Thursday, April 20, 2023

ഞാന്‍ ആത്മാവാകുന്നു, ആത്മാവാകുന്നു എന്ന് നിരന്തരം മനസ്സിനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് ജ്ഞാനമാര്‍ഗ്ഗം. എല്ലാവിധ ഭേദചിന്തകളും സ്വന്തബന്ധങ്ങളും നിലനില്‍ക്കുന്നത് മനസ്സിലാണ്. ഞാന്‍ ആത്മാവാകുന്നു എന്ന ബോധത്തില്‍ ഉറച്ചാല്‍ മനസ്സിന്റെ പിടിയില്‍നിന്ന് മോചിതരാവാന്‍ കഴിയും. ”സമ്യഗാസ്ഥാപനം ബുദ്ധേ ശുദ്ധേ ബ്രഹ്മണി സര്‍വദാ തത്‌സമാധാനമിത്യുക്തം, നതു ചിത്തസ്യ ലാലനം” എന്ന് ആചാര്യസ്വാമികള്‍ വിവേകചൂഡാമണിയില്‍ പറയുന്നു. ആചാര്യസ്വാമികളുടെ അഭിപ്രായത്തില്‍ ”സ്വസ്വരൂപാനുസന്ധാനം” തന്നെയാണ് ഭക്തിയും. കര്‍മമാര്‍ഗത്തില്‍ ഏതെങ്കിലും സല്‍കര്‍മത്തിലുള്ള ഏകാഗ്രതയിലൂടെ മനസ്സിന്റെ വൃത്തികള്‍ നിയന്ത്രിക്കപ്പെടുന്നു. മനോനാശം അവിദ്യാനാശമായി മാറുന്നു. ഇത്രയും പറഞ്ഞതില്‍നിന്ന് ദേഹാഭിമാനം ഇല്ലാതായാല്‍ മനുഷ്യന്‍ എന്ന ഭേദചിന്തയും അതോടനുബന്ധിച്ചുള്ള എല്ലാവിധ അഹന്താമമതകളും ഇല്ലാതാവുമെന്നും പൂര്‍ണമായ സ്വതന്ത്രതയാണ് അദ്വൈതമെന്നും വ്യക്തമായിക്കാണുമല്ലോ. ഇനി വിഷയത്തിലേക്ക് കടക്കാം. ആചാര്യസ്വാമികളുടെ അദ്വൈത സങ്കല്‍പത്തില്‍ ഭൗതികമായ സമത്വം ഉള്‍പ്പെടുന്നില്ലെന്ന് തോന്നുന്നു. സുഷുപ്തിയില്‍ ജീവാത്മാവും പരമാത്മാവും ഏകതയിലാണെന്നു മാത്രമേ അദ്ദേഹം പറയുന്നുള്ളൂ. ഇതിനു കാരണം ശരീരത്തിന്റെയും ഭൗതികലോകത്തിന്റെയുമൊക്കെ അസ്തിത്വം അദ്ദേഹം നിഷേധിച്ചിരുന്നു എന്നുള്ളതാണ്. ഞാന്‍ ശരീരമല്ല ബ്രഹ്മമാണ് എന്നുറപ്പുള്ള ഒരാള്‍ക്ക് ശരീരത്തിന്റെ തലത്തിലുള്ള ഭേദചിന്തകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അതുകൊണ്ടത് പ്രത്യേകം പറയുന്നില്ല എന്നേ ഉള്ളൂ. യഥാര്‍ത്ഥത്തില്‍ ദേഹസംബന്ധമായ ഭേദചിന്തകള്‍ ഇല്ലാതാക്കാനുള്ള പരോക്ഷമായ മാര്‍ഗമാണ് അഹം ബ്രഹ്മാസ്മി എന്ന തത്ത്വം. ആത്മതത്ത്വത്തിന്റെ പ്രായോഗികത എന്നുപറയുന്നത് ഭൗതികമായ സമത്വമാണ്. അതാണതിന്റെ മഹത്വം. ഈയൊരു സത്യം ചൂണ്ടിക്കാണിച്ചതുകൊണ്ടാണ് ചണ്ഡാലന്‍ ഗുരുവായി മാറിയത്. പക്ഷേ പിന്നീടെഴുതിയ മനീഷാ പഞ്ചകത്തിലും പ്രത്യഗാത്മാവില്‍ ഭേദചിന്തയ്ക്ക് സ്ഥാനമില്ല എന്നുമാത്രമേ പറയുന്നുള്ളൂ. ഭൗതികമായ സ്വര്‍ണക്കുടവും മണ്‍കുടവും തമ്മിലുള്ള അന്തരമാണുള്ളത്. ആത്മബോധം ഉറച്ചാല്‍ മനുഷ്യന്‍ എന്ന അഭിമാനം തന്നെ ഇല്ലാതാവുമെന്നും അതോടൊപ്പം ബ്രാഹ്മണനും അബ്രാഹ്മണനും ജ്ഞാനിയും അജ്ഞാനിയുമെല്ലാം ഇല്ലാതാവുമെന്നും മനുഷ്യന്‍ എല്ലാ ജീവികളുടെയും തലത്തിലേക്ക് ഉയരുമെന്നുമുള്ളതാണ് സത്യം. പക്ഷേ ഇത് ഗ്രന്ഥങ്ങളിലെവിടെയും പറഞ്ഞുകാണില്ല. പകരം ആത്മജ്ഞാനവും മോക്ഷവുമൊക്കെ മനുഷ്യജന്മത്തില്‍ മാത്രം സാധ്യമായ കാര്യമായതുകൊണ്ട് മനുഷ്യനായി ജനിക്കുന്നതും പുരുഷനായി ജനിക്കുന്നതും മഹാഭാഗ്യമാണെന്നാണ് പറഞ്ഞുകാണുന്നത്. ഈയൊരൊറ്റ കാരണം കൊണ്ടുതന്നെ പഠിച്ച ശാസ്ത്രമെല്ലാം വിഫലമാവുകയും മനുഷ്യന്‍ പഴയ മനുഷ്യനായി തുടരുകയും ചെയ്യും. സിദ്ധാര്‍ത്ഥ രാജകുമാരന്‍ പ്രബുദ്ധനായതിനെക്കുറിച്ച് ഓഷോ പറയുന്നുണ്ട്. ”ആറുകൊല്ലക്കാലം കഠിനമായി പരിശ്രമിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല. നിങ്ങള്‍ പൂര്‍ണമായി പരാജയപ്പെടുന്നിടത്തുവച്ചാണ് ബോധോദയം സംഭവിക്കുന്നത്. കാരണം നിങ്ങള്‍ വിജയിക്കുകയാണെങ്കില്‍ അഹവും അവശേഷിക്കും. എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോള്‍ ഒരു സന്ധ്യയില്‍ മനുഷ്യപ്രയത്‌നത്തിന്റെ നിഷ്ഫലത അദ്ദേഹം കണ്ടു. പ്രയ്തനങ്ങളെല്ലാം തന്നെ അഹത്തില്‍നിന്നുത്ഭൂതമാണെന്നദ്ദേഹം കണ്ടു. അദ്ദേഹത്തിലെ അഹം അപ്രത്യക്ഷമായി. ആറുകൊല്ലത്തിലാദ്യമായി അദ്ദേഹം വെറുതെ ഒരിടത്തിരുന്നു. ഒന്നും നേടിയെടുക്കാനല്ലാതെ, ധ്യാനിക്കുകപോലും ചെയ്യാതെ ശുദ്ധശൂന്യനായി അദ്ദേഹമിരുന്നു. പ്രഭാതമായപ്പോഴേക്കും അദ്ദേഹം പുതിയൊരു മനുഷ്യനായി.” അഥവാ മനുഷ്യനല്ലാതായി ‘ബുദ്ധനായി.’ സമത്വത്തിന്റെ തലമാണ് അനുഭൂതിയുടെ തലം. അവിടേക്ക് എത്തുമ്പോള്‍ മാത്രമേ നാം പ്രകൃതിയിലേക്ക് സമര്‍പ്പിതരായിത്തീരുന്നുള്ളൂ. പ്രകൃതിയുടെ സംരക്ഷണത്തിലായിത്തീരുന്നുള്ളൂ. അറിവില്‍ രമിക്കുന്നിടത്തോളം കാലം നമ്മള്‍ അഹംഭാവത്തിന്റെ പിടിയില്‍ത്തന്നെയായിരിക്കും. അതുകൊണ്ടാണ് രോഗം മാറിയാല്‍ ഉപേക്ഷിക്കപ്പെടേണ്ട മരുന്നാണ് ജ്ഞാനം എന്നു പറയുന്നത്. അറിവും അറിയുന്നവനും ഇല്ലാതാവുന്നതാണ് യഥാര്‍ത്ഥ ലക്ഷ്യപ്രാപ്തി. എന്നുവച്ചാല്‍ മനുഷ്യന്‍ പൂര്‍ണസ്വതന്ത്രനാവുമ്പോള്‍-മനുഷ്യനല്ലാതാവുമ്പോള്‍-വാക്കുകള്‍ അവിടെ അപ്രസക്തമാവും. അറിവും അപ്രസക്തമാവും. വസ്ത്രംപോലും അനാവശ്യമാകും. വസ്ത്രം ധരിച്ചാലും ഇല്ലെങ്കിലും സഹജമായ നഗ്നതയിലും നിഷ്‌കളങ്കതയിലുമാണുണ്ടാവുക. അത് വാക്കുകള്‍ക്കതീതമായ അവസ്ഥയായതുകൊണ്ട് മൗനമാണ് പിന്നത്തെ ഭാഷ. മനുഷ്യന്‍ പ്രകൃതിയുമായി സമ്പൂര്‍ണ ലയം പ്രാപിക്കുന്നതാണ് അദ്വൈതാവസ്ഥ. ബ്രാഹ്മണ്യവും മോക്ഷവും എല്ലാം അതുതന്നെ. നമുക്ക് ചുറ്റുമുള്ള പ്രകൃതിയെ മാനിക്കാത്ത, പ്രകൃതിയില്‍ മനുഷ്യന്റെ സ്ഥാനമെന്തെന്ന് നിര്‍വചിക്കാത്ത, നമുക്ക് സമമായി എല്ലാ ജീവികളെയും കാണാത്ത ഒരാത്മീയത ഒരിക്കലും സമഗ്രമാണെന്ന് പറയാനാവില്ല. ബ്രാഹ്മണനുവേണ്ടി ബ്രാഹ്മണനുണ്ടാക്കിയ ബ്രാഹ്മണന്റെ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന വ്യാജ ആത്മീയതയാണ് ഇന്ന് നിലവിലുള്ളത്. അഹം ഊതിവീര്‍പ്പിക്കുന്ന ഇത്തരം ഒരാത്മീയതയിലൂടെ യഥാര്‍ത്ഥ ബ്രാഹ്മണ്യം നേടാനാവില്ല. മതാതീതവും മനുഷ്യാതീതവുമായ ഒരാത്മീയതയാണാവശ്യം. അതാണ് വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്നതും. മനുഷ്യന്‍ എന്ന അഭിമാനമാണ് പല ശാഖോപശാഖകളോടുകൂടിയ അഹങ്കാരവൃക്ഷത്തിന്റെ തായ്‌വേര്. അത് മുറിച്ചു മാറ്റിയാല്‍ അതോടെ എല്ലാ അഹങ്കാരവും ശമിക്കും. മുറിച്ചുമാറ്റിയില്ലെങ്കിലും എന്നെങ്കിലുമൊരിക്കല്‍ ഇതെല്ലാം ഉപേക്ഷിക്കപ്പെടും. അത് പ്രകൃതിനിശ്ചയമാണ്. പക്ഷേ അത് നാം നേരത്തെ ചെയ്താല്‍, പ്രകൃതിയുടെ കനിവില്‍ ഒരുപക്ഷേ ഒരു ദിവസമെങ്കിലും കൂടുതല്‍ ജീവിക്കാന്‍ കഴിഞ്ഞേക്കും. ഒരാള്‍ എത്രകാലം ആരോഗ്യവാനായി ജീവിക്കുന്നുവെന്നതാണ് അയാള്‍ അനുഭവിച്ച ആത്മാനന്ദത്തിന്റെ അളവുകോല്‍.

No comments:

Post a Comment