BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Sunday, November 26, 2023
ഭാമതി വിശ്വ വിശ്രുത പണ്ഡിതനായ വാചസ്പതീമിശ്രന്റെയും ധര്‍മ്മപത്‌നി ഭാമതിയുടെയും കഥ
മദ്ധ്യാഹ്നം യാത്രപറഞ്ഞ് ഇറങ്ങി നടന്നു. അപ്പോള്‍, സായാഹ്നമതാ, അടിവെച്ചടിവെച്ച് വരുന്നു. തന്റെ ആശ്രമത്തിലെ പൂമുഖത്തിന്റെ അറ്റത്ത് ഒറ്റയ്ക്കിരിയ്ക്കുകയാണ് ഭാമതി- വിശ്വവിശ്രുതനായ 'വാചസ്പതീമിശ്ര' ന്റെ ധര്‍മ്മപത്‌നി. കുറച്ച് അങ്ങേപ്പുറത്തുള്ള പാഠശാലയില്‍നിന്ന്, വിദ്യാര്‍ത്ഥികള്‍ ശാസ്ത്രഗ്രന്ഥങ്ങള്‍ നിവര്‍ത്തി വെച്ച് ശ്രദ്ധയോടെ വായിച്ച് പഠിയ്ക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്.
ചുമരില്‍ ചാരി ഉമ്മറത്തെ തിണ്ണയില്‍ ഇരുന്ന് ഭാമതി ആലോചിച്ചു - ഈ മിഥുലാപുരിയുടെ, അതീവ സമ്പന്നമായ ഭൂതകാലത്തെപ്പറ്റി, സാമ്രാജ്യച്ചെങ്കോലുകൊണ്ട് തുഴഞ്ഞുകൊണ്ടുതന്നെ ഈ സംസാരസമുദ്രത്തെ കടന്ന, മഹാനായ 'ജനകരാജാവ്' ഭരിച്ച നാടാണിത്. അന്നിവിടെ സാക്ഷാല്‍ മഹാലക്ഷ്മി വിളയാടുകതന്നെയായിരുന്നു. കുലഗുരുവായ യാജ്ഞവല്‍ക്യ മഹര്‍ഷിയുടെ ശിഷ്യന്മാര്‍ അതീവ ശ്രദ്ധയോടെ, നിഷ്‌ക്കര്‍ഷയോടെ ഗ്രന്ഥമെഴുതുന്ന മഹാപാഠശാലകളുണ്ടായിരുന്നു. എല്ലാറ്റിലുമപരി, ശ്രീരാമചന്ദ്രപ്രഭുവിന്റെ ധര്‍മ്മപത്‌നി, സീതാദേവി ഓടിക്കളിച്ച ഭൂമിയാണിത്. എന്തെല്ലാം, എന്തെല്ലാം അനുഭവങ്ങള്‍.... ഭാമതി ഒന്ന് നിവര്‍ന്നിരുന്നു. പിന്നെയും ആലോചിച്ചു- കാലത്തിന്ന് ചലിയ്ക്കാതെ വയ്യല്ലോ. വ്യത്യസ്തങ്ങളായ അനുഭവങ്ങളെ സൃഷ്ടിച്ചുകൊണ്ട് കാലം നില്‍ക്കാതെ വേഗം വേഗം നീങ്ങുക തന്നെ യെച്തുകൊണ്ടിരിയ്ക്കും. അപ്പോള്‍ പാഠശാലയില്‍നിന്ന് ഒരു വിദ്യാര്‍ത്ഥി ഭംഗിയായി ശ്ലോകം ചൊല്ലുന്ന ശബ്ദം കേട്ടു. ഭാമതി ചെവിയോര്‍ത്ത് ശ്രദ്ധിച്ചു. മനസ്സിലായി - ഇത് 'ഭാമതി'യിലെ ശ്ലോകങ്ങളാണല്ലോ. അവള്‍ക്ക് ഉത്സാഹം തോന്നി. ആ വിദ്യാര്‍ത്ഥി അത് ഭംഗിയായിട്ട് അവതരിപ്പിയ്ക്കുന്നുണ്ട്. അപ്പോള്‍, പതുക്കെപ്പതുക്കെ അവളുടെ ചിന്തകള്‍ ഭൂതകാലത്തിലേയ്ക്കു തിരിഞ്ഞു...
എല്ലാവരോടും ഒത്തുള്ള ജീവിതം. ഇളയ മകളായതിനാല്‍ എല്ലാവര്‍ക്കും തന്നോട് വാത്സല്യമുണ്ടായിരുന്നു. തന്റെ കറുത്തു ചുരുണ്ട തലമുടി വൃത്തിയായി കെട്ടിവെച്ച് അതില്‍ സുഗന്ധ പുഷ്പങ്ങള്‍ ചൂടിയ്ക്കല്‍ തന്റെതന്നെ സ്വന്തം ചുമതലയായിട്ടാണ്. വലുതായപ്പോള്‍ തന്നെ വായിയ്ക്കുവാന്‍ പഠിപ്പിച്ചതും, കാവ്യ നാടകങ്ങള്‍ പഠിപ്പിച്ചതും അച്ഛനായിരുന്നുവല്ലോ. തുടര്‍ന്ന് ശാസ്തം പഠിപ്പിച്ചു തുടങ്ങിയപ്പോള്‍ ഒരു ദിവസം അച്ഛന്‍ അമ്മയോടു പറയുന്നത് കേട്ടു - ''ശാസ്ത്രപഠനം തുടങ്ങിയപ്പോള്‍ ഭാമയ്ക്ക് കൂടുതല്‍ ഉത്സാഹം വന്നു തുടങ്ങി. വേഗം അര്‍ത്ഥം ഗ്രഹിക്കുന്നുണ്ട്''. അവള്‍ ഓര്‍ത്തു. അന്നത്തെ ആ ജീവിതം എത്ര മാത്രം ആനന്ദപ്രദമായിരുന്നു! അമ്മയാണ് കുടുംബിനി. അച്ഛന് അമ്മയെ പിരിഞ്ഞിരിയ്ക്കാനേ വയ്യ. അവരെ എപ്പോഴും ഒന്നായിട്ടേ കണ്ടിട്ടുള്ളൂ. ആവശ്യങ്ങളും, ചിന്തകളും, ആഗ്രഹങ്ങളും... എല്ലാം ഒരുപോലെ.
ആരോ വരുന്ന കാലടി ശബ്ദം കേട്ട് പിന്‍തിരിഞ്ഞ് നോക്കി- വിദ്യാധരന്‍. പാഠശാലയിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥി. ഭാമതി എഴുന്നേറ്റ് വിദ്യാധരന്റെ അടുത്തേയ്ക്ക് നീങ്ങി, ചോദിച്ചു
''എന്താണ് വിദ്യാ...?''
''ഞങ്ങളുടെ വീട്ടിലെ മുറ്റത്തുണ്ടായ മാവിന്റെ മാങ്ങയാണ്. ആദ്യമായിട്ടുണ്ടായതാണ്. ഉത്സാഹത്തോടെ വിദ്യാധരന്‍ അതവിടെ വച്ചു. ഭാമതി അത് സന്തോഷത്തോടെ സ്വീകരിച്ചിട്ട് ആ ശിഷ്യനെ അനുഗ്രഹിച്ചു. സുഖവിവരങ്ങളനേ്വഷിച്ചു. അപ്പോള്‍ വിദ്യാധരന്‍ വിനയപൂര്‍വ്വം തന്നെ പറഞ്ഞു -
''ഞങ്ങള്‍ നാളെ പഠിക്കുവാന്‍ തുടങ്ങുന്നത് ശ്രീശങ്കരാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യത്തിന് ഭഗവാന്‍ വാചസ്പതീമിശ്രന്‍ എഴുതിയ 'ഭാമതി' ടീകയാണ്. ''
അതു കഴിഞ്ഞ് വിദ്യാധരന്‍ ആദരവോടെ ഭാമതിയുടെ പാദങ്ങള്‍ തൊട്ടു നമസ്‌ക്കരിച്ചു. ഭാമതി ആ വിദ്യാര്‍ത്ഥിയെ വാത്സല്യത്തോടെ എഴുന്നേല്‍പ്പിച്ച് മൂര്‍ദ്ധാവില്‍ അനുഗ്രഹിച്ച് നന്മ നേര്‍ന്നു.
''ഗാന്ധാരദേശങ്ങളില്‍ ഈ ഗ്രന്ഥം പഠിപ്പിയ്ക്കുവാന്‍ തുടങ്ങുംമുമ്പ് അമ്മയേയും ആദരവോടെ സ്മരിയ്ക്കാറുണ്ടെന്ന് ഗുരുനാഥന്‍ പറഞ്ഞു.''
വിദ്യാധരന്‍ പോയിട്ടും ഭാമതി അവിടെത്തന്നെ ഇരുന്നു. മനസ്സ് ഭൂതകാലത്തിലേയ്ക്ക് തിരിച്ച് പോവുകയാണ്. അന്ന് തന്റെ പന്ത്രണ്ടാമത്തെ ജന്മദിനമായിരുന്നു. എല്ലാവര്‍ക്കും ഉത്സാഹം. അതിന്നിടയില്‍ അച്ഛന്‍ അകത്തേയ്ക്കുവന്ന് അമ്മയെ വിളിച്ചു പുറത്തേയ്ക്ക് കൊണ്ടുപോയി. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ തിരിച്ചു വന്നിട്ട് ചിറ്റമ്മയോട് എന്തോ ചിലത് സ്വകാര്യമായിട്ട് പറയുന്നതിന്റെ ചില ഭാഗങ്ങള്‍ കേട്ടു- ''അദ്ദേഹത്തിന് ഭാമതിയെ വിവാഹം ചെയ്യാമെന്നുണ്ടത്രെ..'' അതോടെ തന്റെ ഉത്സാഹമെല്ലാം പോയി. കൂട്ടുകാരില്‍നിന്ന് വിട്ടിട്ട് താന്‍ ഒറ്റയ്ക്കിരുന്ന് കുറേ ഓരോന്നാലോചിച്ചു - ''അമ്മയോടു പറയണം. എനിയ്ക്കിപ്പോള്‍ വിവാഹമെന്നും വേണ്ട. ഇവിടുന്നു പോവാന്‍ വയ്യ.'' ആരുമില്ലാത്ത അവസരത്തില്‍ അമ്മയെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ അത് പറയുകയും ചെയ്തു. അമ്മ അന്ന് തന്നെ മുറുകെ കെട്ടിപ്പിടിച്ച് മുഖത്തേയ്ക്ക് നോക്കി നിന്നു. പിന്നെ പലതും പറഞ്ഞു തന്നു. സ്ത്രീധര്‍മ്മത്തെപ്പറ്റി, ഗാര്‍ഹസ്ഥ്യത്തെപ്പറ്റി. ധര്‍മ്മാചരണത്തെപ്പറ്റി. അച്ഛന്‍ പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ സ്വധര്‍മ്മം പാലിയ്ക്കണം എന്ന്.
എന്നാലും ഈ അന്തരീക്ഷത്തില്‍ നിന്ന് പോവാന്‍ വയ്യ. ഓര്‍ക്കാന്‍തന്നെ വയ്യ.
എന്നിട്ടും അതൊക്കെ നടന്നു. താന്‍ ഇവിടുത്തെ 'വധു' വായി വന്നു. സ്വന്തം അമ്മയെപ്പോലെ തന്നെയായിരുന്നു ഇവിടുത്തെ അമ്മയും. അതീവസ്‌നേഹശീലയും, മാന്യയും. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ കളിക്കൂട്ടുകാരിയെപ്പോലെയായി ഇവിടുത്തെ അമ്മ. എപ്പോഴും തന്നെ ഉത്സാഹിപ്പിയ്ക്കുവാന്‍ ശ്രമിച്ച് കൂടെനില്ക്കും. പിന്നേയും ദിവസങ്ങള്‍ കഴിഞ്ഞൂ....
ഭര്‍ത്താവ് കാര്യമായ എന്തോ വിശുദ്ധ കര്‍മ്മത്തിലാണെന്ന് മനസ്സിലാവായ്കയല്ല. ചോദിച്ചില്ല. സന്ധ്യ കഴിയുമ്പോള്‍ എന്നും താന്‍ ശരീരശുദ്ധിവരുത്തിയിട്ട്, പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞു നില്‍ക്കും. പക്ഷെ, കിടപ്പറയിലേയ്ക്ക് ഭര്‍ത്താവ് വന്നെത്തുകയുണ്ടായില്ല. ഒരു ദിവസം ധൈര്യമെടുത്ത് അദ്ദേഹത്തിന്റെ പഠനമുറിയില്‍ പോയി നോക്കി. വളരെ ശ്രദ്ധയോടെ അദ്ദേഹം എന്തോ രചിക്കുകയാണ് - നിലവിളക്കിനു മുമ്പിലിരുന്നിട്ട് - പരിസരബോധംപോലും വിട്ടപോലെയുള്ള അവസ്ഥ. ആ ഏകാന്തതയ്ക്ക് താന്‍ ഭംഗം വരുത്തിയിട്ടില്ല ഒരിയ്ക്കലും. ഒരു ദിവസം ഭര്‍ത്താവിന്റെ അമ്മ അദ്ദേഹത്തിനോട് ചോദിയ്ക്കുന്നത് കേട്ടു ''ഇത് ധര്‍മ്മമാണോ? ഭാമതിയുടെ അവസ്ഥ ആലോചിക്കാത്തതെന്താ? ഒരമ്മയാവാന്‍ ഭാമതിയ്ക്കും ആഗ്രഹമുണ്ടാവില്ലേ?.....
അപ്പോള്‍ അദ്ദേഹം സാവധാനത്തില്‍ ആ ഗ്രന്ഥത്തില്‍ നിന്ന് മുഖമുയര്‍ത്തി ശാന്തസ്വരത്തില്‍ത്തന്നെ പറഞ്ഞു.
''അമ്മേ! അമ്മ പറഞ്ഞത് വളരെ ശരിയാണ്. എന്നാല്‍ ഒരു കാര്യം ഞാന്‍ വിനയപൂര്‍വ്വം അറിയിക്കുന്നു. ഗ്രന്ഥരചന വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ഇത് കഴിഞ്ഞാല്‍, ഒന്നല്ല, അനേകം മക്കള്‍ ''അമ്മേ'' ''അമ്മേ'' എന്ന് വിളിച്ച് പറഞ്ഞ്, പരിചരിച്ചുകൊണ്ട് ഭാമതിയുടെ കൂടെയുണ്ടാവും. ഗര്‍ഭഭരണക്ലേശം കൂടാതെതന്നെ നമ്മുടെ ഭാമതി അനേകം പേരുടെ പ്രിയപ്പെട്ട അമ്മയാവും. അത് മനസ്സിലാക്കുവാന്‍ ഭാമതിയ്ക്ക് കഴിയും എന്നെനിയ്ക്കറിയാം.''
ഏതോ അശരീരിപോലെയാണ് ഭാമതി ആ വാക്കുകളെ സ്വീകരിച്ചത്. അവള്‍ പൂര്‍വ്വാധികം ശ്രദ്ധയോടെ ഭര്‍ത്താവിനെ സ്‌നേഹിക്കുവാനും പരിചരിക്കുവാനും തുടങ്ങി. ആ നിശ്ചിത ദിവസം തന്നെ 'വാചസ്പതീമിശ്രന്‍' തന്റെ കര്‍ത്തവ്യം നിര്‍വ്വഹിച്ചു- ഗ്രന്ഥരചന പൂര്‍ണ്ണമാക്കി,
എല്ലാം പൂര്‍ത്തിയായ ആ ദിവസം അദ്ദേഹം പ്രിയപത്‌നിയേയും മാതാവിനേയും വിളിച്ചു. ആവണപ്പലകവെച്ച് അതിന്മേലിരുത്തി. ആദ്യം അമ്മയെ അഭിവാദ്യം ചെയ്ത് നമസ്‌ക്കരിച്ചു. അതിന്നുശേഷം താന്‍ രചിച്ച ഈ ഗ്രന്ഥം പ്രിയപത്‌നിയുടെ കയ്യില്‍ വെച്ചു. ഭാമതി തല താഴ്ത്തി ഗ്രന്ഥത്തിലേയ്ക്ക് നോക്കി - ഗ്രന്ഥത്തിന് പേരിട്ടിരിയ്ക്കുന്നത് ''ഭാമതി''
കടപ്പാട്
No comments:
Post a Comment