Wednesday, March 22, 2023

ഒരു സരസശ്ലോകം: ( തമാശ ആയി കരുതിയാൽ മതി) “ലക്ഷ്മീ ദേവിയും സരസ്വതിയും ഒരുമിച്ചു ഒരിടത്ത് ഉണ്ടാവില്ല” എന്നു പറയാറൂണ്ടുല്ലൊ. ദ്രോണാചാര്യര്‍ മുതലായ ബ്രാഹ്മണര്‍ നിര്ധനരാ യിരുന്നു. അതിനുള്ള കാരണത്തെ പറ്റി പറയുന്ന ഒരു ശ്ലോകം ഇതാ: മഹാവിഷ്ണു “ലക്ഷ്മീദേവിയോട് “എന്തുകൊണ്ടാണ്, ഭവതി ബ്രാഹ്മണ രുടെ ഗൃഹങ്ങളിൽ വസിയ്ക്കാത്തത് ? എന്ന് ചോദിച്ചപ്പോള്‍ ദേവിയുടെ മറുപടി ഇങ്ങിനെ ആയിരുന്നുവത്രേ: “പീതഃ ക്രുദ്ധേന താതശ്ചരണതലഹതോ വല്ലഭോ യേന രോഷാദ് ആബാല്യാദ് വിപ്രവര്യൈഃ സ്വവദനവിവരേ ധാര്യതേ വൈരിണീ മേ / ഗേഹം മേ ഛേദയന്തി പ്രതിദിവസമുമാകാന്തപൂജാനിമിത്തം തസ്മാത് ഖിന്നാ സദാഹം ദ്വിജകുലനിലയം നാഥ യുക്തം ത്യജാമി // എന്റെ പിതാവായ സമുദ്രത്തെ കോപിച്ചു കുടിച്ചുകളഞ്ഞ അഗസ്ത്യൻ ബ്രാഹ്മണനായിരുന്നു; എന്റെ നാഥനായ അങ്ങയുടെ നെഞ്ചിൽ ദേഷ്യംവന്നു ചവിട്ടിയ ഭൃഗുവും ഒരു ബ്രാഹ്മണൻ; പിന്നെ ബ്രാഹ്മണർ സ്വന്തം മുഖത്തല്ലേ, എന്റെ വൈരിയായ വാണിയെ (സരസ്വതീദേവിയെ) എപ്പോഴും പൂജിച്ചിരുത്തുന്നത് ?(ഋഗ്വേദത്തിലെ സാരസ്വതമന്ത്രങ്ങള്‍ മുതലായവ യുടെ നിത്യജപം_) മാത്രമല്ല എന്റെ വാസസ്ഥാനമായ താമരപ്പൂക്കളെ ആ ബ്രാഹ്മണർ ശിവപൂജയ്ക്കായി എന്നും അറുത്തെടുക്കുന്നു . ഇതൊക്കെയോർത്തു ഖേദിച്ചാണ്, ബ്രാഹ്മണരുടെ ഗൃഹങ്ങളില്‍ ഞാൻ പോകാതിരിയ്ക്കുന്നത്.

No comments:

Post a Comment