Tuesday, October 17, 2023

ചങ്ങലംപരണ്ടയുടെ ഔഷധ ഗുണങ്ങൾ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന ഔഷധ ഗുണങ്ങള്‍ ഏറെയുളള ഒന്നാണ് ചങ്ങലംപരണ്ട. ചങ്ങലക്കണ്ണികള്‍ പോലെ തണ്ടുള്ള മരങ്ങളില്‍ പടര്‍ന്നു കയറുന്നതിനാലാണ് ഈ സസ്യത്തിന് ചങ്ങലംപരണ്ട എന്ന പേര് വന്നത്. കരിം പച്ച നിറത്തില്‍ ഹൃദയാകൃതിയില്‍ ഇടവിട്ട് ഓരോ ഇലകള്‍ കാണപ്പെടുന്നു. ഇതിന്റെ പൂക്കള്‍ വളരെ ചെറുതാണ്. കാല്‍സ്യത്താല്‍ സമ്പന്നമാണ് തണ്ടുകള്‍. ഒടിഞ്ഞ അസ്ഥികളെ യോജിപ്പിക്കാനുള്ള ഔഷധ ശക്തിയുള്ളതിനാല്‍ ഇതിനെ സംസ്‌കൃതത്തില്‍ അസ്ഥിസംഹാരി എന്നു പറയുന്നു. കര്‍ക്കിടക കഞ്ഞിയിലെ ഒരു പ്രധാന ചേരുവയാണിത്. കഫവാത സംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം നല്‍കാന്‍ ചങ്ങലംപരണ്ട ഉത്തമമാണ്. ചങ്ങലംപരണ്ടയുടെ വള്ളിയും ഇലയും ഇടിച്ചു പിഴിഞ്ഞ നീര് സമം തേനും ചേര്‍ത്ത് സേവിക്കുന്നത് ആര്‍ത്തവം ക്രമീകരിക്കാന്‍ ഉത്തമമാണ്. കൂടാതെ ആര്‍ത്തവ സമയത്തെ വയറു വേദനയ്‌ക്ക് ഇതിന്റെ തണ്ട് ഉണക്കി പൊടിച്ച് വാളന്‍പുളിയും ഉപ്പും ചേര്‍ത്ത് കഴിക്കാറുണ്ട്. ചങ്ങലംപരണ്ടയുടെ തണ്ട് വാട്ടിപിഴിഞ്ഞ് നീര് ചെറു ചൂടോടെ ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദന, ചെവിയിലെ പഴുപ്പ്, നീര് എന്നിവയ്‌ക്ക് ആശ്വാസം ലഭിക്കും. ഒടിവും ചതവും ഉള്ള ഭാഗത്ത് ഇതിന്റെ തണ്ട് പതിവായി വച്ച് കെട്ടുന്നത് നല്ലതാണ്. ഇതിന്റെ കുരുന്നു തണ്ടും ഇലയും തണലില്‍ ഉണക്കി പൊടിച്ചെടുത്ത് പതിവായി കഴിക്കുന്നത് വിശപ്പില്ലായ്മ, ദഹനക്കുറവ് എന്നിവ ശമിപ്പിക്കുന്നു. ചങ്ങലംപരണ്ട ചമ്മന്തി ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതു തയ്യാറാക്കുന്നതിനായി ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉഴുന്ന്, കായം, കടുക്, വറ്റല്‍ മുളക് എന്നിവ മൂപ്പിക്കുക അതിലേക്ക് തൊലി ചെത്തി കളഞ്ഞ് ചെറിയ കഷണങ്ങള്‍ ആക്കിയ ചങ്ങലം പരണ്ട കൂടി ചേര്‍ത്ത് വഴറ്റുക. നന്നായി വഴറ്റി കഴിഞ്ഞ് പുളിയും ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക. കൂടെ ഇഞ്ചിയും കറിവേപ്പിലയും കൂടി ചതച്ച് ചേര്‍ക്കുക. ചങ്ങലംപരണ്ട ചമ്മന്തി തയ്യാര്‍. കാല്‍സ്യത്തിന്റെ കലവറയായ ചങ്ങലംപരണ്ട ആഴ്ചയിലൊരിക്കലെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു സഹായകമാണ്.

No comments:

Post a Comment