Thursday, May 16, 2024

യോഗവാസിഷ്ഠസാരം വ്യാഖ്യാനം പ്രൊഫസർ.ജി. ബാലകൃഷ്ണൻ നായർ ശ്ലോകം 248 സംഗമാണ് ഭൗതിക ധനാർജനത്തിന് കാരണം. സംഗമാണ് സംസാര ബന്ധത്തിന് കാരണം. സംഗമാണ് ആശകൾക്ക് കാരണം. സംഗമാണ് ആപത്തുകൾക്ക് കാരണം. ശ്ലോകം :- 249 സംഗത്യാഗമാണ് മോക്ഷം, സംഗത്യാഗമാണ് ജന്മം ഇല്ലായ്മ. അതുകൊണ്ട് രാമ, പദാർത്ഥങ്ങളോടുള്ള സംഗം ഉപേക്ഷിക്കൂ. സംഗം ഉപേക്ഷിച്ചു ജീവൻമുക്തനായി ജീവിതം നയിക്കൂ. ശ്ലോകം :- 250 തൽക്കാലം ഉള്ളതും ഇല്ലാത്തതുമായ ജഡ വിഷയങ്ങളിൽ, സന്തോഷവും സന്താപവും തോന്നത്തക്കവിധം വേണമെന്നും വേണ്ടെന്നുമുള്ള ഭാവത്തെ ജനിപ്പിക്കുന്ന മലിനവാസന യാതൊന്നാണോ അതാണു സംഗം എന്ന് പറയപ്പെടുന്നത്. സാസംഗ ഇതി കഥ്യതേ ജഡ വിഷയങ്ങളിൽ വേണമെന്നും വേണ്ടെന്നുമുള്ള ഭാവമാണ് സംഗം. ഈ രണ്ടു ഭാവങ്ങളും ഒരുപോലെ സന്തോഷവും സന്താപവും ജനിപ്പിക്കുന്നവയാണ്. വേണമെന്ന് തോന്നുന്ന പദാർത്ഥം കിട്ടിയാൽ സന്തോഷം. കിട്ടാതിരുന്നാൽ സന്താപം. ഇനിയും അവനവനു വേണമെന്ന് തോന്നുന്ന പദാർത്ഥം മറ്റൊരാൾക്ക് കിട്ടിയാൽ സന്താപം. കിട്ടാതിരുന്നാൽ സന്തോഷം. തനിക്കു വേണ്ടെന്നു തോന്നുന്നത് കിട്ടാതിരുന്നാൽ സന്തോഷം. കിട്ടിയാൽ സന്താപം. അവനവന് വേണ്ടാത്തത് അന്യർക്ക് കിട്ടിയാൽ സന്തോഷം. കിട്ടാതിരുന്നാൽ സന്താപം. മനുഷ്യലോകത്തിന്റെ സകല ദുഃഖങ്ങൾക്കും കാരണം ഈ വേണം വേണ്ടായ്കയാണെന്നു ചിന്തിച്ചാൽ കാണാൻ കഴിയും. ഈ വേണം വേണ്ടായ്ക തന്നെയാണ് സംഗം. #സത്യബോധം കൊണ്ട് ഉള്ളിൽ നിന്നും ഈ സംഗം ഒഴിവാക്കാമെങ്കിൽ സദാ സന്തോഷം, സുഖം. #സംഗം മലിനവാസനയാണ്. മരണവേളയിലും സംഗം ബാക്കി നിന്നാൽ അത് അനുഭവിക്കാനായി വീണ്ടും ജനിക്കേണ്ടി വരും. അതുകൊണ്ടാണ് #സംഗം മലിനവാസന എന്ന് പറഞ്ഞത്. വസിഷ്ഠൻ തുടർന്നു ജീവൻ മുക്തന്മാരിൽ ഈ മലിന വാസന അവശേഷിക്കുന്നില്ല ഹർഷവിഷാദങ്ങൾക്ക് ഒരിക്കലും വഴങ്ങാത്ത ശുദ്ധവാസനയാണ് അവരെ നയിക്കുന്നത്. ഒന്നിലും വേണമെന്ന് അവർക്ക് നിർബന്ധമില്ല. ജീവൻമുക്തി നേടാത്ത ധീരന്മാരായ മൂഡബുദ്ധികളിലാണ് മലിനവാസനാ രൂപത്തിലുള്ള സംസാര കാരണമായ ഈ സംഗം നിലനിൽക്കുന്നത്. സന്തോഷം, അമർഷം, ദുഃഖം എന്നീ വികാരങ്ങൾക്ക് വശപ്പെടുന്നതാണ് ബന്ധം. ഈ ബന്ധത്തിന് ഹേതുവായ വാസനയാണ് മലിനവാസന. ജീവൻമുക്തന് എല്ലാം സത്യസ്വരൂപം ആയതുകൊണ്ട് അന്യഭാവം കൊണ്ടുണ്ടാകുന്ന ഹർഷാമർഷങ്ങൾ സംഭവിക്കുന്നതേയില്ല. അദ്ദേഹം രാഗ ഭയ ക്രോധങ്ങൾക്ക് ഒന്നും വഴങ്ങാതെ സദാ #നിസ്സംഗനായി വർത്തിക്കുന്നു. ദുഃഖം കൊണ്ട് അദ്ദേഹത്തിന്റെ മുഖം വാടുന്നില്ല. ഭൗതികസുഖം കൊണ്ട് വിശേഷിച്ച് മുഖം വികസിക്കുന്നുമില്ല. ആശാവൈവശ്യത്തിൽ ഒന്നും ചെന്ന് പെടാതെ അദ്ദേഹം സദാ നിസ്സംഗനായി തന്നെ വർത്തിക്കുന്നു. സമ്പത്തിലും വിപത്തിലും അക്ഷോഭ്യനായി സമനിലയിൽ വർത്തിച്ചുകൊണ്ട് വന്നുചേരുന്ന കാര്യങ്ങൾ വേണ്ടപോലെ നിർവഹിക്കുമെങ്കിൽ നിസ്സംഗ ഭാവം ഉറപ്പുവന്നു എന്ന് കരുതാം. എപ്പോഴും എല്ലാറ്റിലും സത്യം ദർശിച്ചു സമഭാവനയോടെ ഉള്ളിൽ ദീനഭാവം ലേശവും ഇല്ലാതെ തൽക്കാലം എന്താണ് ചെയ്യേണ്ടത് അത് ഭംഗിയായി ചെയ്ത്, നിസ്സംഗനായി സുഖത്തോടെ കാലം കഴിക്കൂ , രാമ. കടപ്പാട് #യോഗവാസിഷ്ഠസാരം വ്യാഖ്യാനം. പ്രൊഫസർ. ജി. ബാലകൃഷ്ണൻ നായർ

No comments:

Post a Comment