BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Saturday, April 15, 2023
ഹരിഃ ഓം
വിഷു ആഘോഷം സൂര്യനുമായി ബന്ധപ്പെട്ടതാണെന്ന നിരീക്ഷണമുണ്ടല്ലോ. വിളവെടുപ്പും കൃഷിത്തുടർച്ചയും കണികാണലും മണ്ണൊരുക്കലുമൊക്കെ മുഖ്യമായ അനുഷ്ഠാനങ്ങളിൽപ്പെടുന്നു. ഈ കാര്യങ്ങൾ മുൻനിർത്തിയുള്ള വിഷു ചിന്തയാകാം.
സൂര്യൻ ജീവ-ഊർജ്ജ പ്രദാതാവാണ്. സുപ്രസിദ്ധ ഗായത്രീ മന്ത്രത്തിൽ
' ഹേ സൂര്യ ദേവാ!
അവിടുത്തെ കരുണാ കിരണം ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ!
നിത്യാനിത്യ വസ്തുവിവേകത്തിന്റെ മാർഗ്ഗത്തിലൂടെ പരമമായ ശ്രേയസ്സ് സാക്ഷാത്കരിക്കാൻ അതുവഴി ഞങ്ങൾക്ക് കഴിയട്ടെ. പരിപൂർണ്ണ സ്വാതന്ത്രത്തിന്റെ,
ആനന്ദത്തിന്റെ
സാക്ഷാത്കാരം ഞങ്ങൾക്ക് സാധിക്കട്ടെ എന്നിങ്ങനെയുള്ള പ്രാർത്ഥനകൾ അന്തർഭവിച്ചിരിക്കുന്നു.
ഗായത്രീ മന്ത്രജപത്തിനും സൂര്യാരാധനയ്ക്കും സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം ഉണ്ട്. ദിനരാത്രം സമമായ സമത്വസുദിനത്തിൽ, വിഷുദിനത്തിൽ വ്യക്തിപരമായി സൂര്യാനുഗ്രഹത്തെ പ്രാർത്ഥിക്കുന്നതോടൊപ്പം സമാജത്തിലും സഹിഷ്ണുതാ ചിന്തയും അഹിംസാ നിഷ്ഠയും വ്യാപകമാവട്ടെ എന്നു കൂടി പ്രാർത്ഥിക്കാം. വ്യത്യസ്തതകളെ അനുവദിക്കാനും ആഘോഷിക്കാനും വൈരുധ്യമില്ലായ്മയെ ധ്യാനിക്കാനും ഏവർക്കും സാധിക്കട്ടെ.
ഭൂമി നനവുള്ളതാവുമ്പോൾ, അതിൻ്റെ ആർദ്രതയേറിയ മണ്ണിൽ നിന്ന് അത്ഭുതങ്ങൾ പൊട്ടി മുളയ്ക്കുന്നു. വിസ്മയ പുഷ്പങ്ങൾ വിരിയുന്നു. ധാന്യങ്ങളായും ഫലങ്ങളായും ജീവവൃന്ദത്തിന് ഭൂമി ആഹാരമേകുന്നു. മനുഷ്യൻ ആദ്യ കാലങ്ങളിൽ മറ്റു ജന്തുവർഗത്തെപ്പോലെ കിട്ടിയത് ഭക്ഷിക്കുമായിരുന്നു. പിന്നീടാണ് യാത്രകൾക്കൊപ്പം വാസസ്ഥലികളും തേടിത്തുടങ്ങിയത്. മഴയും മഞ്ഞും വെയിലും കാറ്റും ശല്യമാകാതെ കഴിയാൻ സൗകര്യങ്ങൾ ( പാർപ്പിടം) സൃഷ്ടിച്ചു തുടങ്ങിയത്. അനുയോജ്യ ഇടങ്ങളിൽ വർത്തിച്ച് കൂടുതൽ ആഹാരം ഉത്പാദിപ്പിക്കുക, സംഭരിക്കുക എന്നീ പ്രക്രിയകളിലേക്ക് പ്രവേശിച്ചത്. കൃഷി സമ്പ്രദായം അന്വേഷണ സപര്യയിൽ, അന്വേഷണത്തിന്റെതായിട്ടുള്ള ഒരു ആരാധനാ - പൂജാ യാത്രയിൽ വിശിഷ്ട നാഴികകല്ലായി.
കൃഷിയെ സംബന്ധിച്ച്
'That's related to culture' എന്ന വിചിന്തനമുണ്ട്. പ്രാകൃതമായതിനെ സംസ്കരിക്കുന്ന - refine ചെയ്യുന്ന പ്രക്രിയയാണ് കൃഷി. ഒരു സാംസ്കാരിക മുന്നേറ്റമാണ് മനുഷ്യൻ കൃഷിയിലൂടെ സാധിച്ചത്. കൃഷിയിൽ സൂര്യതാപത്തെയും പ്രകാശ ഊർജ്ജത്തെയും പ്രയോജനപ്പെടുത്തുന്നു. സൂര്യ കാരുണ്യമാണ് കാർമേഘമായി പരിണമിക്കുന്നതും മഞ്ഞായി പൊഴിയുന്നതും മഴയായി വർഷിക്കപ്പെടുന്നതും. മഞ്ഞിൻ്റെ കുളിരും മഴയുടെ ആർദ്രതയും കൃഷിക്ക് പ്രധാനമാണല്ലോ. വ്യവസ്ഥാനുസൃതമായ രീതിയിൽ കൃഷി പുരോഗമിക്കുമ്പോൾ ഉത്പാദനത്തോടൊപ്പം വിതരണത്തിലും മനുഷ്യന് ഉത്സാഹമുണ്ടായിരുന്നു. വൈദികമായ യജ്ഞസംസ്കൃതിയിൽ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള അനുശാസനം കാണാം. ചൂഷണ രഹിതമായ വിതരണ നിർവൃതിയെ ഭഗവദ് ഗീതയും പുകഴ്ത്തുന്നു. 'യജ്ഞശിഷ്ട ഭോഗം ' എന്നാണ് ഭഗവദ്ഗീതയിൽ ഈ സമീപനത്തെ വിശേഷിപ്പിക്കുന്നത്. ആദരവോടെ ഉത്പാദിപ്പിച്ച് അനുകമ്പയോടെ വിതരണം ചെയ്ത് ബാക്കിയുള്ളത് വിനയത്തോടെ സ്വീകരിക്കണം. ഈ യജ്ഞശിഷ്ടം അമൃതമാണെന്നും ഭഗവദ്ഗീത പുകഴ്ത്തുന്നു. (അതായത് ശാശ്വതമായ ആത്മവൈഭവത്തെ സാക്ഷാത്ക്കരിക്കാൻ സ്നേഹാനുകമ്പയിൽ അധിഷ്ഠിതമായ യാജ്ഞികപ്രവൃത്തികൾ സഹായിക്കും. തത്വചിന്തയുടെ ആ തലം ഇവിടെ വിസ്തരിക്കുന്നില്ല)
മനുഷ്യൻ്റെ സങ്കുചിത സ്വാർത്ഥം സാംസ്കാരിക മുന്നേറ്റങ്ങൾക്ക് കാലാകാലങ്ങളിലായി ഭീഷണിയാകാറുണ്ട്. അതുമൂലം ചൂഷണവും അനാരോഗ്യകര സംഭരണവ്യഗ്രതയും പെരുകാറുണ്ട്. ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും. മനുഷ്യസഹജമായ നന്ദിയും സ്നേഹവും അനുകമ്പയും ഉദാത്ത മൂല്യങ്ങളാണ്. ആ മൂല്യങ്ങളെ കഴിയുന്നത്ര പ്രചോദിപ്പിക്കാനുത്സാഹിക്കുകയെന്നതാണ് അധഃപതനത്തിന് പരിഹാരം. ഇക്കാര്യത്തിൽ വ്യക്തിപരമായി ഏവർക്കും ശ്രദ്ധിക്കാൻ കഴിയട്ടെ. സാമൂഹിക തലത്തിലും ഈ സന്ദേശം പ്രചരിപ്പിക്കാം.
വിഷുക്കണി ഒരുക്കി വെക്കുന്നതും വിഷുദിനത്തിലുണർന്ന് അത് കാണുന്നതും മുതിർന്നവരെ നമിച്ച് കൈനീട്ടം സ്വീകരിക്കുന്നതും പുത്തനുടുപ്പുകൾ അണിയുന്നതും നിലമുഴുകുന്നതും വിത്ത് വിതയ്ക്കുന്നതും സദ്യയുണ്ണുന്നതും പടക്കം പൊട്ടിക്കുന്നതുമൊക്കെ പരമ്പരാഗത ആഘോഷ ചടങ്ങുകളാണ്. സമത്വ നീതി ഉറപ്പാക്കുന്ന ഉത്പാദനത്തിൻ്റേയും വിതരണത്തിൻ്റേയും ആദരണീയ സംസ്കാരം വളർത്തിയെടുക്കാൻ അനുഷ്ഠാനങ്ങൾ സഹായിക്കട്ടെ. കച്ചവട മൂല്യങ്ങൾ പ്രേമാർദ്രതയുടെ നിർവൃതിയെ അതിരറ്റു സ്വാധീനിക്കാതിരിക്കട്ടെ. കാർഷിക വൃത്തിയെ എളുപ്പമാക്കിയ യന്ത്രസംവിധാനങ്ങളുടെ ആഗമനത്തെ സ്വാഗതം ചെയ്യാം. എന്നാൽ അവയുടെ യാന്ത്രികത സ്നേഹോഷ്മള ബന്ധങ്ങളെ തകർക്കാതിരിക്കാൻ കരുതൽ പുലർത്തണം.
ഏവർക്കും വിഷുദിന ആശംസകൾ
പ്രേമാദരവോടെ
സ്വാമി അദ്ധ്യാത്മാനന്ദ
14th Apri '23
[ പതിനഞ്ചാം അദ്ധ്യായം ചർച്ച അടുത്ത വെള്ളിയാഴ്ച തുടരാം ]
No comments:
Post a Comment