BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Monday, December 25, 2023
ഇന്ന് ധനുമാസ തിരുവാതിര
ഇന്ന് ചൊവ്വാഴ്ച്ച (26.12.23 )രാത്രി 10.22 ന് തിരുവാതിര തുടങ്ങും
വ്രത നിയമം:
"മാസമാദ്യമല്ലെങ്കിലവസാന-
മായാലുമവസാന നക്ഷത്രമെടുക്കണം നിയമേനയെന്നുത്തര
രണ്ടർദ്ധരാത്രി നക്ഷത്രം
വന്നാലുമില്ലെങ്കിലും;
രണ്ടല്ല, യൊറ്റയർദ്ധരാത്രി
തിരുവാതിര വന്നാലും;
രണ്ടാംദിനമാർദ്രാവ്രതദർശനം;
മുൻരാത്രി ഉറക്കമൊഴിയലും
ഉണ്ടെങ്കിലോ പിന്നെ നക്ഷത്രകാലമുറങ്ങാതെ ഭക്തി, ഭജനവും".
രജസ്വലയായ കന്യകയുടെ ആദ്യത്തെ ധനുമാസ തിരുവാതിര വ്രതവും (ഇതിന് ‘പൂത്തിരുവാതിര’ എന്ന് പേര്), വിവാഹിതയായ യുവതിയുടെ ആദ്യത്തെ ധനുമാസ തിരുവാതിര വ്രതവും (ഇതിന് ‘പുത്തന്‍തിരുവാതിര’ എന്ന് പേര്) ഒരുകാലത്ത് കേരളത്തിലെ ആചാരം തന്നെയായിരുന്നു.
വൃശ്ചികത്തിലെ തിരുവാതിര മുതല്‍ ധനുമാസത്തിലെ തിരുവാതിര വരെയുള്ള 28 ദിവസത്തെ ഉത്സവമാണ് ‘ആതിര മഹോത്സവം’.
ഉത്തമ പുരുഷനെ ഭര്‍ത്താവായി ലഭിക്കാന്‍ ആഗ്രഹിക്കുന്നവരും ഭര്‍ത്താവിന്‍റെ ആയുരാരോഗ്യസൗഖ്യത്തിനായും ധനുമാസ തിരുവാതിരവ്രതം നോക്കാവുന്നതാണ്.
ഭര്‍ത്താവിന്‍റെ ആയുരാരോഗ്യ സൗഖ്യത്തിനായി സ്ത്രീകള്‍ ആചരിക്കുന്ന അത്യുത്തമ വ്രതങ്ങളില്‍ ഒന്നാണ് തിരുവാതിരവ്രതം. ഇതുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളുമുണ്ട്.
ദക്ഷയാഗത്തിലേക്ക് ദക്ഷൻ തന്റെ മകളായ സതിയേയും അവളുടെ ഭർത്താവും ലോകദേവനുമായ സാക്ഷാൽ പരമശിവനെയും ക്ഷണിച്ചില്ലെങ്കിലും സതീദേവി യാഗസ്‌ഥലത്തെത്തി. എന്നാൽ തന്റെ പിതാവിൽനിന്നും അപമാനിതയായ സതീദേവി ആ യാഗാഗ്നിയിൽ ചാടി ജീവൻവെടിയുന്നു. ഇതറിഞ്ഞ് കോപാകുലനായ പരമശിവൻ ദക്ഷനെ വധിച്ച്, യാഗവും മുടക്കി, ഘോരതപസ്സിൽ മുഴുകി. സതീദേവി, പാർവ്വതിയായി പുനർജനിച്ചു. താരകാസുരൻ ദേവലോകത്ത് അത്യധികമായ ഉപദ്രവം തുടങ്ങിയപ്പോൾ ശിവ-പാർവതീപുത്രനുമാത്രമേ താരകാസുരനെ വധിക്കാൻ സാധിക്കുകയുള്ളെന്ന് മനസ്സിലാക്കിയ ദേവകൾ കാമദേവന്റെ സഹായത്താൽ ശിവ-പാർവ്വതിമാരെ ഒന്നിപ്പിക്കുന്നു. പരമേശ്വരന്റെ ദേഷ്യത്താൽ കാമദേവനെ ദഹിപ്പിച്ചുകളഞ്ഞു. ഇതറിഞ്ഞ കാമദേവന്റെ പത്നി രതീദേവി വിലപിക്കുകയും പാർവ്വതീദേവിയോട് സങ്കടം പറയുകയും ചെയ്തു. അങ്ങനെ കാമദേവന് പുനർജീവൻ ലഭിക്കുകയും ശിവ-പാർവ്വതിമാർ ഒന്നിക്കുകയും ചെയ്തു.
മറ്റൊരു ഐതിഹ്യം:
പാര്‍വ്വതീദേവിയുടെ ദാസിയായ സുന്ദരിയെന്ന യുവതി, വേദികന്‍ എന്ന് പേരുള്ള യുവാവിനെ വിവാഹം ചെയ്തു. എന്നാല്‍ വിവാഹശേഷം ഭര്‍തൃഗൃഹത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് വേദികന്‍ മരണപ്പെട്ടു. ഭര്‍ത്താവുമൊന്നിച്ചുള്ള ജീവിതം സ്വപ്നംകണ്ട സുന്ദരിയെന്ന യുവതിയുടെ ഹൃദയംപൊട്ടിയുള്ള നിലവിളി പാര്‍വ്വതീദേവിയുടെ കാതുകളിലെത്തി.
പാര്‍വ്വതീദേവി, പരമേശ്വരനോട് വേദികനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരണമെന്ന് അപേക്ഷിച്ചു. എന്നാല്‍ പരമേശ്വരന് പാര്‍വ്വതീദേവിയുടെ അപേക്ഷ അപ്പോള്‍ത്തന്നെ മനസ്സിലാക്കാന്‍ സാധിച്ചില്ല. അങ്ങനെ പാര്‍വ്വതീദേവി, സുന്ദരിയുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് ഈറന്‍ വസ്ത്രത്തോടെ മറ്റൊരാളെയും സ്പര്‍ശിക്കാതെ വ്രതം ആരംഭിച്ചു. ഇത് മനസ്സിലാക്കിയ ശ്രീപരമേശ്വരന്‍ വേദികനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നുവെന്നും ആ ദിവസം ധനുമാസ തിരുവാതിര ആയിരുന്നുവെന്നും വിശ്വസിച്ചുവരുന്നു.
ധനുമാസ തിരുവാതിര, പരമേശ്വരന്‍റെ ജന്മനാളായും കരുതപ്പെടുന്നു.
കൃഷ്ണനെ ഭര്‍ത്താവായി ലഭിക്കാന്‍ ഗോപികമാര്‍ കാര്‍ത്ത്യായനീ പൂജ നടത്തിയതും, ശിവന്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ദഹിപ്പിച്ചശേഷം കാമദേവന്റെ ഭാര്യയായ രതീദേവിക്ക് ഭര്‍തൃസമാഗമത്തിന് അവസരമുണ്ടാകാന്‍ വരം നല്കിയതും തിരുവാതിര നാളിലായിരുന്നു എന്നും വിശ്വാസം. ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ പാര്‍വ്വതീദേവി കഠിനമായ തപസ്സ് അനുഷ്ഠിക്കുകയും ഒടുവില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് അതിന് സമ്മതിക്കുകയും ചെയ്തദിവസവും ധനുമാസത്തിലെ തിരുവാതിര തന്നെയാകുന്നു.
തിരുവാതിര വ്രതത്തിന്റെ മുന്നോടിയായുള്ള ഒരിക്കൽ ആരംഭിക്കുന്നത് മകയിരം നക്ഷത്രം വൈകിട്ട് വരുന്ന സമയം മുതലാണ്.
അശ്വതി മുതല്‍ പുണര്‍തം വരെയും കുടുംബാംഗങ്ങള്‍ക്ക് പ്രത്യേകമായുള്ള പ്രാര്‍ത്ഥനയാകുന്നു.
ഇതില്‍ തിരുവാതിര ദിവസമാണ് ഭര്‍ത്താവിന് അല്ലെങ്കില്‍ ഭര്‍ത്താവായി ലഭിക്കാന്‍ പോകുന്നയാള്‍ക്കുവേണ്ടിയുള്ളത്.
അശ്വതിയില്‍ അശ്വമുണരും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ഗൃഹനാഥന് നന്മ വരാനാണ്.
ഭരണിനാളില്‍ ഭര്‍ത്താവുണരും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ബന്ധുമിത്രാദികള്‍ക്ക് നന്മ വരാനാണ്.
കാര്‍ത്തികയില്‍ കാക്ക കരയും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് മാതാപിതാക്കള്‍ക്ക് നന്മ വരാനാണ്.
രോഹിണിയില്‍ രോമം കാണും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സകല കുഞ്ഞുങ്ങള്‍ക്കും നന്മ വരാനാണ്.
മകയിരത്തില്‍ മക്കള്‍ ഉണരും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സന്താനങ്ങള്‍ക്ക് നന്മ വരാനാണ്.
തിരുവാതിരയില്‍ പുലര്‍ച്ചെ 3 മണിക്ക് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ഭര്‍ത്താവിന് (അല്ലെങ്കില്‍ ഭര്‍ത്താവാകാന്‍ പോകുന്നയാള്‍ക്ക്) നന്മ വരാനാണ്.
പുണര്‍തത്തില്‍ പുലര്‍കാലത്തിനുമുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സഹോദരങ്ങള്‍ക്ക് നന്മ വരാനാണ്.
തിരുവാതിര വ്രതത്തിന്‍റെ മുഖ്യമായ ചടങ്ങുകള്‍ മറ്റ് വ്രതങ്ങളെപ്പോലെതന്നെ സ്നാനവും ധ്യാനവും തന്നെയാണ്.
ഉറക്കമൊഴിച്ചുള്ള വ്രതാനുഷ്ഠാനമാണ് ധനുമാസ തിരുവാതിരയുടെ പ്രധാനഭാഗം.
മകയിരം നക്ഷത്രത്തിൽ വൈകിട്ടാണ് എട്ടങ്ങാടി പുഴുക്കും, നിവേദ്യവും: ഇവ മകയിരം നക്ഷത്രം സന്ധ്യയ്ക്ക് ലഭിക്കുമ്പോഴാണ് ചെയ്യേണ്ടത്. എട്ടങ്ങാടി നിവേദ്യശേഷം തിരുവാതിര ക്കളിയുമുണ്ടായിരിക്കും. മകയിരം കഴിയുന്നതോടെ തിരുവാതിര വ്രതം ആരംഭിക്കും.
തിരുവാതിരയുടെ തലേന്നാള്‍ മകയിരത്തിലാണ് എട്ടങ്ങാടി നിവേദിക്കേണ്ടത്. മകയിരം നാള്‍ തീരുന്നതിന് മുന്‍പ് നിവേദ്യം പൂർത്തിയാക്കണം.
എട്ടങ്ങാടി (തിരുവാതിര പുഴുക്ക്):
ചാണകം മെഴുകിയ തറയില്‍ ഉമി കൂട്ടി തീ കാണിച്ച് കാച്ചില്‍, ചേമ്പ്, ചേന, കൂര്‍ക്ക, ചെറുകിഴങ്ങ്, നനകിഴങ്ങ്, ഏത്തക്കായ, മാറാമ്പ് ഇവ ചുട്ടെടുത്ത് അരിഞ്ഞെടുക്കണം. കൂടുതലായി ആവശ്യമുള്ളപ്പോള്‍ ബാക്കി വേവിച്ചെടുത്ത് ചുട്ടെടുത്തതും ചേര്‍ത്ത് ശര്‍ക്കര പാവു കാച്ചിയതിലേക്ക് ഇടണം. ഇതിനോടൊപ്പം നെയ്യ്-തേന്‍, പഴം, നീലക്കരിമ്പ്, ചോളമലര്‍, ഉണങ്ങിയ നാളികേരം അരിഞ്ഞെടുത്തതും, വന്‍പയര്‍- കടല ഇവ വറുത്തു പൊടിച്ച പൊടിയും കൂട്ടിച്ചേര്‍ത്തിളക്കി എടുക്കുന്നതാണ് എട്ടങ്ങാടി.
ചില സ്ഥലങ്ങളില്‍ മാറാമ്പ് പൊതിയാക്കിവെക്കും. ചിലയിടങ്ങളില്‍ മാറാമ്പ് വളരെക്കുറച്ച് അരിഞ്ഞ് ചേര്‍ക്കും (കാലദേശ ഭേദങ്ങള്‍ക്കനുസരിച്ച് വ്യത്യാസങ്ങള്‍ ഉണ്ട്)
തറമെഴുകി കത്തിച്ച വിളക്കിന് മുന്‍പില്‍ മൂന്ന് തൂശനിലകളിലായി എട്ടങ്ങാടി നിവേദിക്കുന്നു. (ശിവന്‍, ഗണപതി, പാര്‍വതി) എട്ടങ്ങാടിയോടൊപ്പം വെറ്റില, പാക്ക്, കരിക്ക്, ഉപ്പേരി (നേന്ത്രപ്പഴക്കായ കീറി വറുത്തത്) പ്രധാനമാണ്. സ്ത്രീകള്‍ ശിവമന്ത്രത്താല്‍ പ്ലാവില കുത്തി കരിക്കിന്‍ വെള്ളം തീര്‍ത്ഥമായെടുത്ത് പൂക്കള്‍ അര്‍പ്പിച്ചാണ് പൂജ ചെയ്യുന്നത്.
മകയിരം നാളില്‍ രാവിലെ തേച്ച് കുളിക്കണമെന്ന ആചാരമുണ്ട്. ഉച്ചക്ക് നാലുംകൂട്ടി സദ്യ കഴിക്കാം. രാത്രി എട്ടങ്ങാടി നേദിക്കും. ഇത് കഴിക്കാം. അതോടൊപ്പം കരിക്കും ഏത്തപ്പഴവും. തിരുവാതിര വ്രതത്തില്‍ അരിയാഹാരം കഴിക്കാറില്ല. എന്നാല്‍ ചാമയരി കൊണ്ടുള്ള ചോറാകാം. അല്ലെങ്കിൽ ഗോതപ്പ് ചോറുണ്ണാം. ഇവ 4 കറികൾ സഹിതം ഭക്ഷിക്കണമെന്നുമുണ്ട്.
തിരുവാതിര രാവിലെ കൂവ കുറുക്കിയത് ദേവനും ദേവിക്കും നേദിക്കും. ഇത് വ്രതക്കാര്‍ക്ക് കഴിക്കാം. ശാരീരിക ക്ഷീണമുള്ളവര്‍ക്ക് അത്യാവശ്യ ഭക്ഷണമാകാം. കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടുന്നവര്‍ക്കും ലളിതമായ ഭക്ഷണം നിര്‍ബ്ബന്ധമാകുന്നു. അരിയാഹാരം അല്ലാതെയുള്ള മറ്റ് ഭക്ഷണവുമാകാം.
വെള്ളിയാഴ്ച രാത്രി ദേവീ-ദേവന്മാര്‍ക്ക് വെറ്റില, അടക്ക, ഇളനീര്‍ എന്നിവ സമര്‍പ്പിച്ച് തിരുവാതിരക്കളി ആരംഭിക്കും. ഇതിനായി ഗുരു, ഗണപതി, സരസ്വതി, സ്വയംവര സംബന്ധങ്ങളായ ഗാനങ്ങളുള്ള തിരുവാതിരകളിയാണ് പ്രധാനം. അര്‍ദ്ധരാത്രിയോടെ തിരുവാതിരക്കളി അവസാനിക്കും. തിരുവാതിര നക്ഷത്രം ഏകദേശം പകുതിയാകുമ്പോള്‍ (അല്ലെങ്കില്‍ പാതിരാത്രി) പാതിരാപ്പൂവ് തേടല്‍ ആരംഭിക്കും. ദശപുഷ്പം ചൂടി, അഷ്ടമംഗല്യം, ചങ്ങലവട്ടം, ആര്‍പ്പും കുരവയുമായി പാട്ടുമൊക്കെയായിട്ടാണ് പാതിരാപ്പൂവ് തേടിപ്പോകുന്നത്. വരുമ്പോള്‍ സന്തോഷസൂചകമായി വഞ്ചിപ്പാട്ടാണ് പാടുന്നത്.
ദശപുഷ്പങ്ങളും ദേവതയും ഫലവും:
കറുക (ആദിത്യനാണ് ദേവത. വ്യാധികൾ ശമിക്കും)
വിഷ്ണുക്രാന്തി (ശ്രീകൃഷ്ണനാണ് ദേവത. മോക്ഷപ്രാപ്തി ലഭിക്കും)
തിരുതാളി (ലക്ഷ്മിയും ദുർഗ്ഗയുമാണ് ദേവത. ഐശ്വര്യം ലഭിക്കും)
പൂവാംകുരുന്നില (ബ്രഹ്‌മാവാണ് ദേവത. ദാരിദ്ര്യം ശമിക്കും)
കയ്യോന്നി (ശിവനാണ് ദേവത. പഞ്ചപാപങ്ങളും ശമിക്കും)
മുക്കുറ്റി (പാർവ്വതിയാണ് ദേവത. ഭർതൃസൗഖ്യം ലഭിക്കും)
നിലപ്പന (ഭൂമീദേവിയാണ് ദേവത. ജന്മസാഫല്യം ലഭിക്കും)
ഉഴിഞ്ഞ (ഇന്ദ്രനാണ് ദേവത. അഭീഷ്ടസിദ്ധി ലഭിക്കും)
ചെറൂള (യമനാണ് ദേവത. ദീർഘായുസ്സ് ലഭിക്കും)
മുയൽ ചെവിയൻ (കാമദേവനും ചന്ദ്രനുമാണ് ദേവത. സൗന്ദര്യം ലഭിക്കും)
തിരികെയത്തി എല്ലാവരും പാതിരാപ്പൂവ് ചൂടി, ഇളനീര്‍ കുടിച്ച്, വെറ്റിലമുറുക്കി പിന്നെ മംഗളം പാടി എല്ലാരും പിരിയും. വീടെത്തി, സ്നാനം ചെയ്ത് വീണ്ടും ക്ഷേത്രത്തില്‍ അതിപുലര്‍ച്ചെയുള്ള ‘ആര്‍ദ്രാദര്‍ശനത്തിന്’ എത്തണം. ധനുമാസ തിരുവാതിരയിലെ ഏറ്റവും മഹത്തായ പുണ്യദര്‍ശനമാണ് ‘ആര്‍ദ്രാദര്‍ശനം’. ആര്‍ദ്രാദര്‍ശനം കഴിഞ്ഞാൽ ധനുമാസത്തിരുവാതിര വ്രതം അവസാനിക്കും. പിന്നെ വീട്ടിലെത്തി, തിരുവാതിര നക്ഷത്രം അവസാനിക്കുന്നതുവരെയുള്ള രാത്രി ഉറങ്ങാതെ ശിവഭജനം നടത്തണം. പിന്നെ ഭക്ഷണം കഴിക്കാം; ഉറങ്ങാം. ശാരീരിക പ്രയാസമുള്ളവർക്ക് ആർദ്രാദർശനം കഴിഞ്ഞാൽ ഭക്ഷണം കഴിക്കാം. എന്നാൽ തിരുവാതിര നക്ഷത്രം കഴിയുംവരെ വ്രതമനുഷ്ഠിക്കുകയും ചെയ്യണം.
ഏവര്‍ക്കും ധനുമാസ തിരുവാതിര ആശംസകള്‍....🙏🙏🙏
No comments:
Post a Comment