ്ങനെപോകുന്നു വിഷുവിന്റെ വിശേഷങ്ങൾ. കേരളത്തിൽ നിലനിന്നിരുന്ന സംസ്കാരത്തിന്റെ ശേഷിപ്പാണ് വിഷു എന്നാണ് പറയാറ്. വിഷു എന്നു കേൾക്കുമ്പോൾ കണികാണലും കൈനീട്ടവുമാണ് മനസ്സിൽ ആദ്യം തെളിയുന്നത്. ഒരു പക്ഷേ നിങ്ങൾക്കും ഇത്തരം ഒാർമ്മകൽ തന്നെയായിരിക്കും ആദ്യം ഉണ്ടാവുക. പിന്നെ ഗ്രൃഹാതുരതയെ തട്ടി ഉണർത്തുന്ന മറ്റു നിരവധി ഒാർമകളും. എനിക്കും കുട്ടിക്കാലത്തെ വിഷു ഒാർമകൾ ഇന്നലത്തേതുപോലെ മനസ്സിൽ തെളിയുകയാണ്. ഉറക്കച്ചടവിൽ മിഴിച്ചുണരുന്ന കണ്ണുകൾക്കുമുന്നിൽ തെളിയുന്ന വിഷുക്കണി തന്നെയാണ് വിഷുവിന്റെ പ്രധാന ചടങ്ങ്. നല്ല ഉറക്കത്തിലായിരിക്കുമ്പോൾ പുലർച്ചെ അമ്മവന്ന് തട്ടിയുണർത്തും. ഉണരുന്നതിനുമുൻപ് കണ്ണുതുറക്കരുതെന്ന നിർദ്ദേശം. പിന്നെ അമ്മ കണ്ണ് പൊത്തിപ്പിടിക്കും. പായിൽ നിന്ന് എഴുന്നേൽപ്പിച്ച് പുറത്തേക്ക്. കണ്ണ് പൊത്തിപ്പിടിച്ചിരിക്കുന്നതിനാൽ പിന്നിൽ നിന്നുള്ള അമ്മയുടെ ഡയറക്ഷനിൽ തപ്പി തപ്പി മുന്നോട്ട്. അമ്മയുടെ കൈകൾ മാറ്റുമ്പോൽ മുന്നിൽ തെളിയുന്നത് നിലവിളക്കിന്റെ ദീപപ്രഭയിൽ മുങ്ങിനിൽക്കുന്ന കാർഷിക വിഭവങ്ങൾക്കിടയിൽ ഒാടക്കുഴൽ ഉൗതിനിൽക്കുന്ന കണ്ണന്റെ തേജോരൂപമാണ്. ചന്ദനത്തിരികളിൽ നിന്നുയരുന്ന പുകചുരുൾ കണിവസ്തുക്കൾക്ക് കുടചൂടി സുഗന്ധം പരത്തിനിറഞ്ഞുനിൽക്കും. നേരിയ തണുത്തകാറ്റ് ജനലിലൂടെ മെല്ലെ വീശുന്നുണ്ടാകും. ഹരിതനിറമുള്ള കാർഷിക ഫലാദികൾക്കുമേലും ഉണ്ണികൃഷ്ണന്റെ മുഖത്തും സ്വർണ്ണവർണ്ണം വിതറി നിന്ന നിലവിളക്കിലെ എണ്ണത്തിരികളെ കെടുത്താതിരിക്കാനായിരിക്കും കാറ്റ് ഇളംതെന്നലായി വീശിയിരുന്നതെന്നാണ് ഞാൻ കുട്ടിക്കാലത്ത് കരുതിയിരുന്നത്. ഒരു പക്ഷേ അതു വാസ്തവുമായിരിക്കാം. എന്തായാലും കണികാണൽ ഇന്നും കണ്ണിക്കൊന്നയുടേതുപോലെ മണ്ണിമുത്തുകളായി മനസ്സിൽ നിറഞ്ഞുതന്നെയുണ്ട്. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനും അതു കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഒാട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും പൊന്നും വാൽക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും പഴുത്ത അടയ്ക്കയും വെറ്റിലയും കണ്‍മഷി, ചാന്ത്, സിന്തൂരം, നാരങ്ങ, ചക്ക, കൈതച്ചക്ക തുടങ്ങിയവയും കിഴക്കോട്ടു തിരിയിട്ട് കത്തിച്ച നിലവിളക്കും നാളികേരപ്പാതിയും ശ്രീകൃഷ്ണന്റെ വിഗ്രഹവും വച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്. ഐശ്വര്യസമ്പൂർണ്ണമായ അതായത് പ്രകാശവും ധനവും ഫലങ്ങളും ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ പുതിയൊരു ജീവിത പന്ഥാവിലേക്കുള്ള യാത്രയാണ് ആരംഭിക്കുക. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ പ്രകൃതിയേയും ഫലവൃക്ഷങ്ങളേയും വീട്ടുമൃഗങ്ങളേയും കണികാണിക്കുന്ന രീതി ചിലയിടങ്ങളിലുണ്ട്. ഇത് വടക്കൻ കേരളത്തിലാണ് കൂടുതൽ കണ്ടുവരുന്നത്. ഇതിനു ശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്നത്, അതു വർഷം മുഴുവനും സമ്പൽ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്. ഇന്നു സ്വർണ്ണം വെള്ളി നാണയങ്ങൾ ഇല്ല. പകരം നോട്ടുകളാണ് നൽക്കുന്നത്. വീട്ടുമുറ്റത്തും പറമ്പിലും പാടത്തുമൊക്കെ വിളയുന്ന പച്ചക്കറി ഇനങ്ങളും ഫലങ്ങുമാണ് നമ്മുടെ വീടുകളിൽ കണിവസ്തുക്കളായി വച്ചിരുന്നത്. നീണ്ട നെൽവയലുകളും തൊടികളും ഉണ്ടായിരുന്ന മനോഹര പ്രകൃതിസ്വത്വമായിരുന്നു നമ്മുടെ ഗ്രാമങ്ങൾക്കുണ്ടായിരുന്നത്. അതുകൊണ്ടാണ് കണിവസ്തുക്കൾ വീടിന് പരിസരത്തു നിന്നുതന്നെ നമുക്ക് ലഭിച്ചിരുന്നത്. ഇന്ന് കണിവസ്തുക്കൾ തേടി ചുറ്റുവട്ടമാകെ പരതിനടക്കേണ്ടതില്ല. എല്ലാം മൊത്തമായി വിപണിയിൽ ലഭിക്കും. അത് വാങ്ങി കാറിലും ബസ്സിലുമായി വീട്ടിലെത്തിക്കുമ്പോൾ വാടിപ്പോയിരിക്കും. പിന്നെ ഫ്രിഡ്ജിലേക്ക് അവയെ തള്ളികയറ്റും. ഇങ്ങനെ പലവിധപ്രക്രിയയിലൂടെ വന്നതിനൽ വാടിക്ഷീണിച്ച പൂക്കളും ഫലങ്ങളുമാണ് ഇന്ന് മിക്കവരും കാണുന്നത്. തനതും തനിമയുമാർന്നതുമായ വസ്തുക്കൾ കണ്ട് സമൂദ്ധിയെ വരവേൽക്കാൻ തയ്യാറെടുത്ത മുൻതലമുറക്കാർക്ക് ഇന്നത്തെ റെഡിമേഡ് കണിവസ്തുക്കളോട് താദാത്മ്യപ്പെടാൻ കഴിയുന്നില്ലായിരിക്കും. പക്ഷേ നിവർത്തിയില്ല. ഇൗ ന്യൂജൻകാലത്ത് വീടുകളിൽ റെഡിമേഡ് വസ്തുക്കൾ എങ്കിലും വച്ചു കണികാണാൻ തയ്യാറാകുന്നുണ്ടല്ലോ എന്നതാണ് ആശ്വാസകരം. തനതുകാർഷിക ഉൽപ്പന്നങ്ങൾ കാണുമ്പോൽ ലഭിക്കുന്ന ഫ്രെഷ്നസ് കിട്ടുന്നില്ലെന്നാണ് ഇൗ അടുത്തക്കാലത്ത് ഒരാൾ എന്നോടു പരാതിസ്വരത്തിൽ പറഞ്ഞത്. കേരളീയസാംസ്കാരിക പാരമ്പര്യത്തിന്റെ മുഖ്യഘടകങ്ങളായി വിഷു ഇന്നും ആചരിക്കുകയാണ് നമ്മൾ. കാർഷിക കലണ്ടറിലെ വർഷാരംഭം ആയി മേടം ഒന്നിനെ കണക്കാക്കിയിരുന്ന കാലഘട്ടത്തിലായിരിക്കണം സമ്പൂർണ്ണ വിഷു ആഘോഷം ഉണ്ടായിരുന്നത്. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ കേരള അതിർത്തിയോട് ചേർന്ന് കിടന്നിരുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിച്ചിരുന്നു എന്നാണ് അറിയുന്നത്. ഭാരതത്തിൽ മുമ്പ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭം കൂടിയാണ് വിഷു. വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേയം ഒന്നിന് മേടവിഷുവും തുലാം ഒന്നിന് തുലാവിഷുവും ഉണ്ട്. ഒരു രാശിയിൽനിന്ന് അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നുപറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഇൗ വിശേഷദിവസങ്ങൾ പണ്ടുമുതലേ ആഘോഷിച്ചുവരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെ കുറിച്ചുള്ള പരാമർശങ്ങൾ പതിറ്റുപത്ത് എന്ന കൃതിയിൽ ഉണ്ട്. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഒാണവും. ഒാണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടുള്ള കൊയ്ത്തുത്സമാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. ഒാണാഘോഷം പോലെ സമൃദ്ധിയുടെ സമ്പന്നതയിൽ നാം വിഷു ആഘോഷിക്കാറില്ല. എങ്കിലും ഒാണം പോലെ ഐതിഹ്യങ്ങളും പാട്ടുകളും വിഷുവിനും അതിന്റെ ചാരുത ചാർത്തിക്കൊടുക്കുന്നു. ഒാണത്തിന് പൂക്കളുമായി ബന്ധം ഉള്ളതുപോലെ വിഷുവിനും പൂക്കാലത്തോടാണ് മമത. വിഷുവിന് സ്വന്തമായി ഒരു പൂവുള്ളപ്പോൾ ഒാണത്തിന് സ്വന്തമായി പൂവില്ലയെന്ന പ്രത്യേകതയുണ്ട്. എങ്കിലും തുമ്പയും മുക്കുറ്റിയുമൊക്കെ ഒാണത്തിന്റെ പൂക്കളായി പറയുന്നു. വിഷുവിനെ സംബന്ധിച്ച ഒന്നിലധികം ഐതിഹ്യങ്ങൾ നിലവിലുണ്ടെന്നറിയാമല്ലോ. അതെല്ലാം ഇവിടെ വിവരിക്കുന്നില്ല. കേരളത്തിൽ മാത്രമല്ല, ഇതിനു സമാനമായരീതിയിൽ മറ്റു പലപേരിലും വിഷു വിവിധ സംസ്ഥാനങ്ങളിൽ ആഘോഷിക്കുന്നുണ്ട്. അസമിൽ ബിഹു എന്ന പേരിലും തമിഴ്നാട്ടിൽ 'പുത്താണ്ട് ' എന്നും പശ്ചിമബംഗാൾ, ത്രിപുര എന്നിവിടങ്ങളിൽ പഹ്ലാ ബൈശാഖ ്എന്ന പേരിലുമൊക്കെയാണ് വിഷു ആഘോഷം. പ്രകൃതിയുടെ ഉത്സവവും ആഘോഷവുമാണ് വിഷു. വീണ്ടുമൊരു വിഷുകൂടി എത്തുമ്പോൾ പ്രകൃതിയിലേക്കുള്ള തിരിഞ്ഞു നോട്ടത്തിന് അതു കാരണമാകണം. അതുപോലെതന്നെ ഇത്തവണത്തെ വിഷുക്കാലം പ്രകൃതിയെ വീക്ഷിക്കാനും സംരക്ഷിക്കാനുമുള്ള അവസരമാക്കി മാറ്റണം. ഒപ്പം അടുത്ത വിഷുദിനത്തിൽ വിപണിയിൽനിന്നും കണികോപ്പുകൾ വാങ്ങില്ലെന്നും നമ്മളോരുത്തരുടേയും വീട്ടുമുറ്റത്തുനിന്നും വളപ്പിൽനിന്നും വിളയിച്ചെടുക്കുന്ന കാർഷിക ഉൽപ്പന്നങ്ങളായിരിക്കും കണികാണാനായി വയ്ക്കുക എന്നും നമുക്കു പ്രതിജ്ഞ എടുക്കാം.

No comments:

Post a Comment