Sunday, June 30, 2024

നിത്യവൃത്തിക്കുപോലും വകയില്ലാത്ത വന്നേരിക്കാരനൊരു നമ്പൂതിരിയുണ്ടായിരുന്നു. തന്റെ പെണ്‍മക്കളെ വിവാഹം കഴിച്ചയയ്ക്കാന്‍ വകയില്ലാതെ ദു:ഖിതനായ അദ്ദേഹം കുറച്ചു പണം ആരോടെങ്കിലും യാചിച്ചു വാങ്ങാനായി വീട്ടില്‍ നിന്ന് പുറപ്പെട്ടു. കോഴിക്കോട്, കൊച്ചി, അമ്പലപ്പുഴ, തിരുവിതാംകൂര്‍ മുതലായ സ്ഥലങ്ങളില്‍ സഞ്ചരിച്ച് അവിടെയുള്ള രാജാക്കന്മാരേയും പ്രഭുക്കന്മാരേയും കണ്ട് സങ്കടമുണര്‍ത്തിച്ചു. അങ്ങനെ സ്വരൂപിച്ചുണ്ടാക്കിയ പണവുമായി നമ്പൂതിരി ഒരു മധ്യാഹ്നത്തില്‍ കിള്ളിക്കുറിശ്ശി മംഗലത്തെത്തി. അദ്ദേഹം ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. വെയിലുകൊണ്ട് ക്ഷീണിച്ചാണ് അവിടെയെത്തിയത്. അവിടെയുള്ള ക്ഷേത്രത്തിനു പുറത്തു നിന്നുകൊണ്ട് ' ഉച്ചപ്പൂജയും മറ്റും കഴിഞ്ഞുവോ' എന്നദ്ദേഹം വിളിച്ചു ചോദിച്ചു. ഉച്ചപ്പൂജ കഴിഞ്ഞുവെന്നും പെട്ടെന്നു കുളിച്ചു വന്നാല്‍ ഊണു കഴിക്കാമെന്നും ശാന്തിക്കാരന്‍ നമ്പൂതിരി വിളിച്ചു പറഞ്ഞു. നമ്പൂതിരി ഉടനെ കുളിക്കരയിലെത്തി. മടിശ്ശീല അഴിച്ചു കുളിക്കരയില്‍ വെച്ച് കുളിക്കാനിറങ്ങി. കുളിയും ജപവുമെല്ലാം കഴിഞ്ഞു കയറിയപ്പോള്‍ മടിശ്ശീല കണ്ടില്ല. നമ്പൂതിരിക്കുണ്ടായ വ്യസനത്തിന് കണക്കില്ലായിരുന്നു. പലയിടത്തു നിന്നായി സ്വരൂപിച്ച ആ പണം കൊണ്ട് രണ്ടു പെണ്‍മക്കളുടെയെങ്കിലും വിവാഹം നടത്താമായിരുന്നു. മടിശ്ശീല നഷ്ടമായതോടെ അദ്ദേഹത്തിന് വിശപ്പും ദാഹവും ഒന്നുമില്ലാതെയായി. പാതി പ്രാണന്‍ നഷ്ടമായ മട്ടില്‍ അദ്ദേഹം ഓടി ക്ഷേത്രത്തിലെത്തി വിവരം പറഞ്ഞു. അവരാരും കുളിക്കടവില്‍ അന്നേരത്ത് ചെന്നിട്ടില്ലെന്ന് അറിയിച്ചു. വിധിയെ പഴിച്ച് നമ്പൂതിരി അവിടെയിരുന്നു. ഉണ്ണാനിരുന്നെങ്കിലും വ്യസനത്താല്‍ ചോറ് ഇറങ്ങിയില്ല. ഒരു കണക്കിന് ഭക്ഷണം കഴിച്ച ശേഷം അവിടെത്തന്നെ മുണ്ടു വിരിച്ചു കിടന്നു. ക്ഷീണം തീര്‍ത്ത ശേഷം അവിടെ നിന്ന് എണീറ്റു പോയി. വീണ്ടും അദ്ദേഹം ദേശാടനത്തിനിറങ്ങി. പലയിടങ്ങളില്‍ സഞ്ചരിച്ച ശേഷം തിരികെ കിള്ളിക്കുറിശ്ശി മംഗലത്തെത്തി. ഒരു ദിവസം വൈകീട്ടാണ് അദ്ദേഹം അവിടെയെത്തിയത്. നേരെ ക്ഷേത്രത്തിലെത്തിയ നമ്പൂതിരി തനിക്കു കൂടി അത്താഴം വേണമെന്ന് ശാന്തിക്കാരനോട് പറഞ്ഞു. മുമ്പ് മടിശ്ശീല നഷ്ടപ്പെട്ട നമ്പൂതിരിയാണ് ഇതെന്ന് ശാന്തിക്കാരന് മനസ്സിലായി. ' അതിനെന്താ അത്താഴം ഇവിടെയാകാം. ഇന്നും മടിശ്ശീല കുളക്കടവില്‍ മറന്നോ? അങ്ങനെയാണെങ്കില്‍ ചോറ് അധികം വേണ്ടിവരില്ലല്ലോ?' എന്ന് ശാന്തിക്കാരന്‍ തമാശ രൂപേണ മറുപടി നല്‍കി. ഇത്തവണ അങ്ങനെയൊന്നും വരില്ല,. അധിമൊന്നും സഞ്ചരിക്കാനും സമ്പാദിക്കാനും കഴിഞ്ഞില്ലെന്ന് നമ്പൂതിരി പറഞ്ഞു. അത്താഴം കഴിഞ്ഞപ്പോള്‍ തനിക്ക് കിടക്കാനിത്തിരി ഇടം വേണമെന്ന് വന്നേരിക്കാരന്‍ നമ്പൂതിരി പറഞ്ഞു. ശാന്തിക്കാരന്‍ നമ്പൂതിരി അദ്ദേഹത്തെ കിടക്കാന്‍ ഒരിടത്തേക്ക് കൊണ്ടുപോയി. കിള്ളിക്കുറിശ്ശി മംഗലത്തു ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ നമ്പൂതിരി ഏറ്റുമാനൂരിനടുത്ത കിടങ്ങൂര്‍ സ്വദേശിയായിരുന്നു. അദ്ദേഹത്തിന് കിള്ളിക്കുറിശ്ശിയില്‍ 'കലക്കത്ത്' എന്നു പ്രസിദ്ധമായ നമ്പ്യാര്‍മഠത്തില്‍ സംബന്ധമുണ്ടായിരുന്നു. അങ്ങോട്ടാണ് അവര്‍ പോയത്. അവിടെയെത്തിയപ്പോള്‍ ശാന്തിക്കാരന്‍ നമ്പൂതിരിയുടെ ഭാര്യ കാല്‍കഴുകാന്‍ വെള്ളവുമായെത്തി. അവര്‍ നാലുകെട്ടില്‍ ഒരു വിളക്കു കൊളുത്തി വെച്ചു. നമ്പൂതിരിമാര്‍ക്ക് കിടക്കാന്‍ ഒരു പുല്ലുപായയും നല്‍കി. ഉറങ്ങാന്‍ കിടന്ന നമ്പൂതിരിമാര്‍ ഏറെ നേരം സംസാരിച്ചു കൊണ്ടിരുന്നു. അവരുടെ സംസാരം കേള്‍ക്കാന്‍ ശാന്തിക്കാരന്‍ നമ്പൂതിരിയുടെ ഭാര്യയും അവിടെയെത്തി. തന്റെ കഷ്ടപ്പാടുകളെക്കുറിച്ചാണ് വന്നേരിക്കാരന്‍ നമ്പൂതിരി പറഞ്ഞത്. നമ്പ്യാര്‍ മഠത്തില്‍ വളരെക്കാലമായി പുരുഷന്മാര്‍ ഇല്ലാതിരിക്കുന്ന വിഷയം ശാന്തിക്കാരനും പറഞ്ഞു. ഒരു ആണ്‍കുട്ടിയുണ്ടാകാന്‍ അവര്‍ വളരെയേറെ സത്കര്‍മങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. തന്റെ ഇല്ലത്തും പെണ്‍കുട്ടികള്‍ മാത്രമാണുള്ളതെന്നും അവരുടെ പെണ്‍കൊട നടത്താനായി സ്വരൂപിച്ച പണമാണ് മുമ്പ് ഇവിടെ വന്നപ്പോള്‍ കുളിക്കടവില്‍ നഷ്ടമായതെന്നും വന്നേരി നമ്പൂതിരി പറഞ്ഞു. മടിശ്ശീലയുടെ കാര്യം പറഞ്ഞപ്പോള്‍ ശാന്തിക്കാരന്‍ നമ്പൂതിരിയുടെ ഭാര്യ അതേക്കുറിച്ച് ചിലകാര്യങ്ങള്‍ അന്വേഷിച്ചു. അതിനുശേഷം അവര്‍ അകത്തു പോയി അറ തുറന്ന് ഒരു മടിശ്ശീലയുമായി വന്ന്, ഇതാണോ അവിടുത്തെ മടിശ്ശീല എന്ന് അന്വേഷിച്ചു. വന്നേരിക്കാരന്‍ നമ്പൂതിരി അതെടുത്ത് നോക്കി. '' ഇതു തന്നെയാണ്. ഇതിന്റെ കെട്ടുപോലും അഴിച്ചുനോക്കിയിട്ടില്ലല്ലോ?'' എന്നു പറഞ്ഞ് അദ്ദേഹം പണം എണ്ണി നോക്കാന്‍ തുടങ്ങി. പണം എണ്ണി നോക്കിയപ്പോള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. അതെങ്ങനെ കിട്ടിയതെന്ന് ശാന്തിക്കാരന്റെ ഭാര്യ വിവരിച്ചു. അവര്‍ ഒരു ദിവസം കുളിക്കാനായി കുളിക്കടവിലെത്തിയതായിരുന്നു. അവിടെ കുറേ ചാണകം കിടക്കുന്നതു കണ്ടു. തിരിച്ചു പോരുമ്പോള്‍ അതും വാരിയെടുത്തു. അതില്‍ കിടന്നതായിരുന്നു മടിശ്ശീല. ഞാനത് ഉടമസ്ഥന്‍ വന്നാല്‍ കൊടുക്കാമെന്ന് കരുതി സൂക്ഷിച്ചതാണ്. ഇത് അന്വേഷിച്ച് ആരും എത്തിയില്ലല്ലോ എന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു . അവിടുത്തേതാണെന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ശാന്തിക്കാരന്റെ ഭാര്യ ഇത്രയും പറഞ്ഞതു കേട്ടപ്പോള്‍ വന്നേരി നമ്പൂതിരിക്ക് കാര്യം ബോധ്യപ്പെട്ടു. താന്‍ കുളിക്കാനിറങ്ങിയ നേരത്ത് ഒരു പശു അവിടെ പുല്ലു തിന്നുന്നുണ്ടായിരുന്നു. പശു മടിശ്ശീലയുടെ മീതെ ചാണകമിട്ടത് കുളിക്കാനിറങ്ങിയ നമ്പൂതിരി കണ്ടില്ല. വിശപ്പിന്റെ ആധിക്യത്താല്‍ മടിശ്ശീല എവിടെയായിരുന്നു വെച്ചതെന്ന് അദ്ദേഹം ഓര്‍ത്തതുമില്ല. അദ്ദേഹം കുളിച്ചു കയറിയതിനു ശേഷമാവാം ശാന്തിക്കാരന്‍ നമ്പൂതിരിയുടെ ഭാര്യ കുളിക്കാന്‍ ചെന്നതും ചാണകം വാരി മടങ്ങിയതും. നടന്ന സംഭവങ്ങളുടെ ചിത്രം ബോധ്യപ്പെട്ടതോടെ പണത്തില്‍ പാതിയെടുത്ത് ആ സ്ത്രീക്കു നല്‍കി. അവരത് സ്നേഹപൂര്‍വം നിരസിച്ചു. ഉടമസ്ഥനെ മുതല്‍ തിരിച്ചേല്‍പ്പിക്കുന്നത് മര്യാദക്കാരുടെ ധര്‍മമാണെന്നും അങ്ങയുടെ അനുഗ്രഹം മാത്രം മതിയെന്നും അവര്‍ പറഞ്ഞു. ആനന്ദാശ്രുക്കളോടെ വന്നേരിക്കാരന്‍ നമ്പൂതിരി അവരെ അനുഗ്രഹിച്ചു. ഒരുവര്‍ഷത്തിനുള്ളില്‍ അതിയോഗ്യനായ ഒരു പുത്രന്‍ നിനക്കു പിറക്കട്ടെയെന്നായിരുന്നു നമ്പൂതിരി അനുഗ്രഹിച്ചത്. അതുപോലെ, അവര്‍ യഥാസമയം ഗര്‍ഭം ധരിച്ച് അതികോമളനായൊരു പുത്രനെ പ്രസവിച്ചു. വിശ്വവിശ്രുതനായ കലക്കത്തു കുഞ്ചന്‍ നമ്പ്യാരായിരുന്നു ആ സന്തതി.

No comments:

Post a Comment