BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Thursday, December 21, 2023
*വിഷ്ണുസാന്നിധ്യം തൊട്ടറിയും*
*വൈകുണ്ഠ ഏകാദശി*
*സ്വർഗ്ഗവാതിൽ ഏകാദശി*
*ഏകാദശികളിൽ പരമപവിത്രമായ സ്ഥാനമാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി*.(23-12-23)
ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി എന്നറിയപ്പെടുന്നത്. ധനുമാസ തിരുവാതിരക്ക് മുമ്പുള്ള ഏകാദശി കൂടിയാണിത്.
ഇഹലോകസുഖവും പരലോകസുഖവും ഫലം.
ദശമിയും ദ്വാദശിയും ഒരിക്കലൂണ്.
ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശി നാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം.
വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ മാസവും കൃഷ്ണ-ശുക്ലപക്ങ്ങളിൽ ആചരിക്കപ്പെടുന്നു.
ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷ ഏകാദശിയും വാനപ്രസ്ഥർ, വിധവകൾ മുതലായവർ ഇരുപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്.
എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.
“സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം”.
ഭഗവാൻ ശ്രീ കൃഷ്ണൻ സഹപാഠിയായിരുന്ന കുചേലനെ കുബേരനാക്കിയ ദിനമാണു സ്വർഗവാതിൽ അഥവാ വൈകുണ്ഠ ഏകാദശി എന്നും ഐതിഹ്യമുണ്ട്
പുരാണ കഥകൾ അനുസരിച്ച് ഏകാദശി ഒരു ദേവിയാണ് – ഏകാദശീ ദേവി. ഈ ദേവി വിഷ്ണുവിൽ നിന്നും ഉത്ഭവിച്ചതാണ്.
ബ്രഹ്മദേവൻ സൃഷ്ടിച്ച അസുരനാണ് താലജംഘൻ. അദ്ദേഹത്തിന്‍റെ മകൻ മുരൻ. ഇരുവരും ചന്ദ്രാവതിപുരിയിലായിരുന്നു താമസം. അവർ ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്ര സ്ഥാനം തട്ടിയെടുക്കുകയും ചെയ്തപ്പോൾ ദേവന്മാർ മഹാദേവനെ ശരണം പ്രാപിച്ചു.
മഹാദേവനാവട്ടെ അവരെ വിഷ്ണുവിന്‍റെ അടുത്തേക്ക് അയച്ചു.ദേവന്മാർ വിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചപ്പോൾ വിഷ്ണുവിൽ നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവി ഉത്ഭവിച്ചു.
അന്ന് ഏകാദശി ദിവസം ആയതുകൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു. ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി.
എന്താണ് വരം വേണ്ടത് എന്നു ചോദിച്ചപ്പോൾ സ്വന്തം പേരിൽ ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു.
അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്. വിഷ്ണുവിൽനിന്നും ഉത്ഭവിച്ച ദേവി മുരനെ കൊന്നതുകൊണ്ടാണ് വിഷ്ണുവിന് മുരാരി എന്ന പേര് ഉണ്ടായത്.
ഗുരുവായൂരില്‍ സ്വർഗവാതിൽ ഏകാദശി വളരെ വിപുലമായും ഭക്തിനിരഭരമായുമാണ് അനുഷ്ഠിക്കുന്നത്.
സ്വർഗവാതിൽ ഏകാദശി ദിവസം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീകോവിലിനകത്തുളള ഒരു വാതിൽ സ്വർഗവാതിലായി കണക്കാക്കി പ്രത്യേക പൂജകൾ നടക്കും. തിരുവിതാകൂർ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രാത്രി നടക്കുന്ന ശീവേലിയിൽ ഭഗവാനെ ഇറക്കി എഴുന്നളളിക്കുകയും ചെയ്യും.
ഈ ദിവസം വിഷ്ണുക്ഷേത്ര ദർശനം നടത്തുകയും ക്ഷേത്രത്തിലെ ഒരു നടയിലൂടെ കയറി മറ്റൊരു നടയിലൂടെ പുറത്തിറങ്ങുകയും ചെയ്യുന്നതു സ്വർഗത്തിൽ എത്തിയ പുണ്യം ലഭിക്കുമെന്നാണു വിശ്വാസം.
കുരുക്ഷേത്ര യുദ്ധത്തിൽ അർജ്ജുനന് വിഷാദരോഗം അനുഭവപ്പെട്ടപ്പോൾ ഭഗവാൻ കൃഷ്ണൻ ജീവിതത്തിൻറെയും മരണത്തിൻറെയും തത്ത്വശാസ്ത്രം ഭഗവദ്ഗീതയിലൂടെ അർജ്ജുനനെ ഉപദേശിച്ചതും ഈ ദിവസത്തിലാണെന്ന് കരുതുന്നു. അതിനാൽ സ്വർഗ്ഗവാതിൽ ഏകാദശി ദിനത്തെ ഗീതാജയന്തി ഉത്‌സവ ദിനമായും ആഘോഷിക്കുന്നു.
ഏകാദശിയുടെ തലേന്ന് ഒരിക്കലൂണ് മാത്രം . ഏകാദശി ദിനം പൂർണമായി ഉപവസിക്കണം. അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങള്‍ മാത്രം കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക.
അന്നു മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് ഉത്തമം.
കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക. ഭാഗവതം, നാരായണീയം ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഭഗവത്ഗീതാജയന്തി ദിനവുമാണ് അന്നേ ദിവസം.
ഏകാദശിയുടെ പിറ്റേന്നു ദ്വാദശി ദിവസം രാവിലെ മലരും തുളസിയിലയും ഇട്ട തീർഥം സേവിച്ചു വ്രതം അവസാനിപ്പിക്കാം. ഇതിന് പാരണ വീടുക എന്ന് പറയും. പാരണ ചെയ്യുമ്പോള്‍ താഴെപ്പറയുന്ന പ്രാര്‍ത്ഥനയോടെ വേണം ചെയ്യാന്‍:
“ഭോക്ഷ്യേഹും പുണ്ഡരീകാക്ഷ! ശരണം മേ ഭവാച്യുത”.
(അല്ലയോ പുണ്ഡരീകാക്ഷനായ ഭഗവാനേ..! ഞാനിതാ പാരണ ചെയ്യുവാന്‍ പോകുന്നു. അങ്ങ് എനിക്ക് ശരണമായ് ഭവിക്കണേ)
വ്രതത്തിന്‍റെ ഫലങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമുണ്ട്.
വിഷ്ണു പ്രീതിയിലൂടെ സായൂജ്യം ലഭിക്കാൻ ഏറ്റവും ഉത്തമ മാർഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്ഠിച്ചാൽ മാത്രമേ പൂർണഫലം ലഭിക്കുകയുളളൂ...🌹🙏
No comments:
Post a Comment