Wednesday, April 26, 2023

 

🛕ഛത്രപതി  ശിവജി.... {149}*_
       _{✍️ശ്രീ. വിനോദ്രഹര മഹാദേവ്....*_


_ഒരുനേരത്തേ വിശപ്പടക്കാൻപോലും നിർവ്വാഹമില്ലാതെ കാട്ടിലൂടെ അലഞ്ഞ നാളുകൾ..._
_ശത്രുവിനെ ഭയന്ന് ഒന്നിൽകൂടുതൽ ദിവസംപോലും ഒരു സ്ഥലത്ത് താങ്ങാതെ ജീവൻ കയ്യിൽ പിടിച്ചുള്ള യാത്രകൾ...._
_അമ്മയെ തടവുകാരിയായി പിടിച്ചുകൊണ്ട് പോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നത്....._
_തന്റെ ആദ്യ യുദ്ധം..._

_എല്ലാം മനസ്സിലേയ്ക്ക് ഓടി വന്നു._

_*"അങ്ങനെ നമ്മുടെ ചിരകാലാഭിലാഷം നടപ്പിലാവുകയാണ്..."*_ 
_ശിവജി ആ ജനക്കുട്ടത്തോട് പറഞ്ഞു. അവർ ശിവജിയുടെ ഓരോ വാക്കും സാകൂതം ശ്രദ്ധിയ്ക്കുകയായിരുന്നു._

_*"ഭാരതം എന്നും ഒരു ഹിന്ദു രാഷ്ട്രമായിരുന്നു...*_ _*ശ്രീരാമചന്ദ്രനും ശ്രീകൃഷ്ണനും ജനിച്ച ഭൂമിയാണിത്.... രാമായാണവും മഹാഭാരതവും പിറന്ന മണ്ണാണിത്... ലോകചക്രവർത്തിയാവാൻ വന്ന അലക്സാണ്ടർപോലും അടിയറവ് പറഞ്ഞ രാഷ്ട്രമാണിത്....*_ _*പെറ്റമ്മയേയും പിറന്ന നാടിനേയും ഒരേപോലെ കണ്ടവരുടെ രാജ്യമാണിത്...*_
_*ശത്രുവിനെതിരായി ആൺപെൺ ഭേദമില്ലാതെ ആയുധവുമെടുത്തു രണാങ്കണത്തിലേയ്ക്കിറങ്ങിയവരുടെ ചോരകൊണ്ട് ചുവന്ന മണ്ണാണിത്."*_

_ജനങ്ങൾ ആവേശത്തോടെ ആ വാക്കുകൾ കേൾക്കുകയായിരുന്നു..._

_*"ഹിന്ദുവെന്നാൽ കേവലം ഒരു മതമല്ല... ഈ പുണ്യ ഭൂമിയിൽ പിറന്നു, ഈ സംസ്‌കാരത്തെ അംഗീകരിയ്ക്കുന്നവരെല്ലാം ഹിന്ദുക്കളാണ്...*_

_“ഹിമാലയം സമാരഭ്യം_ 
_യാവത് ഹിന്ദു സരോവരം_
_തം ദേവനിര്‍മ്മിതം ദേശം_ 
_ഹിന്ദുസ്ഥാനം പ്രചക്ഷ്യതേ....”_

_*എന്നാണ് നമ്മൾപഠിച്ചത്...*_ 

_*ഹിമാലയത്തിൽ നിന്നും ആരംഭിച്ച് അങ്ങ് തെക്ക് ഹിന്ദുസമുദ്രംവരെ വ്യാപിച്ചു കിടക്കുന്ന ഈ ഭൂമിയേയാണ് നമ്മൾ ഹിന്ദുസ്ഥാനം എന്ന് പറയുന്നത്... അതുകൊണ്ടുതന്നെ ഈ രാജ്യത്ത് ജാതി മത ഭേദമന്യേ എല്ലാവർക്കും ഒരുപോലെ ജീവിയ്ക്കാം... പക്ഷേ, അവരുടെ കൂറ് ഈ മാതൃഭൂമിയോടായിരിയ്ക്കണം എന്നുമാത്രം...."*_

_ശിവജി പറഞ്ഞ് നിർത്തി..._
_ജനങ്ങൾ ആഹ്ലാദാരവം മുഴക്കി... ജയ് ശിവാജി വിളികളാൽ അവിടം പ്രകമ്പനംകൊണ്ടു..._

_രാജ്യം ശിവജിയുടെ സ്ഥാനാരോഹണം ആഘോഷിയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു._

_ആരും പറയാതെതന്നെ ജനങ്ങളൊക്കെ അവരവരുടെ വീടുകൾ അലങ്കരിയ്ക്കാൻ മത്സരിയ്ക്കുകയായിരുന്നു..._
_പൊതുസ്ഥലങ്ങളിൽ പൂന്തോട്ടങ്ങൾ ഉണ്ടാക്കുവാനും മോടിപിടിപ്പിയാക്കുവാനും അവർ സ്വയം സന്നദ്ധരായി..._

_രാത്രി തെരുവീഥികളിൽ ഡോലക്കിന്റേയും മറ്റ് വാദ്യോപകരണങ്ങളുടേയും ശബ്ദം ഉയർന്നു. അതിന്റെ താളത്തിൽ ജനങ്ങൾ തെരുവിൽ ആനന്ദനൃത്തമാടി..._

_പക്ഷേ, ഒരാൾ മാത്രം ഇതിൽ നിന്നുമെല്ലാം അകന്ന് ചിന്താകുലനായിരുന്നു._

_അത് മാറ്റാരുമായിരുന്നില്ല..... ശിവജി മഹാരാജ് തന്നെയായിരുന്നു._

_വലിയൊരു ഭാരമാണ് താൻ തലയിലേറ്റാൻ പോകുന്നത്. മുഗളരുടെ ശല്ല്യം ഒഴിഞ്ഞിട്ടില്ല. പോരാത്തതിന് കടൽ കടന്ന് വന്ന വിദേശികൾ ഈ മണ്ണിൽ അധികാരമുറപ്പിയ്ക്കാനായി പരിശ്രമിയ്ക്കുന്നു. താൽക്കാലിക ലാഭത്തിനായി നിരവധി നാട്ടുരാജാക്കന്മാർ  അവരുമായി സന്ധി ചെയ്യുന്നു... എങ്ങനെ ഇതിനേയൊക്കെ അതിജീവിയ്ക്കാം....?_

_ഒടുവിൽ ശിവജി ഒരു തീരുമാനത്തിലെത്തി._
_ഭാവാനി ക്ഷേത്രത്തിൽ കുറച്ചു ദിവസമിരിയ്ക്കുക... ശക്തി ഉപാസന നടത്തുക._

_കാര്യമറിഞ്ഞപ്പോൾ ജീജ ഭായിയും അതുതന്നെ പറഞ്ഞു._

_*"നന്നായി കുഞ്ഞേ... ഒരു രാജ്യത്ത്‌ രാജാവ് മാത്രമല്ല എല്ലാവരും ശക്തി ഉപാസകരായിരിയ്ക്കണം... ഭാരതം വീരന്മാരുടെ നാടാണ്..."*_

_ശിവജി ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു... തന്നെ കാണാൻ ആരേയും അനുവദിയ്ക്കേണ്ടെന്നു കാവൽക്കാർക്ക് പ്രത്യേക നിർദ്ദേശവും കൊടുത്തു..._

_ഒൻപത് ദിവസത്തെ ഉപാസന ശിവജി തുടങ്ങി.... അമ്പലത്തിലെ പ്രസാദം മാത്രം കഴിച്ച് പൂർണ്ണ സമയവും ദേവിയെ ഭജിച്ച് ശിവജി അവിടെത്തന്നെ തങ്ങി..._

_തലസ്ഥാനമായ റായ് ഘട്ട് അണിഞ്ഞൊരുങ്ങി..._

_സാമന്തന്മാരും ക്ഷണിയ്ക്കപ്പെട്ട അതിഥികളും സാധാരണക്കാരും അങ്ങോട്ടേയ്ക്കൊഴുകി... എല്ലാവർക്കും ഭക്ഷണവും താമസവുമൊക്കെ ഒരുക്കിയിരുന്നു. പതിനൊന്നായിരം പുരോഹിതർ നാടിന്റെ നാനാ ഭാഗത്ത് നിന്നുമായി അവിടെ എത്തിച്ചേർന്നു..._
_ഓരോ പുണ്യ നദിയിലേയും ജലം അവർ കൊണ്ടുവന്നിരുന്നു._

_വേദമന്ത്രങ്ങൾ മുഴങ്ങി..._
_ശിവജി ഒരു ദോത്തിയും ഉത്തരീയവും ധരിച്ചു യാഗശാലയിലേക്ക് വന്നു... അവിടെ തനിയ്ക്കായി ഒരുക്കിയ സ്ഥലത്ത് ഇരുന്നു. പുരോഹിതർ മന്ത്രങ്ങൾ ചൊല്ലിക്കൊണ്ടിരുന്നു... ഹോമകുണ്ഡത്തിലേയ്ക്ക് അർച്ചനാ സാധനങ്ങൾ അർച്ചിച്ചുകൊണ്ടിരുന്നു..._
_അഗ്നി മുകളിലേയ്ക്ക് ഉയർന്നു കത്തി..._

_*"അഭിഷേക സമയമായി....."*_ 
_പ്രധാന പുരോഹിതൻ പറഞ്ഞു._

_ഗംഗാനദിയിലെ പരിശുദ്ധ ജലം ഒരു പുരോഹിതൻ കൊണ്ടുവന്നു. ആ ജലം ശിവജിയുടെ ശിരസ്സിലേയ്ക്കൊഴിച്ചു. ആദ്യ അഭിഷേകം നടന്നു... തുടർന്ന് ഓരോ പുണ്യ നദിയിലേയും ജലം പുരോഹിതർ ശിവജിയുടെ തലയിൽ അഭിഷേകം ചെയ്തു..._

_ഹോമങ്ങൾ കഴിഞ്ഞു..._
_ശിവജി അകത്ത്‌ പോയി പുതുവസ്ത്രങ്ങൾ ധരിച്ചു വന്നു.._ _കാശ്മീരിപ്പട്ടും മറ്റും കൊണ്ട് തൂന്നിയ മനോഹര വേഷം ധരിച്ചുവന്ന ശിവജിയേക്കണ്ടപ്പോൾ എല്ലാവരും ദേവലോകത്ത് നിന്നും ഇറങ്ങി വന്ന ഏതോ ഈശ്വരനാണെന്ന് കരുതിപ്പോയി..._

_ശിവജി പുതിയ സിംഹസനത്തിൽ ഇരുന്നു..._

_വേദ മന്ത്രത്തിന്റെ അകമ്പടിയോടെ പുരോഹിതർ ചക്രവർത്തിയുടെ കിരീടം ശിവജിയെ അണിയിച്ചു... പുഷ്‌പ്പമഴ പെയ്യുന്നതുപോലെ ചുറ്റിലും നിന്നവർ പുഷ്പങ്ങളാൽ തങ്ങളുടെ ചക്രവർത്തിയെ മൂടി._

_ശിവജി സിംഹസനത്തിൽ നിന്നും എഴുന്നേറ്റ് അമ്മയുടെ അടുത്തേയ്ക്ക് നടന്നു. ജീജ ഭായിയുടെ മുന്നിലെത്തിയ ശിവജി അമ്മയുടെ മുന്നിൽ നമസ്‌ക്കരിച്ചു._

_ജീജാ ഭായിയുടെ കണ്ണുകൾ നിറഞ്ഞൊഴുക്കാൻ തുടങ്ങി... താൻ എന്താണോ മഹാദേവനോട് ആവശ്യപ്പെട്ടത്, എന്തായിരുന്നോ തന്റെ ഏറ്റവും വലിയ സ്വപ്നം ഇതാ അത് സാദ്ധ്യമായിരിയ്ക്കുന്നു...._
_ഭാരതത്തിൽ വീണ്ടും ഒരു ഹിന്ദു ചക്രവർത്തി ഉണ്ടായിരിയ്ക്കുന്നു... ജനിയ്ക്കുമ്പോൾ സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാതിരുന്ന തന്റെ മകൻ ഇന്നിതാ ഒരു ചക്രവർത്തിയായി തീർന്നിരിയ്ക്കുന്നു._

_റാണി തന്റെ മകനെ ഇരു ചുമലുകളിലും പിടിച്ചു എഴുന്നേൽപ്പിച്ച് സ്വന്തം മാറോടു ചേർത്തു..._

_ശിവജി അമ്മയെ വരിപ്പുണർന്നു... തന്റെ എല്ലാ നേട്ടങ്ങളുടേയും പുറകിലെ ചാലക ശക്തി.... താൻ എന്തായിത്തീരണമോ എന്ന് തീരുമാനിച്ച്  തന്നെ ആ വഴിയിലേയ്ക്ക് കൈ പിടിച്ചു നടത്തിയവർ..._

_സാമന്തന്മാരും ക്ഷണിയ്ക്കപ്പെട്ടവരും കാത്ത് നിൽക്കുകയായിരുന്നു, തങ്ങളുടെ ചക്രവർത്തിയെ പ്രണമിച്ചു ഉപഹാരങ്ങൾ സമർപ്പിയ്ക്കാൻ..._

_ശിവജി അമ്മയേയും കൂട്ടി സിംഹസനത്തിനടുത്തേയ്ക്ക് നടന്നു. അവിടെ എത്തിയ ശിവജി അമ്മയെ ആ സിംഹസനത്തിൽ ഇരുത്തി... എന്നിട്ട് അവിടെ കൂടിയവരോടായി പറഞ്ഞു..._

_*"ഓരോ ശിശുവും ഈ ഭൂമിയിൽ പിറക്കുന്നത് നിസ്സഹായനായാണ്. താൻ ആരാണെന്നോ നാളെ താൻ ആരായിത്തീരേണ്ടവനാണോ എന്നറിയാത്തവനായി. പക്ഷേ, നാളെ അവൻ ആരായിത്തീരണമെന്ന് തീരുമാനിയ്ക്കുന്നത് അവന്റെ അമ്മയാണ്.... ഓരോ മകന്റേയും മകളുടേയും ആദ്യ പ്രചോദന കേന്ദ്രം അവരുടെ അമ്മ തന്നേയാണ്. ഒരമ്മ വിചാരിച്ചാൽ ഒരു രാജ്യത്തിന്റെ  ജാതകംതന്നെ മാറ്റിയെഴുതപ്പെടുമെന്ന് തെളിയിച്ച അമ്മയാണ് ഈ സിംഹസനത്തിൽ ഇരിയ്ക്കുന്നത്. അതുകൊണ്ട് നിങ്ങൾ എനിയ്ക്കായി കൊണ്ടുവന്ന ഉപഹാരം സ്വീകരിയ്ക്കാനുള്ള യഥാർത്ഥ അധികാരി എന്റെ അമ്മതന്നെയാണ്..."*_

_സദസ്സിൽ നിന്നും ഹർഷാരവമുയർന്നു... എല്ലാവരും ഉപഹാരങ്ങൾ ആ അമ്മയുടെ കാൽക്കീഴിൽ വച്ച് അവരെ നമസ്കരിച്ചു. തുടർന്ന് ശിവജിയേയും...._

_അങ്ങനെ ആ അമ്മ കണ്ട സ്വപ്നം പൂവണിഞ്ഞു..._
_ഒരു പുതിയ യുഗപ്പിറവിയ്ക്കുകൂടി ചരിത്രം സാക്ഷിയായി..._

_{തുടരും.....}_

🛕🚩🛕®️🛕🚩🛕

No comments:

Post a Comment