BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Saturday, September 13, 2025
ഈശ്വരാനുഗ്രഹത്തിലൂടെ ആത്മസാക്ഷാത്കാരം
യോ ബ്രഹ്മാണം വിദധാതിപൂര്‍വം
യോ വൈ വേദാംശ്ച പ്രഹിന്നോതി തസ്‌മൈ
തം ഹ ദേവമാത്മബുദ്ധി പ്രകാശം
മുമുക്ഷുര്‍വൈ ശരണമഹം പ്രപദ്യേ
സൃഷ്ടിയുടെ ആദ്യം ബ്രഹ്മാവിനെ സൃഷ്ടിച്ച്, ബ്രഹ്മാവിനായി വേദങ്ങളെ പ്രകാശിപ്പിച്ച്, ആത്മബുദ്ധിയെ തെളിയിപ്പിച്ച ആ ദേവനെ മോക്ഷമാഗ്രഹിക്കുന്ന ഞാന്‍ ശരണം പ്രാപിക്കുന്നു. സൃഷ്ടികര്‍ത്താവെന്നറിയപ്പെടുന്ന ബ്രഹ്മാവിനെയും അറിവിന്റെ ആധാരമായ വേദങ്ങളേയും സൃഷ്ടിച്ചത് പരമാത്മാവാണ്. അത് തന്നെയാണ് ആത്മവിഷയകമായ ബുദ്ധിക്ക് പ്രകാശമായിരിക്കുന്നത്.
ആത്മബുദ്ധിപ്രകാശം എന്നതിന്, ആത്മാവിനും ബുദ്ധിക്കും പ്രകാശമരുളുന്നത് എന്നും അര്‍ഥമുണ്ട്. ആത്മാനുഗ്രഹത്താലേ മോക്ഷം ലഭിക്കുകയുള്ളൂ. അതുകൊണ്ട് മോക്ഷം വേണമെന്ന് വളരെയേറെ തീവ്രമായി ആഗ്രഹിക്കുന്ന ഞാന്‍ ആ പരമാത്മാവിനെ ശരണം പ്രാപിക്കുകയാണ്.
നിഷ്‌കലം നിഷ്‌ക്രിയം ശാന്തം
നിരവദ്യം നിരഞ്ജനം
അമൃതസ്യ പരം സേതും
ദഗ്‌ദ്ധേന്ധനമിവാനലം
കലകളില്ലാത്തതും കര്‍മങ്ങളില്ലാത്തതും കുറ്റമറ്റവനും പരിശുദ്ധനായവനും അമൃതത്വത്തിന്റെ പരമമായ പാലവും വിറക് കത്തിത്തീര്‍ന്ന അഗ്നിയെപ്പോലെ ശാന്തനുമായ ദേവനെ ഞാന്‍ ശരണമടയുന്നു. അമൃതത്വത്തിലേക്കുള്ള ഉറപ്പേറിയ വലിയ പാലമായാണ് ആത്മാവിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇന്ധനം അഥവാ വിറക് കത്തിത്തീരുമ്പോള്‍ അഗ്നി ശാന്തമാകും. അഗ്നി, വിറകിനെ ദഹിപ്പിച്ച് ഇല്ലാതാക്കുന്നതു പോലെ പരമാത്മാവായ ഈ ദേവന്‍ നമ്മുടെ പുണ്യപാപങ്ങളെയൊക്കെ ഇല്ലാതാക്കി മോക്ഷം തരുന്നു. അങ്ങനെയുള്ള ഈ ദേവനെ ഞാന്‍ ശരണം പ്രാപിക്കുന്നു എന്നാണ് പ്രാര്‍ഥന.
യദാ ചര്‍മവദാകാശം
വേഷ്ടയിഷ്യന്തി മാനവാഃ
തദാ ദേവമവിജ്ഞായ
ദുഃഖസ്യാന്തോ ഭവിഷ്യതി
മനുഷ്യര്‍ തോലുകെണ്ടുള്ള പായ ചുരുട്ടുന്നതുപോലെ ആകാശം ചുരുട്ടിയെടുക്കാന്‍ കഴിവുണ്ടെങ്കിലേ പരമാത്മജ്ഞാനം കൂടാതെ സംസാരദുഃഖത്തിന് ശമനമുണ്ടാകുകയുള്ളൂ…
ആകാശത്തെ പായപോലെ ചുരുട്ടിയെടുക്കാന്‍ കഴിയില്ല. അതുപോലെ അസാധ്യമാണ് പരമാത്മാവിനെക്കുറിച്ച് ജ്ഞാനമില്ലാതെ ദുഃഖങ്ങളില്‍ നിന്ന് മോചനം നേടാനാകുക എന്നത്.
ആത്മജ്ഞാനം നേടാതെ സംസാരദുഃഖങ്ങളില്‍ നിന്ന് മോചനം നേടാനുള്ള പരിശ്രമമെല്ലാം രൂപമില്ലാത്തതായ ആകാശത്തെ ചുരുട്ടിയെടുക്കാന്‍ നോക്കുന്നത് പോലെ വ്യര്‍ഥമാണ്. അറിവില്ലായ്‌മയാണ് എല്ലാ ദുഃഖങ്ങള്‍ക്കും കാരണം. പരമാത്മാ ദര്‍ശനം കൊണ്ട് മാത്രമേ അജ്ഞാനം ഇല്ലാതാകുകയുള്ളൂ.
തപഃ പ്രഭാവാത് ദേവപ്രസാദാച്ച
ബ്രഹ്മ ഹ ശ്വേതാശ്വതരോളഥ വിദ്വാന്‍
അത്യാ ശ്രമിഭ്യഃ പരമം പവിത്രം
പ്രോവാച സമ്യഗൃഷി സംഘജുഷ്ടം
തപസ്സിന്റെ പ്രഭാവം കൊണ്ടും ദേവപ്രസാദം കൊണ്ടും ശ്വേതാശ്വതര ഋഷി ബ്രഹ്മത്തെ അറിഞ്ഞു. അതിന് ശേഷം പരമഹംസ സംന്യാസിമാര്‍ക്കായി പരമവും പവിത്രവും ഋഷിഗണങ്ങള്‍ സേവിക്കുന്നതുമായ ജ്ഞാനത്തെ നല്ലപോലെ വിവരിച്ചു കൊടുത്തു.
ആത്മസാക്ഷാത്കാരത്തിന് തപസ്സിന്റെ പ്രഭാവവും ഈശ്വരാനുഗ്രഹവും അനിവാര്യമെന്ന് ഇവിടെ പറയുന്നു. തപസ്സ് എന്നാല്‍ ഇന്ദ്രിയങ്ങളേയും മനസ്സിനേയും ഏകാഗ്രമാക്കലാണ്. ‘മനസശ്ചേന്ദ്രിയാണാം ച ഹൈ്യകാഗ്ര്യം പരമം തപഃ’
ശ്വേതാശ്വതര ഋഷി തപോബലം കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ് ആത്മസാക്ഷാത്കാരത്തെ നേടിയത്. പിന്നീട് താന്‍ നേടിയ അറിവിനെ പരമഹംസരായ സംന്യാസിമാര്‍ക്ക് ഉപദേശിച്ചു കൊടുത്തു. ആ ഉപദേശമാണ് ഈ ഉപനിഷത്തില്‍ പറഞ്ഞവ. അതിനാല്‍ അദേഹത്തിന്റെ പേരില്‍ ഈ ഉപനിഷത്ത് അറിയപ്പെട്ടു. ഗുരുശിഷ്യ പരമ്പരയായി ഈ അറിവിനെ പകര്‍ന്ന് നല്‍കണമെന്ന് ഈ മന്ത്രം വ്യക്തമാക്കുന്നു.
വേദാന്തേ പരമം ഗുഹ്യം
പുരാകല്‌പേ പ്രചോദിതം
നാപ്രശാന്തായ ദാതവ്യം
നാപുത്രായാശിഷ്യായ വാ പുനഃ
വേദാന്തത്തില്‍ ഏറ്റവും പരമമായതും അതീവ രഹസ്യമായതും കഴിഞ്ഞ കല്‍പത്തില്‍ ഉപദേശിച്ചതുമാണ് ഈ ഉപനിഷത്ത്. ഇത് പ്രശാന്തമായ മനസ്സില്ലാത്തവര്‍ക്കും പുത്രനല്ലാത്തവനോ ശിഷ്യനല്ലാത്തവനോ ഉപദേശിച്ച് കൊടുക്കരുത്.
അര്‍ഹരായവര്‍ക്ക് മാത്രമേ ഉപനിഷത്ത് ഉപദേശിക്കാവൂ. അല്ലാത്തവര്‍ക്ക് നല്‍കിയാല്‍ ദോഷമായിരിക്കും ഫലം. സാധനയാല്‍ ഉള്ളം ശുദ്ധമായവര്‍ക്കാണ് പറഞ്ഞു കൊടുക്കേണ്ടത്. അച്ഛനമ്മമാരെ ആദരിക്കുന്ന നല്ല മകനും ഗുരുവിനെ പൂര്‍ണമായും ആശ്രയിക്കുന്ന ശിഷ്യനും വേണം ഉപദേശിക്കാന്‍. അല്ലാത്തവര്‍ക്ക് പാടില്ല.
യസ്യ ദേവേ പരാ ഭക്തിഃ
യഥാ ദേവേ തഥാ ഗുരൗ
തസൈ്യതേ കഥിതാ ഹ്യര്‍ത്ഥാഃ
പ്രകാശന്തേ മഹാത്മനഃ
പ്രകാശന്തേ മഹാത്മന ഇതി
ഈശ്വരനിലും ഗുരുവിലും അചഞ്ചലമായ ഭക്തിയുള്ള മഹാത്മാക്കള്‍ക്ക് മാത്രമേ ഇതില്‍ പറഞ്ഞതായ തത്വങ്ങള്‍ വേണ്ടതു പോലെ പ്രകാശിക്കുകയുള്ളൂ.
ആത്മജ്ഞാനത്തെ നേടാന്‍ പരമാത്മാവിലും ഗുരുവിലും പരമമായ ഭക്തി ഉണ്ടാകണം. പരാ ഭക്തി എന്നാല്‍ പരമമായ ഭക്തി. ഭക്തിയുടെ ഉയര്‍ന്ന തലം. പരമാത്മാ സാക്ഷാത്കാരം സാധിച്ച ഗുരുവും പരമാത്മാവും ഒന്നാണ്. ഇങ്ങനെ ഉറച്ച ഭക്തിയുള്ളവര്‍ക്ക് ഈ തത്വങ്ങളെ അറിഞ്ഞ് ആത്മസാക്ഷാത്കാരം നേടാനാകും.
ഉപനിഷത്തിന്റെ സമാപനത്തെ കാണിക്കാനാണ് അവസാനത്തെ വരി ആവര്‍ത്തിച്ചത്.
ഓം സഹനാവവതു… എന്ന ശാന്തി മന്ത്രത്തോടെ ഉപനിഷത്ത് അവസാനിക്കുന്നു.
No comments:
Post a Comment