BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Wednesday, March 29, 2023
പഞ്ചദശി*
(ഭാഗം 204)
*ബ്രഹ്മാനന്ദത്തിൽഅദ്വൈതാനന്ദപ്രകരണം-14*
*ബന്ധമോക്ഷരഹസ്യം*
പരമാത്മശക്തിയിൽ
നിന്നും ആദ്യം സങ്കല്പാത്മകമായ മനസ്സ് രൂപംകൊള്ളുന്നു. അതോടെ ബന്ധമോക്ഷചിന്തയും ആവിർഭവിക്കുന്നു. മനശക്തിയിൽ പൊന്തുന്ന സങ്കല്പങ്ങൾ മാത്രമാണ് അത്ഭുതവും അനിർവ്വചനീയവുമായ പ്രപഞ്ചത്തെ രചിക്കുന്നത്. ഇങ്ങനെ ഭുവനമെന്നറിയപ്പെടുന്ന പ്രപഞ്ചത്തെ സ്വയം രചിച്ച് മനസ്സ് അതിൽ മുഴുകിപ്പോവുകയാണെങ്കിൽ അത് ബന്ധം. പ്രപഞ്ചരചനയിലും ആസ്വാദനത്തിലും മുഴുകിപ്പോകാതെ സ്വപ്രഭവസ്ഥാനമായ നിത്യസത്തയിലേയ്ക്ക് മനസ്സ് മടങ്ങിപ്പോവുകയാണെങ്കിൽ മോക്ഷം. ഇതാണ് ബന്ധമോക്ഷ രഹസ്യം. സത്യവിചാരം ചെയ്യാത്ത മനസ്സിനാണ് പ്രപഞ്ചത്തിന്റെ നിലനില്പ്. മനോനിർമ്മിതമായ പ്രപഞ്ചത്തിന്റെ നിലയെ നമുക്ക് ഉറങ്ങാൻ കിടക്കുന്ന കുഞ്ഞിന് മുത്തശ്ശി പറഞ്ഞുകൊടുക്കുന്ന കഥയോട് ഉപമിക്കാം.
*മുത്തശ്ശിയുടെ കുട്ടിക്കഥ*
കുഞ്ഞിനെ വിനോദിപ്പിക്കുവാനായി മുത്തശ്ശി കഥപറഞ്ഞുതുടങ്ങി. ഹേ വീരശിരോമണിയായ കുട്ടി! ഒരിക്കൽ ഒരിടത്ത് ഉത്തമന്മാരായ മൂന്ന് രാജകുമാരന്മാർ ഉണ്ടായിരുന്നു. അവരിൽ രണ്ടുപേർ ജനിച്ചിട്ടേയില്ല. ഒരാളെ ഗർഭംധരിച്ചിട്ടുപോലും ഇല്ല. അവർ മൂന്നുപേരും ധർമ്മിഷ്ഠരാണ്. പണി ചെയ്തിട്ടേയില്ലാത്ത പട്ടണത്തിൽ അവർ സസുഖം താമസിച്ചുപോന്നു.
ഒരു ദിവസം ആ ശുദ്ധചിത്തന്മാർ അവരുടെ ശൂന്യനഗരത്തിൽനിന്നും പുറത്തിറങ്ങി. അവർ അങ്ങനെ നടന്നുപോകുമ്പോൾ കായ്കനികൾ നിറഞ്ഞുതിങ്ങുന്ന അനേകം വൃക്ഷങ്ങൾ ആകാശത്തിൽ വളർന്നു നിൽക്കുന്നതായി കണ്ടു. ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഒരു നഗരത്തിൽ അവർ മൂന്നുപേരും സുഖമായി പാർത്തുവരുന്നു. മൃഗയാവിനോദങ്ങളിൽ ഏർപ്പെട്ടാണ് അവർ സമയം കഴിച്ചുകൂട്ടുന്നത്. മുത്തശ്ശി കഥ പറഞ്ഞവസാനിച്ചു. കുട്ടിക്ക് വളരെ സന്തോഷമായി. കഥയിലെ സംഭവങ്ങളെക്കുറിച്ച് വ്യക്തമായി വിചാരം ചെയ്തറിയാൻ കഴിവില്ലാതിരുന്നതുകൊണ്ട് കഥ മുഴുവൻ സത്യമാണെന്ന് കുട്ടി തീരുമാനിക്കുകയും ചെയ്തു. ഈ സംസാരപ്രതിഭാസങ്ങളും അങ്ങനെതന്നെ. നിത്യാനിത്യവസ്തുക്കളെ സൂക്ഷ്മവിചാരം കൊണ്ട് വേർതിരിക്കാൻ കഴിവില്ലാത്ത മടയന്മാർക്ക് ഈ സംസാരം ഉള്ളതുതന്നെ. വിചാരംകൊണ്ട് നിത്യവസ്തുവിനെ അറിഞ്ഞനുഭവിക്കാൻ കഴിവുള്ളവർക്ക് സംസാരപ്രതിഭാസം കുട്ടിക്കഥപോലെ നിർമ്മലമായിത്തീരുന്നു. വിചാരംകൊണ്ടുള്ള സത്യബോധം വരുന്നതുവരെ ഈ മിഥ്യാപ്രതിഭാസം ഇങ്ങനെതന്നെ തുടരുകയും ചെയ്യും. ഇങ്ങനെയുള്ള ആഖ്യായികകളിൽ കൂടി വസിഷ്ഠൻ മായാശക്തിയുടെ അപരിമേയത രാമനു വിസ്തരിച്ചു കേൾപ്പിക്കുന്നുണ്ട്.
ആ ശക്തിയെ നമുക്ക് അല്പമായി നിരൂപണം ചെയ്തുനോക്കാം.
പ്രൊഫസർ ബാലകൃഷ്ണൻ സാർ...
തുടരും...
No comments:
Post a Comment